അത്ര സുഖകരമല്ല കാമ്പസിനകത്തെ വര്‍ത്തമാനങ്ങള്‍

കാമ്പസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കാമോ വേണ്ടയോ എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും ചാനലുകളിലും ദിവസങ്ങളായി അരങ്ങു തകര്‍ക്കുന്നു. തീര്‍ച്ചയായും അടിയന്തിര ചികില്‍സ വേണ്ട രോഗം തന്നെയാണ് ഇതുമായി ബന്ധപ്പെട്ടുയര്‍ന്നുവരുന്ന പ്രതിലോമകരമായ ചിന്തകളും മനോഭാവങ്ങളും. പക്ഷെ, ആ ചികില്‍സ വെറും തൊലിപ്പുറത്തു മാത്രമായി ഒതുങ്ങിപ്പോവാന്‍ പാടില്ല. പുരുഷാധികാര സദാചാരത്തിന്‍റെ ഏറ്റവും പുറമെ കാണുന്നതാണ് ഇരിപ്പിടത്തെ കുറിച്ച് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നതെങ്കില്‍ അതിനപ്പുറത്ത് തിളച്ചുമറിയുന്ന പലതും ഉണ്ട്. എന്നിട്ടും അവിടേക്ക് കാര്യമായി ആരും കടന്നുചെല്ലുന്നില്ല എന്നതാണ് വസ്തുത.

കേരളത്തിലെ കാമ്പസുകളില്‍ പഠിക്കുന്നവരില്‍ 70 ശതമാനവും പെണ്‍കുട്ടികള്‍ ആണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ മുന്നേറ്റത്തിലേക്കുള്ള ഇവിടുത്തെ പെണ്‍വിദ്യാഭ്യാസത്തിന്‍്റെ ചരിത്രം ചികഞ്ഞാല്‍, അതിന്‍റെ നാള്‍വഴിയില്‍ പോരാട്ടത്തിന്‍റെയും സമരവീര്യത്തിന്‍റേതുമായി പല അധ്യായങ്ങള്‍ തുറക്കപ്പെടും. മാറു മറക്കാന്‍ നേടിയെടുത്ത അവകാശം പോലെ തന്നെയായിരുന്നു അക്ഷരം നുകരാനും അറിവിന്‍റെ വെളിച്ചത്തിലേക്ക് കുതിക്കാനുമുള്ള അവളുടെ സാഹസവും. ആ നാള്‍വഴിയില്‍ പെണ്ണിനൊപ്പം നടന്ന എത്രയെത്ര മഹാരഥന്‍മാരെ നമുക്ക് കണാനാവും. എന്നാല്‍, പെണ്ണിന്‍റെ അക്ഷരദാഹത്തെ കെടുത്തിക്കളയുന്ന, ആ വഴികളിലേക്കുള്ള അവളുടെ കുതിപ്പിനെ ഇല്ലാതാക്കുന്ന  സംഗതികള്‍ അറിവിന്‍റെയും സംസ്കാരത്തിന്‍റെയും കളരിയെന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന കാമ്പസുകളില്‍ അരങ്ങുവാഴുന്ന കാര്യം നമ്മളിലെത്ര പേര്‍ക്കറിയാം.?

ആ കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് കാമ്പസുകളിലെ ലിംഗനീതിയെ കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്വേഷണ റിപോര്‍ട്ട്. ഡോക്ടര്‍ മീനാക്ഷി ഗോപിനാഥ് അധ്യക്ഷയും എം.ജി സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ഷീന ഷുക്കൂര്‍ കണ്‍വീനറുമായ സമിതിയാണ് പഠനം നടത്തിയത്. സമിതിയുടെ ഞെട്ടിപ്പിക്കുന്നതും അതീവ ഗൗരവമേറിയതുമായ കണ്ടത്തെലുകള്‍ നമ്മുടെ കാമ്പസുകളില്‍ സ്ത്രീവിരുദ്ധത എത്ര ആഴത്തില്‍ വേരോടിയിരിക്കുന്നു എന്നതിന്‍റെ പച്ചയായ സാക്ഷ്യമായി മാറുന്നു. ഗൈഡുമാരില്‍ നിന്ന് വനിതാ ഗവേഷകമാര്‍ക്ക് ലൈംഗിക പീഡനം അടക്കം നേരിടേണ്ടി വരുന്നുവെന്നും കേളജുകളില്‍ പെണ്‍കുട്ടികളുടെ മുറിയില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് അതിലെ രംഗങ്ങള്‍ കണ്ട് ആസ്വദിക്കുന്നുവെന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ അതിലുണ്ട്. ഈ റിപോര്‍ട്ട് വന്ന് മാസം പിന്നിട്ടിട്ടും കാര്യമായ ചര്‍ച്ചകളോ പ്രതികരണങ്ങളോ ആരും ഏറ്റു പിടിച്ചതായി കണ്ടില്ല. കാരണം കയ്യാലപ്പുറത്തിരുന്ന് വെറുംവര്‍ത്തമാനങ്ങള്‍ പറയുന്നതുപോലെയല്ല, ഈ കടും യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ തൊടേണ്ടിവരുന്നത്.

