അങ്കം മോദിയും പ്രതിപക്ഷവും തമ്മിൽ
ഇന്ത്യ തെരഞ്ഞെടുപ്പ് ജ്വരത്തിലേക്ക്. പൊടിപാറുന്ന പ്രചാരണവും വിവിധ സംസ്ഥാനങ്ങളി ലെ വോെട്ടടുപ്പും പിന്നിട്ട് ഇനിയൊരു മൂന്നു മാസത്തിനുള്ളിൽ കേന്ദ്രത്തിൽ പുതിയ മന്ത് രിസഭ അധികാരമേറും. പതിവ് തെരഞ്ഞെടുപ്പുകളുടെ മട്ടും ഭാവവുമല്ല 17ാം ലോക്സഭ തെരഞ്ഞെ ടുപ്പിന്. അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പു കഴിഞ്ഞാൽ, ഏറ്റവും നിർണായകമെ ന്ന് കണക്കാക്കുന്ന വോെട്ടടുപ്പ്. ജനാധിപത്യ ഉത്സവമെന്നതിനേക്കാൾ, ഉന്മാദവും കാലുഷ ്യവും കലർന്ന രാഷ്ട്രീയ കാലാവസ്ഥയോടുള്ള ജനങ്ങളുടെ പ്രതികരണം അളക്കുന്ന വോെട്ട ടുപ്പ് എന്നനിലയിലാണ് ഇൗ തെരഞ്ഞെടുപ്പിനെ വോട്ടർമാർ സമീപിക്കുന്നത്. വരാനിരിക്കു ന്നത് വഴിത്തിരിവിെൻറ നാളുകൾ.
തെരഞ്ഞെടുപ്പ് ഗോദക്കുതന്നെ മാറ്റമുണ്ട്. ജനാധിപ ത്യ വൈവിധ്യത്തിെൻറ ആരോഗ്യകരമായ മത്സരത്തിനപ്പുറം, പ്രധാനമന്ത്രി നരേന്ദ്ര േമാദി ഒരു വശത്തും പ്രതിപക്ഷമൊന്നാകെ മറുവശത്തും നിന്നുകൊണ്ടുള്ള യുദ്ധകാഹളമാണ് മുഴങ്ങ ുന്നത്. മോദിയെ അധികാരത്തിൽനിന്ന് പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യമാണ് പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവെക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പിയേക്കാൾ, അഞ്ചുവർഷമായി അജണ്ടകൾ നിശ്ചയിച്ച് നടപ്പാക്കുന്ന മോദി-അമിത് ഷാമാരോടാണ് ഏറ്റുമുട്ടൽ. ബി.ജെ.പിയാകെട്ട മോദിയെ വിഗ്രഹമാക്കി, മോദിയുടെ തണലിൽ നിന്നുകൊണ്ട് തെരഞ്ഞെടുപ്പിലേക്ക് ചുവടുവെക്കുന്നു. മോദിയുടെ രണ്ടാമൂഴം നാനാത്വത്തിെൻറ അന്ത്യത്തിന് ഇടയാക്കുമെന്ന് പ്രതിപക്ഷം ഭയക്കുേമ്പാൾ, കാവിരാഷ്ട്രീയത്തിെൻറ അജയ്യതയിലേക്കുള്ള ചുവടായി സംഘ്പരിവാർ ഒന്നാകെ കാണുകയാണ്.
