'ന്യൂ ജനറേഷന്‍' സമ്മാനിച്ച സിനിമാക്കാരൻ

നായകന് പിറകെ ഓടുന്ന വില്ലനും നായകനൊപ്പം ഓടുന്ന നായികക്കും ചുറ്റും മലയാള സിനിമ കറങ്ങി നടക്കുന്ന സമയത്താണ് രാജേഷ് പിള്ളയുടെ ട്രാഫിക്(2011) റിലീസ് ചെയ്യുന്നത്. തീർത്തും പരീക്ഷണ ചിത്രമായി പുറത്തിറങ്ങിയ ചിത്രത്തെ മലയാള സിനിമ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. സാമ്പ്രദായിക ശീലങ്ങളെ പൊളിച്ചടുക്കിയ ട്രാഫിക്കിലൂടെ മലയാള സിനിമക്ക് പുതുതലമുറ തരംഗത്തിന് തുടക്കമിടുകയായിരുന്നു അദ്ദേഹം. ടോറൻറ് വിപ്ലവത്തിലൂടെയും ടെലിവിഷനിലൂടെയും സിനിമകൾ കണ്ടും കേട്ടും വളർന്ന നവതലമുറയുടെ പ്രതിനിധിയായിരുന്നു ആയിരുന്നു അദ്ദേഹം.

അതിനാൽ തന്നെയാവും സിനിമാ പ്രേമികൾ ആരാധിക്കുന്ന സംവിധായകന് അലെജാന്ദ്രോ ഇനാരിത്തുവിൻെറ 'നോൺ ലീനിയർ' കഥ പറച്ചിലിൻെറ രീതിയെ 'ട്രാഫിക്കി'ന് വേണ്ടി തെരഞ്ഞെടുത്തത്. മികച്ച ലോക സിനിമകളിൽ ഇടംപിടിച്ച ഇനാരിത്തുവിൻെറ ആമേസ് പെറസും ബാബേലും അന്നും ഇന്നും സിനിമാ പ്രേമികൾക്കിടയിലെ സജീവ ചർച്ചയാണ്. അതുപോലൊരു മലയാള ചിത്രം സ്വപ്നം കണ്ടു നടക്കുന്നവർക്കിടയിലേക്ക് ദൈവദൂതനെ പോലെ  രാജേഷ് പിള്ള കടന്നുവരികയായിരുന്നു. 

ട്രാഫിക്കിന് ശേഷമാണ് മലയാളത്തിൽ ഒരുകൂട്ടം ചെറുപ്പക്കാർ പുതിയ ചിത്രങ്ങളുമായി രംഗത്തുവന്നത്. അവരുടെ ചിത്രങ്ങൾക്ക് പ്രചോദനമാവാൻ രാജേഷ് പിള്ളക്ക് സാധിച്ചു. ഒരർഥത്തിൽ ന്യൂജനറേഷനുകാരുടെ കാരണവരാണ് അദ്ദേഹം. പിന്നീടാണ് 'ന്യൂജനറേഷന്‍' സംവാദങ്ങൾക്ക് തുടക്കമിട്ടത്. ട്രാഫിക് മുതലുള്ള ചിത്രങ്ങളെല്ലാം ന്യൂജനറേഷന്‍ ചിത്രങ്ങളുടെ ഗണത്തിൽ ഉൾപെടുത്താമെന്നും ഇനി മലയാള സിനിമയുടെ വസന്ത കാലമാണെന്നും ഒരു കൂട്ടർ വാദിച്ചപ്പോൾ ന്യൂജനറേഷൻ എന്ന് വ്യാഖ്യാനിക്കാനാവില്ലെന്നും എല്ലാ കാലത്തും ഇത്തരം നവതരംഗങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മറ്റു ചിലർ വാദിച്ചു. എന്നാൽ, ഇതിനിടെ ഈ ലേബലിൽ ന്യൂജനറേഷനെ ചെളിവാരിയെറിയുന്ന തരത്തിലുള്ള സിനിമകളുമായി ചിലർ രംഗത്തു വരുന്നതിനും മലയാള സിനിമ സാക്ഷിയായി. ന്യൂജനറേഷന്‍ ഉണ്ടെന്നോ ഇല്ലന്നോ എന്ന തർക്കത്തിനേക്കാൾ മലയാള സിനിമക്ക് പുത്തനുണർവ് തന്ന ചിത്രമാണ് ട്രാഫിക് എന്നതിൽ സംശയമില്ല. 

