സ്കൂൾ കുട്ടികൾക്ക് എ.ഐ വേണ്ടതുണ്ടോ?
ഈ വർഷത്തെ അധ്യാപകദിന ചർച്ചകൾ ഏറെയും എ.ഐ കാലത്തെ അധ്യാപനത്തിൽ ഊന്നിയായിരുന്നു. പുതിയ കാലത്ത് അറിവുസമ്പാദനത്തിന് അധ്യാപകൻ അത്യാവശ്യമല്ലെന്നും എല്ലാം വിരൽത്തുമ്പിൽ എ.ഐ എത്തിച്ചുതരുമെന്നുമുള്ള പൊതുബോധം നമ്മുടെ വിദ്യാഭ്യാസ സമൂഹത്തിനിടയിലും ശക്തിപ്പെട്ടുവരുന്നു. അതിനിടെ ന്യൂയോർക്ക് സിറ്റി കൗതുകകരമായ ഒരു തീരുമാനമെടുത്തു. സ്‌കൂളുകളിൽ എട്ടാംക്ലാസ് വരെയുള്ള വിദ്യാർഥികളെ ജനറേറ്റീവ് എ.ഐ ഉപകരണങ്ങൾ സ്വന്തമായി ഉപയോഗിക്കാൻ ഒരു വർഷത്തേക്ക് അനുവദിക്കില്ല. ഉയർന്ന ക്ലാസുകളിലെ കുട്ടികൾക്ക് അധ്യാപകരുടെ മേൽനോട്ടത്തോടെ പരിമിതമായ ഉപയോഗം മാത്രമേ അനുവദിക്കൂ; അതേസമയം അധ്യാപകർക്ക് വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കായി അംഗീകൃത എ.ഐ ടൂളുകൾ തുടർന്നും ഉപയോഗിക്കാം. ഈ തീരുമാനത്തിനു പിന്നിലെ അടിസ്ഥാനപരമായ ചിന്താഗതിയോട് ഞാൻ പൂർണമായും യോജിക്കുന്നു.
ഏതു പ്രായത്തിലാണ് കുട്ടികൾ എ.ഐ ഉപയോഗിച്ചു തുടങ്ങേണ്ടത്?
വായിക്കാനും എഴുതാനും കണക്കുകൂട്ടാനും ചിന്തിക്കാനും ചോദ്യംചെയ്യാനും സംവദിക്കാനും പഠിക്കാനാണ് ഒരു കുട്ടി സ്‌കൂളിൽ പോകുന്നത്. ശരിയായ ഉത്തരം കണ്ടെത്തുന്നതിലൂടെ മാത്രം ഈ കഴിവുകൾ വികസിക്കുന്നില്ല. മറിച്ച്, ആ ഉത്തരത്തിലേക്ക് എത്തിച്ചേരാൻ എടുക്കുന്ന പ്രയത്നത്തിലൂടെയാണ് അവ വികസിക്കുന്നത്. ഒരു കുട്ടി സങ്കീർണമായ ഒരു ഖണ്ഡിക വായിച്ച് അത് മനസ്സിലാക്കാൻ ശ്രമിക്കുന്നു. ഒരു കണക്കുചെയ്യാൻ ശ്രമിച്ച് തെറ്റിക്കുന്നു. ഉപന്യാസം എഴുതുന്നു, വാക്യങ്ങൾ തിരുത്തിയെഴുതുന്നു; അങ്ങനെ പതുക്കെ ഒരു ആശയം എങ്ങനെ പ്രകടിപ്പിക്കണമെന്ന് പഠിക്കുന്നു. ഈ പ്രക്രിയകളെല്ലാം വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. എന്നാൽ ഇന്ന്, നിമിഷങ്ങൾക്കുള്ളിൽ ഒരു ഖണ്ഡിക സംഗ്രഹിക്കാനും ഗണിതപ്രശ്നങ്ങൾ പരിഹരിക്കാനും എ.ഐ സംവിധാനങ്ങളുടെ സഹായത്തോടെ കഴിയുന്നു. ഇതിലൂടെ കുട്ടിയുടെ അസൈൻമെന്റ് പൂർത്തിയായേക്കാം. എന്നാൽ കുട്ടി യഥാർഥത്തിൽ എന്തെങ്കിലും പഠിച്ചുവോ? അതാണ് പ്രധാനപ്പെട്ട ആശങ്ക..
