പ്രസിഡൻറ് സ്ഥാനാർഥിക്കും പാർട്ടി ചിഹ്നമില്ല ; പ്രവർത്തകർക്ക് നിരാശ

പ്രസിഡൻറ് സ്ഥാനാർഥിക്കും പാർട്ടി ചിഹ്നമില്ല ; പ്രവർത്തകർക്ക് നിരാശ ആലുവ: ഇടതുപക്ഷത്തെ പ്രസിഡൻറ് സ്ഥാനാർഥിക്ക് പാർട്ടി ചിഹ്നം നൽകാതെ സി.പി.എം.  ചൂർണിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി  ബീന അലിയാണ്  സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നത്. സി.പി.എം ഏരിയ കമ്മിറ്റിയംഗമായ ബീന നാലാം വട്ടമാണ് ഈ വാർഡിൽ മത്സരിക്കുന്നത്. നിലവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ബീന അലിയെയാണ് വനിത സംവരണ പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് എടുത്ത് കാണിക്കുന്നത്. എന്നിട്ടും അവർക്ക് പാർട്ടി ചിഹ്നം നൽകാത്തത് പ്രവർത്തകരെ നിരാശരാക്കിയിട്ടുണ്ട്. ഇതിൻറെ പേരിൽ പ്രവർത്തകർ തങ്ങളുടെ അമർഷവും പ്രകടിപ്പിക്കുന്നുണ്ട്. പാർട്ടി അംഗം പോലുമല്ലാത്തവർ വരെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നുണ്ടെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്. ഇതിനിടയിലാണ് ബീന അലി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ 300 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ജയിച്ച വാർഡാണിത്. വനിത സംവരണ വാർഡ് ആയിരിക്കെയാണ് ബീന അലി അദ്യമായി മത്സരിക്കുന്നത്. അടുത്ത തവണ ജനറലായപ്പോഴും ഇതേവാർഡിൽ മത്സരിച്ച് ജയിച്ചു. വീണ്ടും വനിത സംവരണമായപ്പോൾ വിജയം ബീന അലിക്കൊപ്പമായിരുന്നു. ഇതേപഞ്ചായത്തിൽ തന്നെ സാധാരണ അംഗങ്ങൾ വരെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്. ആലുവ ഏരിയയിലെ പല തദ്ദേശ വാർഡുകളിലും  പാർട്ടി അംഗമല്ലാത്ത പലരും  പാർട്ടി ചിഹ്നത്തിൽ ജനവിധി തേടുന്നുണ്ട്. ബീന അലി നാലാം തവണയും മത്സരിക്കുന്നതിൽ ഒരു വിഭാഗത്തിന് അമർഷമുണ്ടായിരുന്നു. ജനറൽ സീറ്റിൽ അവർ തന്നെ വീണ്ടും മത്സരിക്കുന്നതിനെയും ചിലർ ചോദ്യം ചെയ്തിരുന്നു. ഇതടക്കമുള്ള പ്രതിസന്ധികൾ പാർട്ടിയെയും സ്ഥാനാർഥിയുടെ വിജയ സാധ്യതകളേയും പ്രതികൂലമായി ബാധിക്കുന്നതിനിടയിലാണ് ചിഹ്ന പ്രശ്നവും ഉയർന്നു വന്നിരിക്കുന്നത്. എന്നാൽ, പഞ്ചായത്തിൽ ഭൂരിപക്ഷം സ്ഥാനാർഥികൾക്കും പാർട്ടി സ്വതന്ത്ര ചിഹ്നമാണ് നൽകിയിട്ടുള്ളതെന്ന് സി.പി.എം ഏരിയ സെക്രട്ടറി എ.പി.ഉദയകുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.