എട്ടു വർഷത്തെ ബാക്കിപത്രം


പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് ജനാധിപത്യ മുന്നണി സർക്കാർ ഭരണത്തിന്റെ എട്ടുവർഷം പൂർത്തിയാക്കി; ഇനി രണ്ടുവർഷം മാത്രം അവശേഷിക്കെ ഒരു തിരിഞ്ഞുനോട്ടം പ്രസക്തമാണ്. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏപ്രിൽ 26ന് ലോക്സഭാംഗങ്ങളെ തിരഞ്ഞെടുത്തതോടൊപ്പം സംസ്ഥാന സർക്കാറിനെക്കുറിച്ച വിധിയെഴുത്തുകൂടി പരോക്ഷമായി നടത്തിക്കഴിഞ്ഞു. എങ്കിലും, അനുഭവിച്ചറിഞ്ഞതും അറിഞ്ഞുകൊണ്ടിരിക്കുന്നതുമായ യാഥാർഥ്യങ്ങളുടെ വെളിച്ചത്തിൽ സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിന് തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടതില്ല. 2016ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലെ ഐക്യജനാധിപത്യ മുന്നണി സർക്കാറിന് ഭരണത്തുടർച്ച ലഭിക്കാതെപോയത് കേവലം ഭരണപരാജയം കൊണ്ടല്ലെന്നത് സുവിദിതമാണ്.

ഒരു മുന്നണിക്കും അഞ്ചുവർഷത്തിലധികം അവസരം നൽകാതിരിക്കുക എന്ന കേരളത്തിന്റെ ഗതകാല കീഴ്വഴക്കത്തോടൊപ്പം സോളാർ വിവാദം പരമാവധി കൊഴുപ്പിച്ചെടുക്കാൻ ഇടതുമുന്നണിക്ക് സാധിച്ചതും യു.ഡി.എഫിന്റെ ഭരണനഷ്ടത്തിന് കാരണമാണ്. തുടർന്ന് അധികാരത്തിലേറിയ ഇടതു സർക്കാറിനെ മുഖ്യമായും തുണച്ചത് രണ്ട് മഹാപ്രളയത്തെ തുടർന്നുണ്ടായ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളും അന്നേവരെ കേട്ടുകേൾവിയില്ലാത്ത നിപ മഹാവ്യാധിയെ പിടിച്ചുകെട്ടുന്നതിൽ കൈവരിച്ച വിജയവും കിറ്റ് വിതരണത്തിലൂടെ നേടിയെടുത്ത ജനസമ്മതിയുമാണെന്ന് സാമാന്യമായി പറയാം. എല്ലാം ശരിയാകും എന്ന് കവലകൾതോറും എഴുതിവെച്ചവർക്ക് ചിലതൊക്കെ ശരിയാക്കാൻ കഴിഞ്ഞുവെന്ന് ജനം വിധിയെഴുതുകയായിരുന്നു. എട്ട് സംവത്സരങ്ങൾ പിന്നിടുമ്പോൾ പക്ഷേ, 99 നിയമസഭാംഗങ്ങളുടെ ഉറച്ച പിന്തുണയുണ്ടായിട്ടും പ്രത്യക്ഷത്തിൽ അസ്ഥിരതയുടെ ഭീഷണി ചക്രവാളത്തിൽ ദൃശ്യമല്ലാതിരുന്നിട്ടും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനോ അവരിൽ ശുഭാപ്തിവിശ്വാസം നിലനിർത്താനോ പിണറായി സർക്കാറിന് സാധിക്കുന്നുണ്ടോ? പുരോഗമനപരമെന്നും വികസനതൽപരരെന്നുമുള്ള പ്രതിഛായക്ക് മങ്ങലേൽക്കുന്നു​വോ?

‘കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ സമഗ്രവും സർവതല സ്പർശിയുമായ ജനകീയ വികസന മാതൃകയെ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ഈ കാലയളവിൽ സാധിച്ചു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറ്റിയും പുതിയ പദ്ധതികൾ ഏറ്റെടുത്തും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. സാമൂഹിക ക്ഷേമവും സാമ്പത്തിക വികസനവും ഒരേ പ്രാധാന്യത്തോടെ നടപ്പാക്കുന്ന നാടിനെ ദേശീയാംഗീകാരങ്ങൾ തേടിയെത്തി’എന്ന് ഫേസ് ബുക്കിൽ കുറിച്ച മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെ അടിസ്ഥാന മേഖലകൾ കൂടുതൽ കരുത്താർജിച്ചുവെന്ന് അവകാശപ്പെടുന്നു. ഇപ്രകാരം സത്യമോ അർധസത്യമോ ആയ പല അവകാശവാദങ്ങളും മുഖ്യമന്ത്രിയും പാർട്ടിയും പാർട്ടി മാധ്യമങ്ങളും ഉദ്ഘോഷിക്കുന്നുണ്ടെന്നത് നേര്. അതെല്ലാം അപ്പടി വാസ്തവവിരുദ്ധവും വ്യാജവുമാണെന്ന് നിഷ്പക്ഷ നിരീക്ഷകർ ചൂണ്ടിക്കാട്ടാനിടയില്ല. കേന്ദ്രം ഭരിക്കുന്ന തീവ്ര വലതുപക്ഷ സർക്കാർ തീർത്തും നിഷേധാത്മകവും അനുഭാവരഹിതവുമായ സമീപനമാണ് അവരുടെ കണ്ണിൽ കരടായ കേരളത്തിനുനേരെ സ്വീകരിക്കുന്നത് എന്ന് സമ്മതിക്കാതെയും വയ്യ. അതുകൊണ്ടുതന്നെ പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ ഭാഗമായി ഇടതുപാർട്ടികൾ സ്വീകരിക്കുന്ന നിലപാടുകൾ അഭിനന്ദനാർഹമാണുതാനും. കേരളത്തിൽ യു.ഡി.എഫാണ് മുഖ്യ രാഷ്ട്രീയ പ്രതിയോഗി എന്നതുകൊണ്ട് പ്രാദേശിക പോരാട്ടങ്ങളെ ഒരളവോളം ന്യായീകരിക്കാനും കഴിയും.

