എന്നവസാനിക്കും, ഈ അറുകൊലകൾ​?




കൊലക്കത്തികൾ മുൻനിർത്തി നമ്മുടെ നാട്ടിലെ മുഖ്യധാര പാർട്ടികൾ നടത്തിക്കൊണ്ടിരിക്കുന്ന സവിശേഷ 'രാഷ്​ട്രീയസംവാദ'ത്തെക്കുറിച്ച്​ ഇവിടെ ആശങ്ക പങ്കുവെച്ചിട്ട് അധികദിവസമായിട്ടില്ല. ഇടുക്കി പൈനാവിലെ എൻജിനീയറിങ് കോളജിൽ ധീരജ് എന്ന എസ്.എഫ്.ഐ പ്രവർത്തകൻ കൊല്ലപ്പെട്ട പശ്ചാത്തലമാണ് 'ചോര വീണ കാമ്പസ്' എന്ന തലക്കെട്ടിൽ അങ്ങനെയൊരു കുറിപ്പെ​ഴുതാൻ​ പ്രേരണയായത്. ദാരുണമായ ആ സംഭവത്തിന്റെ 41ാം നാൾ മറ്റൊരു ഇടതുപക്ഷ പ്രവർത്തകൻകൂടി കൊല്ലപ്പെട്ടിരിക്കുന്നു. കണ്ണൂർ ജില്ലയിലെ തലശ്ശേരി പുന്നോലിൽ സി.പി.എം പ്രവർത്തകനും മത്സ്യബന്ധനത്തൊഴിലാളിയുമായ ഹരിദാസാണ് തിങ്കളാഴ്ച പുലർച്ചെ വീട്ടുകാരുടെ മുന്നിൽ​ അറുകൊലക്കിരയായത്. ധീരജിനെ കുത്തിവീഴ്ത്തിയത് കാമ്പസിന് പുറത്തുനിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്നുവെങ്കിൽ, ഹരിദാസിനെ ആഞ്ഞുവെട്ടിയത് ആർ.എസ്.എസുകാരാണ്.

ഈ രണ്ട് സംഭവങ്ങൾക്കുമിടയിൽ മറ്റൊരു രാഷ്ട്രീയ കൊലപാതകംകൂടി കേരളത്തിൽ അരങ്ങേറി: എറണാകുളം കിഴക്കമ്പലത്ത് ട്വന്റി20 പ്രവർത്തകൻ ദീപുവാണ് ഈ സംഭവത്തിലെ ഇര; പ്രതിസ്ഥാനത്തുള്ളത് പ്രദേശത്തെ സി.പി.എം പ്രവർത്തകരും. ചുരുക്കിപ്പറഞ്ഞാൽ, 45 ദിവസത്തിനിടെ മൂന്ന് ജീവനുകളാണ് രാഷ്ട്രീയസംഘർഷത്തിൽ പൊലിഞ്ഞിരിക്കുന്നത്. മൂന്ന് വ്യത്യസ്ത സന്ദർഭങ്ങളും പശ്ചാത്തലവുമൊക്കെയാണ് ഈ അഭിശപ്തസംഭവങ്ങൾക്കെങ്കിലും ആത്യന്തികമായി നാം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയസംസ്കാരത്തിന്‍റെ ദിശയറിയാൻ ഇതൊക്കെ ധാരാളമാണ്.

തലേദിവസം കാവിലെ ഉത്സവത്തിനിടെയുണ്ടായ ബി.ജെ.പി-സി.പി.എം സംഘർഷമാണ് ഹരിദാസിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. വാസ്തവത്തിൽ, ഉത്സവപ്പറമ്പിൽ ഉണ്ടായി എന്ന് പറയപ്പെടുന്ന സംഘർഷം താരതമ്യേന നിസ്സാരമായ ഒന്നായിരുന്നു; അവിടെത്തന്നെ അവസാനിക്കേണ്ടിയിരുന്ന വാക് തർക്കങ്ങൾക്കപ്പുറം ആ സംഭവത്തിന് എന്തെങ്കിലും രാഷ്ട്രീയമാനമുണ്ടായിരുന്നില്ല. എന്നാൽ, അതിന് രാഷ്ട്രീയപരിവേഷം നൽകുകയും പിന്നീട് വെല്ലുവിളി സ്വരത്തിൽ പ്രദേശത്ത് ബി.ജെ.പി പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തതോടെയാണ് കാര്യങ്ങൾ വഴിമാറുന്നത്.

