പ്രതീകാത്മക ചിത്രം
‘പുതുയുഗ കേരളം’ എന്ന മുദ്രാവാക്യവും ആശയവും പൂർണമനസ്സോടെ സ്വീകരിച്ച് 102 സീറ്റിന്റെ ചരിത്രവിജയം സമ്മാനിച്ച് കേരളജനത അധികാരമേൽപ്പിച്ച യു.ഡി.എഫ് സർക്കാർ 100 ദിവസം പിന്നിടുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കാനുള്ളതാണെന്ന ഉത്തമബോധ്യം സർക്കാരിനുണ്ട്. അതിന്റെ ഭാഗമായാണ് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തീരുമാനിച്ചതും ആശാപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ, പ്രീ-പ്രൈമറി അധ്യാപകർ, ആയമാർ എന്നിവരുടെ ഓണറേറിയം വർധിപ്പിച്ചതും പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയതും. വൻകിട വികസനപദ്ധതികളും സ്വപ്നപദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും ചേർത്തുപിടിച്ച് മുന്നോട്ടുപോകുകയെന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം.
സാമൂഹികക്ഷേമത്തിനും സമഗ്രവികസനത്തിനും മുൻഗണന നൽകിക്കൊണ്ടാണ് ‘ഇന്ദിരാ ഗ്യാരന്റി’കൾ പ്രഖ്യാപിച്ചത്. സ്ത്രീകൾക്കുള്ള സൗജന്യയാത്ര, വയോജനവകുപ്പ് എന്നിവ ഇതിനോടകം നടപ്പാക്കി. സൗജന്യയാത്ര സ്ത്രീകളോടുള്ള സർക്കാരിന്റെ ആദരവാണ്. മുതിർന്ന പൗരരോടുള്ള കരുതലിന്റെ ഭാഗമാണ് വയോജനവകുപ്പ്. ഇത്തരമൊരു പരിഗണന രാജ്യത്ത് ആദ്യമാണ്. ഇതിനുപുറമെയാണ് 100 ദിന കർമപദ്ധതി പ്രഖ്യാപിച്ചത്. കൃഷി, വ്യവസായം, സഹകരണം എന്നിങ്ങനെ 11 മേഖലകളിലായി 43 വകുപ്പുകൾ ചേർന്ന് 597 പദ്ധതികളാണ് 100 ദിവസം കൊണ്ട് നടപ്പിലാക്കുന്നത്.
സർക്കാരിന് 100 ദിവസം തികയുമ്പോൾ സംസ്ഥാനം ഓണാഘോഷ ലഹരിയിലാണ്. വിപണിയിൽ കൃത്യമായി ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്. സപ്ലൈകോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിൽ 13 സബ്സിഡി സാധനങ്ങളും വില കൂട്ടാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ സബ്സിഡി സാധനങ്ങൾ ഒരുമിച്ച് വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ചരിത്രത്തിലൊരിക്കലുമില്ലാത്ത ധനപ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും ഒരു രൂപയുടെ പോലും അധികനികുതി ചുമത്താതെയാണ് ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ക്ഷേമപെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമൂഹികക്ഷേമ പരിപാടികൾ തടസ്സപ്പെടാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫണ്ട് വകമാറ്റിയതിനെ തുടർന്ന് കുടിശ്ശികയായ പ്രവാസി ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിന് 32 കോടി അനുവദിച്ചു. പ്രവാസി മലയാളികളുടെ സുരക്ഷക്കായി അഞ്ച് ലക്ഷം മുതൽ ഒരു കോടി രൂപ വരെ ചികിത്സാപരിരക്ഷ നൽകുന്ന 'നോർക്ക കെയർ പ്ലസ്' പദ്ധതിയുടെ രണ്ടാം ഘട്ടവും ആവിഷ്കരിച്ചു. സ്കോളർഷിപ്പ് മുടങ്ങി പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളുടെ പഠനം തടസ്സപ്പെട്ട അവസ്ഥക്ക് ഈ സർക്കാർ പരിഹാരം കണ്ടു. മുൻ സർക്കാരിന്റെ കാലത്തെ കുടിശ്ശിക തീർക്കാൻ അധികാരത്തിലെത്തി 84 ദിവസത്തിനകം 310 കോടി രൂപ അനുവദിച്ചു. കാരുണ്യ, ആരോഗ്യകിരണം പദ്ധതികളിലെ അടിയന്തര ബാധ്യതകൾ തീർക്കാൻ 200 കോടി രൂപയും, സപ്ലൈകോ വഴി നെല്ല് സംഭരിച്ചതിന്റെ പി.ആർ.എസ് കുടിശ്ശിക തീർക്കാൻ 150 കോടി രൂപയും അനുവദിച്ചു.
