കോണ്‍ഗ്രസിന്‍െറ രാഹുല്‍കാലം

തോണി തുഴച്ചില്‍ കരയിലിരുന്നു പഠിച്ചുവന്ന ഏര്‍പ്പാട് ഇനി അനന്തമായി നീളില്ല. രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്‍െറ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്നു. ഏറി വന്നാല്‍ രണ്ടു മാസം; എന്തായാലും യു.പിയില്‍ തെരഞ്ഞെടുപ്പു തിളക്കുന്നതിനു മുമ്പ്. പ്രവര്‍ത്തക സമിതിയോഗം കഴിഞ്ഞപ്പോള്‍ നിരീക്ഷിക്കാന്‍ കഴിയുന്നത് അതാണ്. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തേക്കാള്‍ അഭിമതം തിരിച്ചറിഞ്ഞ് എ.കെ. ആന്‍റണി പ്രവര്‍ത്തക സമിതി യോഗത്തില്‍ അഭിപ്രായം മുന്നോട്ടു വെച്ചു. ഏറ്റവും പറ്റിയ സമയത്തിനു വേണ്ടി ഇനിയും രാഹുല്‍ കാത്തിരിക്കരുത്. പങ്കായം പിടിക്കണം. 30ഓളം വരുന്ന പ്രവര്‍ത്തക സമിതി അംഗങ്ങളില്‍ ചിലരെങ്കിലും അമ്പരന്നു. സോണിയ ഗാന്ധി യോഗത്തിന് എത്താതിരുന്നതും രാഹുല്‍ ഇതാദ്യമായി പ്രവര്‍ത്തക സമിതി അധ്യക്ഷ കസേരയില്‍ ഇരിക്കുന്നതും കൂട്ടിവായിച്ചു. ചുമതല ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടുന്ന രാഹുലിന്‍െറ മനസും തിരിച്ചറിഞ്ഞു. അതിനൊടുവില്‍ ഏകകണ്ഠമായ നിലപാട് പുറത്തു വന്നു. രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന നിലപാട് സോണിയഗാന്ധിയെ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അറിയിക്കാന്‍ പോകുന്നു. ഇതാദ്യമായാണ് പ്രവര്‍ത്തക സമിതി ഈ നിലപാട് എടുക്കുന്നതെന്ന് എ.കെ ആന്‍റണി തന്നെ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവര്‍ത്തക സമിതിയുടെ നിലപാട് ഇത്തരത്തില്‍ പരസ്യമായി പറയുന്നതിലെ ചുവരെഴുത്ത് മാധ്യമപ്രവര്‍ത്തകര്‍ വായിച്ചു.


കോണ്‍ഗ്രസിന്‍െറ അടുത്ത പ്രസിഡന്‍റ് ആരാണെന്ന് എന്നെങ്കിലും ആര്‍ക്കെങ്കിലും സംശയമുണ്ടോ? നെഹൃ കുടുംബത്തില്‍ നിന്നൊരാള്‍ നയിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് തുണ്ടം തുണ്ടമാണ്. ഗാന്ധിയെന്ന വാലറ്റം തലപ്പത്തില്ലാത്ത കോണ്‍ഗ്രസിനെക്കുറിച്ച് സങ്കല്‍പിക്കാന്‍ പോലും കോണ്‍ഗ്രസുകാര്‍ക്ക് കഴിയില്ല. നെഹൃ കുടുംബത്തില്‍ പെട്ടവര്‍ക്ക് നേതൃഗുണമുണ്ടോ, രാഷ്ട്രീയ പരിജ്ഞാനമുണ്ടോ, അനുഭവത്തഴക്കമുണ്ടോ തുടങ്ങിയതൊന്നും വിഷയമല്ല. അതൊക്കെ അവര്‍ പഠിച്ചെന്നു നാട്ടുകാര്‍ക്ക് തോന്നുന്നതു വരെ കാത്തിരിക്കാന്‍ അവര്‍ തയാറാണ്. നേതാവായി നിന്നു തന്നാല്‍ മതി. നെഹൃജി, ഇന്ദിരാജി, രാജീവ്ജി, സോണിയാജി, രാഹുല്‍ജി എന്ന കുടുംബപരമ്പര പ്രയോഗം തമാശയായി മാറിയത് അങ്ങനെയാണ്. അതിനിടയില്‍ അനിവാര്യതയായി കടന്നുവന്ന സീതാറാം കേസരി, നരസിംഹറാവു എന്നിവരെയൊന്നും ഒരു കോണ്‍ഗ്രസുകാരനും ‘ജി’ ചേര്‍ത്ത് വിളിക്കാന്‍ തയാറായില്ല. പ്രവര്‍ത്തകരുടെ വികാര വിചാരത്തിനൊത്ത് രാഷ്ട്രീയം പഠിക്കാന്‍ നെഹൃകുടുംബക്കാര്‍ ശ്രമിച്ചു പോരുന്നുമുണ്ട്. കോണ്‍ഗ്രസിനും രാഷ്ട്രീയത്തിനും വേണ്ടി സമര്‍പ്പിച്ച ജീവിതങ്ങള്‍. അതല്ളെങ്കില്‍ പൈലറ്റായി ജീവിക്കാന്‍ കൊതിച്ച രാജീവ്ഗാന്ധിയോ, നല്ലൊരു കുടുംബിനിയായി കഴിയാന്‍ മോഹിച്ച സോണിയഗാന്ധിയോ, സ്വൈര്യജീവിതം ആഗ്രഹിച്ച രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസിന്‍െറ തലപ്പത്തേക്ക് കടന്നു വരില്ല.


സോണിയയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ പെട്ട പാട് കോണ്‍ഗ്രസിലെ പഴയ തലമുറ നേതാക്കള്‍ക്ക് അറിയാം. അതിനേക്കാള്‍ പങ്കപ്പാട് രാഹുലിന്‍െറ കാര്യത്തില്‍ വേണ്ടിവരുന്നുവെന്ന് കണ്ടു നില്‍പുകാരായ കോണ്‍ഗ്രസുകാരും പറയും. രാഷ്ട്രീയക്കളരി പഠിക്കാന്‍ വലിയൊരു സമയമാണ് രാഹുല്‍ എടുത്തതെന്ന കാഴ്ചപ്പാട് പൂര്‍ണമായി ശരിയോ എന്നു പറഞ്ഞു കൂടാ. രാഹുലിനെ തുഴച്ചില്‍ പഠിപ്പിച്ചു വന്നവരാണ് ഇക്കാലമത്രയും ‘ആറ്റിലേക്ക് അച്യുതാ ചാടല്ലേ...’ എന്നു തടസം പിടിച്ചു നിന്നതെന്നാണ് അടക്കം പറച്ചില്‍. അതിനിടയില്‍ ചാടാനും തുഴയാനും രാഹുല്‍ അറച്ചു നിന്നു. രാഷ്ട്രീയത്തില്‍ ഡോക്ടറേറ്റ് എടുക്കുകയല്ല, പ്രായോഗിക രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടുകയാണ് വേണ്ടതെന്ന ഉപദേശ നിര്‍ദേശങ്ങള്‍ ചെവിക്കൊള്ളാന്‍ ഇപ്പോള്‍ തീരുമാനമായിരിക്കുന്നു. അതല്ലെങ്കില്‍ കോണ്‍ഗ്രസെന്ന പായ് വഞ്ചി ഉലഞ്ഞു തകരുമെന്നതാണ് സ്ഥിതി. തന്നെ ലോക്സഭയില്‍ 45 പേരുമായി, പ്രതിപക്ഷ പദവി പോലുമില്ലാതെ നില്‍ക്കുന്ന പാര്‍ട്ടി ഇനിയെന്ത് ഉലയാന്‍ എന്നു ചോദിക്കരുത്. ആ സ്ഥിതിയില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതിന് പറ്റിയ സമയം ഇതാണെന്ന ആന്‍റണിയുടേയും മറ്റും ചിന്താധാര തെറ്റാണെന്നു പറഞ്ഞു കൂടാ. രാഷ്ട്രീയത്തില്‍ സമയവും അവസരവും നിര്‍ണായകമാണ്.


