1995 ലെയും 2013 ലെയും വഖഫ് നിയമങ്ങൾക്ക് പകരം നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം-2025 കഴിഞ്ഞ ഏപ്രിൽ നാലിന് പാർലമെന്‍റിൽ പാസാവുകയും രാഷ്‌ട്രപതി ദ്രൗപദി മുർമു അടുത്ത ദിവസം അംഗീകാരം നൽകുകയും ചെയ്‌തിരുന്നു. ഏറെ വിമർശിക്കപ്പെട്ട ആ നിയമഭേദഗതി റദ്ദുചെയ്യണമെന്നും തൽക്കാലം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് നൂറോളം ഹരജികളാണ് സുപ്രീംകോടതി മുമ്പാകെ എത്തിയത്. പ്രസ്തുത കേസിൽ ഈ മാസം 15 ന് സുപ്രീംകോടതിയുടെ ഇടക്കാലവിധി വന്നതോടെ ആശങ്കകൾക്ക് മുമ്പത്തേക്കാൾ കനം വർധിച്ചിരിക്കുകയാണ്. നിയമത്തിനെതിരായ ഹരജികളിലെ ചില ആവശ്യങ്ങൾ ഭാഗികമായോ പൂർണമായോ അനുവദിക്കുകയും മൊത്തത്തിൽ നിയമനിർമാണത്തെ അംഗീകരിക്കുകയുമാണ് കോടതി ചെയ്തത്.
വിശദമായി വിധി മനസ്സിലാക്കും മുമ്പേ വിധിയിൽ സന്തോഷം പ്രകടിപ്പിച്ച പല നേതാക്കളും പിന്നീട് നിലപാടിൽ കൃത്യത വരുത്തിയിട്ടുണ്ട്. ഏപ്രിലിൽ അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് പത്ത് ഹരജികൾ കേൾക്കുകയും നിയമത്തിൽ പ്രഥമദൃഷ്ട്യാ അസ്വീകാര്യമായ രണ്ടു കാര്യങ്ങൾ നടപ്പിലാക്കില്ല എന്നു സർക്കാർ പക്ഷത്തുനിന്ന് ഉറപ്പുവാങ്ങുകയും ചെയ്തതാണ്. ഒന്ന്, ഒരു വഖഫ് സ്വത്തും വഖഫ് അല്ലാതാവുന്ന ഉത്തരവ് തൽക്കാലം ഉണ്ടാവില്ല. രണ്ട്, ആക്ടിൽ പറയുന്നതനുസരിച്ച് അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്താനായി കേന്ദ്ര വഖഫ് കൗൺസിലിലോ സംസ്ഥാന വഖഫ് ബോർഡുകളിലോ പുതിയ അംഗങ്ങളെ ഉടൻ നിയമിക്കില്ല. തുടർന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയുടെ ശേഷിക്കുന്ന കാലാവധിയിൽ വിധി പറയാൻ കഴിയാത്തതിനാൽ പുതിയ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ചിന്റെ പരിഗണനക്കായി മാറ്റിവെക്കുകയായിരുന്നു. മേയ് മാസത്തിൽ വാദം കേട്ടശേഷം ഇപ്പോൾ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
