പ്രിയ അക്ബര്‍, ഞാന്‍ വാക്ക് പാലിച്ചു...

ഫെബ്രുവരി ആദ്യവാരം. കോഴിക്കോട് നഗരത്തിന്‍െറ കടലോരം സാഹിത്യകാരന്മാരെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞ ദിനങ്ങള്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് തകൃതിയായി നടക്കുന്നു. മലബാറിലെ ഭൂരിഭാഗംവരുന്ന എഴുത്തുകാര്‍ അവിടെയുണ്ട്. എഴുതിത്തുടങ്ങുന്നവരും. അപ്പോള്‍ എരഞ്ഞിപ്പാലത്തുള്ള ഞങ്ങളുടെ ആശുപത്രിയുടെ രണ്ടാം നിലയിലുള്ള ഐ.സി.യുവില്‍ അക്ബര്‍ ശാന്തനായി, പലപ്പോഴും അക്ഷോഭ്യനായി, ചിലപ്പോള്‍ ഭാര്യയോടും മക്കളോടും തമാശയും പറഞ്ഞ് കിടക്കുകയായിരുന്നു. റൗണ്ട്സിന്‍െറ ഭാഗമല്ലാതെതന്നെ ഇടക്ക് അസുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ ആ മുറിലത്തെുമ്പോഴൊക്കെ അക്ബര്‍ എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു....ഞങ്ങള്‍ക്കിടയിലെ ആ വാഗ്ദാനത്തെക്കുറിച്ച്. ഞാന്‍ ആ കൈകളില്‍ മുറുകെ പിടിച്ച് നിശബ്ദമായി വീണ്ടും വീണ്ടും ഉറപ്പ് കൊടുത്തു. ഇല്ല അക്ബര്‍, ഞാന്‍ ഒരു ഡോക്ടര്‍ മാത്രമല്ല,  ഒരു വായനക്കാരികൂടിയാണ്. ഒരു രോഗി  ആവശ്യപ്പെടുന്ന സ്വകാര്യത നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥയാണ്. ആ വാക്കുകള്‍ ഞാന്‍ തെറ്റിക്കില്ല. എന്‍െറ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.
ഏതാനും ആഴ്ചകള്‍ മുമ്പാണ് അക്ബര്‍ എന്‍െറ കണ്‍സള്‍ട്ടിംഗ് മുറിയിലേക്ക് വന്നത്. ശ്വാസകോശ സംബന്ധമായ ചില പ്രശ്നങ്ങള്‍ക്ക് തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.


തിരുവനന്തപുരം യാത്ര ഒഴിവാക്കി തുടര്‍ചികിത്സ കോഴിക്കോട് നടത്തുകയായിരുന്നു അദ്ദേഹത്തിന്‍െറ ലക്ഷ്യം. ‘നഗരത്തിലെ മറ്റേതൊരു ആശുപത്രിയിലും ഞാന്‍ രോഗിയായി കഴിയേണ്ടിവരും...ഇവിടെയാവുമ്പോള്‍ ഡോക്ടറുടെ സുഹൃത്തായി കഴിയാമല്ളോ’ എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞത് മറക്കാനാവില്ല. രണ്ട് ആവശ്യങ്ങളാണ് അക്ബര്‍ എന്‍െറ മുന്നില്‍ വെച്ചത്. അദ്ദേഹം ഇവിടെ ചികിത്സയില്‍ കഴിയുന്ന  കാര്യം ആരും അറിയരുത്. പ്രത്യേകിച്ച് പത്രപ്രവര്‍ത്തകരും സാഹിത്യകാരന്മാരും. രണ്ട്, രോഗവിവരങ്ങള്‍ പുറത്ത് പറയരുത്. ഈ രണ്ട് നിബന്ധനകളും ഞാന്‍ അംഗീകരിച്ചു. അക്ബറിന്‍െറ കടലുപോലെയുള്ള സൗഹൃദലോകത്തെക്കുറിച്ചറിയാവുന്ന എനിക്ക് ആവശ്യം ന്യായമെന്നുതന്നെതോന്നി. എന്‍െറ സൗഹൃദവലയത്തില്‍ എഴുത്തുകാരും പത്രപ്രവര്‍ത്തകരും ധാരാളമുണ്ടെന്നും അവരില്‍ ചിലരൊക്കെ ഇടക്കിടക്ക് രോഗികളായും മറ്റുചിലപ്പോള്‍ സൗഹൃദം പുലര്‍ത്താനും എന്‍െറ കണ്‍സള്‍ട്ടിംഗ് മുറിയിലേക്ക് മുന്നറിയിപ്പുകളില്ലാതെ അതിക്രമിച്ച് കടക്കാറുണ്ടെന്നും അറിയുന്നത് കൊണ്ടാവാം, ഞാന്‍ ഐ.സി.യുവിലേക്ക് ചെല്ലുമ്പോഴെല്ലാം ഞങ്ങള്‍ക്കിടയിലെ കരാറിനെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നത്.
തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്ന് നല്‍കിയിരുന്ന ചികിത്സാ റിപ്പോര്‍ട്ടുകള്‍ ഒറ്റനോട്ടത്തില്‍ തന്നെ എന്നെ നിരാശപ്പെടുത്തി. വൈദ്യശാസ്ത്രത്തിന്‍െറ പരിമിതികളറിയാവുന്ന ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് ചിലപ്പോഴൊക്കെ ചില അത്ഭുതകരമായ ഉള്‍വിളികളുണ്ടാവാറുണ്ട്. അത്തരത്തിലൊരു ഉള്‍വിളി അക്ബറിനെ രോഗി എന്ന നിലയില്‍ ആദ്യം കണ്ടപ്പോള്‍തന്നെ എന്‍െറ മനസ്സിലൂടെ കടന്നുപോയി. എന്നാല്‍ രോഗത്തിന്‍െറ തീവ്രത മുഴുവന്‍ അറിഞ്ഞുകൊണ്ടുതന്നെ താനിതിനെയെല്ലാം അതിജീവിക്കും എന്നൊരു ആത്മവിശ്വാസം അദ്ദേഹത്തില്‍ കാണാനുണ്ടായിരുന്നു. ചിലപ്പോഴൊക്കൊ എല്ലാ പ്രവചനങ്ങളെയും റിപ്പോര്‍ട്ടുകളെയും അപ്രസക്തമാക്കി സര്‍വേശ്വരന്‍ ഇടപെടുന്ന എത്രയോ കേസുകള്‍ എന്‍െറ ഒൗദ്യോഗിക ജീവിതത്തിനിടെ ഞാന്‍ കണ്ടിട്ടുള്ളത് കൊണ്ടായിരിക്കാം...അത്തരത്തിലൊരു ഇടപെടലിനായി ഞാനും പ്രാര്‍ഥിച്ചു.

