???????? ?????????? ??????????????? ?????????? ?????????????

കലയുടെ കാൽച്ചിലങ്കകൾ

അറബിക്കടലിന്‍െറ റാണിയെ ചായംതേച്ച് സുന്ദരിയാക്കാന്‍ ലോകോത്തര കലാകാരന്മാര്‍ ബ്രഷുകളും ചായക്കൂട്ടുകളുമായി ഒന്നിച്ചുകഴിഞ്ഞു. 36 രാജ്യങ്ങളില്‍ നിന്നുള്ള രാജ്യാന്തര പ്രശസ്തരായ 95 കലാകാരന്മാരുടെ അപൂര്‍വ ചാരുതയാര്‍ന്ന കലാസൃഷ്ടികളാല്‍ ആസ്പിന്‍വാള്‍ ഹൗസും പരിസരവും നിറഞ്ഞിരിക്കുന്നു. 108 ദിവസം നീളുന്ന 2016ലെ കൊച്ചി മുസിരിസ് ബിനാലെക്ക് ഡിസംബര്‍ 12ന് തിരിതെളിയും. അടുത്തവര്‍ഷം മാര്‍ച്ച് 29 വരെ കലാപ്രദര്‍ശനം നീളുന്ന കലാമേളക്ക് തിരശ്ശീല ഉയരുന്നതോടെ വിദേശ സന്ദര്‍ശകരുടെ ബാഹുല്യംകൊണ്ട് ഫോര്‍ട്ടുകൊച്ചിയുടെ തെരുവുകള്‍ ഉത്സവച്ഛായയിലണിയും. ലോകത്തൊരിടത്തും കാണാനാവാത്തവിധം ചരിത്രവും സാഹിത്യവും സംഗീതവും രാഷ്ട്രീയവും സംസ്കാരവും ഇടകലര്‍ന്ന് നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കുന്ന ഭൂമികയായ കൊച്ചിയിലെ ബിനാലെ വേദികളിലേക്കു കലാകാരന്മാരും അവരുടെ കലാസൃഷ്ടികളും എത്തിത്തുടങ്ങി. കലാമാമാങ്കത്തിന്‍െറ വരവറിയിച്ചു ഫോര്‍ട്ടുകൊച്ചിയിലും നഗരഹൃദയത്തിലും ചിത്രങ്ങളും ശില്‍പങ്ങളും ചുമരെഴുത്തുകളും മറ്റ് അലങ്കാരവേലകളും പ്രത്യക്ഷമായിത്തുടങ്ങി.

നഗരത്തിലും കായല്‍ത്തീരത്തുമായുള്ള അഞ്ചുലക്ഷം ചതുരശ്ര അടി സ്ഥലമാണ് ഇത്തവണ ബിനാലെക്കായി ഉപയോഗിക്കുന്നത്. ഫോര്‍ട്ടുകൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസാണു മുഖ്യവേദി. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നഗരത്തിലെ ദര്‍ബാര്‍ ഹാള്‍, ഫോര്‍ട്ടുകൊച്ചിയിലെ നവീകരിച്ച ഡച്ച് ബംഗ്ലാവായ ഡേവിഡ് ഹാള്‍, ഡച്ച് മാതൃകയില്‍ നിര്‍മിച്ച പെപ്പര്‍ഹൗസ് എന്നിവയാണ് മറ്റു പ്രമുഖ വേദികള്‍. ബിനാലെക്കൊപ്പം തന്നെ ചില്‍ഡ്രന്‍സ് ബിനാലെ, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, നാടന്‍ കലാരൂപങ്ങളുടെ അവതരണം, സംവാദങ്ങള്‍ എന്നിവയും സമാന്തരമായി നടക്കും. പ്രശസ്ത ചിത്രകാരനും ശില്‍പിയും കലാവിന്യാസകനുമായ സുദര്‍ശന്‍ ഷെട്ടിയാണ് മൂന്നാം എഡിഷന്‍െറ ക്യൂറേറ്ററും ആര്‍ട്ടിസ്റ്റിക് ഡയറക്ടറും.

സുദര്‍ശന്‍ ഷെട്ടി
 

കല ജീവിതം തന്നെയെന്നു വിവിധ മാധ്യമങ്ങളിലൂടെ വരച്ചുകാട്ടിയ കലാകാരനായ ഷെട്ടിയെ ക്യൂറേറ്ററായി ലഭിച്ചത് അഭിമാനകരമാണെന്ന് ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികളും കലാകാരന്മാരുമായ റിയാസ് കോമു, ബോസ് കൃഷ്ണമാചാരി എന്നിവര്‍ പറയുന്നു. റിയാസും ബോസും ക്യൂറേറ്റ് ചെയ്ത ബിനാലെയുടെ ആദ്യപതിപ്പിലെ ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു സുദര്‍ശന്‍ ഷെട്ടി. ഒട്ടേറെ രാജ്യാന്തര പ്രദര്‍ശനങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. കൊച്ചിയുടെ ചരിത്രത്തിലൂടെയും പുരാവൃത്തങ്ങളിലൂടെയും രൂപപ്പെട്ട സാംസ്കാരിക വൈവിധ്യത്തിന് അനുസൃതമായാണ് ഇത്തവണത്തെ ബിനാലെ സംഘടിപ്പിച്ചിരിക്കുന്നത്.

