കെ.എസ്.യുവിന്റെ ഒരണ സമരം
കെ.എസ്.യു പ്രസിഡന്റ് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരു അഭ്യാസിയല്ല. വയലാർ രവിയെപ്പോലുള്ള അഭ്യാസികൾ കെ.എസ്.യു പ്രസിഡന്റായ കാലമുണ്ട്. ഇപ്പോൾ അങ്ങനെയല്ല. ആ സ്ഥാനത്തിരിക്കുന്നയാൾ ആയുധത്തിന്റെ സൂക്ഷിപ്പുകാരൻ മാത്രമാണ്. ആയുധം ആ സംഘടനതന്നെയാണ്. കേരള സ്റ്റുഡൻറ്സ് യൂനിയൻ. അതുകൊണ്ടുള്ള പ്രയോഗം ചിലപ്പോഴെങ്കിലും മാരകമായിട്ടുണ്ട്. മാരകമായൊരു സാഹചര്യത്തിലാണ് അതു രൂപംകൊണ്ടത്. 1957-ൽ. അത് തെരഞ്ഞെടുപ്പുവർഷമായിരുന്നല്ലോ. കമ്യൂണിസ്റ്റ് പാർട്ടിക്ക് കഷ്ടിച്ച് ഭൂരിപക്ഷം കിട്ടുകയും ചെയ്തു.
കൊച്ചി നിയമസഭാ മന്ദിരം അപ്പോഴേക്ക് ലോകോളജായി രൂപംമാറിക്കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പുഫലം വന്ന ദിവസം ലോകോളജ് ഹോസ്റ്റലിലെ തരുണസഖാക്കൾ വിജയം ആഘോഷിച്ചത് കോൺഗ്രസുകാരനായ ജോർജ് തരകന്റെ മുറിയുടെ ജനലുകൾ തകർത്തുകൊണ്ടാണ്. ബഹളംകേട്ട് തരകന്റെ സുഹൃത്തായ എ.എ. സമദും കൂട്ടുകാരും ഓടിയെത്തി. പങ്കപ്പാട് കഴിഞ്ഞപ്പോൾ അവരൊരു തീരുമാനത്തിലെത്തി. കോൺഗ്രസുകാരായ വിദ്യാർഥികൾക്ക് സംഘടനയുണ്ടാക്കണം. കമ്യൂണിസ്റ്റ് പാർട്ടിക്ക് കേരളാ സ്റ്റുഡൻറ്സ് ഫെഡറേഷൻനുണ്ട്. പി.എസ്.പിക്ക് സ്റ്റുഡൻറ്സ് ഓർഗനൈസേഷനുണ്ട്. വിദ്യാർഥി കോൺഗ്രസ് എന്നൊരു സംഘടന സങ്കൽപ്പത്തിലുണ്ടെങ്കിലും നാഥനില്ലാതെ അലകുംപിടിയും വിട്ടിരുന്നു. ഇനിയങ്ങനെ പറ്റില്ലെന്ന് തരകനും സമദും കൂട്ടുകാരും തീരുമാനിച്ചു. അവർ സംഘടനക്ക് രൂപം കൊടുക്കുന്നിതിനിടയിൽ ആലപ്പുഴ എസ്.ഡി കോളജിലെ എം.കെ രവീന്ദ്രൻ അയച്ച കത്ത് സമദിന് കിട്ടി. തങ്ങൾക്ക് ഒരു സംഘടനയുണ്ടെന്നും താൽപര്യമുണ്ടെങ്കിൽ ഒരുമിച്ച് പ്രവർത്തിക്കാമെന്നുമാണ് ഉള്ളടക്കം. ആ വഴിക്ക് നീങ്ങി.