നിയമത്തിന്‍റെ ഗുണദോഷ വിചിന്തനത്തിൽ രണ്ടു തത്ത്വങ്ങൾ പരമോന്നത കോടതി പരിഗണിച്ചതായി കരുതാം. ഒന്ന്, തെരഞ്ഞെടുക്കപ്പെട്ട നിയമനിർമാണ സഭ പാസാക്കിയ ഒരു നിയമം അടിസ്ഥാനപരമായി സാധുവായാണ് കണക്കാക്കേണ്ടത്. ഭരണഘടനാ ലംഘനമുണ്ടെങ്കിൽ മാത്രമേ അതിൽ ഇടപെടാനോ റദ്ദുചെയ്യാനോ കോടതി മുതിരാവൂ. രണ്ട്, ഒരു നിയമം എത്ര സദുദ്ദേശ്യത്തോടെ നിർമിച്ചതാണെങ്കിലും തന്നിഷ്ടപ്രകാരവും നിയമവിധേയമല്ലാതെയും സ്വത്തിന്മേലുള്ള പൗരരുടെ ഭരണഘടനാപരമായ അവകാശം ഹനിച്ചുകൂടാ. ഇതിൽ ആദ്യന്യായം ദീക്ഷിച്ചുകൊണ്ട് വഖഫ് സ്വത്തുക്കളിൽ അത് സർക്കാർ ഭൂമിയാണെന്ന പരാതി കിട്ടിയാൽ ഭരണനിർവഹണവിഭാഗത്തിന്‍റെ ഏകപക്ഷീയവും ചോദ്യം ചെയ്യാൻ പറ്റാത്തതുമായ തീരുമാനത്തിൽ എത്തുമെങ്കിൽ അത്തരം വകുപ്പ് കോടതി റദ്ദാക്കേണ്ടിവരും. പുതിയ നിയമഭേദഗതിയിൽ അത്തരം അവകാശ നിഷേധം ഉണ്ടെന്നാണ് കോടതി കണ്ടെത്തിയത്.
എന്നാൽ, ഇത്തരം ഒരു വകുപ്പ് നിയമത്തിൽ ചേർത്ത ഭരണകൂടത്തിന്, സദുദ്ദേശ്യത്തിൽ കോടതി ക്ലീൻ ചിറ്റ് നൽകിയത് അസാധാരണമായിരിക്കുന്നു. ഭരണകൂടത്തിന്റെ ഇടപെടലിലൂടെ എളുപ്പത്തിലും വേഗത്തിലും വഖഫ് അവകാശങ്ങൾ ഇല്ലാതാക്കുന്ന നടപടികളാണ് സർക്കാർ ഉൾപ്പെടുത്തിയത്. വഖഫ് പദവി മരവിപ്പിക്കുന്നതിനു മുമ്പ് സൂക്ഷിപ്പുകാരനായ ‘മുതവല്ലി’യെ അറിയിച്ച് അയാളെ കേൾക്കണമെന്ന് നിയമം പറയുന്നുമില്ല. ഭൂമി സർക്കാറിന്‍റേതാണോ അല്ലേ എന്നു പരിശോധിക്കാൻ സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കുകയും ആ റിപ്പോർട്ട് വരുന്നതുവരെ അത് വഖഫ് സ്വത്തായി പരിഗണിക്കാതിരിക്കുകയും ചെയ്യുമ്പോൾ സ്വാഭാവിക നീതിയാണ് ഇല്ലാതാവുന്നത്. ആ അന്വേഷണത്തിന് ന്യായമായ സമയപരിധി നിശ്ചയിച്ചിട്ടുമില്ല. ഉടമസ്ഥാവകാശം ആർക്കെന്ന് നിശ്ചയിക്കാനുള്ള അധികാരം ജില്ലാ കലക്ടറിൽ കുറയാത്ത പദവിയുള്ള ഉദ്യോഗസ്ഥനാണ്. തർക്കമുള്ള വിഷയത്തിൽ കക്ഷിയായ സർക്കാറിന്‍റെതന്നെ ഉദ്യോഗസ്ഥൻ തീർപ്പു കൽപിക്കുന്ന വകുപ്പ് ഭരണഘടന വിഭാവന ചെയ്യുന്ന അധികാര വിഭജനത്തിന് കടകവിരുദ്ധമാണെന്ന കാരണത്താൽ സ്റ്റേ ചെയ്തു എന്നതാണ് വിധിയിൽ ഹരജിക്കാരായ മുസ്‍ലിം പക്ഷത്തിന് ഏറെ ആശ്വാസകരമായ ഒരു ഭാഗം.
