അടുത്ത സാമ്പത്തിക വർഷത്തേക്കുളള കേന്ദ്ര സർക്കാറിന്റെ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെ സമ്പദ്വ്യവസ്ഥയെ ഉണർത്താനുതകുന്ന പരിപാടികൾ അതിലുണ്ടാകുമോ എന്നാണ് രാജ്യമാകെ ഉറ്റുനോക്കുന്നത്. പുതിയ ബജറ്റ് തയാറാക്കലിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി സംസ്ഥാന ധനമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ കേരളം മുന്നോട്ടുവെച്ച പ്രധാന നിർദേശം മാന്ദ്യം നേടിരുന്നതിനും പ്രതീക്ഷിത സാമ്പത്തിക വളർച്ചനിരക്കിന് അടുത്തെങ്കിലും എത്തുന്നതിനും അടിയന്തര നടപടികൾ ഉറപ്പാക്കണമെന്നതാണ്. ഇതിനു പുറമെ, സംസ്ഥാനത്തിന്റേതായ പ്രത്യേക പ്രശ്നങ്ങളും കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
സംസ്ഥാനത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ റവന്യൂചെലവിന്റെ 62 ശതമാനവും സ്വന്തം വരുമാനത്തിൽനിന്നാണ് കണ്ടെത്തുന്നത്. എന്നാൽ, അഖിലേന്ത്യാ ശരാശരി 54 ശതമാനമാണ്. ജി.എസ്.ടി നഷ്ടപരിഹാരവും റവന്യൂ കമ്മി ഗ്രാന്റും അവസാനിപ്പിക്കൽ, പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പിന്റെയും സർക്കാർ സംരംഭങ്ങളുടെ വായ്പയുടെയും പേരിൽ സംസ്ഥാനത്തിന്റെ കടമെടുക്കൽ അവകാശം വെട്ടിക്കുറക്കൽ, നികുതി വരവിൽ ഉണ്ടായ വലിയകുറവ് എന്നിവ മൂലം സംസ്ഥാനം നേരിടുന്ന വലിയസാമ്പത്തിക ബുദ്ധിമുട്ടും പണക്ഷാമവും പരിഹരിക്കാൻ അടുത്ത രണ്ടു വർഷത്തിനുള്ളിൽ ലഭ്യമാകുന്നനിലയിലുള്ള ഒരു പ്രത്യേക പാക്കേജാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ജൂണിൽ നടന്ന പ്രീബജറ്റ് ചർച്ചയിൽ ഉന്നയിച്ച പ്രത്യേക പാക്കേജ് ആവശ്യം കേന്ദ്രം പരിഗണിക്കാഞ്ഞതും ചൂണ്ടിക്കാട്ടി. ഒപ്പം, ജി.എസ്.ടി സമ്പ്രദായം പൂർണസജ്ജമാകുന്നതുവരെ ജി.എസ്.ടി നഷ്ടപരിഹാര വ്യവസ്ഥ തുടരണം.
വയനാട് മുണ്ടക്കൈ ദുരന്തം അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തില് പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ബജറ്റിലൂടെ മതിയായ സഹായം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണ്. 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കണമെന്നാണ് നമ്മൾ ആവശ്യപ്പെട്ടിട്ടുള്ളത്. ദുരന്ത ബാധിതർക്കായി വീടുകളും സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും അവശ്യം അടിസ്ഥാന സൗകര്യങ്ങളുമടക്കമുള്ള ടൗൺഷിപ്പുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇവയുടെ നിർമാണത്തിന് ഈ പാക്കേജ് അവശ്യമാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർവികസന പ്രവർത്തനങ്ങൾക്കായി 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളത്തിന്റെ പ്രതീക്ഷയാണ്. തുറമുഖത്തേക്കുള്ള റെയിൽപാത, തുറമുഖ അധിഷ്ഠിത വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റർ, ഗ്രീൻ ഹൈട്രജൻ ഹബ്ബ്, സീഫുഡ് പാർക്ക്, ലോജിസ്റ്റിക് ആൻഡ് ഫിഷ് ലാൻഡിങ് സെന്റർ തുടങ്ങിയ പദ്ധതികളിലൂടെ മാത്രമേ വിഴിഞ്ഞം തുറമുഖത്തിന്റെ പുർണ പ്രയോജനം രാജ്യത്ത് ഉപയുക്തമാകൂ. ഇതിന് സർക്കാർ മേഖലയിൽ വലിയ നിക്ഷേപം ആവശ്യമാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്ക് നിർണായക സംഭാവന നൽകാൻ ഉതകുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ പൂർണ സാമ്പത്തിക സഹകരണമാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത സാമ്പത്തിക വർഷം കേരളത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമാക്കി നിരുപാധികം ഉയർത്തണം. ഊർജമേഖലയിലെ പരിഷ്കരണങ്ങൾക്കായി അനുവദിച്ച അരശമാനം അധിക വായ്പാനുമതി അടുത്ത സാമ്പത്തിക വർഷവും തുടരണം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാനവിഹിതം ഉറപ്പാക്കുന്നതിന് മിക്ക സംസ്ഥാനങ്ങൾക്കും കടമെടുക്കേണ്ട സ്ഥിതിയാണുള്ളത്. ഇങ്ങനെ സംസ്ഥാനങ്ങൾ എടുക്കുന്ന വായ്പയെ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണം. സർക്കാർ സ്ഥാപനങ്ങളും കമ്പനികളും സംസ്ഥാന സർക്കാറിന്റെ ഉറപ്പിൽ എടുക്കുന്ന വായ്പകളെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തുന്ന കേന്ദ്ര നിലപാട് തിരുത്തണം.