തീവ്രദേശീയതയുടെ രാഷ്ട്രീയ കാലാവസ്ഥ
ഹിന്ദുത്വവും തീവ്രദേശീയതയും വഴി അധികാരത്തിെൻറ രണ്ടാമൂഴത്തിലേക്ക് നടക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. മറ്റു വിഷയങ്ങളെല്ലാം പിന്നിലേക്ക് തള്ളി ദേശസ്നേഹത്തിെൻറ ചർച്ചയിലേക്ക് ജനതയെ കൂട്ടിക്കൊണ്ടുപോകാൻ പാകത്തിൽ സാഹചര്യങ്ങൾ രൂപപ്പെട്ടത് പൊടുന്നനെയാണ്. 40 സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണം അതിനു നിമിത്തമായി. തുടർന്ന്, ആദ്യം ഇന്ത്യയും പിന്നാലെ പാകിസ്താനും അതിർത്തി നിയന്ത്രണ രേഖകൾ ലംഘിക്കുകയും ഇന്ത്യ^പാക് പിരിമുറുക്കം ശക്തമാവുകയും ചെയ്തു. ഇൗ പശ്ചാത്തലം രൂപപ്പെടുത്തിയ ദേശീയബോധത്തെ, തീവ്രദേശീയതയാക്കി വളർത്തി വോെട്ടടുപ്പിൽ പ്രയോജനപ്പെടുത്താനുള്ള പുറപ്പാടിലാണ് മോദിയും ബി.ജെ.പിയും. പിരിമുറുക്കത്തിന് അയവു വന്നിട്ടുണ്ടെങ്കിലും, പാകിസ്താനു നേരെ വിരൽചൂണ്ടി ഭീകരതയുടെ പ്രശ്നവും, അതിർത്തി കാക്കുന്ന സേനകളോടുള്ള വികാരവും രാഷ്ട്രീയമായി മുതലാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
ചർച്ചാ വിഷയങ്ങൾ, റഫാൽ മുതൽ കർഷക പ്രതിസന്ധി വരെ
പുതിയ സാഹചര്യങ്ങളിൽനിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും മറ്റു വിഷയങ്ങളെ പിന്തള്ളാനും മോദി സർക്കാറിന് അത്രയെളുപ്പം കഴിയില്ലെന്നാണ് സാഹചര്യം തെളിയിക്കുന്നത്. ഫെബ്രുവരി 14നായിരുന്നു പുൽവാമ ആക്രമണം. അതിനു തൊട്ടുമുമ്പു വരെ കത്തിനിന്ന വിഷയം റഫാൽ പോർവിമാന ഇടപാടിലെ അഴിമതിയാണ്. പുറത്തുവന്നുകൊണ്ടേയിരിക്കുന്ന രേഖകളെല്ലാം റഫാൽ ക്രമക്കേടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് പ്രതിക്കൂട്ടിലാക്കുന്നതാണ്. രാജീവ് ഗാന്ധിയുടെ കാലത്തെ ബോഫോഴ്സിനേക്കാൾ ശക്തവും ഗുരുതരവുമായി ഉയർന്നുവന്നിരിക്കുന്ന റഫാൽ തെരഞ്ഞെടുപ്പു ഗോദയിലേക്ക് വീണ്ടും സജീവമായി പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവരും. ഗ്രാമങ്ങളുടെ സ്പന്ദനമായ കർഷകർ നേരിടുന്ന പ്രാരബ്ധം, വോട്ടുതേടുന്ന മോദിസർക്കാറിനെ ഉത്തരം മുട്ടിക്കുന്ന മറ്റൊരു വിഷയം. ചെറുകിട വ്യാപാരികളുടെയും ഇടത്തരക്കാരുടെയും രോഷം പിടിച്ചുവാങ്ങിയ ജി.എസ്.ടി, െപാല്ലാപ്പും പാഴ്വേലയുമായി മാറിയ നോട്ട് അസാധുവാക്കൽ ഉണ്ടാക്കിവെച്ച മുരടിപ്പ് എന്നിവയെല്ലാം മോദിഭരണത്തോടുള്ള അമർഷം ആളിക്കത്തിക്കുന്ന ഇനങ്ങൾ.