അതിനിടക്ക് കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നുകഴിഞ്ഞിരുന്നു. 1957 ഏപ്രിൽ അഞ്ചിന്. മേയ് 30ന് രണ്ടുവിഭാഗം കുട്ടിക്കോൺഗ്രസുകാരും ഒത്തുചേർന്നു. ആലപ്പുഴ മുല്ലക്കൽ താണു അയ്യർ ബിൽഡിങ്ങിലെ ഒരു മുറിയിൽ. ജോർജ് നല്ല വായനക്കാരനായിരുന്നു. അദ്ദേഹത്തിന്റെ അറിവിൽ ഫ്രാൻസിലെ നാഷനൽ സ്റ്റുഡൻറ്സ് യൂനിയൻ എന്ന പേര് തിളങ്ങുന്നുണ്ട്. ആ പേര് രവീന്ദ്രനും ഇഷ്ടമായി. മെൽബണിൽ ഒളിമ്പിക്സ് കഴിഞ്ഞതാണ്. ഓർമയിൽനിന്ന് അതിന്റെ ദീപശിഖയെടുത്തു. നീലാകാശത്തിന്റെ നിറത്തിൽ അവർക്ക് കൊടിയായി. ജോർജ് തരകൻ പ്രസിഡന്റ്, എം.കെ. രവീന്ദ്രൻ ജനറൽ സെക്രട്ടറി, എ.എ. സമദ് ട്രഷറർ. കോൺഗ്രസിനും വിദ്യാർഥി വിഭാഗമായി. കേരളാസ്റ്റുഡൻറ്സ് യൂനിയൻ. ഐ.എൻ.ടി.യു.സി നേതാവായ കെ.സി. ഈപ്പനൊക്കെ ഒത്താശചെയ്തു എന്നല്ലാതെ കോൺഗ്രസ് നേതാക്കളാരും ശ്രദ്ധിച്ചില്ല. കുട്ടിക്കോൺഗ്രസുകാർക്ക് ആവശ്യം വന്നപ്പോൾ അവരങ്ങ് സംഘടിച്ചു. അതാണ് കെ.എസ്.യു.
കെ.എസ്.യുവിന് ആദ്യമായി ഏറ്റുമുട്ടേണ്ടിവന്നത് ആദ്യത്തെ മുഖ്യമന്ത്രിയോടാണ്. ഭരണകൂടവും പാർട്ടിയും ഗുണ്ടാസംഘവുമടങ്ങുന്ന സമ്പൂർണ കമ്യൂണിസ്റ്റ് സ്വരൂപത്തോടും. എറണാകുളത്തിന് തെക്ക് ബോട്ട് പ്രധാന യാത്രാമാധ്യമമാണന്ന്. സ്വകാര്യബോട്ടുകളാണ്. വിദ്യാർഥികൾക്ക് സൗജന്യമുണ്ട്. അരയണ. പുതിയസർക്കാർ ബോട്ടുകൾ ഏറ്റെടുത്തു. കോർപറേഷൻ രൂപവത്കരിച്ചു. വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടി. ഒരണയാക്കി. കുട്ടനാടൻ പ്രദേശത്തൊക്കെ കുട്ടികൾക്ക് അത് വലിയൊരു ഭാരമായി. കുറക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴയിൽ വിദ്യാർഥികൾ സമരം ആരംഭിച്ചു. എന്തുവിലകൊടുത്തും സമരം പരാജയപ്പെടുത്തണമെന്ന് കമ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം ചെയ്തു. കുട്ടികളെ നേരിടാൻ അടിക്കാർ രംഗത്തിറങ്ങി. സമരം കെ.എസ്.യു ഏറ്റെടുത്തപോലായി. ആ സംഘടനക്ക് ഒരു വയസ്സും രണ്ടുമാസവുമാണന്ന്. എം.കെ. രവീന്ദ്രൻ വയലാർ രവിയായി. കമ്യൂണിസ്റ്റുകാർ വയലന്റ് രവിയെന്ന് വിളിച്ചു. കടുംപിടിത്തം വിട്ട് സർക്കാറിന് വഴങ്ങേണ്ടിവന്നെങ്കിലും പിന്നാലെ വിമോചനസമരത്തിൽ ആ സർക്കാർ തകർന്നല്ലോ. പിന്നെ വന്നത് 1960ലെ പി.എസ്.പി -കോൺഗ്രസ് സഖ്യസർക്കാറാണ്. രണ്ടുവർഷംകൊണ്ട് മുഖ്യമന്ത്രിയെ മാറ്റി കോൺഗ്രസ് സർക്കാറായി. 1962 സെപ്റ്റംബർ 26 നാണ് കോൺഗ്രസ് നേതാവായ ആർ. ശങ്കർ മുഖ്യമന്ത്രിയായത്. അന്നുതൊട്ടിങ്ങോട്ടേക്ക് അഞ്ച് കോൺഗ്രസ് മുഖ്യമന്ത്രിമാർ വന്നിട്ടുണ്ട്. ജുബ്ബയിട്ടവർ രണ്ടുപേർ. ആർ.ശങ്കറും കെ.കരുണാകരനും. ഷർട്ടിട്ടവർ മൂന്നുപേർ. എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, വി.ഡി. സതീശൻ. ഇവരും കെ.എസ്.യുവും തമ്മിലുള്ള കൊള്ളക്കൊടുക്ക നല്ല ഹരമുള്ള കഥയാണ്.