2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഴിമതി മുതല്‍ വിലക്കയറ്റം വരെയുള്ള പ്രശ്നങ്ങള്‍ ചൂഴ്ന്നു നിന്ന കോണ്‍ഗ്രസ് മോദിത്തിരയില്‍ ആടിയുലഞ്ഞാണ് ഇന്നത്തെ പരുവത്തിലായത്. അധികാരം പോയതു മാത്രമല്ല, മിക്ക സംസ്ഥാനങ്ങളിലും പാര്‍ട്ടി സംവിധാനം തന്നെ തകര്‍ന്നു തരിപ്പണമായി. ഹൈകമാന്‍ഡ് പാര്‍ട്ടിക്കാര്‍ക്കിടയില്‍ തന്നെ ‘ലോ’ കമാന്‍ഡായി. എങ്കിലും മോദി ഭരണം തുടങ്ങി അധികം വൈകാതെ തന്നെ മോദിത്തിര അടങ്ങി. ഘര്‍വാപസി, അസഹിഷ്ണുത, അതിര്‍ത്തി സംഘര്‍ഷം, വര്‍ഗീയത, അസമാധാനം എന്നിങ്ങനെ ഇന്ത്യയുടെ രാഷ്ട്രീയ ചുറ്റുപാട് മാറി. പ്രതിപക്ഷം എല്ലുംതോലുമായി നില്‍ക്കുന്നതു കൊണ്ടാണ് മോദി ഒരു ഫയല്‍വാനാണെന്ന ബി.ജെ.പിയുടെ പ്രചാരണവേല ഏശുന്നത്. പ്രതിപക്ഷത്തെ വിവിധ പാര്‍ട്ടികളെ ഒരു ചരടില്‍ കോര്‍ത്തെടുക്കാന്‍ സാധിച്ചാല്‍ മോദി ചൊട്ടിച്ചുളിയും.


അതിനു പക്ഷേ, ആരാണ് പങ്കായം പിടിക്കേണ്ടത്? രാഹുല്‍ അല്ലാതെ മറ്റാര് എന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രവര്‍ത്തക സമിതി യോഗത്തിലൂടെ ചോദിച്ചിരിക്കുന്നത്. രാഹുലിന്‍െറയും കോണ്‍ഗ്രസിന്‍െറയും കുടക്കീഴിലാണ് രാജ്യത്തെ ബി.ജെ.പിയിതര കൂട്ടായ്മ അണിനിരക്കേണ്ടത്. മറിച്ച്, നിതിഷ്കുമാറിനെയോ മറ്റേതെങ്കിലും പ്രാദേശിക നേതാവിനെയോ മുന്നില്‍ നിര്‍ത്തിക്കൊണ്ടല്ല. അവരെ കോണ്‍ഗ്രസിന് പിന്തുണക്കേണ്ടി വരുന്ന ഗതികേട് ഉണ്ടാകാതിരിക്കാന്‍ ‘അച്യുതന്‍’ ആറ്റിലേക്ക് ചാടിയേ പറ്റൂ എന്ന് കോണ്‍ഗ്രസ് തീരുമാനിക്കുന്നു. രണ്ടര വര്‍ഷം അപ്പുറത്തെ തെരഞ്ഞെടുപ്പിന് ഇപ്പോള്‍ തന്നെ ഒരുക്കം തുടങ്ങിയേ പറ്റൂ. മോദിവിരുദ്ധ സാമൂഹികാന്തരീക്ഷം ഫലപ്രദമായി വളര്‍ത്തിയെടുക്കുന്നതിന് പോരാട്ട മുഖമുള്ള നേതാവായി രാഹുലിനെ മാറ്റിയെടുക്കേണ്ടിയിരിക്കുന്നു. അങ്ങനെ രാഹുല്‍ യു.പിയില്‍ നെടുങ്കന്‍ യാത്ര നടത്തുന്നതും, വിമുക്ത ഭടന്‍ ജീവനൊടുക്കിയപ്പോള്‍ കസ്റ്റഡിയിലായി പോലീസ് വാനില്‍ കയറുന്നതുമൊക്കെ നാം കാണുന്നു. കോണ്‍ഗ്രസിന്‍െറ അധ്യക്ഷ സ്ഥാനത്തേക്ക് നടന്നടുക്കുന്നതും കാണുന്നു.

Tags:    
News Summary - rahul age in congress party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.