We are not alive though we are living, and we are not in our graves though we are dead തിഹാർ ജയിലിൽ നിന്നും ഉമർ ഖാലിദ് എഴുതിയ കത്തിലെ വാക്കുകളാണിവ. എൺപതാം സ്വാതന്ത്ര്യ വാർഷികത്തിന്റെ ത്രിവർണ ശോഭയിൽ രാജ്യം തിളങ്ങി നിൽക്കുമ്പോഴും കൈപ്പേറിയ ചില ഇന്ത്യൻ യാഥാർഥ്യങ്ങൾ നമ്മെ തുറിച്ചുനോക്കുന്നുണ്ട്. NCRBയുടെ Prison Statistics India 2024 റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ ജയിലുകളിലെ ഏകദേശം അഞ്ച് ലക്ഷത്തോളം പ്രതികളിൽ 72.6 % മനുഷ്യരും വിചാരണ തടവുകാരാണ്.
അഞ്ച്ലക്ഷം തടവുകാരിൽ 1.36 ലക്ഷം പേർ മാത്രമാണ് കോടതി ശിക്ഷ വിധിച്ചു തടവനുഭവിക്കുന്നത്. ബാക്കിയുള്ള 3.71 ലക്ഷം പേർ അനിശ്ചിതമായ വിചാരണ കാത്ത് തടവിലകപ്പെട്ടവരാണ്. വേൾഡ് പ്രിസൺ ബ്രീഫിന്റെ കണക്കുപ്രകാരം ആകെ തടവുകാരിൽ വിചാരണ തടവുകാരുടെ വിഹിതത്തിന്റെ അടിസ്ഥാനത്തിൽ ലോകത്ത് ഇന്ത്യ എട്ടാം സ്ഥാനത്താണ്. ഇരുട്ടു മൂടിയ തടവറകളിൽ നിർബന്ധിത നിരോധനങ്ങൾക്കും മറവികൾക്കും വിധേയമാക്കപ്പെട്ട് മാനുഷിക പരിഗണനയുടെ നേരിയ കണിക പോലും നിഷേധിക്കപ്പെട്ടു വിചാരണ കാത്തു കിടക്കുന്നവർ. ജയിൽ കടക്കാത്ത നീതിയുടെ ഇരകൾ. അവരിൽ പലരും ഭരണകൂട വേട്ടയുടെ ഇരകൾ കൂടിയാണ്.
ജനാധിപത്യത്തിന്റെ അകത്ത് അനുവദനീയമാക്കപ്പെട്ട ചില ഇടങ്ങളുണ്ട്. അതിനെ ഭേദിക്കുന്ന ഏത് ശബ്ദങ്ങളും നോട്ടമിട്ട് വേട്ടയാടപ്പെടും. കൂടെ ഒരു ഭീകരവാദി പട്ടവും ചേർത്തപ്പെടും. സമകാലിക ഇന്ത്യയിൽ അസാധാരണത്വമൊന്നുമില്ലാതെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണിത്. നോക്കൂ...ഒരു ഭരണകൂടത്തിന് ഒരു മനുഷ്യന്റെ ആയുസ്സിൽ നിന്നും എത്ര ഭാഗം കവർന്നെടുക്കാൻ കഴിയും ? ജീവിതത്തിലെ വിലപ്പെട്ട വർഷങ്ങൾ കവർന്നെടുത്തിട്ട് നിരപരാധിയായി വിട്ടയക്കപ്പെടുമ്പോൾ വിപ്ലവാഭിവാദ്യങ്ങൾ വിളിക്കുന്നത് അങ്ങേയറ്റം അശ്ലീലമല്ലേ...
