സെർബിയയിൽ വിസ്മയമായി വിദ്യാർഥി വിജയം
ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തെരുവുകൾ ഉപരോധിച്ചുകൊണ്ട് വിദ്യാർഥികൾ തുടക്കമിട്ട ഒരു പ്രസ്ഥാനം അഴിമതിക്കും ഭരണകൂട അനാസ്ഥയ്ക്കുമെതിരായ ദേശീയ മുന്നേറ്റമായി മാറി. വെറും രണ്ട് വർഷത്തിനുള്ളിൽ, പ്രസിഡന്റ് അലക്സാണ്ടർ വുചിച്ചിന്റെ 14 വർഷത്തെ രാഷ്ട്രീയ ആധിപത്യം തകർത്തെറിയാൻ അവർക്ക് സാധിച്ചു. ഞായറാഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ, വുചിച്ചിന്റെ സെർബിയൻ പ്രോഗ്രസീവ് പാർട്ടി പരാജയം ഏറ്റുവാങ്ങുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു. .
വിദ്യാർഥികൾ രാജ്യത്തെ മാറ്റിയെഴുതിയ വിധം
അറിയപ്പെടുന്ന നേതാക്കളോ രാഷ്ട്രീയ പശ്ചാത്തലമോ ഇല്ലാതിരുന്നിട്ടും, സ്റ്റുഡന്റ് ലിസ്റ്റ് പ്രസ്ഥാനം സെർബിയൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ഭരണകൂടവിരുദ്ധ വോട്ടർമാരെ ആകർഷിച്ചു.
കഴിഞ്ഞയാഴ്ച ബെൽഗ്രേഡിലേക്ക് മാർച്ച് ചെയ്ത വിദ്യാർഥികൾക്കൊപ്പം ചേർന്ന നോവി സാദിലെ മെഡിസിൻ ഫാക്കൽറ്റി പ്രഫസർ ഇലിജ സർദാനോവിച്ച് പറഞ്ഞത് ചരിത്രം മാറ്റിയെഴുതപ്പെടുകയാണെന്നാണ്. ‘‘ഒരു പരിഷ്കൃത സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ് ഞങ്ങൾ പൗരജനങ്ങൾക്ക് മുന്നിൽ വെക്കുന്നത്; മുൻ ഭരണകൂടം എടുത്തുമാറ്റിയ ആ മൂല്യങ്ങൾ ഇനി നഷ്ടപ്പെടാൻ ഞങ്ങൾ അനുവദിക്കില്ല’’-അദ്ദേഹം ബി.ബി.സിയോട് പറഞ്ഞു.
2024 നവംബർ ഒന്നിന് സെർബിയയിലെ രണ്ടാമത്തെ വലിയ നഗരമായ നോവി സാദിലെ റെയിൽവേ സ്റ്റേഷന് പുറത്തുള്ള കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് 16 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. കടുത്ത അഴിമതിയുടെ അടയാളമായാണ് ഈ ദുരന്തം വിലയിരുത്തപ്പെട്ടത്. സ്റ്റേഷൻ നവീകരണത്തിലെ ഗുരുതര വീഴ്ചകളെ പ്രസിഡന്റുമായി വിമർശകർ ബന്ധിപ്പിച്ചു. ഒരു പ്രതിപക്ഷ പാർട്ടിക്കും സാധ്യമാകാത്തവിധം സെർബിയൻ ജനതയുടെ ഹൃദയവും മനസ്സും കവർന്ന പ്രതിഷേധ മാർച്ചുകളിലേക്കും പരിപാടികളിലേക്കും നയിച്ച ഒരു തീപ്പൊരിയായിരുന്നു ആ വൈകാരിക നിമിഷമെന്ന് ഹെൻറി ജാക്സൺ സൊസൈറ്റി എന്ന ഗവേഷണ സ്ഥാപനത്തിലെ ഹെലേന ഇവാനോവ് പറയുന്നു.
കാമ്പസുകളിലും നഗരവീഥികളിലും നീതി ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധങ്ങൾ അധികം വൈകാതെ കർഷകരും അഭിനേതാക്കളും നിയമവിദഗ്ധരും അടക്കമുള്ള ഒരു ദേശീയ പ്രസ്ഥാനമായി മാറി. ഇതോടെ വുചിച്ചിന്റെ പാർട്ടിക്ക് അടിപതറി; 2025 ജനുവരിയിൽ പ്രധാനമന്ത്രിക്ക് രാജി സമർപ്പിക്കേണ്ടിവന്നു. 2025 മാർച്ചിൽ രാജ്യം കണ്ട ഏറ്റവും വലിയ ഭരണകൂടവിരുദ്ധ പ്രക്ഷോഭത്തിന് ബെൽഗ്രേഡ് സാക്ഷ്യം വഹിച്ചു. കേന്ദ്രീകൃത നേതാക്കളില്ലാത്ത ഈ മുന്നേറ്റം വിദ്യാർഥി സമിതികൾ വഴിയും പൊതുസഭകൾ വഴിയും സ്വയം സംഘടിച്ചു. കഴിഞ്ഞ മാസം വുചിച്ച് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴേക്കും അവർ പൂർണസജ്ജരായിരുന്നു.‘‘ആ വൈകാരിക ആവേശം ഒരു ചിട്ടയായ സംഘടനാ രൂപത്തിലേക്ക് മാറ്റാനും പോളിങ് കേന്ദ്രങ്ങളിൽ കൃത്രിമം തടയാൻ ആളുകളെ സജ്ജമാക്കാനും അവർക്ക് സാധിച്ചു,’’ ഹെലേന ഇവാനോവ് വിശദീകരിച്ചു.