കാൽക്കുലേറ്ററുകളുടെ കാര്യത്തിലും നമ്മൾ മുൻപ് സമാനമായ ഒരു സാഹചര്യം നേരിട്ടിട്ടുണ്ട്. കാൽക്കുലേറ്ററുകളെ ആശ്രയിക്കാൻ അനുവദിക്കുന്നതിനുമുമ്പ് നാം സാധാരണയായി കുട്ടികളെ അടിസ്ഥാനഗണിതം പഠിപ്പിക്കാറുണ്ട്. കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ല; അവ വളരെ ഉപകാരപ്രദവുമാണ്. എന്നാൽ കുട്ടികൾ ആദ്യം സംഖ്യകളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഒരു കാൽക്കുലേറ്റർ കണക്കുകൂട്ടലുകൾ മാത്രമാണ് നടത്തുന്നത്. എന്നാൽ ജനറേറ്റീവ് എ.ഐക്ക് ചിന്തയുടെ പല ഘട്ടങ്ങളും നിർവഹിക്കാൻ കഴിയും. വിവരങ്ങൾ വായിച്ചു മനസ്സിലാക്കാനും ഒരു പ്രശ്നത്തെ യുക്തിസഹമായി അപഗ്രഥിക്കാനും ഉത്തരമെഴുതാനും ആ ഉത്തരം ശരിയാണോ എന്ന് വിലയിരുത്താനുംപോലും അതിന് സാധിക്കും. വിദ്യാഭ്യാസത്തിലൂടെ കുട്ടികൾ വളർത്തിയെടുക്കേണ്ടത് കൃത്യമായും ഇതേ കഴിവുകളാണ്.
ഈ കഴിവുകൾ സ്വന്തമായി വികസിപ്പിച്ചെടുക്കുന്നതിനുമുമ്പുതന്നെ കുട്ടികൾ അതിനായി എ.ഐയെ ആശ്രയിക്കാൻ തുടങ്ങിയാൽ, ഉത്തരങ്ങൾ കണ്ടെത്താൻ മിടുക്കരായ, എന്നാൽ ചിന്തിക്കാൻ ശേഷിയില്ലാത്ത വിദ്യാർഥികളെയാകും ഒരുപക്ഷേ നാം സൃഷ്ടിക്കുക. അത് വിദ്യാഭ്യാസപരമായ വലിയൊരു അബദ്ധമായിരിക്കും. അതുകൊണ്ടുതന്നെ, വൈദഗ്ധ്യം നേടിയെടുത്തശേഷം എ.ഐ ഉപയോഗിക്കുന്നതും ആ വൈദഗ്ധ്യം നേടുന്നതിനു പകരമായി എ.ഐ ഉപയോഗിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എ.ഐ നമ്മുടെ ഭാവിയുടെ ഭാഗമാകുമെന്നതിനാൽ കുട്ടികൾ വളരെ ചെറുപ്പത്തിൽത്തന്നെ അത് ഉപയോഗിച്ചുതുടങ്ങണമെന്ന് ചിലർ വാദിക്കുന്നുണ്ട്.
കുട്ടികൾ തീർച്ചയായും എ.ഐയെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. എന്താണ് ഒരു എ.ഐ മോഡൽ, അത് എന്തുകൊണ്ട് തെറ്റുകൾ വരുത്താം, പക്ഷപാതിത്വങ്ങൾ എന്നാൽ എന്താണ്, വിവരങ്ങൾ എന്തുകൊണ്ട് കൃത്യമായി പരിശോധിക്കണം, ഏതൊക്കെ വ്യക്തിഗത വിവരങ്ങളാണ് ഒരു എ.ഐ സംവിധാനത്തിന് ഒരിക്കലും നൽകരുതാത്തത് എന്നിവയെല്ലാം അവർ അറിഞ്ഞിരിക്കണം. എന്നാൽ 'എ.ഐ സാക്ഷരത'യും (AI literacy) 'എ.ഐ ഉപയോഗ'വും (AI use) ഒന്നല്ല.
ഹോംവർക്ക് എഴുതിത്തരാൻ എ.ഐയോട് ആവശ്യപ്പെടാതെതന്നെ ഒരു വിദ്യാർഥിക്ക് എ.ഐ എന്താണെന്ന് പഠിക്കാൻ സാധിക്കും. അതിനാൽ കുട്ടികൾ എ.ഐയെക്കുറിച്ച് പഠിക്കണമോ എന്നതല്ല ചോദ്യം; മറിച്ച്, അത് അവരുടെ വിദ്യാഭ്യാസത്തിലേക്ക് എപ്പോൾ, എങ്ങനെ കടന്നുവരണമെന്നതാണ്.