“ജൂലിയസ് സീസർ” നാടകത്തിൽ കാഷിയസിനെക്കുറിച്ച് സീസർ പറയുന്നത് ഓർമ്മയില്ലേ...“അയാൾ കൂടുതൽ ചിന്തിക്കുന്നു,അത്തരക്കാർ കൂടുതൽ അപകടകാരികളാണ്”. ഇത് എക്കാലവും ഭരണകൂടങ്ങളുടെ ധർമ്മസങ്കടമാണ്. 2014 ന് ശേഷം ഭരണകൂട ഭീകരതയുടെ ഇരകളാക്കപ്പെട്ടവരുടെ ലിസ്റ്റിൽ ഫാദർ സ്റ്റാമി സ്വാമി, ഹാനി ബാബു, സഞ്ജീവ് ഭട്ട്, ഉമർ ഖാലിദ് തുടങ്ങി നിരവധി പേരുകൾ കാണാം..ജനാധിപത്യത്തിന്റെ അകത്ത് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ തുറങ്കിലടച്ച് പുറത്തുള്ളവരെ നിശബ്ദരാക്കി നിർത്തുന്നത് ഈ ഭരണകൂട രാഷ്ട്രീയത്തിന്റെ ശൈലിയാണ്. 2020ലെ ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിചേർക്കപ്പെട്ടാണ് ഉമർ ഖാലിദ്, ശർജീൽ ഇമാം അടക്കം നിരവധി വിദ്യാർത്ഥികൾ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടത്. ആറു വർഷങ്ങൾക്കിപ്പുറവും വിചാരണ പോലും പൂർത്തിയാകാതെ ഇവർ തടവറക്കുള്ളിലാണ്.
മോദി ഭരണകൂടം തീർത്ത ഭീകരതയ്ക്കെതിരെ ഉയർന്ന ശ്രദ്ധേയമായ ആദ്യ ശബ്ദം ജെ.എൻ.യു.വിൽ നിന്നായിരുന്നു .അടച്ചു പൂട്ടപ്പെട്ട വാതിലുകൾക്ക് മുമ്പിൽ തുറസ്സായ ആകാശത്തിനു കീഴിൽ നിശബ്ദതയെ ഭേദിച്ച് അലയടിച്ച വിദ്യാർത്ഥി ശബ്ദങ്ങൾ മോദി ഭരണകൂടത്തിന്റെ മസ്തകത്തിൽ പ്രഹരിച്ചു. രാജ്യത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയെക്കുറിച്ചും, സംഘപരിവാറിന്റെ വെറുപ്പിനെക്കുറിച്ചും നിരന്തരം ശബ്ദമുയർത്തിയ വിദ്യാർത്ഥി സമൂഹമായിരുന്നു ജെ.എൻ.യുവിലേത്. ജെ.എൻ.യുവിൽ നിന്ന് ഉയർന്നുവന്ന പ്രതിഷേധങ്ങളായിരുന്നു പിന്നീട് ഇന്ത്യൻ തെരുവുകളിലേക്ക് വ്യാപിച്ചത്. ഈ സമര പോരാട്ടങ്ങൾ മുന്നിൽ നിന്ന് നയിച്ചവരിൽ പ്രധാനിയായിരുന്നു ഉമർ ഖാലിദും ശർജീൽ ഇമാമും.
തടവറയെക്കുറിച്ചും അതിനുള്ളിലെ കടുത്ത ഏകാന്തതയെക്കുറിച്ചും ഉമർ ഖാലിദ് ജീവിതത്തിൽ നിന്നും കോറിയിട്ട ചില വസ്തുതകളുണ്ട്.“ഒരിക്കലെങ്കിലും തിഹാറിൽ വന്നിട്ടുള്ള ആരും ആ ഭയപ്പെടുത്തുന്ന നിശബ്ദതയെ കുറിച്ച് പറയും. മാനം മുട്ടുന്ന മതിലുകളാൽ ചുറ്റപ്പെട്ട ഒരു പ്രേത നഗരത്തിൽ എത്തിപ്പെട്ടതുപോലെ നിങ്ങൾക്ക് തോന്നും. പോലീസ് സ്റ്റേഷനിൽ നിന്ന് എന്നെ ജയിലിലേക്ക് കൊണ്ടുവന്ന പോലീസ് വാഹനം അകത്തേക്ക് കടക്കുമ്പോൾ തന്നെ പുറംലോകത്ത് നിന്നുള്ള ശബ്ദം പിന്മാറി തുടങ്ങിയിരുന്നു .നിശബ്ദത പതിയെ അതിനെ വിഴുങ്ങിത്തുടങ്ങിയിരുന്നു. ഒരു ജാലകത്തിന് മുന്നിലെ വരിയിൽ അതേ ദിവസം ജയിലിലേക്ക് എത്തുന്ന മറ്റു ചിലരുടെ പിന്നിൽ ഞാനും നിന്നു. ആ ജാലകത്തിനപ്പുറത്ത് ഒരു ക്ലർക്കിരുന്നു വിവരങ്ങൾ എഴുതിയെടുക്കുന്നുണ്ടായിരുന്നു. പേര് ,പിതാവിന്റെ പേര് ,എന്തായിരുന്നു കേസ് ഇതൊക്കെയാണ് അവിടെ പറയേണ്ടിയിരുന്നത്. എന്റെയും പിതാവിന്റെയും പേര് പറഞ്ഞതിനുശേഷം അയാളുടെ അവസാന ചോദ്യത്തിന് യു.എ.പി.എ എന്നായിരുന്നു ഞാൻ നൽകിയ മറുപടി“.