ഇന്‍റേണല്‍ മാര്‍ക്ക് എന്ന ആയുധം

പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളും മിടുക്ക് കാണിക്കുന്ന, സ്വന്തമായി അഭിപ്രായം പറയുന്ന പെണ്‍കുട്ടികള്‍ സൂക്ഷിക്കണം. കാരണം അവര്‍ക്കുമേല്‍ ഡെമോക്ളസിന്‍റെ വാള്‍ പോലെ ഇന്‍േറണല്‍ മാര്‍ക്ക് എന്ന ആയുധം തൂങ്ങിക്കിടപ്പുണ്ട്. കാമ്പസുകളില്‍ തുറന്ന് പെരുമാറാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിഴ ചുമത്തിയും കുറഞ്ഞ ഇന്‍റേണല്‍ മാര്‍ക്ക് നല്‍കിയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. പെണ്‍കുട്ടി എപ്പോഴെങ്കിലും ക്ളാസില്‍ നേരം വൈകിയെങ്കില്‍ അതുപോലും അവളുടെ ഇന്‍റേണല്‍ മാര്‍ക്കില്‍ പ്രതിഫലിക്കും. അതേസമയം, ആണ്‍കുട്ടികള്‍ എത്ര ഉഴപ്പിയാലും പ്രശ്നമില്ല. ഇത്തരം സംഭവങ്ങള്‍ കൂടുതലും നടക്കുന്നത് സ്വകാര്യ കോളജുകളില്‍ ആണെന്നും ഈ റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്‍റേണല്‍ മാര്‍ക്കിന്‍റെ മറവില്‍ പല സ്ഥാപനങ്ങളിലും പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക-മാനസിക-ശാരീരിക പീഡനങ്ങള്‍ ഉണ്ടാവുന്നതായി അന്വേഷണത്തില്‍ കണ്ടത്തെിയെന്ന് സമിതിയിലെ അംഗവും ഇതു സംബന്ധിച്ച് വിവിധ കോളജുകളില്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്ത പൊന്നാനി എം.ഇ.എസ് കോളജ് അസി. പ്രൊഫസര്‍ വി.യു അമീറ പറയുന്നു
‘‘ഇരട്ട വിവേചനമാണ് പെണ്‍കുട്ടികള്‍ക്ക് കാമ്പസുകളില്‍ നേരിടേണ്ടി വരുന്നത്. ഗൈഡിനെ പ്രീതിപ്പെടുത്തി നിന്നില്ലെങ്കില്‍ പണി കിട്ടുന്ന അവസ്ഥ. കാമ്പസിലെ ആണ്‍കുട്ടികളും അധ്യാപകരും സദാചാര പൊലീസ് ചമയുന്നു. ഇതിനു പുറമെയാണ് കാമ്പസുകളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. എല്ലാവര്‍ക്കും ഒരേ പോലെ കുതിര കയാന്‍ കിട്ടുന്നവരാണ് പെണ്‍കുട്ടികള്‍. മാത്രമല്ല, പെണ്‍കുട്ടികളെ പോലെ തന്നെ അധ്യാപകരെയും ഭയപ്പെടുത്തുന്ന കാര്യമാണ് ഇന്‍റേണല്‍ മാര്‍ക്ക്. ഒരു നല്ല വിദ്യാര്‍ഥിക്ക് ന്യായമായ മാര്‍ക്കിടാന്‍ അധ്യാപകര്‍ക്കും പേടിയാണ്. അത് മറ്റു പലരെയും തൃപ്തിപ്പെടുത്തിയിട്ടും അവരുടെ താല്‍പര്യത്തിനും വിധേയമായിരിക്കണം.’’

