ഐ.ടി.ഐയിൽനിന്ന് ബിരുദത്തിലേക്ക്: കേരളം തുറക്കുന്ന പുതിയ പഠനപാത
ഐ.ടി.ഐ. / ഡിപ്ലോമ ട്രേഡ് പൂർത്തിയാക്കിയ വിദ്യാർഥിക്ക് ഏതെല്ലാം ബിരുദപ്രോഗ്രാമുകളിലേക്ക് പ്രവേശിക്കാം, പോളിടെക്നിക് ഡിപ്ലോമയും ഡിഗ്രി മേജറും തമ്മിലുള്ള അക്കാദമിക മാപ്പിങ് എങ്ങനെയായിരിക്കും, ബ്രിഡ്ജ് കോഴ്സ് ആവശ്യമുണ്ടോ, ലാംഗ്വേജ് ക്രെഡിറ്റുകൾ എങ്ങനെ നേടാം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ മാർഗനിർദേശങ്ങൾ വേണം.
അക്കാദമികവിദ്യാഭ്യാസമാണ് ഉയർന്നതെന്നും തൊഴിൽനൈപുണ്യ വിദ്യാഭ്യാസം അതിനേക്കാൾ താഴെയാണെന്നുമുള്ള ധാരണ നമ്മുടെ വിദ്യാഭ്യാസരംഗത്ത് ദീർഘകാലമായി നിലനിന്നിരുന്നു. എന്നാൽ, പുതിയ കാലഘട്ടത്തിൽ അക്കാദമികവിദ്യാഭ്യാസവും തൊഴിൽനൈപുണ്യ വിദ്യാഭ്യാസവും പരസ്പരം ബന്ധിപ്പിക്കുമ്പോഴാണ് വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുക.
വിദ്യാർഥി നേടിയ നൈപുണ്യത്തെയും മുൻപഠനത്തെയും അംഗീകരിച്ച് തുടർവിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരികയെന്നതാണ് ആധുനികവിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഈ ലക്ഷ്യത്തിലേക്കുള്ള ശ്രദ്ധേയമായ ചുവടുവെപ്പാണ് ഐ.ടി.ഐ., പോളിടെക്നിക് ഡിപ്ലോമ യോഗ്യത നേടിയവർക്ക് നാലുവർഷ ബിരുദ പ്രോഗ്രാമിലേക്ക് പുതിയ പ്രവേശനപാത തുറക്കുന്ന കേരള സർക്കാരിന്റെ തീരുമാനം.
പത്താംക്ലാസിനുശേഷം നിരവധി വിദ്യാർഥികൾ പ്ലസ്ടുവിന് പകരം ഐ.ടി.ഐ., പോളിടെക്നിക് ഡിപ്ലോമ തുടങ്ങിയ തൊഴിൽസാങ്കേതിക വിദ്യാഭ്യാസ കോഴ്സുകളാണ് തിരഞ്ഞെടുക്കുന്നത്. പ്രായോഗിക പരിശീലനത്തിലൂടെ ഇവർ തൊഴിൽനൈപുണ്യം നേടുന്നുണ്ടെങ്കിലും പിന്നീട് പരമ്പരാഗത ബിരുദപഠനത്തിലേക്ക് തിരിയുമ്പോൾ പ്രവേശനയോഗ്യത തടസ്സമായിരുന്നു.
തൊഴിൽനൈപുണ്യം നേടിയ ഒരാൾ അക്കാദമികവിദ്യാഭ്യാസത്തിലേക്ക് തിരിച്ചുവരാൻ വീണ്ടും ദീർഘമായ മറ്റൊരു പഠനപാത പൂർത്തിയാക്കേണ്ടിവരുന്നത് സമയനഷ്ടത്തിനും ആവർത്തനപഠനത്തിനും കാരണമാകുന്നു.
പുതിയ സമീപനം
ഉന്നതവിദ്യാഭ്യാസത്തിലേക്ക് കടക്കാൻ ഒരൊറ്റ വാതിൽ മാത്രമല്ല വേണ്ടത്. വിദ്യാർഥി ഇതിനകം നേടിയ അറിവും നൈപുണ്യവും മുൻപഠനവും അംഗീകരിച്ച് വിവിധ വഴികളിലൂടെ തുടർപഠനത്തിന് അവസരം നൽകുന്ന സംവിധാനമാണ് പുതിയ തലമുറയ്ക്ക് ആവശ്യം. ഈ അവസ്ഥയ്ക്കാണ് മാറ്റം വരുന്നത്.