ബിനാലെയുടെ തുടക്കം
പ്രശസ്ത കലാകാരന്മാരായ റിയാസ് കോമു, ബോസ് കൃഷ്ണമാചാരി തുടങ്ങിയവര്‍ 2010ല്‍ സ്ഥാപിച്ച കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് കൊച്ചി മുസിരിസ് ബിനാലെ സംഘടിപ്പിക്കുന്നത്. കലാകാരന്മാരുടെ പങ്കാളിത്തത്തിനും സംവാദത്തിനും പ്രേരകമാകുന്ന വേദിയെന്ന നിലയില്‍ തുടക്കം മുതല്‍തന്നെ ബിനാലെ പേരെടുത്തു. 2012ലെയും ’14ലെയും ബിനാലെകളിലായി ലോകമെമ്പാടുമുള്ള 183 കലാകാരന്മാരാണ് പങ്കെടുത്തത്. ആസ്വാദകരായത്തെിയത് പത്തു ലക്ഷത്തോളം പേരും. സമകാലീന കലയുടെ ചര്‍ച്ചക്കും വ്യാപനത്തിനും കലാവിദ്യാഭ്യാസത്തിനുമായി ബിനാലെ ഫൗണ്ടേഷന്‍ നിരവധി വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ദേശീയാടിസ്ഥാനത്തില്‍ 60 കോളജുകളെ പങ്കെടുപ്പിച്ച് 15 യുവ ക്യൂറേറ്റര്‍മാര്‍ നേതൃത്വം നല്‍കിയ സ്റ്റുഡന്‍റ്സ് ബിനാലെ, കുട്ടികള്‍ മാത്രം പങ്കെടുത്ത ഇന്ത്യയിലെ ആദ്യ കലാപരിപാടിയായ ‘ആര്‍ട്ട് ബൈ ചില്‍ഡ്രന്‍’ തുടങ്ങിയ പരിപാടികളെക്കുറിച്ചും അവ സൃഷ്ടിച്ച നേട്ടങ്ങളും വിവരിക്കുന്ന ഒരു ബഹുമുഖ പരിപാടിയും മൂന്നാം ബിനാലെയുടെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്.

ഇത്തവണത്തെ ബിനാലെയില്‍ പ്രശസ്ത മലയാളി എഴുത്തുകാരന്‍ ആനന്ദ് കലാകാരനായി പങ്കെടുക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഇതാദ്യമായാണ് ഒരു മലയാളി എഴുത്തുകാരന്‍ ബിനാലെയുടെ ഭാഗമാവുന്നത്. ‘മാപ് മേക്കേഴ്സ് ആന്‍ഡ് മാപ് ബ്രേക്കേഴ്സ്’ എന്ന അദ്ദേഹത്തിന്‍െറ ലേഖനമാണ് കലാസൃഷ്ടിയായി ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. അധികാര കേന്ദ്രങ്ങളുടെ ചരിത്രപരമായ അടിച്ചമര്‍ത്തലുകള്‍, ഇരകള്‍, ചൂഷണം എന്നിവയുമായി ബന്ധപ്പെട്ട ചെറുത്തുനില്‍പുകളുടെ പ്രതീകമായിരിക്കും ഈ കലാസൃഷ്ടി. ആനന്ദിന്‍െറ ഏതാനും ടെറാക്കോട്ട ശില്‍പങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ബിനാലെയുടെ ഒരുക്കങ്ങളിലൊന്ന്
 

ബിനാലെക്കുവേണ്ടി കൊച്ചിയിലത്തെിയ ആദ്യ കലാകാരനാണ് പ്രശസ്ത ചിലിയന്‍ കവി റാഉള്‍ സുരീറ്റ. ബിനാലെ വേദി കണ്ടു പരിചയപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് നേരത്തേ കൊച്ചി സന്ദര്‍ശിച്ചതെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്‍െറ കവിതകളുടെ ആവിഷ്കാരമായിരിക്കും മൂന്നാം ബിനാലെയിലെ പുതുമയുള്ള കാഴ്ചാനുഭവം. ചിലിയിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരായി നടന്ന കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സുരീറ്റ പ്രധാന പങ്കുവഹിച്ചിരുന്നു.

ബിനാലെ ഫൗണ്ടേഷന് വനിത സാരഥി
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെ.ബി.എഫ്) സി.ഇ.ഒ മഞ്ജു സാറാ രാജനാണ്. കെ.ബി.എഫിന്‍െറ സര്‍ഗപരവും സാമ്പത്തികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം മഞ്ജുവിനായിരിക്കും. പുതിയ പാതകള്‍ക്ക് തുടക്കംകുറിച്ചിരുന്ന കെ.ബി.എഫിന്‍െറ പ്രവര്‍ത്തനം കഴിഞ്ഞ നാലു വര്‍ഷമായി തന്നെ ഏറെ ആകര്‍ഷിച്ചിരുന്നുവെന്ന് മഞ്ജു പറയുന്നു. പുതിയ നിയമനം വലിയ ബഹുമതിയാണെങ്കിലും സി.ഇ.ഒ തസ്തിക വളരെയധികം ഉത്തരവാദിത്തമുള്ളതാണ്. പക്ഷേ, കെ.ബി.എഫില്‍ മികച്ച ടീമുള്ളതുകൊണ്ട് നന്നായി മുന്നോട്ടുപോകാന്‍ കഴിയുമെന്നും അവര്‍ പറയുന്നു.

Tags:    
News Summary - kochi musaris binale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.