ഇതിലൊക്കെയും പ്രധാനമാണ് രാജ്യത്തെ അസമാധാന അന്തരീക്ഷം. ജനങ്ങളെ ‘ഞങ്ങളും നിങ്ങളു’മായി കാണാൻ പ്രേരിപ്പിക്കുന്ന അസഹിഷ്ണുതാ രാഷ്ട്രീയം സൃഷ്ടിച്ച കാലുഷ്യമാണ് മോദിക്കെതിരെ ഏറ്റവും ശക്തമായ വികാരമായി നിൽക്കുന്നത്. മോദിയെ പുറത്താക്കിയിട്ടു ബാക്കി കാര്യം എന്ന പൊതുബോധത്തിലേക്ക് പ്രതിപക്ഷ പാർട്ടികളും ബി.ജെ.പി വിരുദ്ധ ചിന്താഗതിക്കാരും എത്തിനിൽക്കുന്നത് രാഷ്ട്രീയവും വർഗീയവുമായ വേട്ടയാടൽ കൊണ്ടാണ്. ഗോരക്ഷക ഗുണ്ടകൾ, ആൾക്കൂട്ട അതിക്രമങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങളുടെയും അന്വേഷണ ഏജൻസികളുടെയും ദുരുപയോഗം എന്നിവയെല്ലാം സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിഷയങ്ങൾ.
ഏന്തിയും വലിഞ്ഞും സഖ്യങ്ങൾ
ഒറ്റക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്നു മാത്രമല്ല, അധികാരം തന്നെ കൈവിട്ടു പോകാമെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞാണ് സഖ്യകക്ഷികളോടുള്ള ധിക്കാരം ബി.ജെ.പി അടുത്തകാലത്ത് മയപ്പെടുത്തിയത്. സ്വമേധയ മുന്നിട്ടിറങ്ങി സഖ്യകക്ഷികൾക്ക് ബി.ജെ.പിയോടുള്ള അമർഷം പറഞ്ഞൊതുക്കാൻ മോദി^അമിത് ഷാമാർക്ക് കുറെയേറെ കഴിഞ്ഞിട്ടുണ്ട്. അഞ്ചുവർഷമായി സഖ്യത്തിലെ വിമതനായി നിന്ന ശിവസേന, സീറ്റിനെച്ചൊല്ലി ഇടഞ്ഞ രാംവിലാസ് പാസ്വാെൻറ ലോക്ജനശക്തി പാർട്ടി, പരിഗണന കിട്ടാത്തതിൽ നീരസമുള്ള ശിരോമണി അകാലിദൾ എന്നിവയെ എൻ.ഡി.എ സഖ്യത്തിൽ കാലുറപ്പിച്ചു നിർത്തിയിട്ടുണ്ട്. ടി.ഡി.പി, ആർ.എൽ.എസ്.പി എന്നിങ്ങനെ വലുതും ചെറുതുമായ പാർട്ടികൾ പടിയിറങ്ങി പോയതിെൻറ പ്രതിച്ഛായാ നഷ്ടം, ദുർബലരായ എ.െഎ.എ.ഡി.എം.കെ തുടങ്ങിയ പാർട്ടികളുമായി സഖ്യമുണ്ടാക്കി പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഇതൊന്നും കേവലഭൂരിപക്ഷത്തെക്കുറിച്ച് ആത്മവിശ്വാസം ബി.ജെ.പിക്കു നൽകുന്നില്ല. രണ്ടാമൂഴം അനായാസമായി കണ്ട ബി.ജെ.പി ഇന്ന് വിവിധ ജനവിഭാഗങ്ങളുടെ രോഷവും നിരാശയും തിരിച്ചറിയുന്നു.
