വിജയത്തിനു വേണ്ടത് ‘ടോട്ടൽ സൊല്യൂഷൻ’ കേരളം കാത്തിരിക്കുന്ന ജി.സി.സി വിപ്ലവം
മനുഷ്യരെയല്ല, അറിവു കയറ്റുമതി ചെയ്യാം; കേരളം കാത്തിരിക്കുന്ന ജി.സി.സി വിപ്ലവം എന്ന തലക്കെട്ടിൽ ആഗസ്റ്റ് പത്തിന് എഴുതിയ കുറിപ്പിൽ ആഗോള ശേഷികേന്ദ്രമായി മാറാൻ കേരളത്തിനു മുന്നിലുള്ള സാധ്യതകളാണ് ചർച്ച ചെയ്തത്. മികച്ച വിദ്യാഭ്യാസവും പ്രതിഭയുള്ള യുവതലമുറയും സമാധാനപരമായ സാമൂഹികാന്തരീക്ഷവും ശക്തമായ പ്രവാസിശൃംഖലയുമെല്ലാം പ്രയോജനപ്പെടുത്തി വൻകിട ആഗോള കമ്പനികളെ ആകർഷിക്കാനും മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും എന്തുചെയ്യണമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി പരിശോധിക്കുന്നത്.
ഇത്തരം പദ്ധതികളുടെ നടത്തിപ്പുചുമതല സർക്കാരോ സ്വകാര്യമേഖലയോ മാത്രമായി ഏറ്റെടുക്കരുത്. ഇരുകൂട്ടരും വ്യക്തമായ ധാരണയോടെ സംയുക്തമായി മുന്നോട്ടുപോകുകയാണ് വേണ്ടത്. നയരൂപവത്കരണത്തേക്കാൾ പ്രധാനം പദ്ധതി കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന പ്രോജക്ട് മാനേജ്മെന്റ് സംവിധാനമാണ്.
നിക്ഷേപകർക്ക് കേരളം വാഗ്ദാനം ചെയ്യേണ്ടത് വെറും ഭൂമിയോ വിഭവങ്ങളോ മറ്റ് സൗകര്യങ്ങളോ മാത്രമല്ല, മറിച്ച് ഉടനടി പ്രവർത്തനം തുടങ്ങാൻ സഹായിക്കുന്ന സമഗ്ര പരിഹാരമാവണം (ടോട്ടൽ സൊല്യൂഷൻ).
നമുക്കു മുന്നിലുള്ള വിജയമാതൃകകൾ പരിശോധിക്കാം. ഗുജറാത്ത് ‘ഗിഫ്റ്റ് സിറ്റി’യിലെ അടിസ്ഥാനസൗകര്യങ്ങൾ ഗുജറാത്ത് സർക്കാരും ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും (ഐ.എൽ ആൻഡ് എഫ്.എസ്) ചേർന്നു രൂപവത്കരിച്ച ജി.ഐ.എഫ്.ടി.സി.എൽ എന്ന സ്ഥാപനമാണ് നിർമിച്ചത്; സംസ്ഥാന ഖജനാവിന് ബാധ്യത വരുത്താതെ. ശേഷികേന്ദ്രങ്ങൾ അതിവേഗം യാഥാർഥ്യമാക്കാൻ എ.എൻ.എസ്.ആർ ഗ്ലോബൽ എന്ന ഏജൻസിയുടെ സഹായവും അവർ ഉറപ്പാക്കി.
ഗുജറാത്തും കേരളവും തമ്മിൽ പരിസ്ഥിതിയിലും ഭൂപ്രകൃതിയിലും വിഭവങ്ങളിലും വലിയ അന്തരമുണ്ട്. എങ്കിലും പല വകുപ്പുകളിൽ കയറിയിറങ്ങാതെ ഒറ്റ മേശയിൽ തീരുമാനമെടുക്കുന്ന അവരുടെ ഏകജാലകരീതി നമുക്കും പരീക്ഷിക്കാം. അത് നിക്ഷേപകരെ ആകർഷിക്കും.
നിലവിലുള്ള 45 ശേഷികേന്ദ്രങ്ങൾ 2031-ഓടെ 150 ആക്കി ഉയർത്താനും രണ്ടുലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് സംസ്ഥാന സർക്കാരിന്റെ രൂപരേഖ ലക്ഷ്യമിടുന്നത്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള സാങ്കേതിക പാർക്കുകളും പ്രവാസിനിക്ഷേപങ്ങളുമാണ് ഇതിന്റെ കരുത്ത്. എന്നാൽ കൃത്യമായ ആസൂത്രണത്തോടെയും അച്ചടക്കത്തോടെയും നീങ്ങിയാൽ അഞ്ചുവർഷത്തിനുള്ളിൽ 300 കേന്ദ്രങ്ങൾ തുടങ്ങി അഞ്ചുലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ കേരളത്തിനു കഴിയും. ലക്ഷ്യങ്ങൾ വലുതാക്കുക മാത്രമല്ല, അവ പ്രാവർത്തികമാക്കി സാമ്പത്തികവളർച്ച വേഗത്തിലാക്കുകയാണ് വേണ്ടത്.