ബി.ജെ.പി നേതാവിന്റെ കൊലവിളി പ്രസംഗംകൂടി പുറത്തുവന്നതോടെ രംഗം തീർത്തും വഷളായി. ഇതിന്റെ തുടർച്ചയിലാണ്, കടലുമായി ഒരു പകൽ മുഴുവൻ മല്ലിട്ട് അവശനായി വീട്ടിലെത്തിയ ഹരിദാസിനെ സംഘ്പരിവാറുകാർ വെട്ടിനുറുക്കിയത്. തികച്ചും പ്രാദേശികമായൊരു സംഭവം എന്ന നിലയിൽ ബി.ജെ.പി നേതൃത്വം ഇതിനെ നോക്കിക്കാണുമ്പോൾ, ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്നാണ് സി.പി.എം നേതാക്കൾ ആരോപിക്കുന്നത്. സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ഈ ആരോപണങ്ങളെ മുഖവിലക്കെടുക്കേണ്ടതുണ്ട്. സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിച്ച് കൊലക്കത്തിക്ക് മൂർച്ചകൂട്ടിയുള്ള രാഷ്ട്രീയപരീക്ഷണങ്ങളുടെ ഉത്തരേന്ത്യൻ മാതൃക കുറച്ചുകാലങ്ങളായി കേരളത്തിലും സംഘ്പരിവാർ കാ​ര്യമായി പയറ്റുന്നുണ്ട്.

ഏതാനും ആഴ്ചകൾക്കുമുമ്പ്, കെ.ടി. ജയകൃഷ്ണൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ ബി.ജെ.പി നടത്തിയ കൊലവിളി റാലി ആരും മറന്നുകാണില്ല. ജയകൃഷ്ണൻ മാസ്റ്റർ വധത്തിൽ മുസ്‍ലിംകൾക്ക് ഒരു പങ്കുമില്ലാതിരിക്കെ, 'അഞ്ചുനേരം നിസ്കരിക്കാൻ പള്ളികളൊന്നും കാണില്ല/ബാങ്കുവിളിയും കേൾക്കില്ല' തുടങ്ങി അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളുടെ ലക്ഷ്യമെന്തായിരിക്കുമെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. ഡിസംബർ ആദ്യവാരം, പത്തനംതിട്ടയിലെ സി.പി.എം ലോക്കൽ സെക്രട്ടറി പി.ബി. സന്ദീപിനെ കൊലചെയ്തതിനു പിന്നിലും എടുത്തുപറയത്തക്ക കാരണമില്ല; സംഘർഷങ്ങൾക്ക് അരങ്ങുതീർക്കുകയല്ലാതെ. കൊലപാതക രാഷ്ട്രീയത്തെ അപലപിക്കുന്നതോടൊപ്പം, സംഘ്പരിവാറിന്റെ ഈ നീക്കത്തെ ജാഗ്രതയോടെത്തന്നെ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഏതാണ്ട് അഞ്ചു വർഷം മുമ്പ്, സംസ്ഥാനത്തെ രാഷ്ട്രീയസംഘർഷങ്ങൾ ഇല്ലാതാക്കുന്നത് സംബന്ധിച്ച് നടന്ന ചില ചർച്ചകൾ ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. 2017 ജൂലൈ അവസാന വാരം, തലസ്ഥാന നഗരിയിലടക്കം വ്യാപകമായി സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയും തിരുവനന്തപുരത്ത് ആർ.എസ്.എസുകാരൻ കൊല്ലപ്പെടുകയും ചെയ്തതിനെ തുടർന്നായിരുന്നു ഗവർണർ പി. സദാശിവം മുൻകൈയെടുത്ത് സർവകക്ഷിയോഗം വിളിച്ചത്. ഇതിന്റെ ഭാഗമായി, സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നേതാക്കൾ പ്രത്യേകം സമാധാന ചർച്ചകൾ നടത്തുകയും ചെയ്തു. സമാന്തരമായി, യോഗാചാര്യനും സംഘ്പരിവാർ സഹയാത്രികനുമായ ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ആർ.എസ്.എസ്-സി.പി.എം രഹസ്യചർച്ച നടന്നുവെന്നും അതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സംബന്ധിച്ചുവെന്നുമുള്ള വെളിപ്പെടുത്തലുകളുമുണ്ടായി.

