ഈ മാലാഖമാര്‍ സമരത്തിലാണ്...

കഴിഞ്ഞ വിഷു ദിനത്തില്‍ കേരളം മുഴുവന്‍ ആഘോഷത്തിമിര്‍പ്പില്‍ അമര്‍ന്നപ്പോള്‍ ഇവിടെ ചിലര്‍ പട്ടിണിയിലായിരുന്നു. അന്യായത്തിന്‍റെയും അവഗണനയുടെയും ഭാരം വര്‍ത്തമാനത്തിനും ഭാവിക്കുംമേല്‍ കരിനിഴല്‍ വീഴ്ത്തിയ 200ലേറെ വരുന്ന നഴ്സുമാര്‍ ആയിരുന്നു അത്. രോഗപീഢകളില്‍ നമുക്ക് മുന്നില്‍ തൂവെള്ള വസ്ത്രവുമണിഞ്ഞ് ചിരിച്ചുകൊണ്ട് സാന്ത്വനമായി കടന്നുവരുന്ന അവരെ നമ്മള്‍ മാലാഖമാര്‍ എന്നു വിശേഷിപ്പിക്കും. എന്നാല്‍, രണ്ട് മാസത്തോളമായി ഈ മാലാഖമാര്‍ നടത്തിവരുന്ന നിരാഹാര സമരത്തിനു നേര്‍ക്ക് മുഖം തിരിച്ചു നില്‍ക്കുകയാണ് നമ്മള്‍.
കോഴിക്കോട് ജില്ലയിലെ അത്തോളി മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍കോളേജ് നഴ്സുമാര്‍ നടത്തിവരുന്ന സമരം 57 ദിവസം പിന്നിടുമ്പോഴും പൊതുസമൂഹം നിസ്സംഗരായി കാഴ്ചക്കാരുടെ റോളിലാണ്. ഇവര്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ടല്ല സമരം തുടങ്ങിയത്. ”ഞങ്ങള്‍ക്കിനിയും കീറിപ്പറിഞ്ഞ യൂണിഫോമുമായി ജോലിചെയ്യാന്‍ വയ്യ. ശമ്പളമായി കിട്ടുന്ന തുച്ഛമായ തുകയില്‍നിന്ന് യൂണിഫോമിനായി നീക്കിവെയ്ക്കാനുമില്ല. അതുകൊണ്ട് യൂണിഫോം അലവന്‍സോ യൂണിഫോമോ കിട്ടിയേ തീരൂ” - ഇതായിരുന്നു സമരമുഖത്തുള്ള നഴ്സുമാര്‍ ഉന്നയിച്ച ന്യായമായ ആവശ്യം. എന്നാല്‍, കഴിഞ്ഞ കുറെ കാലങ്ങളായി ആശുപത്രിയില്‍ നഴ്സുമാരും മാനേജ്മെന്‍റും തമ്മില്‍ നിലനില്‍ക്കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങളും അതിലെ അനീതിയും ഇവരെ സമരമുഖത്തേക്ക് ഗത്യന്തരമില്ലാതെ തള്ളിയിടുകയായിരുന്നു.