വിചാരണ തടവുകാരായി ജയിലിൽ കഴിയുന്നവർ കുറ്റവാളിയായി മുദ്രകുത്തപ്പെടുന്നതും അവരനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഒരു തരത്തിലും അഡ്രസ്സ് ചെയ്യപ്പെടുന്നില്ല എന്നതാണ് വസ്തുത. ഒരാൾ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ തന്നെ അയാൾ കുറ്റവാളിയാണെന്ന് ഉറപ്പിക്കുന്ന പൊതുബോധമാണ് നമ്മുടേത്. കൂടെ,മാധ്യമങ്ങളുടെ ഭീകരതാ ആഖ്യാനങ്ങളും അപസർപ്പക കഥകളും അയാളുടെ മേൽ ഭാവനയുടെ അനന്ത സാദ്ധ്യതകൾ തീർക്കുന്നു. പടച്ചുണ്ടാക്കുന്ന ഇത്തരം ആഖ്യാനങ്ങൾക്കകത്ത് കുറ്റം തെളിയിക്കപ്പെടാതെ ജയിലിനകത്ത് കിടക്കുന്നവരുടെ കുടുംബം അനുഭവിക്കുന്ന പ്രയാസങ്ങൾ അതി ഭീകരമാണ്. കുറ്റവാളിയുടെ കുടുംബമെന്ന വിളിപ്പേരിൽ സമൂഹത്തിൽ അവർ ഒറ്റപ്പെടുത്തപ്പെടുന്നു. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനിടയിലും പ്രതീക്ഷയുടെ പുലരിക്കായി അവർ കാത്തിരിക്കുന്നു. കുറ്റം തെളിയിക്കപ്പെടാതെ, വിചാരണ പോലും പൂർത്തിയാകാതെ അനേകം മനുഷ്യർ കുറ്റവാളിയെന്ന് മുദ്രകുത്തപ്പെടുമ്പോൾ തടവിലാക്കപ്പെടുന്നത് നമ്മുടെ ഭരണഘടന തന്നെയാണ്.
അനീതിക്കു മുമ്പിൽ പതറാതെ അഴിക്കുള്ളിൽ പോരാട്ടം തീർക്കുന്ന ഇത്തരം മനുഷ്യരാണ് ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കുന്നത്. Fractured Communities: Adivasi Histories and the Politics of Power എന്ന ഉമർ ഖാലിദിന്റെ പുസ്തക പ്രകാശനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മാതാവ് സബീഹാ ഖാനം കുറിച്ചത് ഇങ്ങനെയാണ്..“ His words are free. My son is not.” ”എന്റെ മകന്റെ വാക്കുകൾ സ്വതന്ത്രമാണ്, എന്നാൽ അവൻ സ്വതന്ത്രനല്ല. ഭരണകൂട ഭീകരതയുടെ വേട്ടയാടലുകൾക്ക് വിധേയരായ മനുഷ്യരെ മറവിക്ക് വിട്ടുകൊടുക്കുന്ന കാലത്ത് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിന്റെ ചോദ്യം നമ്മുടെ മനസ്സാക്ഷിയെ അസ്വസ്ഥമാക്കുന്നതാണ്...“ഒരു സമൂഹമെന്ന നിലയിൽ ഈ യുദ്ധത്തിൽ നിങ്ങൾക്കായി പോരാടാൻ ഇറങ്ങിയവർക്ക് വേണ്ടി ശബ്ദം ഉയർത്തുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ സഞ്ജീവിനെ പോലെയുള്ളവർ കാണിക്കുന്ന ധൈര്യം ഭാവിയിൽ ആരും കാണിക്കില്ല..ഈ യുദ്ധത്തിൽ നിങ്ങൾക്ക് വേണ്ടി പ്രതിരോധം തീർക്കുന്നവരെ സംരക്ഷിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ ഭാവിയിൽ നിങ്ങളെ പ്രതിരോധിക്കാൻ ആരെങ്കിലും എപ്പോഴെങ്കിലും എഴുന്നേറ്റ് നിൽക്കുമോ? “
