തൃക്കാക്കരയിൽ ജയിക്കുന്നതും തോൽക്കുന്നതും

തൃക്കാക്കരക്കാർ എഴുതിയ വിധിപ്പകർപ്പ് പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം. പ്രചാരണവും അടിയൊഴുക്കുകളും വാദങ്ങളും പ്രതിവാദങ്ങളുമൊക്കെ വിലയിരുത്തി എഴുതിയ വിധിയാണ് പുറത്തുവരാനിരിക്കുന്നത്. ആരു ജയിച്ചാലും സ്ഥാനാർഥികൾക്കുപരി മറ്റു ചില ഘടകങ്ങളുടെയും നേതാക്കളുടെയും കൂടി ഭാവിനിർണയിക്കും തൃക്കാക്കരയുടെ തീരുമാനം. അത് കേരളത്തിന്റെ രാഷ്ട്രീയവർത്തമാനത്തിൽ പുതിയ ചലനങ്ങളും സൃഷ്ടിച്ചേക്കും. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ശാക്തിക ചേരികളിൽ മാറ്റത്തിരുത്തലുകൾക്കും വഴിയൊരുക്കും.

രാജീവ് മാജിക് ഫലം കാണുമോ?

ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിെൻറ ജയം അദ്ദേഹത്തേക്കാൾ മന്ത്രി പി. രാജീവിെൻറ അഭിമാന പ്രശ്നമാണ്. ജോ ജോസഫ് അട്ടിമറി വിജയംനേടിയാൽ മധ്യ കേരളത്തിലെ സി.പി.എം രാഷ്ട്രീയത്തിൽ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി മാറും പി. രാജീവ്. സി.പി.എമ്മിെൻറ യുവ മുഖം അഡ്വ. കെ.എസ്. അരുൺകുമാറിനെ സ്ഥാനാർഥിയായി നിശ്ചയിക്കുകയും അണികൾ ചുമരെഴുത്ത് ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾ ആരംഭിക്കുകയും ചെയ്തതിനിടയിലാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ഡോ. ജോ േജാസഫ് ഇടതുമുന്നണി സ്ഥാനാർഥിയായി എത്തുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിെൻറ അന്ന് രാവിലെവരെ ഏറ്റവും പ്രമുഖ ഇടത് സഹയാത്രികർക്കുപോലും ഈ നീക്കം അറിയില്ലായിരുന്നു.

എറണാകുളത്തെ സി.പി.എമ്മിൽ കാര്യങ്ങൾ തീരുമാനിക്കുന്നതിൽ പാർട്ടി ഘടകങ്ങൾക്കപ്പുറം പി. രാജീവിനുള്ള മേൽക്കൈയും ക്രൈസ്തവ സഭാ നേതൃത്വത്തിലുള്ള സ്വാധീനവും വ്യക്തമാക്കുന്നതായിരുന്നു ഡോ. ജോ ജോസഫിെൻറ രംഗപ്രവേശം. എൽ.ഡി.എഫ് കൺവീനർ അടക്കമുള്ളവർ രാജീവ് നയിച്ച വഴിയിലൂടെ നീങ്ങിയ കാഴ്ചയാണ് പിന്നീട് കണ്ടത്. അതുകൊണ്ടുതന്നെ, തൃക്കാക്കരയിൽ ഇടതുമുന്നണി അട്ടിമറി വിജയം നേടിയാൽ ജില്ല കമ്മിറ്റിക്കും മുകളിൽ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി അദ്ദേഹം മാറും.

തോമസ് ഇഫക്ടിെൻറ ഭാവിയെന്ത്?

പ്രഫ. കെ.വി. തോമസ് കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിെൻറ അമർഷം തീർക്കാൻ പിറ്റേദിവസം അദ്ദേഹത്തിെൻറ ജന്മനാടായ കുമ്പളങ്ങിയിലെ കോൺഗ്രസ് പ്രവർത്തകർ ഒരു പ്രതീകാത്മക ശവമഞ്ച യാത്ര നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാനോ പശ്ചിമ കൊച്ചിയിൽനിന്ന് തോമസ് മാഷിന് അഭിവാദ്യമർപ്പിക്കാനോ സി.പി.എം അണികളാരും മുന്നോട്ടുവന്നില്ല. കൊച്ചിയിലെ ഇടത് അണികൾക്ക് തോമസ് മാഷെ ഉൾക്കൊള്ളാനായിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ സംഭവം.

അദ്ദേഹത്തിന്റെ വരവുകൊണ്ട് പാർട്ടിക്ക് ഒരു ഗുണവുമുണ്ടാകില്ല എന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് ജില്ലയിലെ സി.പി.എം പ്രവർത്തകർ. തൃക്കാക്കരയിൽ ഇടതുമുന്നണി സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് കെ.വി. തോമസ് പലവട്ടം പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗങ്ങളിലൊഴിച്ച് മറ്റെവിടെയും അദ്ദേഹത്തിെൻറ സാന്നിധ്യം പ്രകടമായുമില്ല, ആ സാന്നിധ്യം ഇടത് അണികൾ കാര്യമായി ആഗ്രഹിച്ചിരുന്നുമില്ല.