കാമ്പസുകളും ഹോസ്റ്റലുകളും നരകങ്ങള്‍

പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് റൂം അല്ലെങ്കില്‍ ക്ളാസ് റൂം. പൊതു ഇടങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് തുറന്നു കൊടുക്കുമ്പോള്‍ പെണ്‍കുട്ടികളെ തളച്ചിടുന്നു.  ഇനി ഇവിടങ്ങളില്‍ നടക്കുന്നതെന്താണണെന്നറിയുമോ?
ഗേള്‍സ് റൂമില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് അധ്യാപകര്‍ അതുവഴിയുള്ള ദൃശ്യങ്ങള്‍ ആസ്വദിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ കാരണം വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്ന നിരവധി വിദ്യാര്‍ഥിനികള്‍ ഉണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.

പെണ്‍കുട്ടികള്‍ക്ക് സാധാരണ ആറുമണി വരെയാണ് ഹോസ്റ്റല്‍ സമയം. എന്നാല്‍, മൂന്നരക്കുള്ളില്‍ അവര്‍ ഹോസ്റ്റലിനകത്തു കയറി അടച്ചിട്ടിരിക്കാന്‍ മിക്കയിടങ്ങളിലും നിര്‍ബന്ധിക്കപ്പെടുന്നു. അനവധി നിരവധി അരുതുകള്‍ക്കിടയില്‍ ശ്വാസം മുട്ടിവേണം ഇവര്‍ക്കിവിടെ കഴിയാന്‍. മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. തൊട്ടടുത്തുള്ള മുറിയിലേക്ക് പോവാന്‍ പാടില്ല. അങ്ങനെ പോയാല്‍ ലെസ്ബിയന്‍സ് ആണെന്ന് ചാപ്പയടിക്കും. രാത്രി എട്ടു മണിക്ക് ശേഷം ജനല്‍ തുറന്നിടാന്‍ പാടില്ല. എന്തിന് ഒന്നു മൂളിപ്പാട്ടു പാടാന്‍ പോലും പാടില്ല. കോളജ് കാമ്പസിലെ കാന്‍റീനില്‍ കയറി ഭക്ഷണം കഴിക്കാന്‍ പാടില്ല. സത്യത്തില്‍ ഇവര്‍ക്ക് തടവറ തന്നെ ഹോസ്റ്റലുകള്‍. പെണ്‍കുട്ടികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കേണ്ടതിന് പകരം അവരെ കെട്ടിവരിഞ്ഞിടുന്നു.

ഒരു കോളജില്‍ ചെന്നപ്പോള്‍ അവിടെയുള്ള പെണ്‍കുട്ടികള്‍ ഒരു അപേക്ഷ അമീറ ടീച്ചറുടെ മുന്നില്‍ വെച്ചു. ഞങ്ങളുടെ കോളജിനു മുന്നില്‍ ഇട്ടിരിക്കുന്ന ആ ബെഞ്ചില്‍ ഒരിക്കലെങ്കിലും ഇരിക്കാനുള്ള പെര്‍മിഷന്‍ ടീച്ചര്‍ വാങ്ങിത്തരണം എന്നായിരുന്നുവെത്ര അത്. എത്രമേല്‍ പതിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായാണ് ഈ പെണ്‍കുട്ടികള്‍ അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലത്തിലൂടെ കടന്നുപോവുന്നതെന്ന് ഓര്‍ത്തു നോക്കൂ.