ഡൽഹിയുടെ തെരുവുകളിൽ കണ്ണീർ വാതകത്തിന്റെ പുകപടലങ്ങൾക്കിടയിലൂടെ ലാത്തിചാർജിന്റെ മുറിവുകളുമായി ഒരു തലമുറ എഴുന്നേറ്റുനിന്ന് മുട്ട് വിറപ്പിച്ച ഭരണകൂട ധാഷ്ട്യം പുതിയ കാലത്ത് ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കാൻ മാത്രം ഇച്ഛാശക്തിയുള്ളതാണ്. ജന്ദർ മന്ദറിൽ ഉയർന്നു കേട്ട മുദ്രാവാക്യങ്ങൾ പുതു ഇന്ത്യക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. സി.ജെ.പി സമരം തീർത്തും ആകസ്മികമായി സംഭവിച്ച ഒരു പോരാട്ടമല്ല, മറിച്ച് നൂറുകണക്കിന് വിദ്യാർഥികൾ ചോര വാർന്ന് രക്തമൊഴുക്കി തെരുവുകളിൽ പ്രതിരോധം തീർത്ത പോരാട്ടങ്ങളുടെ പ്രതിഫലനമാണ്.
2019 പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്തരങ്ങേറിയ വിദ്യാർഥി സമരം മുതൽ ഏറ്റവുമൊടുവിൽ സി.ജെ.പി തീർത്ത സമര വിപ്ലവം വരെ നീണ്ടുകിടക്കുന്ന സമരചരിത്രമുണ്ടതിന്. UAPA ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട നിരവധി യുവത്വങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് ഈ സമരം വിജയം. ഭയം അരിച്ചിറങ്ങി ഘനീഭവിച്ച ഭീതിയുടെ കൂരക്കടിയിൽ നിന്ന് കൊണ്ട് അഫ്രീന ഫാത്തിമ എന്ന വിദ്യാർത്ഥി “ഞാൻ കണ്ണുനീർ പൊഴിക്കില്ല...എന്റെ കണ്ണുനീർ കണ്ടു അവർ സന്തോഷിക്കേണ്ടതില്ല” എന്ന് വിളിച്ചു പറയുമ്പോൾ “പൂക്കളെ നിങ്ങൾക്ക് അറുത്തിടാമെങ്കിലും വസന്തത്തെ നിങ്ങൾക്ക് തടയാൻ ആവില്ലല്ലോ ” എന്ന നെരൂദയുടെ കവിതകൾ മുഴക്കുന്ന യുവത്വങ്ങൾ പുതു ഇന്ത്യയുടെ പ്രതീക്ഷകൾ തന്നെയാണ്.
വെറുപ്പിന്റെ രാഷ്ട്രീയം അശനിപാതം കണക്കെ വർഷിക്കുമ്പോഴും വിയോജിപ്പിന്റെ ശബ്ദങ്ങളെ “ദിമാഗ് നക്സലുകൾ“ എന്ന് മുദ്രകുത്തുമ്പോഴും ജനാധിപത്യത്തിന്റെ അസ്ഥിപഞ്ചരംഗങ്ങൾ പേറുന്ന ഒരു സമൂഹമായി മാറാതെ പോരാടുന്ന മനുഷ്യർക്ക് കരുത്ത് പകരേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്...ഇല്ലായെങ്കിൽ ഒരു തോറ്റ ജനതയായി നാം മാറുമെന്നതിൽ സംശയമില്ല തന്നെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.