ജുബ്ബയിട്ട രണ്ടുപേർക്കും കെ.എസ്.യു പേടിക്കത്തക്ക ശക്തിയായി തോന്നിയിട്ടില്ല. പ്രധാനകാരണം അവർ കെ.എസ്.യു ഉണ്ടാകുന്നതിനുമുമ്പ് രാഷ്ട്രീയത്തിലുണ്ട് എന്നതാണ്. 1962-64ൽ കെ.എസ്.യു പ്രസിഡന്റായിരുന്ന വയലാർ രവി വലിയ അഭ്യാസിയായിരുന്നു. എന്നാൽ, മുഖ്യമന്ത്രി ആർ. ശങ്കർ അഭ്യാസികളുടെ ആശാനായിരുന്നു. അക്കാലത്തെ കഥ തലസ്ഥാനത്തെ കെ.എസ്.യു നേതാവായിരുന്ന എം.എം. ഹസൻ ആത്മകഥയിൽ പറയുന്നുണ്ട്: ‘‘തിരുവനന്തപുരത്ത് കെ.എസ്.യുവിനേക്കാൾ ശക്തമായിരുന്നത് വിദ്യാർഥി കോൺഗ്രസായിരുന്നു. കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയാണെന്ന് കെ.എസ്.യു അവകാശപ്പെടുമ്പോൾ വിദ്യാർഥികോൺഗ്രസ് ശക്തമായി എതിർത്തിരുന്നു. കോൺഗ്രസിലുണ്ടായ ചേരിതിരിവിൽ കെ.പി.സി.സി പ്രസിഡന്റായിരുന്ന സി.കെ. ഗോവിന്ദൻ നായരും മുഖ്യമന്ത്രി ആർ. ശങ്കർ, ആഭ്യന്തര മന്ത്രി പി.ടി. ചാക്കോ എന്നിവരും വ്യത്യസ്ത ചേരികളിലായിരുന്നു. കെ.എസ്.യുവിന് സി.കെ. ഗോവിന്ദൻനായരുടെ പേട്രണേജ് കിട്ടിയപ്പോൾ ആർ. ശങ്കർ-ചാക്കോഗ്രൂപ്പുകൾ വിദ്യാർഥികോൺഗ്രസിനെ അനുകൂലിച്ചു’’- എന്നാണ് ഹസന്റെ ചരിത്രസാക്ഷ്യം. അപ്പോൾ ആർ. ശങ്കർ കെ.എസ്.യുവിനെ പേടിച്ചിട്ടില്ല. പിന്നെ 1977-ൽ കെ. കരുണാകരനാണ് മുഖ്യമന്ത്രിയായി വരുന്നത്. ജുബ്ബയിട്ട മുഖ്യമന്ത്രി. അദ്ദേഹം അതിനുമുമ്പ് 1971 സെപ്റ്റംബർ മുതൽ ആഭ്യന്തരമന്ത്രിയാണ്. അപ്പോഴേക്ക് വിദ്യാർഥികോൺഗ്രസ് അരങ്ങൊഴിഞ്ഞിരുന്നു. വേറെയാരെങ്കിലുമാണെങ്കിൽ കെ.എസ്.യുവിനെ പേടിക്കുമായിരുന്നു. കാരണം കെ.എസ്.യു വലിയൊരു താരനിരയെ വളർത്തിയെടുത്ത് കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് വിക്ഷേപിച്ചുകഴിഞ്ഞിരുന്നു. വയലാർ രവി, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയ വലിയൊരു നിര. ഇവരിൽ വയലാർരവി, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയവരൊക്കെ കെ.എസ്.യു പ്രസിഡൻറ് സ്ഥാനവും അതിന്റെ പ്രമോഷൻപോസ്റ്റായ യൂത്തുകോൺഗ്രസ് പ്രസിഡന്റ് സ്ഥാനവും കഴിഞ്ഞ് കോൺഗ്രസിൽ അഭ്യാസമെടുത്തുതുടങ്ങിയിട്ടുണ്ട്. എന്നിട്ടും കരുണാകരൻ കെ.എസ്.യുവിനെ പേടിച്ചില്ല. ഐ.എൻ.ടിയു.സിയിൽ നിന്നുപഠിച്ച അഭ്യാസങ്ങൾ തിരിച്ചുപ്രയോഗിക്കുകയാണ് ചെയ്തത്. കെ.എസ്.യുവിലും യൂത്തുകോൺഗ്രസിലും കരുണാകരൻ ഗ്രൂപ്പുണ്ടാക്കി. അങ്ങനെയാണല്ലോ ജി. കാർത്തികേയൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതൃനിര ഉണ്ടായത്.