എന്നാൽ, തൃക്കാക്കരയിൽ കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടുവെന്നുവന്നാൽ കെ.വി. തോമസിനെ പുരസ്കരിക്കാൻ പാർട്ടി നേതൃത്വവും അണികളും മടികാണിക്കില്ല. താൻ ഇപ്പോഴും കോൺഗ്രസിൽ തന്നെയാണ് എന്നാണ് മാഷുടെ അവകാശവാദമെങ്കിലും ഇടതുമുന്നണിയിലെ പ്രവേശനത്തിന്റെ ഗതിനിർണയിക്കുക ഈ തെരഞ്ഞെടുപ്പു ഫലമാണ്.

പി.സി ഫാക്ടറിെൻറ ലിറ്റ്മസ് ടെസ്റ്റ്

സെക്രട്ടേറിയറ്റ് നടയിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ തരംപോലെ ഓരോ പാർട്ടിക്കുവേണ്ടിയും പ്രത്യക്ഷപ്പെടുകയും ചാനൽ ചർച്ചകളിൽ അപ്പോൾ തോന്നുന്നവരെ എതിർക്കുകയും ചെയ്യുക എന്നതിനപ്പുറം പി.സി. ജോർജിെൻറ രാഷ്ട്രീയ പ്രസക്തിയെന്ത് എന്ന വിലയിരുത്തൽകൂടിയാകും തൃക്കാക്കര ഫലം. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുസ്ലിംവോട്ടുകൾ മുന്നിൽകണ്ട് എസ്.ഡി.പി.ഐയുടെയും പി.ഡി.പിയുടെയുമൊക്കെ പ്രക്ഷോഭത്തിെൻറ മുൻനിരയിൽ മാറിമാറി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് പി.സി ജോർജ്. ശബരിമല പ്രക്ഷോഭകാലത്ത് കറുപ്പുടുത്ത് ബി.ജെ.പിയെയും തുണച്ചു. അതൊക്കെ നിലനിൽപിനുള്ള ഗിമ്മിക്കുകൾ മാത്രമായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറുകാർ കൈവിട്ടതോടെയാണ് തീവ്രമായ മുസ്‍ലിം വിരുദ്ധ നിലപാടിലേക്ക് പി.സി. ജോർജ് നീങ്ങിയതും സംഘ്പരിവാറിന്റെ ബ്രാൻഡ് അംബാസഡറായി അവതരിച്ചതും. പരസ്യ പ്രചാരണം അവസാനിക്കുന്ന ദിവസം പി.സി തൃക്കാക്കരയിൽ തലങ്ങും വിലങ്ങും സഞ്ചരിച്ച് ബി.ജെ.പിയുടെ എ.എൻ. രാധാകൃഷ്ണന് വോട്ടഭ്യർഥിച്ചിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ 40 ശതമാനത്തിലധികം വരുന്ന ക്രൈസ്തവ വോട്ടുകളിൽ ഒരു പങ്ക് താമരയിൽ വീഴും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി അദ്ദേഹത്തെ ആഘോഷമായി ആനയിച്ചതും. ഈ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ബി.ജെ.പിയുടെ വോട്ട് വിഹിതം വർധിച്ചാൽ സംഘ്പരിവാർ പി.സിയെ ഇനിയും ചുമക്കും. മറിച്ചായാൽ, പൂഞ്ഞാറിലും പുറത്തും സ്വാധീനമില്ലാത്ത രാഷ്ട്രീയ നേതാവായി അദ്ദേഹം ചാനൽ മുറികളിലേക്ക് തിരിച്ചുപോവുകയും ചെയ്യും.