യൂണിഫോം ധരിക്കാത്തതിന്‍റെ പേരില്‍ മൂന്നു ജീവനക്കാരെ ആശുപത്രി സൂപ്രണ്ട് പുറത്താക്കിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് അന്വേഷിക്കാന്‍ ചെന്ന യു.എന്‍.എ യൂണിറ്റ് പ്രസിഡണ്ട് ശ്രീമേഷ് കുമാറും ആശുപത്രി സൂപ്രണ്ടും തമ്മില്‍ വാക്കേറ്റം നടന്നു. തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ എട്ടു വര്‍ഷമായി ജോലി ചെയ്തുവരുന്ന ശ്രീമേഷിനെതിരെ വധശ്രമത്തിന് കള്ളക്കേസ് കൊടുക്കുകയും സസ്പെന്‍റ് ചെയ്യുകയും ചെയ്തു. പിറ്റേദിവസം മുതല്‍ നൂറ്റി അന്‍പതോളം നഴ്സുമാര്‍ ആശുപത്രിക്ക് മുന്നില്‍ പന്തല്‍ കെട്ടി സമരം ആരംഭിച്ചു. യൂണിയന്‍ നേതാവായ ശ്രീമേഷിനെതിരെ നടപടിയെടുത്താല്‍ നഴ്സുമാരെല്ലാം പണിമുടക്കു സമരത്തിനിറങ്ങുമെന്നു മുന്നറിയിപ്പ് നല്‍കിയെങ്കിലും അതു വകവെക്കാതെ സസ്പെന്‍ഷന്‍ നടപ്പാക്കുകയായിരുന്നു. ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗങ്ങളിലെല്ലാം അവശ്യം നഴ്സുമാരെ നിലനിര്‍ത്തിക്കൊണ്ടാണ് അവര്‍ സമരം തുടങ്ങിയത്. അനീതിക്കിരയായ നഴ്സുമാരുടെ കുടുംബാംഗങ്ങളും വിഷുദിനത്തില്‍ ഉപവാസമനുഷ്ഠിച്ച് സമരക്കാര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍, സമരം എന്തുവിലകൊടുത്തും നേരിടുക തന്നെ ചെയ്യും എന്ന നിലപാടിലായിരുന്നു ആശുപത്രി മാനേജ്മെന്‍റ്.

തങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഡിമാന്‍ഡ് നോട്ടീസ് എം.എം.സിയിലെ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ 2015 നവംബര്‍ 14ന് മാനേജ്മെന്‍റിനും ജില്ലാ ലേബര്‍ ഓഫിസര്‍ക്കും നല്‍കിയിരുന്നു. തുടര്‍ന്ന് റീജ്യനല്‍ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ എല്ലാ ജീവനക്കാര്‍ക്കും 3,500 രൂപ ബോണസ്, 1,500 രൂപ യൂണിഫോം അലവന്‍സ് അല്ളെങ്കില്‍ രണ്ടു ജോഡി യൂണിഫോം, എല്ലാ മാസവും അഞ്ചാംതിയ്യതി ശമ്പളം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ മാനേജ്മെന്‍റ് രേഖാമൂലം അംഗീകരിക്കുകയുണ്ടായി. എന്നാല്‍, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കാന്‍ മാനേജ്മെന്‍്റ് തയ്യറായില്ല. ഈ ധാരണ മാനേജ്മെന്‍്റ് ലംഘിച്ചതിനെ തുടര്‍ന്നാണ് നഴ്സുമാര്‍ യൂണിഫോം ധരിക്കാതിരുന്നതെന്നും സസ്പെന്‍ഷന്‍ പിന്‍വലിക്കാതെ ഒരുവിധ ഒത്തു തീര്‍പ്പിനും ഇല്ളെന്നുമുള്ള ന്യായമായ വാദം ഉന്നയിച്ചതെന്നും സമരരംഗത്തുള്ളവര്‍ പറയുന്നു. കേവലം പതിനഞ്ച് ദിവസത്തെ സസ്പെന്‍ഷന്‍ അംഗീകരിക്കാനും നഴ്സുമാരുടെ പ്രധിനിധികളെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണ കമ്മീഷനുമായി സഹകരിക്കാനും ഒരു ഘട്ടത്തിലും നഴ്സുമാര്‍ തയ്യറായില്ളെന്നുമാണ് മാനേജ്മെന്‍റിന്‍റെ വാദം. കീറിയ യൂണിഫോം ഉപയോഗിക്കാനാവില്ളെന്നും പുതിയത് ലഭിക്കുന്നതുവരെ യൂണിഫോമില്ലാതെ ജോലി ചെയ്യാനും യൂണിയന്‍ മാനേജ്മെന്‍റിനെ അറിയിച്ചു. പ്രതിഷേധ സൂചകമായി യൂണിഫോം ധരിക്കാതെ ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി. ഇതോടെ പുതുതായി ചാര്‍ജെടുത്ത ആശുപത്രി സൂപ്രണ്ട് ജീവനക്കാരെ പുറത്താക്കി.