1970കൾ സംഭവബഹുലമാണ്. 1971 അവസാനത്തോടെ കരുണാകരൻ ആഭ്യന്തരമന്ത്രിയായി അധികം കഴിയുന്നതിനുമുമ്പ് കെ.എസ്.യുവിന്റെ പ്രസിദ്ധമായ കോളജ് സമരം ആരംഭിച്ചു. വി.എം. സുധീരനാണ് കെ.എസ്.യു പ്രസിഡന്റ്, ഉമ്മൻ ചാണ്ടി യൂത്ത്കോൺഗ്രസ് പ്രസിഡന്റ്. 1973 ൽ എ.കെ. ആന്റണി കെ.പി.സി.സി പ്രസിഡന്റുമായി. കളി പാരമ്യത്തിലെത്തിയ കാലമാണ്. കെ.എസ്.യുക്കാരേയും യൂത്തുകോൺഗ്രസുകാരേയും ഡി.സി.സി ഓഫിസുകളിലേക്ക് അടുപ്പിക്കരുതെന്ന് കരുണാകരൻ ഗ്രൂപ് തീരുമാനിച്ചകാലം. മന്ത്രിമാരെ പൊതുപരിപാടിക്ക് ക്ഷണിക്കില്ലെന്ന് മറുഭാഗവും നിശ്ചയിച്ചു. അങ്ങനെ അടിച്ചുനിന്നു.
1977 മാർച്ച് 25ന് കരുണാകരൻ മുഖ്യമന്ത്രിയായെങ്കിലും രാജൻകേസ് കാരണം അടുത്തമാസംതന്നെ രാജിവെക്കേണ്ടിവന്നല്ലോ. ഏപ്രിൽ 27ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായി. ഷർട്ടിട്ടതലമുറയിലെ ആദ്യത്തെയാൾ. അന്നദ്ദേഹത്തിന് മുപ്പത്തിയാറാണ് വയസ്സ്. പെണ്ണ് കെട്ടിയിട്ടുമില്ല. കെ.എസ്.യുവും യൂത്തുകോൺഗ്രസും എ.കെ. ആന്റണിയുടെ കാലാൾപ്പടയാണ്. അതിന്റെ കാപ്റ്റനായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കെ.എസ്.യു പ്രസിഡന്റ്. പിന്നാലെ പി.എം. സുരേഷ് ബാബുവന്നു. ഒരുതരത്തിലും മുഖ്യമന്ത്രി ആന്റണിക്ക് കെ.എസ്.യുവിനെ പേടിക്കേണ്ടതില്ല. രണ്ടാംതവണ ആന്റണി മുഖ്യമന്ത്രിസ്ഥാനത്ത് വന്നത് 1995ലാണ്. അപ്പോഴേക്ക് കെ.എസ്.യുവിനകത്ത് കരുണാകരൻ ഗ്രൂപ് വേരുപിടിച്ചിരുന്നു. കെ.സി. വേണുഗോപാൽ കെ.എസ്.യു പ്രസിഡന്റായി. പക്ഷേ, കെ.എസ്.യുവിനകത്തും ശക്തമായ ആന്റണി ഗ്രൂപ്പുള്ളതുകൊണ്ട് അടിതട അധികവും അകത്തുതന്നെയായിരുന്നു. ഷർട്ടിട്ടതലമുറയിലെ രണ്ടാമനായ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോഴൊക്കെ ഏറക്കുറെ എ ഗ്രൂപ്പുകാർതന്നെയാണ് കെ.എസ്.യു പ്രസിഡന്റുമാരായി വന്നത്. പി.സി. വിഷ്ണുനാഥ്, വി.എസ്. ജോയി, കെ.എം. അഭിജിത്ത് തുടങ്ങിയവർ. പഴയ കെ.എസ്.യു പ്രസിഡന്റ് എന്ന പ്രതിച്ഛായ ഉമ്മൻ ചാണ്ടിക്ക് എന്നും ഉണ്ടായിരുന്നു എന്നതും രക്ഷയായി.