'ഹൃദയത്തിൽ സൂക്ഷിക്കാനാ'ണ് രാജേഷ് പിള്ളയുടെ ആദ്യ ചിത്രം. 2005ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. ചിത്രം തിയേറ്ററുകളില്‍ ഓളമുണ്ടാക്കിയില്ല. അതിന് ശേഷം പരാജയപ്പെട്ട സംവിധായകൻ എന്ന പേരിലായിരുന്നു രാജേഷ് പിള്ള സിനിമാ വൃത്തങ്ങളിൽ അറിയപ്പെട്ടത്. അടുത്ത ചിത്രത്തോടെ വിജയിച്ച സംവിധായകൻ എന്ന പേരില്‍ അറിയപ്പെടണമെന്നായിരുന്നു അദ്ദേഹത്തിൻെറ ആഗ്രഹം. അതിന് വേണ്ടി അദ്ദേഹം കാത്തുനിന്നത് അഞ്ച് വർഷമായിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം വിജയിച്ച, ന്യൂജനറേഷൻ സംവിധായകനായി അദ്ദേഹം. എന്നാൽ ഒരവകാശവാദം ഉന്നയിക്കാനോ ഇതിൻെറ പേരിൽ വലിയ മേനിനടിക്കാനോ ആ ചെറുപ്പക്കാരൻ മുതിർന്നില്ല.

ട്രാഫിക്കിൻെറ വിജയം നൽകിയ ഭാരിച്ച ഉത്തരവാദിത്തം കാരണം പിന്നീട് മൂന്ന് വർഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം 'മിലി'യുമായി കടന്നു വരുന്നത്. നായികാ കേന്ദ്രീകൃതമായ ചിത്രത്തിൽ മിലിയായി വേഷമിട്ടത് അമല പോളായിരുന്നു. താരപരിവേഷത്തിൽ നിൽക്കുന്ന സമയത്ത് തന്നെ മിലിയിൽ അഭിനയിക്കാന് അമല പോള്‍ സന്നദ്ധയായത് ഒരു പക്ഷേ രാജേഷ് പിള്ളയിലുള്ള വിശ്വാസം കൊണ്ടായിക്കുമെന്നതിൽ സംശയമില്ല. സമൂഹം ചിലരെ ഒറ്റപ്പെടുത്തുകയും ക്രമേണ അവർ സമൂഹജീവിതത്തിൽ നിന്ന് ഉൾവലിയുകയും ചെയ്യുമെന്നും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നാണ് മിലി പറഞ്ഞത്. മിലി തിയേറ്ററുകളില്‍ വലിയ വിജയമായില്ലെങ്കിലും പരാജയപ്പെട്ടില്ല. ചിത്രം നിരൂപക പ്രശംസ പിടിച്ച് പറ്റുകയും ചെയ്തു. 

ഇടക്ക് ട്രാഫിക് തമിഴിലും ഹിന്ദിയിലും സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തില്‍ കമൽഹാസൻ അഭിനയിക്കുമെന്നും വാര്‍ത്തകള്‍ പുറത്തു വന്നു. എന്നാല്‍, പിന്നീട് തമിഴ് ചിത്രം സംവിധാനം ചെയ്യുന്നതില്‍ നിന്ന് രാജേഷ് പിന്മാറുകയും ഹിന്ദി ചിത്രം സംവിധാനം ചെയ്യുമെന്നും പ്രഖ്യാപിച്ചു. മനോജ് ബാജ്പെയ് ഹിന്ദി ചിത്രത്തിലുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ ചിത്രം പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് സാധിച്ചില്ല.  
 

രാജേഷ് പിള്ളക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ചിത്രമായിരുന്നു 'വേട്ട'. കുഞ്ചാക്കോ ബോബനും മഞ്ജുവാര്യറും ഇന്ദ്രജിത്തും അഭിനയിച്ച ഈ ചിത്രം പുറത്തിറങ്ങി രണ്ടാം ദിവസമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ചാക്കോച്ചനും മഞ്ജുവും ഇന്ദ്രജിത്തും ചിത്രത്തില്‍ മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍ എന്ന നടൻെറ കഴിവിനെ മലയാള സിനിമ ഇനിയും ഉപയോഗിച്ചിട്ടില്ലെന്ന് ഈ ചിത്രം കണ്ടവർ പറയും. വേട്ടയിൽ മാത്രമല്ല, ട്രാഫിക്കിലൂടെയും താൻ പ്രണയ നായകൻ മാത്രമല്ലെന്ന് കുഞ്ചാക്കോ ബോബന്‍ തെളിയിച്ചിട്ടുണ്ട്.

കരിയറില്‍ മികച്ച വേഷങ്ങള്‍ അദ്ദേഹത്തെ തേടി വരുന്നതിൻെറ ക്രെഡിറ്റ് രാജേഷ് പിള്ള എന്ന സംവിധായകന് കൂടി അവകാശപ്പെട്ടതാണ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ ഉൾപെടുന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി രണ്ടാം ദിവസം ഓടിക്കൊണ്ടിരിക്കുന്നവെന്ന വാര്‍ത്ത കേള്‍ക്കാന്‍ അദ്ദേഹമില്ലെന്നത് മലയാള സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തും. ചിത്രം നൂറു ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ ആകാശത്ത് ഒരു നക്ഷത്രമായി നമ്മെ നോക്കി അദ്ദേഹം പുഞ്ചിരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.