ചില കാമ്പസുകളില്‍ പെണ്‍കുട്ടികള്‍ക്ക് ചില സ്ഥലങ്ങളിലേക്ക് പോവുന്നതിന് വിലക്കുണ്ട്. കാരണം, അവിടെ ലഹരി ഉപയോഗിക്കുന്ന ആണ്‍കുട്ടികള്‍ ഇരിക്കുന്ന ഇടമാണത്രെ! പെണ്‍കുട്ടികളെ തടയുന്നതിനുള്ള ജാഗ്രത ലഹരി ഉപയോഗിക്കുന്നതില്‍ നിന്ന് ആണ്‍കുട്ടികളെ തടയുന്ന കാര്യത്തിലില്ലാത്ത പോയ യുക്തിയെ കുറിച്ച് ചോദിക്കരുത്.

ഒരു സ്ഥാപനത്തില്‍ പണ്‍കുട്ടികള്‍ക്ക് പ്രത്യേകം സ്റ്റെയര്‍കേസ് ഉണ്ട്. മറ്റൊരിടത്ത് ആണ്‍കുട്ടികള്‍ കയറിപ്പോയി പത്തു മിനിട്ട് കഴിഞ്ഞു മാത്രമേ പെണ്‍കുട്ടികള്‍ക്ക് പോവാനാവൂ. ചിലയിടങ്ങളില്‍ ക്ളാസ് റൂമുകളില്‍ കര്‍ട്ടന്‍ ഇട്ടിട്ടാണ് പഠിപ്പിക്കുന്നത്!!

കോളജുകളില്‍ നടക്കുന്ന ആഘോഷങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതാണ്. ഒരു കോളജില്‍ ആണ്‍കുട്ടികള്‍ക്ക് ഹോളി ആഘോഷിക്കാന്‍ അവസരം നല്‍കിയപ്പോള്‍ പെണ്‍കുട്ടികളെ മൊത്തം ക്ളാസ് റൂമുകളില്‍ പൂട്ടിയിട്ടുവത്രെ!!

പെണ്‍കുട്ടികള്‍ മാത്രമല്ല, വനിതാ അധ്യാപകരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് മിക്കയിടങ്ങളിലും ജോലി ചെയ്യുന്നത്.  ഒരു വനിതാ അധ്യാപിക കൂടുതല്‍ ആക്ടീവ് ആയാല്‍ അവരെ ഒതുക്കാന്‍ ഉപയോഗിക്കുന്ന വടി സദാചാരത്തിന്‍േറതാണ്. ‘അവള്‍ പോക്കാണെന്ന’ ഒറ്റ വാചകത്തില്‍ അവരെ തളയ്ക്കുന്നു. സമര്‍ത്ഥകളായ പെണ്‍കുട്ടികളെയും അധ്യാപകരെയും ഒതുക്കുന്നതിന് സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നു. ഫേസ്ബുക്കിലുടെയും മറ്റും വ്യക്തിഹത്യകള്‍ നടത്തുന്നു. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയാല്‍ അത് ഗൗനിക്കാത്ത അവസ്ഥയുള്ളതിനാല്‍ എതിരാളികള്‍ക്ക് എല്ലാം കൈപിടിയില്‍. പല കാമ്പസുകളിലും നടക്കുന്ന ആത്മഹത്യകള്‍ക്കു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ ചികഞ്ഞാല്‍ ഈ പറഞ്ഞവയൊന്നും അവഗണിക്കാതിരിക്കാനാവില്ല എന്നതാണ് വസ്തുത.

 


പാഡുകള്‍ മാറ്റുന്നത് ക്ളാസ്റൂമില്‍ വെച്ച് !!
50 ാം വാര്‍ഷികാഘോഷത്തിന്‍്റെ നിറവില്‍ എത്തി നില്‍ക്കുന്ന കേളജുകളില്‍ പോലും ഭൂരിപക്ഷം വരുന്ന പെണ്‍കുട്ടികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യങ്ങള്‍ ഇല്ലെന്നുള്ള ഒരൊറ്റ കാരണം മതി പ്രശ്നം അത്ര ലഘുവല്ലെന്ന് മനസ്സിലാക്കാന്‍. ആയിരം പെണ്‍കുട്ടികള്‍ വരെ പഠിക്കുന്ന കാമ്പസുകളില്‍പോലും  ഉപയോഗയോഗ്യമായ ഒന്നോ രണ്ടോ മൂത്രപ്പുരകള്‍ മാത്രമാണ് ഉള്ളത്. അതും വൃത്തിഹീനമായവ.  മിക്കയിടങ്ങളിലും അഞ്ചോ പത്തോ മിനിട്ടു നേരത്തേക്ക് മാത്രമാണ് ഇന്‍റർവെല്‍ ടൈം.