ഈ മാറ്റത്തിന്റെ അടിത്തറയാണ് നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF). സ്കൂൾ വിദ്യാഭ്യാസം, തൊഴിൽനൈപുണ്യ വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം എന്നിവയെ 'ക്രെഡിറ്റ്' എന്ന പൊതുവായ സംവിധാനത്തിലൂടെ ബന്ധിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഒരു വിദ്യാഭ്യാസമേഖലയിൽ വിദ്യാർഥി നേടിയ പഠനവും നൈപുണ്യവും അംഗീകരിച്ച് മറ്റൊരു പഠനമേഖലയിലേക്ക് മാറാനും തുടർപഠനം നടത്താനും ഇതിലൂടെ അവസരം സൃഷ്ടിക്കുന്നു.
ഇവിടെ 'ക്രെഡിറ്റ്' എന്നത് മാർക്കല്ല; വിദ്യാർഥി പൂർത്തിയാക്കിയ പഠനം, പരിശീലനം, പഠനഫലങ്ങൾ എന്നിവയുടെ അളവ് രേഖപ്പെടുത്തുന്ന അക്കാദമിക യൂണിറ്റാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, 'എവിടെ പഠിച്ചു?' എന്നതിനപ്പുറം 'എന്തു പഠിച്ചു, എത്രത്തോളം പഠിച്ചു, എന്തു നൈപുണ്യം നേടി?' എന്നതിനും അംഗീകാരം നൽകുന്ന സമീപനമാണിത്. ഇതിൻപ്രകാരം ഓരോ ക്രെഡിറ്റും നേടിക്കഴിയുമ്പോൾ കുട്ടികൾ ഓരോ ലെവലിൽ എത്തി എന്നാണ് അനുമാനിക്കുന്നത്.
NCrFൽ 'ലെവൽ' എന്നത് പഠിച്ച വർഷങ്ങളുടെ എണ്ണം മാത്രമല്ല. ഒരു നിശ്ചിതഘട്ടത്തിൽ വിദ്യാർഥി കൈവരിച്ച അറിവിന്റെയും നൈപുണ്യത്തിന്റെയും പഠനഫലങ്ങളുടെയും നിലവാരമാണ് സൂചിപ്പിക്കുന്നത്. ഇതിൻപ്രകാരം പ്ലസ്ടു കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ഒരു കുട്ടി ലെവൽ 4 പൂർത്തീകരിച്ചതായി കണക്കാക്കുന്നു. ലെവൽ നാല് നേടിയെടുക്കുന്ന ഏതു കോഴ്സ് പൂർത്തിയാക്കുന്ന കുട്ടികൾക്കും ഡിഗ്രി പ്രവേശനം സാധ്യമാകുന്ന പുതിയൊരു ചുവടുവെപ്പാണ് കേരളത്തിൽ നടപ്പിലാക്കുന്നത്.
പത്താംക്ലാസിനുശേഷം ഐ.ടി.ഐ. സർട്ടിഫിക്കേഷൻ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥിക്ക് ഡിഗ്രി ഒന്നാംവർഷത്തിലേക്ക് പ്രവേശനം നേടാം. സാധാരണ ഐ.ടി.ഐ. കോഴ്സുകളിൽ ഭാഷാപഠനം ഇല്ലാത്തതിനാൽ, NCrF മാനദണ്ഡപ്രകാരം നിർദേശിക്കുന്ന അധിക ലാംഗ്വേജ് ക്രെഡിറ്റുകൾകൂടി വിജയകരമായി നേടിയാൽ ഒന്നാംവർഷ ബിരുദ പ്രവേശനത്തിന് അർഹത നേടാനുള്ള വഴിയാണ് തുറക്കുന്നത്.
ഐ.ടി.ഐ. പഠനത്തോടൊപ്പം സമാന്തരമായി ഭാഷാപഠനംകൂടി പൂർത്തിയാക്കാൻ കഴിഞ്ഞാൽ ബിരുദപ്രവേശനം സ്വാഭാവികമായി ലഭിക്കും. ഭാഷാപഠനത്തിൽ 12 ക്രെഡിറ്റാണ് നേടേണ്ടത്. എന്നാൽ, ഈ ലാംഗ്വേജ് ക്രെഡിറ്റുകൾ എവിടെനിന്ന് നേടണം, ഏതു സ്ഥാപനമാണ് കോഴ്സ് നടത്തുക, പരീക്ഷയും സർട്ടിഫിക്കേഷനും എങ്ങനെയായിരിക്കും തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തമായ പ്രവർത്തനമാർഗരേഖ ആവശ്യമാണ്.
ഡിപ്ലോമ വിദ്യാർഥികൾക്ക് വലിയ അവസരം
പോളിടെക്നിക് ഡിപ്ലോമ വിദ്യാർഥികൾക്കാണ് പുതിയ തീരുമാനത്തിലൂടെ മറ്റൊരു വലിയ അവസരം തുറക്കുന്നത്. പത്താംക്ലാസിനുശേഷമുള്ള മൂന്നുവർഷ സാങ്കേതിക ഡിപ്ലോമ NCrF ചട്ടക്കൂടുമായി ബന്ധപ്പെടുത്തി, യോഗ്യതയുള്ള വിദ്യാർഥിക്ക് ബിരുദപ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി നൽകാനുള്ള വ്യവസ്ഥ ഡിപ്ലോമ വിദ്യാർഥികൾക്ക് ഏറെ ആശ്വാസകരമാണ്.