സിന്തറ്റിക് ലഹരിയുടെ ഹബ്ബായി മാറിയ കേരളത്തെ ലഹരിമുക്തമാക്കുമെന്ന പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ആഭ്യന്തരവകുപ്പ് ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ചത്. ലഹരിക്കെതിരെ കായികമേഖലയിലേക്ക് കുട്ടികളെ വഴിതിരിച്ചുവിടുകയെന്നത് ഫലപ്രദമായ മാർഗമാണ്. ഇതുകൂടി കണക്കിലെടുത്ത് കായികരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ ‘ഓപ്പറേഷൻ കളരി’ പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്.
കേരളത്തെ അന്താരാഷ്ട്രതലത്തിലുള്ള തുറമുഖനഗരമാക്കി മാറ്റാനുള്ള സ്വപ്നപദ്ധതിയാണ് ‘മിഷൻ സമുദ്ര’. തീരദേശത്തെ ആഗോള മാനുഫാക്ചറിങ് ഹബ്ബാക്കി മാറ്റുന്ന 400 കോടിയുടെ പദ്ധതിയാണിത്. ചരക്കുനീക്കം പൂർണതോതിൽ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ മിഷൻ സമുദ്രക്ക് കരുത്തേകും.
വിവരസാങ്കേതികവകുപ്പിനെ ‘ഐ.ടി,എ.ഐ & ഫ്യൂചർ ടെക്നോളജീസ്’ എന്ന് പുനർനാമകരണം ചെയ്യും, കേരള സ്റ്റേറ്റ് ഐ.ടി മിഷനെ ഡിജിറ്റൽ ടെക്നോളജി മിഷനായി മാറ്റും. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് ‘ഇൻവെസ്റ്റ് കേരള’ സെൽ, എ.ഐ ഡാറ്റാ സെന്ററുകൾ, പുതിയ വിദേശനിക്ഷേപ നയങ്ങൾ, സെമികണ്ടക്ടർ മേഖലക്കായി ‘സെമികോൺ കേരള’ എന്നിവക്ക് രൂപം നൽകും. ആദ്യഘട്ടത്തിൽ 2,145 കോടിയുടെ നിക്ഷേപങ്ങളും 31,000-ലധികം തൊഴിലവസരങ്ങളുമാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതിയുടെ വായ്പാപരിധി അഞ്ച് കോടി രൂപയായി ഉയർത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശനത്തിന് അതീതരല്ല. വിമർശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കും. ആർക്കും തെറ്റുകൾ ചൂണ്ടിക്കാട്ടാം. കഴമ്പുണ്ടെങ്കിൽ തിരുത്താൻ സർക്കാരിന് മടിയില്ല. മൂന്ന് മാസം പ്രായമാകുന്നതിന് മുൻപേ സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് ചില മാധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം പ്രവർത്തിച്ചത്. അവർ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും 24 മണിക്കൂർ ആയുസ്സുണ്ടായില്ല. മാധ്യമവാർത്തകൾ സർക്കാർ ഇടപെട്ട് സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിപ്പിച്ചുവെന്നത് നീചമായ പ്രചാരണമായിരുന്നു. സർക്കാർ ഇടപെട്ടിട്ടേയില്ലെന്ന് മെറ്റ ഔദ്യോഗികമായി വിശദീകരണം നൽകിയതോടെ വ്യാജപ്രചാരകർക്ക് ഇനി എന്ത് പറയാനുണ്ട്?
സമഗ്രവികസനവും സാമൂഹികക്ഷേമവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോവുകയാണ് സർക്കാരിന്റെ സമീപനം. പ്രളയപ്രതിരോധത്തിന് ശാസ്ത്രീയസംവിധാനങ്ങൾ ഏർപ്പെടുത്തും. കേരള ഫ്ലഡ് റെസീലിയൻസ് ഇനിഷ്യേറ്റീവ് നടപ്പാക്കാൻ റൂർക്കി ഐ.ഐ.ടിയുമായുള്ള ആദ്യഘട്ട ചർച്ച കഴിഞ്ഞു. പ്രതിസന്ധികൾക്കിടയിലും ജനജീവിതത്തിന് ആശ്വാസം നൽകുകയും പുതിയ നിക്ഷേപങ്ങളും അതിലൂടെ തൊഴിലവസരങ്ങളും സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത്. യുവതയാണ് രാജ്യത്തിന്റെ ശക്തി. അവരെ സ്വന്തം മണ്ണിൽ വേരുറപ്പിച്ചുനിർത്തുന്നതിനുള്ള കർമപദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.