അതെന്തായാലും, ആ ചർച്ചകളൊക്കെയും വിഫലമായെന്നാണ് പിൽക്കാല സംഭവവികാസങ്ങളത്രയും തെളിയിക്കുന്നത്. കഴിഞ്ഞ അഞ്ചര വർഷത്തിനിടെ, 22 സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 16ലും പ്രതിസ്ഥാനത്തുള്ളത് ബി.ജെ.പി-ആർ.എസ്.എസുകാരാണെന്നത് യാദൃച്ഛികമല്ല. പിണറായി സർക്കാർ അധികാരമേറ്റശേഷം സംസ്ഥാനത്ത് 50 രാഷ്ട്രീയകൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്ന ആഭ്യന്തരവകുപ്പിന്റെ കണക്കും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. കൊല്ലപ്പെട്ടവരുടെയും കൊലപാതകികളുടെയും കൂട്ടത്തിൽ ഏതാണ്ടെല്ലാ പാർട്ടിക്കാരുമുണ്ട്. കൂട്ടത്തിൽ, ഏറ്റവും ആൾനാശമുണ്ടായിട്ടുള്ളത് സി.പി.എമ്മിനാണ്​; പ്രതിസ്ഥാനത്തുള്ളത് സംഘ്പരിവാറും.

കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാൻ സർവകക്ഷി ചർച്ചകളും സമാധാനയോഗങ്ങളും 'രഹസ്യ ഡീലു'കളുമൊക്കെ അരങ്ങുതകർക്കുമ്പോഴും താഴെത്തട്ടിൽ അതൊന്നും ഒരു അനുരണനവും സൃഷ്ടിക്കുന്നില്ലെന്നാണ് എല്ലാ കൊലക്കത്തി പ്രയോഗങ്ങളും അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നത്. ഓരോ കൊലപാതകത്തിനുശേഷവും ചട്ടപ്പടി അനുശോചന യോഗവും സമാധാനശ്രമങ്ങളും നടക്കുന്നു​വെന്നല്ലാതെ സർഗാത്മക രാഷ്ട്രീയത്തിന്‍റേതായ ഒരു പ്രശ്നപരിഹാരത്തിന് ആരും കാര്യമായ താൽപര്യമെടുക്കുന്നില്ല. 

മറുവശത്ത്, ഓരോ സംഭവവും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരങ്ങളായി തുറന്നുവരുകയും ചെയ്യുന്നു. അതുകൊണ്ടാണ് നിശ്ചിത ഇടവേളകളിൽ ഇതാവർത്തിച്ചുകൊണ്ടിരിക്കുന്നത്. നാം അനുവർത്തിക്കുന്ന രാഷ്ട്രീയ സംവാദശീലം അക്രമത്തിന്റെ ഭാഷയിലാണെങ്കിൽ ചോരചിന്തലും തലകൊയ്യലും തുടർക്കഥയാകാൻതന്നെയാണ് സാധ്യത. ഈ നെറികേടിൽനിന്ന് ദൈവം നാടിനെ രക്ഷിക്കട്ടെ എന്നു പ്രാർഥിക്കാനേ കഴിയൂ.

Tags:    
News Summary - when will these murders end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.