ഐക്യകേരളത്തിലെ ആദ്യസർക്കാറിനെ താഴെയിറക്കാനായി നടത്തിയ വിമോചന സമരത്തിൽ, പ്രതിപക്ഷത്തോടൊപ്പം അണിനിരന്ന സവർണ ജാതിവാദികൾ ഉയർത്തിയ അധിക്ഷേപ മുദ്രാവാക്യങ്ങൾ കുപ്രസിദ്ധമാണ്. ഇ.എം.എസ് മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും കേരളത്തിൽ ഭൂപരിഷ്കരണ നിയമത്തിന് വിത്തുപാകുകയും ചെയ്ത കെ.ആർ. ഗൗരിയമ്മയാണ് അതിനിരയായവരിലൊരാൾ. ‘ഗൗരിച്ചോത്തി പെണ്ണല്ലേ/പുല്ലു പറിക്കാൻ പൊയ്ക്കൂടെ’ എന്നാണ് വിമോചന സമരക്കാർ അന്ന് വിളിച്ചുനടന്നത്.
ജന്മിത്വത്തിൽനിന്നും രാജവാഴ്ചയിൽനിന്നും ഒരുനാട് ജനാധിപത്യത്തിലേക്ക് കാലെടുത്തുവെച്ചപ്പോൾ അതുവരെ പ്രമാണിവർഗമായി തുടർന്നവർക്കുണ്ടായ അസഹിഷ്ണുതയായിരുന്നു ആ വാക്കുകളിൽ. സമൂഹത്തിൽ അരികുവത്കരിക്കപ്പെട്ട സ്ത്രീകളുടെയും ദലിതരുടെയും പ്രതിനിധികൾ അധികാരസ്ഥാനങ്ങളിലേക്ക് എത്തിയതിന്റെ മുറുമുറുപ്പും അതിൽ വായിക്കാം. ആറര പതിറ്റാണ്ടിനിപ്പുറവും അതേ അസഹിഷ്ണുതയുടെ അടിസ്ഥാന പ്രത്യയശാസ്ത്രത്തെ അധികാരവർഗം പുൽകിയിരിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമീപദിവസങ്ങളിൽ നിയമസഭക്കകത്തും പുറത്തും ഉത്തരവാദപ്പെട്ട നേതാക്കൾ നടത്തിയ രാഷ്ട്രീയ പ്രസ്താവനകളും പ്രഭാഷണങ്ങളുമെല്ലാം കേൾക്കുമ്പോൾ ആ സംശയം കൂടുതൽ ബലപ്പെടുകയാണ്.
ദിവസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഒരു സാമാജികനെ പരോക്ഷമായി പരാമർശിച്ച് നടത്തിയ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തി. കഴിഞ്ഞദിവസം സമാപിച്ച, 15ാം നിയമസഭയുടെ 14ാം സമ്മേളനം പൊതുവിൽ സംഘർഷഭരിതമായിരുന്നു. കേരളത്തിന്റെ ആരോഗ്യ, ആഭ്യന്തര വകുപ്പുകളെക്കുറിച്ചുള്ള ശക്തമായ സംവാദത്തിന് ഈ സഭാകാലം സാക്ഷിയായി. ശബരിമലയിലെ സ്വർണപ്പാളി വിവാദംകൂടി സഭയിലെത്തിയതോടെ സംവാദത്തിന്റെ തലത്തിൽനിന്ന് അത് സംഘർഷസമാന സാഹചര്യത്തിലേക്ക് വഴിമാറി. പലപ്പോഴും പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ നിലയുറപ്പിച്ചപ്പോൾ ചോദ്യോത്തരവേളപോലും ഇല്ലാതായി. ഇതിനിടയിലാണ് പ്രതിപക്ഷാംഗങ്ങളിൽ ചിലർ വാച്ച് ആൻഡ് വാർഡുമായി ഉന്തുംതള്ളുമുണ്ടായത്. ഈ സംഭവങ്ങൾ പരാമർശിക്കവെയാണ് മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. ‘എട്ടുമുക്കാലട്ടി വെച്ചപോലെ’ എന്ന് പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഭരണകക്ഷിയുടെ പ്രതിനിധികൾ അതിനെ കൈയടിച്ച് പിന്തുണക്കുന്നതിനും നിയമസഭ സാക്ഷിയായി. തൊട്ടടുത്തദിവസം, ഭരണപക്ഷത്തുനിന്നുതന്നെ വീണ്ടും അധിക്ഷേപ പരാമർശങ്ങളുണ്ടായി. പ്രതിപക്ഷ സമീപനത്തിനെതിരെ പി.പി.