ജലപാപ്പരത്വത്തിലേക്ക് നീങ്ങുന്ന ലോകം

‘‘കിണർ വറ്റുമ്പോഴാണ് ജലത്തിന്റെ വില അറിയുന്നത്’’ എന്ന ബെഞ്ചമിൻ ഫ്രാങ്ക്ളിന്റെ വാക്കുകൾ ഇന്ന് കേവലം ഒരു ഉദ്ധരണിയല്ല, മറിച്ച് കടുത്ത യാഥാർഥ്യമാണ്. നീല ഗ്രഹം എന്ന് നാം വിളിച്ചിരുന്ന ഭൂമി ഇന്ന് ദാഹിച്ചു കരിയുന്ന ഒരു മരുഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു. 2026-ലെ ഐക്യരാഷ്ട്രസഭയുടെ ലോക ജല റിപ്പോർട്ട് പ്രകാരം ലോകം ‘ജലപാപ്പരത്വം’ എന്ന അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ഈ വർഷത്തെ ലോക ജലദിന സന്ദേശം ‘‘ജലവും ലിംഗസമത്വവും’’ (Water and Gender) എന്നതാണ്. ജലക്ഷാമം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പാർശ്വവൽക്കരിക്കപ്പെട്ടവരെയും സ്ത്രീകളെയുമാണ് എന്ന യാഥാർഥ്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ലോകത്ത് 220 കോടി ജനങ്ങൾക്ക് ഇന്നും ശുദ്ധജലം ലഭ്യമല്ല.

ജലം ഒഴുകുന്നേടത്ത് സമത്വം വളരുന്നു എന്ന ആപ്തവാക്യത്തിലൂടെ ജലക്ഷാമം എങ്ങനെയാണ് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ ബാധിക്കുന്നത് എന്ന് ലോക ജല ദിനം ലോകത്തെ ഓർമിപ്പിക്കുന്നു. ഒരു വർഷത്തിൽ ഒരു മാസം കടുത്ത ജലക്ഷാമം നേരിടുന്നവർ 400 കോടിയാണ്. 1970-നു ശേഷം ലോകത്തിലെ ഹിമാനികളിൽ 30 ശതമാനവും ഉരുകിത്തീർന്നു; ഇത് നദികളുടെ നിലനിൽപ്പിനെ ബാധിക്കുന്നു. ലോക ജനസംഖ്യയുടെ 75 ശതമാനവും ജല സുരക്ഷയില്ലാത്ത അവസ്ഥയിലാണ്. ലോകത്തിലെ വലിയ 100 നഗരങ്ങളിൽ പകുതിയിലധികം കഠിനമായ ജലക്ഷാമം നേരിടുന്നു. 350 കോടി ജനങ്ങൾക്ക് ശാസ്ത്രീയമായ ശുചിത്വ സൗകര്യങ്ങൾ ഇല്ല.

ലോകത്തിലെ വൻ പല നഗരങ്ങളും കുടിവെള്ളം പൂർണ്ണമായി നിലച്ചുപോകുന്ന ‘ഡേ സീറോ’ എന്ന അവസ്ഥയിലേക്ക് എത്തുന്നു. ലോകത്തെ 70 ശതമാനം ശുദ്ധജലവും കൃഷിക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ജലം കുറയുന്നതോടെ ഉൽപ്പാദനം കുറയുകയും ഇത് ഭക്ഷ്യസുരക്ഷയെ ബാധിക്കുകയും ചെയ്യുന്നു. രൂക്ഷ ജലക്ഷാമം അനുഭവിക്കുന്ന പല ലോക രാജ്യങ്ങളിലും ജലത്തിന് പെട്രോളിനേക്കാൾ വിലയാണ്.

ഇന്ത്യയുടെ അവസ്ഥ

ഇന്ത്യയിലെ വൻകിട നഗരങ്ങളായ ബാംഗ്ലൂർ, ചെന്നൈ, ന്യൂ ഡൽഹി എന്നിവ ജല പാപ്പരത്വത്തിലേക്കാണ് എന്ന് ലോക ജല റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ 40 ശതമാനം ജനങ്ങൾക്കും 2030-ഓടെ കുടിവെള്ളം ലഭിക്കുന്നതിന് പ്രയാസം നേരിടുമെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിവർഷം 2 ലക്ഷം ആളുകളാണ് ഇവിടെ ജലക്ഷാമം മൂലം മരണപ്പെടുന്നത്.

44 നദികളും സുഭിക്ഷമായ മഴയും കൊണ്ട് സമ്പന്നമായ കേരളത്തിൽ മഴവെള്ളത്തിന്റെ 12 ശതമാനം മാത്രമേ പ്രയോജനപ്പെടുത്തുന്നുള്ളൂ; ബാക്കി മുഴുവനും കടലിലേക്കാണ് പോകുന്നത്. തുലാവർഷത്തിന്റെ കുറവ്, കഠിനമായ വേനൽ എന്നിവ കാരണം ഭൂഗർഭജല നിരപ്പ് കുത്തനെ താഴുന്നു. തീരപ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറി വലിയ പ്രയാസം സൃഷ്ടിക്കുന്നു. കേരളത്തിലെ ചില ഭാഗങ്ങളിൽ വലിയ രീതിയിൽ ജല ദൗർലഭ്യം നേരിടുന്നു. ജല ബജറ്റ് അടിയന്തരമായി സർക്കാർ ഉണ്ടാക്കേണ്ടതായിട്ടുണ്ട്. ജലസംഭരണം ശാസ്ത്രീയമാക്കുകയും, ജല മലിനീകരണം തടയുകയും, ജല പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്. ഭൂഗർഭജലത്തിന്റെ അമിതമായ ചൂഷണവും ജലസ്രോതസ്സുകളുടെ മലിനീകരണവും കേരളത്തെയും ജലക്ഷാമത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു.

നമുക്ക് എന്ത് ചെയ്യാൻ കഴിയും?

  • ജലസംരക്ഷണം ഒരു മുദ്രാവാക്യമായി ഒതുങ്ങാതെ നമ്മുടെ ജീവിതശൈലിയുടെ ഭാഗമാകണം.
  • മഴവെള്ളം മണ്ണിലിറക്കാൻ ഓരോ വീടും ശ്രദ്ധിക്കണം. അനാവശ്യമായി ടാപ്പുകൾ തുറന്നിടുന്നത് ഒഴിവാക്കുക. ഒരു ടാപ്പിൽ നിന്ന് തുള്ളിയായി വെള്ളം നഷ്ടപ്പെട്ടാൽ വർഷം 11,000 ലിറ്ററോളമാണ് പാഴാകുന്നത്.
  • ഓരോ പ്രദേശത്തും ‘വാട്ടർ ഓഡിറ്റ്’ നടത്തുകയും ജല ഉപയോഗം പരിമിതപ്പെടുത്തുകയും വേണം. അവസാനത്തെ പുഴയും വറ്റി, അവസാനത്തെ മരവും ഉണങ്ങിക്കഴിയുമ്പോൾ മാത്രമേ പണം കൊണ്ട് വിശപ്പും ദാഹവും മാറ്റാനാവില്ലെന്ന് മനുഷ്യൻ തിരിച്ചറിയുകയുള്ളൂ.
Tags:    
News Summary - world water day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.