തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കേരളത്തിൽ ഇരു മുന്നണികളും ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന വികസനം എന്നിത്യാദികളെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥയെ താങ്ങി നിർത്തുന്ന പ്രവാസി സമൂഹത്തെക്കുറിച്ച് എന്തെങ്കിലും പരാമർശങ്ങളോ ആലോചനകളോ ഏതെങ്കിലും മുന്നണികൾ നടത്തുന്നുണ്ടോ? അതുമല്ലെങ്കിൽ പ്രവാസികളുടെ പണമയപ്പ് പൊടുന്നനെ ഒരുനാൾ നിലച്ചാൽ ഇപ്പറയുന്ന വികസന പ്രവർത്തനങ്ങൾ എങ്ങിനെ മുന്നോട്ടു കൊണ്ടുപോകുമെന്നതിനെപ്പറ്റി അവർക്ക് എന്തെങ്കിലുമൊരു രൂപരേഖയുണ്ടോ?
ഈ ആശങ്ക അത്ര വിദൂരത്തൊന്നുമല്ല; ഒരുമാസത്തോളമായി തുടരുന്ന യുദ്ധം ഇനിയും നീണ്ടാൽ, അതിന്റെ ആഘാതം നമ്മുടെ മുറ്റത്ത് പതിക്കാൻ അധിക നേരം വേണ്ട- ഗൾഫ് രാജ്യങ്ങളുടെ ആകാശം കടന്ന്, ഒരു മിസൈൽ പറക്കുമ്പോൾ ആ ചൂട് 2,800 കിലോമീറ്റർ കടന്ന്, അറബിക്കടൽ താണ്ടി, ആ ചൂട് കേരള തീരത്ത് വന്നടിക്കും. ഗൾഫ് പണത്തിൽ പണിതുയർത്തിയ ഫ്ലാറ്റുകളും ആശുപത്രികളും ഗോൾഡ് ഷോറൂമുകളും നിറഞ്ഞ ഈ നാട്, ആ നിമിഷം തിരിച്ചറിയും- നമ്മുടെ സമ്പദ്‌വ്യവസ്ഥ തകരുകയാണെന്ന്. ഇത് അതിശയോക്തിയോ അല്ല. കണക്കാണ്. യഥാർഥ കണക്ക്.
കേരള സർക്കാരിന്റെ മൊത്തം വരുമാനം 1.25 ലക്ഷം കോടി രൂപയാണ്. ഗൾഫ് ഉൾപ്പെടെ പ്രവാസികൾ അയക്കുന്ന പണം രണ്ട് ലക്ഷം കോടി രൂപയും. ഓരോ മാസവും 16,665 കോടി രൂപ അന്യനാടുകളിൽ നിന്ന് കേരളത്തിന്റെ കുടുംബങ്ങളിലേക്ക് ഒഴുകിയെത്തുന്നു. ഇത് കേരളത്തിന്റെ അറ്റ സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ 23.2 ശതമാനമാണ്. ഗൾഫ് ഇല്ലാതെ കേരളമില്ല എന്നത് വെറും പറച്ചിലല്ല, ബജറ്റ് ഡേറ്റയാണ്.
തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ ആധികാരിക പഠനമായ കേരള മൈഗ്രേഷൻ സർവേ 2023 (കെ.എം.എസ് 2023) പ്രകാരം ഇപ്പോൾ വിദേശത്തുള്ള മലയാളികൾ 22 ലക്ഷമാണ്. അതിന്റെ 80.5 ശതമാനം- ഏകദേശം 17.7 ലക്ഷം ഗൾഫ് രാജ്യങ്ങളിലാണ്. 2023ലെ കണക്ക് പ്രകാരം ഗൾഫിൽ ഉണ്ടായിരുന്ന 18 ലക്ഷം മലയാളികൾ ഇതിനകം തിരിച്ചെത്തിയിട്ടുണ്ട് എന്നതാണ് അതിലും ഗൗരവമേറിയ വസ്തുത:2018-ൽ ഇത് 12 ലക്ഷം ആയിരുന്നു.
ഗൾഫ് വരുമാനം നിന്നാൽ ആദ്യം തകരുന്നത് നിർമ്മാണ-റിയൽ എസ്റ്റേറ്റ് മേഖലയായിരിക്കും. പകുതിയിൽ നിന്നുപോകും കെട്ടിട നിർമാണങ്ങൾ, ബാങ്ക് ഇ.എം.ഐ മുടങ്ങും, ബിൽഡർമാർ പൂട്ടിപ്പോകേണ്ടി വരും, അതിനെ ആശ്രയിച്ചു നിലനിൽക്കുന്ന കച്ചവടങ്ങളും അടച്ചിടേണ്ടി വരും, സർക്കാർ ട്രഷറി കാലിയാവും- 2014-16 കാലത്ത് എണ്ണ വില കൂപ്പുകുത്തിയപ്പോൾ ഇതു സംഭവിച്ചതാണ്. നിലവിലെ യുദ്ധസാഹചര്യം രൂക്ഷമായാൽ ആഘാതം അതിനേക്കാൾ വലുതാവും.
കേരള ബാങ്കുകളിൽ എൻ.ആർ.ഐ നിക്ഷേപമായുള്ളത് 2,93,622 കോടി രൂപയാണ് . വലിയ തോതിലുള്ള പിൻവലിക്കൽ സംഭവിച്ചാൽ ലിക്വിഡിറ്റി സമ്മർദ്ദം ഉണ്ടാകും, റിയൽ എസ്റ്റേറ്റ് ഈടിൽ ഉള്ള കടം തിരിച്ചടക്കില്ല, ഭൂമിവില ഇടിയും-ഇത് ഡബിൾ ഷോക്കാകും.