മോദിക്കെതിരെ വിശാലസഖ്യമെന്ന ലക്ഷ്യത്തിന് വ്യക്തത നൽകാൻ പ്രതിപക്ഷത്തിനും കഴിഞ്ഞിട്ടില്ല എന്നതാണ് ചിത്രം. പ്രധാന പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ കോൺഗ്രസ് മുന്നിലുണ്ട്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുമെേന്നാ, കോൺഗ്രസിെൻറ കുടക്കീഴിൽ പ്രതിപക്ഷ പാർട്ടികളെല്ലാം അണിനിരക്കുമെന്നോ അതുകൊണ്ട് അർഥമില്ല. മായാവതിക്കും മമത ബാനർജിക്കും ചന്ദ്രശേഖര റാവുവിനുമുണ്ട് പ്രധാനമന്ത്രി മോഹം. മോദിക്കെതിരെ എന്ന ലക്ഷ്യത്തിൽ വിട്ടുവീഴ്ചകൾക്ക് ആരും തയാറല്ല.
ബി.ജെ.പി സഖ്യം തോൽക്കുന്നിടത്ത്, പുതിയ സർക്കാർ രൂപവത്കരിക്കുന്നതിന് അവകാശവാദം ഉന്നയിക്കാൻ കഴിയുന്നത്ര സീറ്റുകൾ സ്വന്തമായി പിടിക്കണമെന്ന കരുതലോടെയാണ് ഒാരോ പ്രമുഖ പ്രതിപക്ഷ പാർട്ടിയും മുന്നോട്ടുനീങ്ങുന്നത്. യു.പിയിൽ മായാവതിയും അഖിലേഷും ഒന്നിച്ചപ്പോൾ കോൺഗ്രസ് ഒൗട്ടായത്, ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും സഖ്യം വേണ്ടെന്നുവെച്ചത്, ബിഹാറിലെ അനിശ്ചിതത്വം, മമത അടുപ്പിക്കാത്തതിനാൽ കോൺഗ്രസും സി.പി.എമ്മും ബംഗാളിൽ ഉണ്ടാക്കിയ മോര്^മുതിര സഖ്യം എന്നിവയൊക്കെയാണ് പ്രതിപക്ഷ ചേരിയിലെ കാഴ്ചകൾ. തെരഞ്ഞെടുപ്പിനു മുമ്പത്തെ സഖ്യത്തേക്കാൾ തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യസാധ്യതകളിലാണ് പ്രതിപക്ഷ പാർട്ടികൾ ഉൗന്നി നിൽക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പുകൾ നൽകിയ മുന്നറിയിപ്പ്
മോദിഭരണത്തോട് ജനങ്ങൾക്കുള്ള നിരാശയും അമർഷവും വ്യക്തമാണ്. ഏറ്റവുമൊടുവിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് ഭരണം ബി.ജെ.പിയിൽനിന്ന് കോൺഗ്രസ് പിടിച്ചെടുത്തത് പ്രതിപക്ഷനിരയിൽ വലിയ ആത്മവിശ്വാസം നൽകുന്നു. തീവ്രദേശീയതയുടെയും കാലുഷ്യത്തിെൻറയും വൈകാരിക നേട്ടമുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുന്നതും ഇൗ പശ്ചാത്തലത്തിൽ തന്നെ. ഭരണപരമായ വീഴ്ചകൾ വൈകാരികത കൊണ്ട് മറച്ചുവെക്കാൻ നരേന്ദ്ര മോദിക്ക് എത്രത്തോളം കഴിയും, അതിനെ െഎക്യവും നിശ്ചയദാർഢ്യവും കൊണ്ട് പ്രതിപക്ഷം എത്രത്തോളം പൊളിച്ചടുക്കും എന്നതാണ് കണ്ടറിയേണ്ടത്. ഭരണ, പ്രതിപക്ഷ, മാധ്യമ കോലാഹലങ്ങൾക്കപ്പുറം, ഭരണത്തിെൻറ നേട്ടകോട്ടങ്ങളും ആത്മാർഥത കാപട്യങ്ങളും രുചിച്ചറിയുന്നവരാണ് ജനങ്ങൾ. അവരുടെ വിധിയെഴുത്ത് ആത്യന്തികമായി ഇന്ത്യയുടെ ഗതി നിർണയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.