ആര്‍ത്തവ സമയത്ത് പാഡ് മാറ്റാന്‍ പോലും സൗകര്യമില്ല എന്നതാണ് പൊള്ളുന്ന നേര്. പലരും ക്ലാസ്റൂമില്‍ വെച്ചാണ് അത് മാറുന്നത്. സഹപാഠികളെ ചുറ്റിലും മതിലുപോലെ നിര്‍ത്തി അങ്ങനെ ചെയ്യേണ്ടിവരുന്നവരുടെ ഗതികെട്ട അവസ്ഥ  കസേരകളില്‍ കാറ്റും കൊണ്ടിരിക്കുന്നവര്‍ക്ക് എങ്ങനെ മനസ്സിലാവാന്‍.  ഉപയോഗിച്ച് രക്തം കലര്‍ന്ന പാഡ് കളയാന്‍ ഉള്ള സൗകര്യമില്ലാത്തതിനാല്‍ അത് അവര്‍ പൊതിഞ്ഞ് വീട്ടില്‍ കൊണ്ട്പോവുന്നു. എത്രമേല്‍ അപമാനിതരായിട്ടും പെണ്ണെന്ന നിലയില്‍ സ്വയം പഴിച്ചിട്ടുമായിരിക്കും ഈ കുട്ടികള്‍ അങ്ങനെ ചെയ്യുന്നത്? നാളെ ഇവര്‍ എങ്ങനെ ആത്മവിശ്വാസമുള്ളവരും പ്രശ്നങ്ങളെ അഭിമീഖരിക്കുന്നവരും ആയി മാറും. വിദ്യാഭ്യാസം അതിനൊക്കെ കൂടിയുള്ളതാണന്നല്ലേ പറയുന്നത്.

എന്തിനീ വനിതാ സെല്ലുകള്‍?

പെണ്‍കുട്ടികള്‍ക്കു നേര്‍ക്കുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിലവില്‍ പലയിടങ്ങളിലും വനിതാ സെല്ല് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, അങ്ങനെയൊരു കാര്യം ആ കോളജുകളിലെ പെണ്‍കുട്ടികള്‍ക്ക് പോലും അറിയുകയില്ല. മാത്രമല്ല, രാഷ്ട്രീയ സംഘടനകള്‍ക്കാണ് അതിലും അപ്രമാദിത്വം. മിക്കയിടത്തും അധികൃതര്‍ക്ക് താല്‍പര്യമുള്ളവരെ മാത്രമെ സെല്ലില്‍ നിയമിക്കുകയുള്ളൂ. പെണ്‍കുട്ടികള്‍ കൊടുക്കുന്ന പരാതികള്‍ സീനിയര്‍ അധ്യാപകര്‍ ഇടപെട്ട് പിന്‍വലിപ്പിക്കുന്ന സംഭവങ്ങളും നിരവധി. പല കോളജുകള്‍ക്കും യൂണിവേഴ്സിറ്റിയില്‍ നിന്ന് സെല്ലിന്‍റെ പ്രവര്‍ത്തനത്തിന് ഫണ്ട് ലഭിക്കുന്നുണ്ട്. എന്നാല്‍, അത് നല്ല രീതിയില്‍ ഉപയോഗിക്കാന്‍ അവര്‍ക്കറിയില്ല. അല്ലെങ്കില്‍ താല്‍പര്യമില്ല. എങ്ങനെ നല്ല വീട്ടമ്മയാകാം എന്നതാണ് പെണ്‍കുട്ടികള്‍ക്ക് അവിടെ നിന്ന് കിട്ടുന്ന പരിശീലനം. കുക്കറി- മെഹന്തി ഫെസ്റ്റിവലുകള്‍ ആണ് ഇവര്‍ നടത്തുന്നത്. അതുമല്ലെങ്കില്‍ ഒരു ‘വുമണ്‍സ് ഡേ സെലിബ്രേഷ’നോടുകൂടി വനിതാ സെല്ലിന്‍്റെ പ്രവര്‍ത്തനം അവസാനിക്കുന്നു.
കേരളത്തിലെ കാമ്പസുകളില്‍ എഴുപതു ശതമാനവും പെണ്‍കുട്ടികള്‍ ആണ് എന്ന യാഥാര്‍ഥ്യം മുന്നില്‍ നില്‍ക്കെ നമ്മള്‍ പെണ്‍സൗഹൃദ കാമ്പസുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നതാണ് രസകരം. യഥാര്‍ത്ഥത്തില്‍ വേണ്ടത് പെണ്‍ നേതൃത്വ കാമ്പസുകള്‍ ആണ്.  അതിന് പ്രായോഗികമായ മാറ്റങ്ങളാണ് വേണ്ടത്.