ഗൾഫ് നാടുകളിലെ ആശുപത്രികളിൽ മാസം ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ സമ്പാദിക്കുന്ന ആയിരക്കണക്കിന് മലയാളി നഴ്‌സുമാർ ജോലി ചെയ്യുന്നുണ്ട്- സംഘർഷം രൂക്ഷമായാൽ മാസ ശമ്പളം 25,000 രൂപയെങ്കിലുമാക്കിക്കിട്ടാനായി നഴ്സുമാർ സമരം ചെയ്യുന്ന നാട്ടിലേക്ക് അവർക്കും മടങ്ങേണ്ടി വരും. ഒരുപാട് കുടുംബങ്ങളുടെ സാമ്പത്തിക ജീവിതവും സ്വപ്നങ്ങളും ഒറ്റ രാത്രികൊണ്ട് താളം തെറ്റാൻ അതുമതി.
കേരളത്തിന്റെ സമസ്ത മേഖകളിലുമായി ജോലി ചെയ്യുന്ന 25 ലക്ഷത്തിലധികം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെയും ഇതെല്ലാം ബാധിക്കും. ഗൾഫ് പണമയപ്പ് കുറഞ്ഞാൽ കേരളത്തിന്റെ സ്വകാര്യ സമ്പദ്‌വ്യവസ്ഥ ചുരുങ്ങും, നിർമ്മാണം നിൽക്കും, ഇവർക്ക് ജോലിയില്ലാതാകും. 2020-ലെ കോവിഡ് കാലത്ത് സംഭവിച്ചതിനേക്കാൾ ദൈന്യമായ മടങ്ങിപ്പോക്കിന് അവർ നിർബന്ധിതരാവും.
വിദേശത്തു നിന്നുള്ള രണ്ട് ലക്ഷം കോടി പണമയപ്പ് നിലക്കുമ്പോൾ കേരളം എങ്ങനെ പിടിച്ചുനിൽക്കും എന്ന ചോദ്യത്തിന് രാഷ്ട്രീയ പാർട്ടികൾക്ക് അവയുടെ നേതാക്കൾക്ക് എന്തെങ്കിലും ഉത്തരമുണ്ടോ? ഏതെങ്കിലും പ്രവാസി സമ്പന്നരെ സ്ഥാനാർഥി പട്ടികയിലുൾപ്പെടുത്തിയതു കൊണ്ടോ, ഇലക്ഷന് നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം ചാർട്ടർ ചെയ്തതു കൊണ്ടോ പ്രവാസികളെ പരിഗണിച്ചുവെന്ന് ഒരു പാർട്ടിയും മേനി പറയണ്ട. ഗൾഫ് ജോലി നഷ്ടപ്പെട്ടവർക്ക് പുനരധിവാസ പദ്ധതിയോ തിരിച്ചെത്തിയ പ്രവാസികൾക്കായി ക്ഷേമ പദ്ധതികളോ ആവിഷ്കരിക്കുമെന്ന് ഉറപ്പു പറയാൻ ഏതെങ്കിലും മുന്നണി തയ്യാറുണ്ടോ? ഗൾഫ് മലയാളിക്ക് വോട്ടില്ല, അതുകൊണ്ട് അങ്ങനെയൊരു കൂട്ടർ ഇല്ലെന്ന ഭാവത്തിലാണ് ഭരണകൂടവും പ്രതിപക്ഷവും. ഇത് നയപരമായ ഗുരുതര വീഴ്ചയാണ്.
എൻ.ആർ.ഐ നിക്ഷേപങ്ങളിൽ ചെറിയ സെസ്സ് ഏർപ്പെടുത്തി കുറഞ്ഞത് 5,000 കോടിയുടെ ഒരു റിസ്ക് മാനേജ്മെന്റ് ഫണ്ട് രൂപവത്കരിക്കണം. അടിയന്തര സാഹചര്യം നേരിടാൻ വിമാനത്താവളങ്ങളിൽ ഉടനടി ഹെൽപ്പ് ഡെസ്കുകൾ സജ്ജമാക്കണം.
തിരിച്ചുവരുന്നവർക്ക് ഈടില്ലാതെ വായ്പ, സ്വന്തം തൊഴിൽ തുടങ്ങാൻ സർക്കാർ പിന്തുണ, കൃഷി-ടൂറിസം-ആരോഗ്യ മേഖലകളിൽ പുനരധിവാസം-അങ്ങനെ പ്രവാസി സംരംഭക പദ്ധതി വേണം.
2.93 ലക്ഷം കോടി രൂപ വരുന്ന എൻ.ആർ.ഐ നിക്ഷേപം വലിയ തോതിൽ കുറയുകയോ പിൻവലിക്കുകയോ ചെയ്താൽ ഉണ്ടാകുന്ന വൻ സാമ്പത്തിക ആഘാതം മുൻകൂട്ടി വിലയിരുത്തണം.
ജർമ്മനി, കാനഡ, ഓസ്ട്രേലിയ, യു.കെ- ഈ രാജ്യങ്ങൾ നിപുണരായ തൊഴിലാന്വേഷകർക്കായി വാതിൽ തുറന്നിരിക്കുന്നു. മടങ്ങിവരുന്ന ഗൾഫ് മലയാളിക്ക് അവിടേക്ക് വഴികാണിക്കാനുള്ള നൈപുണ്യവികസന പദ്ധതികൾ ത്വരിതപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.