അതേസമയം, കേരളത്തിലെ മഹാ ഭൂരിപക്ഷം വരുന്ന ഇടത്തരക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളുടെയും പ്രയാസങ്ങളുടെയും നേരെ കണ്ണടച്ചുകൊണ്ട് ആർക്കായാലും മുന്നോട്ടു നീങ്ങാനാകില്ല. കേരളത്തിൽ തൊഴിലില്ലായ്മ ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്ന നഗ്നസത്യത്തെ എങ്ങനെ ലാഘവബുദ്ധിയോടെ കാണാനാകും. സർക്കാർ പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ സാമ്പത്തികാവലോകന റിപ്പോർട്ട് പ്രകാരം ദേശീയ തലത്തിലെ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമാണെങ്കിൽ കേരളത്തിൽ ഏഴു ശതമാനമാണ്. സംസ്ഥാനത്ത് തൊഴിൽരഹിതരിലധികവും അഭ്യസ്ഥവിദ്യരാണുതാനും. എൻജിനീയർമാരും സാ​ങ്കേതിക വിദഗ്ധരും വരെ അവരിലുണ്ട്. കേരളത്തിന്റെ പുറത്തേക്കും പുറം രാജ്യങ്ങളിലേക്കും നമ്മുടെ കൗമാരപ്രായക്കാർ ഉപരിപഠനത്തിന് മാർഗമന്വേഷിച്ചുപോകുന്നതിന് ഒരു പ്രധാന കാരണം സംസ്ഥാനത്തെ സർവകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിലവാരത്തകർച്ചയോടൊപ്പം തൊഴിൽസാധ്യതയുടെ അഭാവം കൂടിയാണെന്നത് അനിഷേധ്യമാണ്.

നിലവാരത്തകർച്ചയാകട്ടെ ഡി​ഗ്രി, പി.ജി, ഗവേഷണ പഠനരംഗങ്ങളിൽ മാത്രമല്ല പ്രൈമറി-സെക്കൻഡറി വിദ്യാഭ്യാസരംഗത്തും കടുത്ത വെല്ലുവിളിയായിത്തീർന്നിരിക്കുന്നു. അപ്പോഴും പ്ലസ്ടു ക്ലാസുകളിൽ കുട്ടികളെ കുത്തിനിറച്ച് ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന പതിവ് ആവർത്തിക്കുകയും ചെയ്യുന്നു. സാമ്പത്തികരംഗമാകെ ചൂഴ്ന്നുനിൽക്കുന്ന തട്ടിപ്പും ക്രമക്കേടുകളും ചൂഷണവും അഴിമതിയുമാണ് ഇടതുസർക്കാറിന്റെ പ്രതിച്ഛായ തകർത്തുകൊണ്ടിരിക്കുന്ന മറ്റു പ്രവണതകൾ. കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളിലെ തിരിമറികൾ മുഖ്യ ഭരണകക്ഷിക്ക് നേടിക്കൊടുത്ത അവമതിപ്പിനെക്കുറിച്ച് ഏറെ പറയേണ്ടതില്ലല്ലോ. മുഖ്യമന്ത്രി നേരിട്ട് കൈകാര്യംചെയ്യുന്ന പൊലീസാണ് അനുദിനം ശാപമേറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു വകുപ്പ്. അത് ഉടച്ചുവാർക്കാനോ അഴിച്ചുപണിയാനോ അദ്ദേഹത്തിനാകുന്നില്ല. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ വ്യാപനമാകട്ടെ, സർക്കാറിന്റെ ധാർമിക മനസ്സാക്ഷിയെത്തന്നെ ചോദ്യംചെയ്യുന്നവിധം വളരുന്നു. ക്ഷേമപദ്ധതികൾ മിക്കതും കിതക്കുന്നു, തളരുന്നു. ഇത്യാദി ജീവൽപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാൻ അവശേഷിച്ച രണ്ടു വർഷക്കാലത്ത് പിണറായിക്കും സഹപ്രവർത്തകർക്കും സാധിക്കുമെങ്കിൽ മാത്രമേ ഭരണത്തുടർച്ചയിൽ അഭിമാനിക്കാനാകൂ.

Tags:    
News Summary - Second Pinarayi government is in its fourth year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.