അതോടൊപ്പം കോടതി ഈ കേസിൽ പരിഗണിച്ചത് താൽക്കാലികമായി എന്തൊക്കെ സ്റ്റേ ചെയ്യണമെന്ന് മാത്രമാണെന്നും നിയമത്തിന്റെ മൊത്തം സാധുതയെക്കുറിച്ച് കക്ഷികൾക്ക് ഇനിയും കോടതിയെ സമീപിക്കാമെന്നുമാണ് ബെഞ്ച് പറഞ്ഞിരിക്കുന്നത്. അത്തരം ഒരു വിഷയമാണ് ‘ഉപയോഗത്തിലൂടെ വഖഫ്’ എന്ന തത്ത്വത്തിൽ നേരത്തേ രേഖകളില്ലാതെ വഖഫ് ചെയ്യപ്പെടുകയും ഉപയോഗത്തിലിരിക്കുകയും ചെയ്യുന്ന വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിരിക്കണമെന്ന നിയമം. പ്രസ്തുത നിയമം കോടതി ശരിവെച്ചിരിക്കുന്നു. നേരത്തേതന്നെ വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ നിർബന്ധമാണെന്നും എന്നാൽ ഉപയോഗം വഴി വഖഫായ സ്വത്തുക്കൾ നിയമം നിലവിൽവന്ന തീയതിക്കുള്ളിലോ പരമാവധി ആറു മാസത്തിനുള്ളിലോ രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ അവ സാധുവായ വഖഫ് സ്വത്തായി കണക്കാക്കണമെന്ന് കോടതി നിർദേശിക്കുന്നു. ഇനിയങ്ങോട്ട് ഒരു സ്വത്ത് വഖഫ് ആവണമെങ്കിൽ രജിസ്റ്റർ ചെയ്യണമെന്നും നിയമം അനുശാസിക്കുന്നു.
പ്രഥമ ദൃഷ്ട്യാ യുക്തിസഹവും നിർദോഷവുമെന്ന് തോന്നാവുന്ന ഈ വകുപ്പനുസരിച്ച് നിലവിൽ വഖഫായി നിലനിൽക്കുന്ന ഭീമമായ ശതമാനം സ്വത്തുക്കൾക്ക് ദുഷ്കരമായ ഒരു രജിസ്ട്രേഷൻ പ്രക്രിയ കടന്നുപോകേണ്ടിവരും. അവിടെ സർക്കാറിന്‍റെ ഉപകരണങ്ങളായ ഉദ്യോഗസ്ഥർക്കുള്ള വിശാലമായ വിവേചനാധികാരം ഏതുവിധമാണ് പ്രയോഗിക്കപ്പെടുക എന്നതിനെ ആശ്രയിച്ചിരിക്കും അവ വഖഫായി തുടരാനുള്ള സാധ്യതകൾ. കോടതിക്ക് ഭരണകൂടത്തിന്റെ രാഷ്ട്രീയം നോക്കി പ്രവചനമോ അഭിപ്രായ പ്രകടനമോ നടത്താൻ പറ്റില്ല. പക്ഷേ, ഫലത്തിൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലുള്ള ബി.ജെ.പി നയിക്കുന്ന സർക്കാറുകളിൽ നിന്ന് ഇത്തരം ഘട്ടങ്ങളിൽ എന്ത് മാത്രം നീതിയുക്തമായ സമീപനമാണ് പ്രതീക്ഷിക്കാൻ പറ്റുയെന്ന് വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും ഫലപ്രദമായ ഉപയോഗവും ലക്ഷ്യം വെക്കുന്ന സംഘടനകളും സ്ഥാപനങ്ങളും ആഴത്തിൽ ആലോചിക്കേണ്ടതാണ്. അതോടൊപ്പം നീതി ഉറപ്പുവരുത്തുന്ന നിയമപോരാട്ടം ഇനിയും നടക്കാനുണ്ട് എന്നതും തിരിച്ചറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.