അതുപോലെ പ്ലസ്ടുവിനുശേഷം ലാറ്ററൽ എൻട്രി രീതിയിൽ നേടിയ സാധുവായ രണ്ടുവർഷ ഡിപ്ലോമയോ, സർക്കാർ തത്തുല്യമായി അംഗീകരിക്കുന്ന സാങ്കേതികയോഗ്യതയോ ഉള്ളവരെയും ഇതേ രീതിയിൽ പരിഗണിക്കാൻ വ്യവസ്ഥയുണ്ട്.
കോളജുകൾക്കും പുതിയ സാധ്യത
ഈ മാറ്റം വിദ്യാർഥികൾക്ക് മാത്രമല്ല, കേരളത്തിലെ കോളജുകൾക്കും പുതിയ സാധ്യതകൾ തുറക്കും. വ്യത്യസ്ത വിദ്യാഭ്യാസ പശ്ചാത്തലങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശിക്കാൻ കഴിയുന്നതോടെ ഉന്നതവിദ്യാഭ്യാസത്തിന്റെ വിദ്യാർഥി അടിത്തറ കൂടുതൽ വിപുലമാകും.
ഏത് ഐ.ടി.ഐ. / ഡിപ്ലോമ ട്രേഡ് പൂർത്തിയാക്കിയ വിദ്യാർഥിക്ക് ഏതെല്ലാം ബിരുദപ്രോഗ്രാമുകളിലേക്ക് പ്രവേശിക്കാം, പോളിടെക്നിക് ഡിപ്ലോമയും ഡിഗ്രി മേജറും തമ്മിലുള്ള അക്കാദമിക മാപ്പിങ് എങ്ങനെയായിരിക്കും, ബ്രിഡ്ജ് കോഴ്സ് ആവശ്യമുണ്ടോ, ലാംഗ്വേജ് ക്രെഡിറ്റുകൾ എങ്ങനെ നേടാം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ മാർഗനിർദേശങ്ങൾ വേണം.
പ്രവേശനച്ചട്ടങ്ങൾ, യോഗ്യതാമാനദണ്ഡങ്ങൾ, ക്രെഡിറ്റ് അംഗീകാരം, ലാറ്ററൽ എൻട്രി സംവിധാനം എന്നിവ ഏകീകൃതമായി തയാറാക്കണം. ഒരു സർവകലാശാല അംഗീകരിക്കുന്ന യോഗ്യത മറ്റൊരു സർവകലാശാല അംഗീകരിക്കാത്ത സാഹചര്യം വിദ്യാർഥികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കും.
ഒരൊറ്റ വാതിലല്ല ഇനി ഉന്നതവിദ്യാഭ്യാസം
പത്താംക്ലാസ് കഴിഞ്ഞപ്പോൾ എടുക്കുന്ന തീരുമാനമാണ് ഒരാളുടെ ജീവിതകാലത്തെ മുഴുവൻ വിദ്യാഭ്യാസാവസരങ്ങളും നിർണയിക്കേണ്ടത് എന്ന പഴയ ചിന്ത മാറേണ്ട കാലമാണിത്. പ്ലസ്ടു പഠിക്കുന്ന വിദ്യാർഥിയും ഐ.ടി.ഐ. തിരഞ്ഞെടുക്കുന്ന വിദ്യാർഥിയും പോളിടെക്നിക് ഡിപ്ലോമ നേടുന്ന വിദ്യാർഥിയും വ്യത്യസ്ത വഴികളിലൂടെയാണെങ്കിലും ഉന്നതവിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലെത്താൻ സാധിക്കുന്ന രീതി ലോകത്തിന് മാതൃകയാണ്.
കേരളം ഈ ആശയം ഫലപ്രദമായി നടപ്പാക്കിയാൽ തൊഴിൽനൈപുണ്യ വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും തമ്മിലുള്ള പഴയ മതിൽ കൂടുതൽ ദുർബലമാകും. പഠിച്ച വർഷങ്ങളുടെ എണ്ണത്തേക്കാൾ നേടിയ അറിവിനും നൈപുണ്യത്തിനും പ്രാധാന്യം നൽകുന്ന പുതിയ വിദ്യാഭ്യാസസംസ്കാരത്തിലേക്കുള്ള ചുവടുവെപ്പായി ഇതിനെ കാണാം.
(കോന്നി എസ്.എ.എസ്. എസ്.എൻ.ഡി.പി. യോഗം കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.