ആശുപത്രിയില്‍ നല്‍കാവുന്നതില്‍ മികച്ച ചികിത്സയും വ്യക്തിപരമായ പരിഗണനയും നല്‍കുമ്പോള്‍ തന്നെ പ്രതിഭാശാലിയായ ഒരു എഴുത്തുകാരന്‍െറ ജീവന്‍ രക്ഷിക്കാന്‍ നഗത്തിലെ മറ്റ് ഹോസ്പിറ്റലുകളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സഹായവും ഞാന്‍ തേടി. പുറത്തുള്ള പ്രശസ്തരായ ഡോക്ടര്‍മാര്‍ ആശുപത്രിയിലത്തെി അദ്ദേഹത്തെ പരിശോധിക്കുകയും ചികിത്സ നിശ്ചയിക്കുകയും ചെയ്തു.
റിപ്പോര്‍ട്ടുകളും എക്സറേയും മെയില്‍ ചെയ്ത് കൊടുത്ത് തിരുവനന്തപുരത്തുള്ള ഡോക്ടര്‍മാരുടെ ആഭിപ്രായവും തേടി. പക്ഷെ, ബുധനാഴ്ച പുലര്‍ച്ചെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.
സാഹിത്യോത്സവത്തിന്‍െറ സമയത്ത് വന്നശേഷം ഏറെക്കുറെ ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ഒരാഴ്ചമുമ്പ് വീണ്ടും പ്രശ്നങ്ങള്‍ തുടങ്ങിയപ്പോഴാണ് ആശുപത്രിയിലേക്ക്തന്നെ മടങ്ങിയത്തെിയത്. നില ഗുരുതരമാണെന്നറിഞ്ഞ് ഞാന്‍ പുലര്‍ച്ചെ തന്നെ  എത്തിയപ്പോഴേക്കും കഥകള്‍ ബാക്കിയാക്കി ആ എഴുത്തുകാരന്‍ യാത്രയായിരുന്നു. മൃതദേഹത്തിനരികെനിന്ന് ‘ഡോക്ടര്‍’ എന്നുവിളിച്ച് അക്ബറിന്‍െറ രണ്ടുപെണ്‍കുട്ടികള്‍ എന്‍െറ കൈളില്‍ പിടിച്ച് കരഞ്ഞപ്പോള്‍ ഞാനും തേങ്ങിപ്പോയി...
പ്രിയപ്പെട്ട അക്ബര്‍ ഞാന്‍ വാക്കുപാലിച്ചിരിക്കുന്നു... നേരം വെളുത്തപ്പോഴേക്കും എന്‍െറ ആശുപത്രിമുറ്റം എഴുത്തുകാരെക്കൊണ്ടും പത്രക്കാരെക്കൊണ്ടും ചാനലുകാരെക്കൊണ്ടും നിറഞ്ഞത് ഞാന്‍ ആരോടും പറഞ്ഞിട്ടല്ല... ഇനിയും ഒളിച്ചുവെക്കാനാവാത്ത ഒരു സത്യം ബാക്കിയാക്കി താങ്കള്‍ പോയതുകൊണ്ടാണ്. പിന്നെ രണ്ടാമത്തെ വാഗ്ദാനവും ഞാന്‍ പാലിച്ചിരിക്കുന്നു...നിര്‍ബന്ധത്തിന് വഴങ്ങി ഈ കുറിപ്പെഴുതുമ്പോഴും... വിട. സുഹൃത്തേ...വിട....

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.