സമിതിയുടെ ശിപാര്‍ശകള്‍
കാമ്പസുകളില്‍ നടക്കുന്ന ലൈംഗിക അതിക്രമം സംബന്ധിച്ച് നിശ്ചിത സമയങ്ങളില്‍ റിപ്പോര്‍ട്ട് വാങ്ങി സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സര്‍വകലാശാലയകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വനിതകളുടെ സംരക്ഷണം ഉറപ്പു വരുത്തണം. കാമ്പസുകളില്‍ ആണ്‍ -പെണ്‍ വേര്‍തിരിവ് സൃഷ്ടിക്കുന്ന നടപടികള്‍ നിരുല്‍സാഹപ്പെടുത്തണം. ഇന്‍റേണല്‍ മാര്‍ക്കിന്‍െറ പേരില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന പീഡനം തടയാന്‍ നടപടികള്‍ വേണം. ഇന്‍റേണല്‍ മാര്‍ക്ക് പരിശോധിക്കാന്‍ മോണിറ്ററിംഗ് സമിതി വേണം. സൈബര്‍ ക്രൈമുകള്‍ തടയാനായിട്ടുള്ള നിയമം ശിപാര്‍ശ ചെയ്യണം. ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികളുടെ നേര്‍ക്കുള്ള വിവേചനം അവസാനിപ്പിക്കണം. വനിതാ സെല്ലിന്‍റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ മോണിറ്ററിങ് സെല്‍ രൂപീകരിക്കണം. നാക് അക്രഡിറ്റേഷന് വനിതാ സെല്ലിന്‍റെ കൂടി പ്രവര്‍ത്തനം പരിശോധിക്കണം. ഹോസ്റ്റുകളിലെ അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കണം. തുടങ്ങിയ ശിപാര്‍ശകള്‍ ഇവര്‍ മുന്നോട്ടു വെക്കുന്നു.
പ്രൊഫ:അമീറക്കു പുറമെ, എ.ഡി.ജി.പി ആര്‍ ശ്രീലേഖ,വനിതാ കമ്മീഷന്‍ അംഗം കെ.സി റോസക്കുട്ടി,കാലടി സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ.കെ.എം ഷീബ,കുസാറ്റ് ഡയറക്ടര്‍ ഡോ. മീരാ ഭായി,ടി.പാര്‍വതി തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളാണ്.

റിപോര്‍ട്ട് ഇപ്പോള്‍ സര്‍ക്കാറിന്‍റെ കയ്യിലാണ്. തീര്‍ച്ചയായും ഇനി വേണ്ടത് ഈ ശിപാര്‍കള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സമ്മര്‍ദം ചെലുത്തുക എന്നതാണ്. എല്ലാ ചര്‍ച്ചകളും അതിലേക്കുള്ളതാവട്ടെ. അല്ലാത്തപക്ഷം സദാചാരത്തിന്‍െറ വാളുകളുമായി കലാലയങ്ങള്‍ക്കകത്തും പുറത്തും നില്‍ക്കുന്നവരുടെ മുന്നില്‍ അടിയറവു പറഞ്ഞ് നമ്മുടെ പെണ്‍കുട്ടികള്‍ വീടിന്‍റെ ചുവരുകള്‍ക്കകത്ത് ശ്വാസം മുട്ടുന്ന പഴയ കാലത്തിലേക്ക് അധികം സഞ്ചരിക്കേണ്ടിവരില്ല.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.