ഇതിനായി സംസ്ഥാന സർക്കാരും സ്വകാര്യമേഖലയും ചേർന്ന് ഒരു എസ്.പി.വി രൂപവത്കരിക്കണം. അടിസ്ഥാനസൗകര്യങ്ങൾ, ആനുകൂല്യങ്ങൾ, പ്രവർത്തനസജ്ജീകരണം എന്നിവയെല്ലാം ഇതിലൂടെ ഏകോപിപ്പിക്കാം.
വാഗ്ദാനങ്ങൾ തികച്ചും പ്രായോഗികമായിരിക്കണം. ഓഫിസ് മുറികൾ, റിക്രൂട്ട്മെന്റ്, നിയമസഹായം, സാങ്കേതികസൗകര്യങ്ങൾ, അനുബന്ധ സേവനങ്ങൾ എന്നിവയെല്ലാം ഒറ്റ പാക്കേജായി നൽകണം. ആസ്ഥാനത്തു തീരുമാനമെടുത്ത് ഏതാനും ആഴ്ചകൾക്കകം പ്രവർത്തനം തുടങ്ങാൻ കമ്പനികൾക്ക് ഇതു ധൈര്യം പകരും. ഇതിന് വിശ്വാസ്യത കൂട്ടാൻ രണ്ടു കാര്യങ്ങൾ അനിവാര്യമാണ്: ഒന്ന്, അനുമതികൾക്ക് സർക്കാർ ഉറപ്പുനൽകുന്ന കൃത്യമായ സമയപരിധി (ഫിലിപ്പീൻസ് ഇക്കണോമിക് സോൺ അതോറിറ്റി വഴി ഫിലിപ്പീൻസ് നേടിയ വിജയം മികച്ച ഉദാഹരണം). രണ്ട്, കമ്പനികൾക്കാവശ്യമായ വിദഗ്ധരുടെ ലഭ്യത (ടാലന്റ് ബെഞ്ച്). നൈപുണ്യമുള്ള ഉദ്യോഗാർഥികളുടെ ലഭ്യതയെക്കുറിച്ചുള്ള ഗൾഫ് കമ്പനികളുടെ ആശങ്ക അകറ്റാൻ ഇതിലൂടെ സാധിക്കും. ഒപ്പം, പ്രവർത്തനം തുടങ്ങിയ ശേഷവും ആവശ്യമായ പിന്തുണ ഉറപ്പാക്കിയാൽ അത് തുടർച്ചയായ വരുമാനമാർഗവും മികച്ചൊരു വിജയകഥയുമായി മാറും.
ഇവയെല്ലാം ഒരുക്കിയാലും ഗൾഫ് മേഖലയിൽ ശരിയായ രീതിയിൽ പ്രചാരണം നടത്തിയില്ലെങ്കിൽ പ്രയോജനമുണ്ടാകില്ല. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന ബിസിനസ് മേളകളിൽ കേരള സർക്കാർ റോഡ്ഷോകൾ നടത്തണം. മേനിക്കടലാസിലെ ലഘുലേഖകളോ എ.ഐ വിഡിയോകളോ കൊണ്ടുമാത്രം കാര്യമില്ല; കൃത്യമായ ചെലവുതാരതമ്യവും പഠനറിപ്പോർട്ടുകളും വേണം അവതരിപ്പിക്കാൻ. ഗൾഫ് രാജ്യങ്ങളിൽ ‘നിക്ഷേപക സഹായ ഡെസ്കുകൾ’ തുടങ്ങിയാൽ പ്രവാസി വ്യവസായികളുടെ സംശയങ്ങൾ വേഗത്തിൽ പരിഹരിക്കാം. ഗൾഫിലെ മലയാളി ബിസിനസ് കൂട്ടായ്മകളെയും പദ്ധതിയിൽ പങ്കാളികളാക്കണം.
ആദ്യം വരുന്ന നിക്ഷേപകർക്ക് മികച്ച ആനുകൂല്യങ്ങൾ നൽകി ചടുലമായ തുടക്കം കുറിക്കണം. പോളണ്ടും ഫിലിപ്പീൻസും ആഗോളശ്രദ്ധ നേടിയത് ഈ വഴിക്കാണ്. കേരളത്തിന് ലക്ഷ്യബോധമുണ്ടെന്നതിന് തെളിവാണ് സർക്കാരിന്റെ ഇപ്പോഴത്തെ രൂപരേഖ. എന്നാൽ ഇവ ഫലപ്രാപ്തിയിലെത്തുന്നത് രണ്ടു കാര്യങ്ങളെ ആശ്രയിച്ചാണ്: ഗൾഫ് കമ്പനികൾക്ക് യാതൊരു സങ്കീർണതകളുമില്ലാതെ ചുരുങ്ങിയ മാസങ്ങൾക്കകം ഇവിടെ ഓഫിസ് തുറക്കാനാകുമോ എന്നതും, അവരുടെ ആവശ്യങ്ങൾ മുൻകൂട്ടിക്കണ്ട് ലളിതമായി പരിഹരിക്കാൻ നമുക്ക് കഴിയുമോ എന്നതും.
roshanparavoor@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.