ഷർട്ടിട്ടവരിൽ മൂന്നാമനും പനമ്പിള്ളിയടക്കം ജുബ്ബക്കാരുടെ ആരാധകനുമായ വി.ഡി. സതീശന്റെ കേസ് വേറെയാണ്. ജനിതകമായി കെ.എസ്.യുവിന്റെ കോശങ്ങൾ രക്തത്തിലുണ്ടെങ്കിലും അതിന്റെ പ്രസിഡന്റാകാനുള്ള യോഗം ജാതകത്തിലില്ലായിരുന്നു. ആത്മകഥയും ജീവചരിത്രവും കൂടിക്കലർന്ന ‘‘നേരനുഭവങ്ങൾ’’ എന്ന ഗ്രന്ഥത്തിൽ സ്വന്തംവാക്കുകളിൽ അതൊക്കെ വിവരിക്കുന്നുണ്ട്. കെ.എസ്.യു പ്രസിഡന്റ് സ്ഥാനം കപ്പിനും ചുണ്ടിനുമിടയിൽവെച്ച് തട്ടിയെടുത്തത് കെ.സി. വേണുഗോപാലാണെന്ന്. അതേ വേണുഗോപാൽ ഇത്തവണ മുഖ്യമന്ത്രിസ്ഥാനവും തട്ടിയെടുക്കാൻ വന്നപ്പോഴുണ്ടായ കളികണ്ടല്ലോ. അതിനുവന്നത് കെ.സി ഒറ്റക്കല്ല. രമേശ് ചെന്നിത്തലയുമുണ്ടായിരുന്നു. ആ രണ്ടുപേരും കരുണാകരൻ ഗ്രൂപ്പിന്റെ കെ.എസ്.യു പ്രസിഡന്റുമാരുമായിരുന്നു. അവരെ ഫൈനലിൽ തോൽപ്പിച്ചാണ് വി.ഡി.എസ് മുഖ്യമന്ത്രിയായത്. ആ കളിയുടെ രണ്ടാംപാതിയാണിപ്പോൾ കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ തുടങ്ങിവെച്ചത്. ഈ പ്രസിഡന്റൊരു അഭ്യാസിയല്ല. ആയിരുന്നെങ്കിൽ കെ.പി.സി.സി പ്രസിഡന്റും യൂത്തുകോൺഗ്രസ് പ്രസിഡന്റും മന്ത്രിമാരായി ഇരിക്കുമ്പോൾ കെ.എസ്.യു പ്രസിഡന്റ് എം.എൽ.എയെങ്കിലും ആകുമായിരുന്നു. അഭ്യാസിയല്ലാത്ത പ്രസിഡന്റിന് കൈയിലുള്ള ആയുധം പ്രയോഗിക്കാനാവില്ല. അതെടുത്ത് വീശുന്നത് കെ.സി. വേണുഗോപാലായിരിക്കും. ശത്രുവിന്റെ കൈയിലെ ആയുധത്തെ താൻ വണങ്ങുന്നില്ല എന്നാണ് തേവര കോളജിൽവെച്ച് സതീശൻ ഉറക്കെപ്പറഞ്ഞത്. ഇനി കാണാലോ, കളി!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.