ജയരാജൻ എന്ന അനുഭവ പാഠം

കമ്മ്യൂണിസ്റ്റുകാരന് ആദർശ ഭ്രംശം സംഭവിച്ചാൽ എന്തായിത്തീരുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇ.പി ജയരാജൻ. സി.പി.എമ്മിലെ ത്രിമൂർത്തികളിൽ ഒരാളും ഇടതുമന്ത്രിസഭയിൽ രണ്ടാമനുമായ ജയരാജന്‍റെ പതനം അത്യന്തം നിർഭാഗ്യകരം എന്നതു പോലെ തന്നെ പാർട്ടി തലപ്പത്തുള്ളവരിൽ തെറ്റായ വഴിക്കു സഞ്ചരിക്കുന്നവർക്ക്  ഒന്നാംതരം അനുഭവ പാഠവുമാണ്.

ആയിരക്കണക്കിന് ആളുകൾ ജീവൻ കൊടുത്തു വളർത്തിയെടുത്ത പ്രസ്ഥാനമാണ് സി.പി.എം. തൊഴിലാളികളും പാവപ്പെട്ടവരുമായ ജനങ്ങളുടെ  ആശയും ആവേശവുമാണ്ഈ പാർട്ടി. അതിന്‍റെ തലപ്പത്തു ഇരിക്കുന്നവർ ഭരണാധികാരം കിട്ടുമ്പോഴേക്കും ഗ്രഹണി പിടിച്ച കുട്ടി ചക്കക്കൂട്ടാൻ കാണുമ്പോലെ ആക്രാന്ത രാജൻമാരായി മാറാൻ പാടില്ല എന്ന സന്ദേശമാണ് ജയരാജന്‍റെ പുറത്താക്കലിലൂടെ ലഭിക്കുന്നത്.

എസ്.എഫ്.ഐയിലൂടെയും ഡി.വൈ.എഫ്.ഐയിലൂടെയും വളർന്നു സി.പി.എമ്മിന്‍റെ കണ്ണൂരിലെ പ്രധാന നേതാവായി മാറിയ ജയരാജൻ എം.വി രാഘവൻ പാർട്ടിവിട്ട കാലത്തു ജില്ലയിലെ സി.പി.എമ്മിനെ പിടിച്ചു നിർത്തിയ നേതാക്കളിൽ ഒരാളാണ്. രാഘവനും കെ. സുധാകരനും അടങ്ങിയ യു.ഡി.എഫിനോട് ജില്ലയിൽ ഇഞ്ചോടിഞ്ചു പൊരുതി നിന്ന കരുത്തനായ കമ്മ്യൂണിസ്റ്റ്. അതിന്‍റെ പേരിൽ തലയ്ക്കു വെടിയേറ്റ ജയരാജൻ  വെടിയുണ്ടയുടെ അംശങ്ങളുമായാണ് ഇപ്പോഴും കഴിയുന്നത്.

പാർട്ടി പ്രവർത്തനത്തിനിടയിൽ അറസ്റ്റും പൊലിസ് മർദനവും ജയിൽ വാസവുമെല്ലാം ഏറെ അനുഭവിച്ച ജയരാജനു ത്യാഗസുരഭിലമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു. അതു മുഴുവൻ വിസ്മരിച്ചു ഒരു കമ്മ്യൂണിസ്റ്റുകാരന് നിഷിദ്ധമായ പ്രവർത്തികളിലേക്ക് അദ്ദേഹം വഴുതി വീണു. അധികാരം ഒരാളെ എത്രമാത്രം ദുഷിപ്പിക്കും എന്നതിന്‍റെ ഉത്തമ ഉദാഹരണം കൂടിയാണ് ജയരാജൻ. പിണറായി മന്ത്രിസഭയിൽ രണ്ടാമനായ അദ്ദേഹം പാർട്ടി വിശ്വസിച്ചു ഏൽപിച്ച ജോലിയിൽ നിരുത്തരവാദിത്തം കാട്ടി എന്നു മാത്രമല്ല, മുഖ്യമന്ത്രി അദ്ദേഹത്തിൽ അർപ്പിച്ച വിശ്വാസത്തെ വഞ്ചിക്കുകയും ചെയ്തു. അതു കൊണ്ടാണ് ജയരാജന്‍റെ അഴിമതിയും സ്വജനപക്ഷപാതവും പുറത്തു വന്നപ്പോൾ തുടക്കം മുതലേ ഒട്ടും അയവില്ലാത്ത  നിലപാട് മുഖ്യമന്ത്രി  സ്വീകരിച്ചത്.

പാർട്ടിയിലെ ഉയർച്ചയിലും താഴ്ചയിലും വിഭാഗീയതയിലുമെല്ലാം കൂടെ നിന്ന ജയരാജനോട് ഒരു ദാക്ഷിണ്യവും കാണിക്കാൻ അദ്ദേഹം തയ്യാറായില്ല. ഒന്നോ രണ്ടോ ബന്ധുക്കൾക്ക് നിയമനം നല്കിയെന്നതു മാത്രമല്ല  ജയരാജന് എതിരായ ആരോപണം.അതു മാത്രമായിരുന്നെങ്കിൽ ഇത്ര വലിയ അപമാനം അദ്ദേഹത്തിനു പാർട്ടി സമ്മാനിക്കുമായിരുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ എം.ഡി നിയമനവും ഭരണവുമെല്ലാം ഉറ്റ ബന്ധുക്കൾ അടങ്ങിയ മൂവർ സംഘത്തിന് ജയരാജൻ പതിച്ചു കൊടുത്തു എന്നതാണ് വസ്തുത. അവരാകട്ടെ, ഒരു പഞ്ചവത്സര പദ്ധതി തന്നെ തയ്യാറാക്കി. ഇതു പൊറുത്തു കൊടുക്കണമെങ്കിൽ പിണറായി വിജയൻ ഉമ്മൻ‌ചാണ്ടി ആകേണ്ടി വരും.

ഇന്ത്യയിൽ സി.പി.എം ഭരണത്തിലുള്ളത് കേരളം കഴിഞ്ഞാൽ കൊച്ചു സംസ്ഥാനമായ ത്രിപുരയിൽ മാത്രമാണ്. ബംഗാളിലെ പാർട്ടി അങ്ങേയറ്റം ശോഷിച്ചു. കേരളമാണ് ഇന്ന് സി.പി.എമ്മിന്‍റെ പ്രസ്റ്റീജ് സംസ്ഥാനം. ഇവിടെ പിടി മുറുക്കാൻ ബി.ജെ.പി സർവ സന്നാഹങ്ങളുമായി രംഗത്തുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചു ഭരണത്തിൽ വരാൻ  ഇപ്പോഴേ പണി തുടങ്ങി കഴിഞ്ഞു. യു.ഡി.എഫിന്‍റെ അഴിമതി ഭരണം തുറന്നു കാട്ടി അഴിമതിവിരുദ്ധ സർക്കാർ എന്ന പ്രതിശ്ചായയുമായാണ് പിണറായി സർക്കാർ  ഭരണത്തിൽ വന്നത്. ഒരു ജയരാജനെ കൊണ്ട് അതു തകർന്നാൽ വലിയ വിലയാകും പാർട്ടി കൊടുക്കേണ്ടി വരിക. 

Tags:    
News Summary - lessons of ep jayarajan's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.