പ്രവാസ കേരളീയരുടെയും, മടങ്ങിയെത്തുന്ന പ്രവാസികളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്ന കേരള നോൺ-റെസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിന് 300 കോടി രൂപ കേന്ദ്ര ബജറ്റിൽ വകയിരുത്തണം. മുതിർന്ന ജനവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് കേരളം തയാറാക്കിയ പദ്ധതിക്ക് 3940 കോടി രൂപ ലഭ്യമാക്കണം.
കേന്ദ്ര സർക്കാറിന്റെ വെഹിക്കിൾ സ്ക്രാപ്പിങ് പോളിസിയുടെ സംസ്ഥാന സർക്കാറിന്റെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ 15 വർഷ കാലാവധി പൂർത്തിയാക്കിയവക്ക് പകരം വാഹനങ്ങൾ ഉറപ്പാക്കാൻ 800 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം.
കാലാവസ്ഥവ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിനായുള്ള പദ്ധതിക്ക് 4500 കോടി രൂപ ബജറ്റിൽ കേരളത്തിനായി നീക്കിവെക്കണം. കേരളത്തിന്റെ തീരദേശ ശോഷണ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 11,650 കോടി രൂപയുടെ സമഗ്ര പദ്ധതി ആവശ്യമാണ്. ഇതിലേക്ക് അടുത്ത സാമ്പത്തിക വർഷം കേന്ദ്ര ബജറ്റിൽ 2329 കോടി രുപ വകയിരുത്തണമെന്നും ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത വീട് ഉറപ്പാക്കുന്ന പുനർഗേഹം പുനധിവാസ പദ്ധതിക്കായി 186 കോടി രൂപകൂടി ആവശ്യമാണ്. മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണത്തിന് 500 കോടി ലഭ്യമാക്കണം. തിരുവനന്തപുരം ആർ.സി.സിയുടെ വികസനത്തിന് 1293 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ഉറപ്പാക്കണം. മനുഷ്യ-മൃഗ സംഘർഷം അതിഗുരുതര പ്രശ്നമായി മാറുന്ന സാഹചര്യത്തിൽ പരിഹാര പദ്ധതികൾക്കായി 1000 കോടി രൂപ അനുവദിക്കണം
റബറിന് താങ്ങുവില ഉറപ്പാക്കാൻ 1000 കോടി രൂപയുടെ വില സ്ഥിരതാ ഫണ്ട് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കണം. തേയില, കാപ്പി, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ തോട്ടം നവീകരണത്തിനും, വില സ്ഥിരത ഉറപ്പാക്കാനും കയറ്റുമതി സാധ്യതകൾ വികസിപ്പിക്കുന്നതിനും പ്രത്യേക പക്കേജ് ഉൾപ്പെടുത്തണം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട സപ്ലൈകോ ബാധ്യത തീർക്കാനും സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും 2000 കോടി രൂപ അനുവദിക്കണം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതിയിലെ കേന്ദ്രവിഹിതം 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തണം. ഉന്നത വിദ്യാഭ്യാസമേഖലയുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട പി.എം-ഉഷ പദ്ധതിയിൽ കേരളം സമർപ്പിച്ച 2117 കോടി രൂപയുടെ പദ്ധതിനിർദേശങ്ങൾക്ക് അംഗീകാരം ഉറപ്പാക്കണം.
നിർദിഷ്ട സിൽവർലൈൻ പദ്ധതി, റാപിഡ് ട്രാൻസിറ്റ് പദ്ധതികൾ, അങ്കമാലി-ശബരി, നിലമ്പൂർ-നഞ്ചൻകോട്, തലശ്ശേരി-മൈസൂരു റെയിൽപാതകൾ എന്നിവക്ക് അർഹമായ പരിഗണന ബജറ്റിൽ ഉണ്ടാകണം.
കശുവണ്ടി, കയർ, കൈത്തറി ഉൾപ്പെടെ പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം, ആശ, അംഗൻവാടി ഉൾപ്പെടെ സ്കീം തൊഴിലാളികളുടെ ഓണറേറിയം, സാമൂഹികസുരക്ഷാ പെൻഷനിൽ കേന്ദ്ര വിഹിതം, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്, തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി, പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതികളുടെ കേന്ദ്രവിഹിതം തുടങ്ങിയവ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എയിംസ് അടക്കമുള്ള മറ്റ് ആവശ്യങ്ങൾ ഇത്തവണയെങ്കിലും പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
ഓരോ വിഷയത്തിലും കേരളത്തിന്റെ അവകാശം കൃത്യമായിതന്നെ കേന്ദ്ര സർക്കാറിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ചില വിഷയങ്ങൾ നമ്മൾ കാലങ്ങളായി ഉന്നയിക്കുന്നവയാണ്. ഒപ്പം അടിയന്തര പ്രാധാന്യത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളുമുണ്ട്. അവയിൽ കാര്യമായ പരിഗണന നൽകാൻ കേന്ദ്ര ധനമന്ത്രി തയാറാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.