തുടക്കത്തിൽ പ്രതിഷേധക്കാരെ സദുദ്ദേശ്യക്കാർ എന്ന് വിശേഷിപ്പിച്ച വുചിച്ച്, തെരഞ്ഞെടുപ്പിലേക്ക് അടുത്തതോടെ സെർബിയയെ ‘‘തകർക്കാൻ ശ്രമിക്കുന്നവർ’’ എന്ന് ആക്ഷേപിച്ചു. ഞായറാഴ്ച രാത്രി പരാജയം സമ്മതിച്ച ശേഷവും, പേരുപറയാത്ത ചില യൂറോപ്യൻ രാജ്യങ്ങളുടെയും അമേരിക്കൻ രഹസ്യ ഭരണകൂടത്തിന്റെയും പിന്തുണ ഇവർക്കുണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്.
ഇനി സെർബിയ ആര് ഭരിക്കും?
ഭരണം നടത്തുന്നത് വിദ്യാർഥികളായിരിക്കില്ല, കാരണം അവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ജീവിതപരിചയം കുറഞ്ഞ സ്ഥാനാർഥികൾ അടങ്ങിയ ഒരു പട്ടികയ്ക്ക് ജനങ്ങൾ വോട്ട് ചെയ്യാൻ സാധ്യതയില്ലെന്ന കൃത്യമായ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തീരുമാനം. ഇലിജ സർദാനോവിച്ചായിരുന്നു അവരുടെ ഒന്നാം നമ്പർ സ്ഥാനാർഥിയെങ്കിലും, അദ്ദേഹത്തെയും അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ള വ്യക്തിയായി കണക്കാക്കുന്നില്ല.
ഈ മുന്നണിയിൽ വിജയിച്ച 140 പേരിൽ മുൻ ബാസ്കറ്റ്ബാൾ താരം ദേജാൻ ബോദിറോഗ, പ്രമുഖ നടൻ തിഹോമിർ സ്താനിച്ച്, ഓപ്പറ ഗായകൻ നിക്കോള മിക്കിച്ച്, സെർബിയൻ നാഷണൽ ബാങ്ക് മുൻ ഗവർണർ ദേജാൻ ശോഷ്കിച്ച് എന്നിവരും നിരവധി പ്രഫസർമാരും ഉൾപ്പെടുന്നു. പ്രധാനമന്ത്രി പദവിയിലേക്ക് ദേജാൻ ശോഷ്കിച്ചിന്റെ പേര് ചർച്ച ചെയ്യപ്പെടുന്നുണ്ട്.
എന്താണ് ഇവരുടെ പദ്ധതി?
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് മുന്നിലുള്ളത് വിദ്യാർഥികൾ മുന്നോട്ടുവെച്ച പ്രകടനപത്രിക യാഥാർഥ്യമാക്കുക എന്ന ദൗത്യമാണ്. ഭരണസംവിധാനങ്ങളിലേക്ക് പ്രവേശിച്ച് ‘‘ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും എന്തിനാണ് ജനം തെരഞ്ഞെടുത്തയച്ചത് എന്ന് മറക്കാതിരിക്കാനും’’ കഴിയുന്ന ആളുകളെയാണ് തങ്ങൾ അന്വേഷിച്ചതെന്ന് വിദ്യാർഥികൾ തന്നെ വ്യക്തമാക്കുന്നു.
- അഴിമതിക്ക് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാൻ പ്രത്യേക പൊലീസ് വിഭാഗം രൂപവത്കരിച്ച് അഴിമതി തുടച്ചുനീക്കുക.
- പ്രക്ഷോഭകരെ അടിച്ചമർത്തുന്നതിൽ ചട്ടങ്ങൾ ലംഘിക്കുകയോ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുകയോ ചെയ്ത ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക.
- പക്ഷപാതപരമായ സെർബിയൻ മാധ്യമരംഗത്ത് പരിഷ്കാരങ്ങൾ കൊണ്ടുവരികയും പൊതുപ്രക്ഷേപണ മാധ്യമങ്ങളെ രാഷ്ട്രീയ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കുകയും ചെയ്യുക.
- പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് രാഷ്ട്രീയ വിധേയരെ നിയമിക്കുന്നത് അവസാനിപ്പിക്കുക എന്നിങ്ങനെ 11 ഇന നിർദേശങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചിരിക്കുന്നത്.
‘‘കഴിഞ്ഞ ഒരു വർഷമായി തങ്ങൾ തെരുവുകളിൽ നടത്തിയ പോരാട്ടത്തിന്റെ ഒരു പങ്ക് ഭരണസ്ഥാപനങ്ങളിലേക്ക് എത്തിക്കാനാണ്’’ ഈ സാധാരണ പൗരരെ തങ്ങൾ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു.
കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ, വിദ്യാർഥികൾ സെർബിയയിലെ രണ്ട് വർഷത്തെ ജീവിതം തകർത്തുവെന്നും ‘‘അവർ വിചാരിക്കുന്നതിലും വേഗത്തിൽ’’ അവർ പരാജയപ്പെടുമെന്നുമാണ് വുചിച്ച് പാർട്ടി പ്രവർത്തകരോട് പറഞ്ഞത്
(ബി.ബി.സി യൂറോപ്പ് ഡിജിറ്റൽ എഡിറ്ററാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.