ജില്ലാ ലേബര്‍ ഓഫീസര്‍, സബ്കലക്ടര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ മുന്‍കൈ എടുത്തു പല ഘട്ടങ്ങളിലായി ചര്‍ച്ചകള്‍ നടന്നെങ്കിലും ആശുപത്രി അധികൃതരുടെ ദുര്‍വാശി മൂലം ഒന്നും ഫലം കണ്ടില്ല. അതിനിടെ നിരവധി സംഭവങ്ങളും സമരവുമായി ബന്ധപ്പെട്ടു അരങ്ങേറി. സമരക്കാരെ ഭീഷണിപ്പെടുത്തല്‍, നഴ്സുമാരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കല്‍, നഴ്സുമാര്‍ക്കെതിരെ ആശുപത്രിയിലെ മറ്റു ജീവനക്കാരുടെ പ്രധിഷേധ പ്രകടനം, ജോലിയില്‍ കയറിയതിനെ തുടര്‍ന്ന് സമരക്കാരുടെ അപകീര്‍ത്തിപ്പെടുത്തലില്‍ മനംനൊന്തു എന്ന് പറഞ്ഞ് പുരുഷ നഴ്സ് കൈഞ്ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്... ഏറ്റവും ഒടുവില്‍ രാത്രിയുടെ മറവില്‍ സമരപ്പന്തലില്‍ കല്ലും മെറ്റല്‍പൊടിയും അടിച്ച് സമരത്തെ പൊളിക്കാനുള്ള ശ്രമം.
 

സമരം രൂക്ഷമായതോടെ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രശ്നത്തില്‍ ഇടപെടുകയും ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. സാംസ്കാരിക രംഗത്തെ പല പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. സമര സഹായസമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തിലും ആശുപത്രി എം.ഡിയുടെ വീട്ടിലേക്കും പ്രകടനം നടത്തി. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പന്തലില്‍ എത്തി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ നടക്കുമ്പോഴും രാവും പകലും എന്നില്ലാതെ നഴ്സുമാര്‍ നടത്തുന്ന സമരം തീര്‍ക്കുന്നതില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും കാര്യമായ നടപടികള്‍ ഒന്നും ഇതുവരെ ഉണ്ടായില്ല. ചില രാഷ്ട്രീയ കക്ഷികള്‍ വിഷയത്തില്‍ ഒളിച്ചുകളി നടത്തുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഭരണതലത്തില്‍ സ്വാധീനമുള്ള സ്ഥാപനത്തിന് 150 മെഡിക്കല്‍ സീറ്റ് ലഭിച്ചിട്ടുണ്ട്. ഇതിനേക്കാള്‍ സൗകര്യവും സംവിധാനങ്ങളുമുള്ള വന്‍ സ്ഥാപനങ്ങള്‍ക്കുവരെ 100 സീറ്റ് തന്നെ ലഭ്യമാവുന്നില്ളെന്നിരിക്കെ ഇതെങ്ങനെ സാധ്യമായി എന്ന ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. ചികില്‍സാ സ്ഥാപനം എന്നതിനപ്പുറം വിദ്യാഭ്യാസ കച്ചവടസ്ഥാപനം എന്ന രീതിയിലാണ് ഈ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നതെന്ന അഭിപ്രായവും നാട്ടുകാര്‍ക്കുണ്ട്. എന്തു തന്നെയായാലും കേരളത്തിലെ വമ്പന്‍ മാനേജ്മെന്‍്റുകളെ മുട്ടുകുത്തിച്ച യു.എന്‍.എ ഈ സമരത്തിലും സമ്പൂര്‍ണ വിജയത്തിനപ്പുറമൊന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ, കാഴ്ചക്കാരുടെ റോളില്‍ നിന്നു മാറി ഈ പാവം തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുക എന്നതു തന്നെയാണ് പ്രധാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.