വി.ഡി, കെ.എസ് ദ്വയങ്ങൾക്ക് നിലനിൽപിെൻറ പോരാട്ടം

കെ. സുധാകരൻ കെ.പി.സി.സി പ്രസിഡൻറ് സ്ഥാനവും വി.ഡി. സതീശൻ പ്രതിപക്ഷ നേതൃസ്ഥാനവും ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ജനകീയ പരീക്ഷയെന്ന നിലയിൽ യു.ഡി.എഫിെൻറ ഈ പൊന്നാപുരം കോട്ടയിലെ വിജയം വി.ഡി-കെ.എസ് ദ്വയങ്ങൾക്ക് അനിവാര്യമാണ്. ഇരുവരും മുഴുവൻ സമയവും തൃക്കാക്കരയിൽ തമ്പടിച്ചാണ് പ്രചാരണം നയിച്ചതും. തൃക്കാക്കരയിൽ വിജയിച്ചാൽ, ദുർബലമായിെക്കാണ്ടിരിക്കുന്ന അഖിലേന്ത്യ നേതൃത്വത്തിെൻറ മുന്നിൽ നിർവന്നുനിൽക്കാൻ കെ.പി.സി.സി പ്രസിഡൻറിനാകും. മറിച്ചായാൽ കോൺഗ്രസിനുള്ളിൽ പാളയത്തിൽ പടക്ക് വഴിതുറക്കുകയും ചെയ്യും. തൃക്കാക്കര പോലുള്ള നഗര മണ്ഡലത്തിൽ സഹതാപമൊന്നും കാര്യമായി ഏശില്ലെന്ന വാദവുമായി സ്ഥാനാർഥി നിർണയ നാളുകളിൽ ഡൊമിനിക് പ്രസേന്റഷൻ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. അതിനെയെല്ലാം മറികടന്നാണ് ഉമാ തോമസിനെ സ്ഥാനാർഥിയായി നിശ്ചയിച്ചത്. ഡൊമിനിക് പ്രസേൻറഷനെ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറാക്കി ഒപ്പംകൂട്ടുകയും ചെയ്തു. എ.കെ .ആൻറണിയെയും ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പോലുള്ള മുതിർന്ന നേതാക്കളെയും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവനേതാക്കളെയും ഒരേപോെല മണ്ഡലത്തിൽ എത്തിക്കാനും കഴിഞ്ഞു. അവസാന ദിവസങ്ങളിലെ ക്ലിപ്പ് വിവാദമൊഴിച്ച് നിർത്തിയാൽ പ്രചാരണ രംഗത്ത് ഏറെ മുന്നിലായിരുന്നു യു.ഡി.എഫ്. ഇത്രയുമൊക്കെയായിട്ടും, കോട്ട കാക്കാൻ കഴിഞ്ഞില്ലെങ്കിൽ, അത് വി.ഡി-കെ.എസ് ദ്വയങ്ങളുടെ വീഴ്ചയായി വിലയിരുത്തപ്പെടും. പാർട്ടിയിൽ ഇപ്പോൾ അടങ്ങിക്കഴിയുന്ന ഗ്രൂപ് മാനേജർമാർ സടകുടഞ്ഞ് എഴുന്നേൽക്കുകയും ചെയ്യും.

സഭാതർക്കത്തിലും പ്രതിഫലിക്കും

തൃക്കാക്കരയിലെ ജയപരാജയങ്ങൾ ക്രൈസ്തവ സഭാ തർക്കത്തിലും പ്രതിഫലനങ്ങളുണ്ടാക്കും. ഇടത് സ്ഥാനാർഥി ജോ ജോസഫ് കർദിനാൾ ആലഞ്ചേരിയുടെ നോമിനിയാണെന്ന പ്രചാരണം ശക്തമായിരുന്നു. അതുകൊണ്ടുതന്നെ, ഇടതു സ്ഥാനാർഥിയെ പരാജയപ്പെടുത്താനുറച്ച് ആലഞ്ചേരി വിരുദ്ധ വിഭാഗവും മുന്നിട്ടിറങ്ങിയിരുന്നു. ജോ ജോസഫ് ജയിച്ചാൽ അത് ആലഞ്ചേരിപ്പിതാവിെൻറ കൂടി വിജയമാകും. പരാജയപ്പെട്ടാൽ അൽമായരുടെ മുന്നേറ്റത്തിന് കരുത്തുപകരുകയും ചെയ്യും.

കെ. റെയിലിെൻറയും വിധി

കേരളത്തെ ഇളക്കിമറിച്ച് നടത്തിയിരുന്ന കെ-റെയിൽ കുറ്റിയിടൽ സ്വിച്ചിട്ടതുപോലെ നിലച്ചത് ഏപ്രിൽ 29ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെയായിരുന്നു. അന്ന് താൽക്കാലികമായി നിർത്തിയ കുറ്റിയിടൽ പിന്നീട് സ്ഥിരമായി ഒഴിവാക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പ് ഒരുവർഷം പിന്നിട്ട സംസ്ഥാന സർക്കാറിെൻറ വിലയിരുത്തൽ എന്നതിനേക്കാൾ കെ-റെയിലിെൻറ വിലയിരുത്തലാകും എന്ന് പ്രതിപക്ഷം ആദ്യമേ വ്യക്തമാക്കിയിരുന്നു. അതിവേഗ റെയിൽപാത വേണോ എന്ന ജനവിധിയാകുമിതെന്ന് ഇടതുമുന്നണി നേതാക്കളും ആദ്യഘട്ടത്തിൽ സമ്മതിച്ചിരുന്നു.

പിന്നീട്, ഇടതു പ്രചാരണ രംഗങ്ങളിൽനിന്ന് കെ-റെയിൽ പതുക്കെ അപ്രത്യക്ഷമാവുകയും ചെയ്തു. ഏതായാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിധി കെ-റെയിലിെൻറ ഭാവിയിലും നിർണായകമായി മാറും●

Tags:    
News Summary - Thrikkakara by-election evaluation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.