ഇപ്പോൾ എ.ഐയെക്കുറിച്ച് വലിയൊരു ആവേശം നിലനിൽക്കുന്നുണ്ട്. സ്‌കൂളുകൾക്ക് എ.ഐ ലാബുകൾ വേണം. രക്ഷിതാക്കൾക്ക് കുട്ടികളെ എ.ഐ പഠിപ്പിക്കണം. സ്വകാര്യ സ്ഥാപനങ്ങൾ കൊച്ചുകുട്ടികൾക്കായി എ.ഐ കോഴ്സുകൾ പരസ്യംചെയ്യുന്നു. തങ്ങളുടെ വിദ്യാഭ്യാസ സമ്പ്രദായം സാങ്കേതികമായി പുരോഗമിച്ചതാണെന്ന് തെളിയിക്കാൻ സർക്കാരുകൾ എ.ഐ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു. എന്നാൽ വിദ്യാഭ്യാസം സാങ്കേതിക ഫാഷനുകൾക്ക് അനുസരിച്ചല്ല മുന്നോട്ടുപോകേണ്ടത്. ലോകത്തെ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിലൊന്നായ യു.എസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) സന്ദർശിച്ചപ്പോൾ, അവർ ഇപ്പോഴും ക്ലാസ്മുറികളിൽ പഴയ ബ്ലാക്ക്ബോർഡുകളെ വ്യാപകമായി ആശ്രയിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എം.ഐ.ടി പോലുള്ള സ്ഥാപനങ്ങൾ എ.ഐ ഗവേഷണത്തിൽ മുൻപന്തിയിലാണ്; എങ്കിലും പഠനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഏറ്റവും പുതിയ സാങ്കേതികവിദ്യ തനിയെ മികച്ച ഉപകരണമായി മാറില്ലെന്ന ഓർമപ്പെടുത്തലാണ് അവിടുത്തെ ക്ലാസ്മുറികൾ. അധ്യാപനത്തിന്റെയും ചർച്ചകളുടെയും ചിന്തയുടെയും ഗുണനിലവാരത്തിനാണ് അവിടെ കൂടുതൽ പ്രാധാന്യം.
ഒരു സ്മാർട്ട് ക്ലാസ്റൂം ആയതുകൊണ്ടുമാത്രം അത് മികച്ച ക്ലാസ്റൂം ആകണമെന്നില്ല. ഒരു ടാബ്‌ലറ്റ് ഒരു പുസ്തകത്തേക്കാൾ മികച്ചതാകണമെന്നില്ല. മികച്ച അധ്യാപകരേക്കാൾ ഒട്ടും മുകളിലല്ല ഒരു എ.ഐ ട്യൂട്ടർ. ചെറിയ പ്രായത്തിൽത്തന്നെ എ.ഐ വിദ്യാഭ്യാസം ആരംഭിക്കുന്നത് ഭാവിയിൽ മികച്ച എൻജിനീയർമാരെയോ ശാസ്ത്രജ്ഞരെയോ സൃഷ്ടിക്കുമെന്ന് ഉറപ്പുമില്ല. അടിസ്ഥാന ബൗദ്ധിക വൈദഗ്ധ്യങ്ങൾ വികസിച്ചുവരുന്ന സ്വാഭാവിക പ്രക്രിയയെ സാങ്കേതികവിദ്യ ഇല്ലാതാക്കുകയാണെങ്കിൽ ഫലം വിപരീതമായേക്കാം.
കുട്ടികൾ ആദ്യം സ്വതന്ത്രമായി ചിന്തിക്കാൻ പഠിക്കണം. ആ അടിസ്ഥാന കഴിവുകൾ രൂപപ്പെട്ടുകഴിഞ്ഞാൽ, എ.ഐ എന്താണെന്നും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും പഠനത്തിനായുള്ള ഒരു ഉപകരണമായി അതിനെ എങ്ങനെ ഉപയോഗിക്കാമെന്നും അവർക്ക് മനസ്സിലാക്കാം. കൂടുതൽ പക്വത കൈവരിക്കുന്നതിനനുസരിച്ച്, എ.ഐയെ ചോദ്യംചെയ്യാനും അതിന്റെ ഉത്തരങ്ങളുടെ കൃത്യത പരിശോധിക്കാനും പരിമിതികൾ തിരിച്ചറിയാനും അവർ പഠിക്കണം. അതിനാൽ ഈ ക്രമം വ്യക്തമായിരിക്കണം: എ.ഐയെ ആശ്രയിക്കുന്നതിനുമുമ്പ് സ്വതന്ത്രമായ ചിന്ത വളരണം.
കുട്ടിയുടെ ചിന്താശേഷിയെ വികസിപ്പിക്കുന്ന പ്രക്രിയയെ മാറ്റിമറിക്കുന്നതിനു പകരമായി, ആ ചിന്തയെ കൂടുതൽ ശക്തമാക്കുകയാണ് എ.ഐ ചെയ്യേണ്ടത്. നമ്മുടെ കുട്ടികൾക്ക് ഇപ്പോൾ യഥാർഥത്തിൽ ഇതിന്റെ ആവശ്യമുണ്ടോ? ഭാവിയിൽ തീർച്ചയായും എ.ഐ ഉണ്ടാകും. അതുകൊണ്ടുതന്നെയാണ് കുട്ടികൾക്ക് ആദ്യം അതിനേക്കാൾ പ്രധാനപ്പെട്ട ഒന്ന് ആവശ്യമായി വരുന്നത്-എ.ഐ ഇല്ലാതെ ചിന്തിക്കാനുള്ള കഴിവ്.
jafaralnap@gmail.com (കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർചിൽ ശാസ്ത്രജ്ഞനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.