ചിത്തരഞ്ജനും എം. രാജഗോപാലുമെല്ലാം നടത്തിയ പ്രസംഗങ്ങൾ, രാഷ്ട്രീയ വിമർശനങ്ങൾക്കപ്പുറം ഭിന്നശേഷിക്കാരെയും മറ്റും അധിക്ഷേപിക്കുംവിധം ഉപമകളോടെയായിരുന്നുവെന്നത് കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതക്ക് നാണക്കേടായി. മുഖ്യമന്ത്രിയുടെ വാക്കുകളെ മന്ത്രിമാർ അടക്കമുള്ളവർ ന്യായീകരിക്കുന്ന ദൗർഭാഗ്യകരമായ സ്ഥിതിവിശേഷവുമുണ്ടായി. ഏറ്റവുമൊടുവിൽ, മുഖ്യമന്ത്രിതന്നെ തന്റെ ഭാഗം ന്യായീകരിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി എന്നേ പറയേണ്ടു: താൻ അംഗത്തിന്റെ പേര് പരാമർശിച്ചില്ലെന്നും തന്റെ പ്രസ്താവന ഉയരക്കുറവിനെയല്ല, ആരോഗ്യമില്ലായ്മയെപ്പറ്റിയായിരുന്നുവെന്നുമാണ് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞത്. രണ്ടാണെങ്കിലും ആ പ്രസ്താവന അധിക്ഷേപകരമാണ്. രാഷ്ട്രീയ സംവാദങ്ങളിലൂടെ പഴുതടച്ച നിയമനിർമാണം നടത്തേണ്ട ചർച്ചാവേദികളിലാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾതന്നെ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നത് നമ്മുടെ പ്രബുദ്ധ രാഷ്ട്രീയത്തിന്റെ നിറം കെടുത്തുന്നുണ്ട്.
രാഷ്ട്രീയ സംവാദങ്ങളിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ അധിക്ഷേപം നേരിട്ടിട്ടുണ്ടാവുക ഇടതുപക്ഷ നേതാക്കളായിരിക്കും. പിണറായി വിജയൻ തന്നെയും സമീപകാലത്തുതന്നെ പലകുറി അതിന് ഇരയായിട്ടുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം, അദ്ദേഹത്തിനെതിരെയുണ്ടായ ‘ചെത്തുകാരന്റെ മകൻ’ പ്രയോഗം ആരും മറന്നുകാണില്ല. അങ്ങനെയൊരാളുടെ മകനായിപ്പിറന്നതിൽ അഭിമാനംകൊള്ളുന്നുവെന്ന് അതിനോട് രാഷ്ട്രീയമായി പ്രതികരിച്ച ഖ്യാതിയുള്ള നേതാവുകൂടിയാണ് പിണറായി വിജയൻ. ഇടതുപക്ഷത്തിന്റെ പൊതുവായ രാഷ്ട്രീയ സമീപനത്തിന്റെ തുടർച്ചയായിട്ടാണ് ആ പ്രതികരണത്തെ കാണേണ്ടത്. അതിരൂക്ഷമായ രാഷ്ട്രീയ വിമർശനങ്ങൾ ഉയർത്തുമ്പോഴും മത-ശരീര-ലിംഗാധിക്ഷേപങ്ങൾ ഒഴിവാക്കുന്നതാണ് പൊതുവിൽ കണ്ടുവരുന്നത്. എന്നാൽ, സമീപകാലത്ത് ഇതിൽനിന്ന് വ്യത്യസ്തമായൊരു രീതിയിലേക്ക് കേരളത്തിലെ ഭരണപക്ഷം നിപതിച്ചിരിക്കുന്നു. രാഷ്ട്രീയ വിമർശനങ്ങളെ മതത്തിന്റെയും ജാതിയുടേയുമെല്ലാം പിരിവുകൾ ചേർത്ത് തിരിച്ചധിക്ഷേപിക്കുന്ന സംഘ്പരിവാർ സമീപനത്തെ ചില സന്ദർഭങ്ങളിലെങ്കിലും ഇടതുപക്ഷം കടംകൊള്ളുന്നുവെന്നത് ഒട്ടും ശുഭകരമല്ല. സവർണ സംവരണ വിഷയത്തിൽ, ഭരണപക്ഷം പ്രതിരോധത്തിലായപ്പോഴാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകൾക്കെതിരെ ‘വർഗീയ ധ്രുവീകരണ’ ആരോപണവുമായി രംഗത്തെത്തിയത്. ‘പെമ്പിളൈ ഒരുമൈ’ സമരത്തിനെതിരെ എം.എം. മണി ഉയർത്തിയ അശ്ലീല കമന്റും നാക്കുപിഴയായിരുന്നില്ല. പുറത്ത് പുരോഗമനത്തിന്റെയും നവോത്ഥാനത്തിന്റെയും അവകാശവാദങ്ങളുന്നയിക്കുന്നവർ അകമേ അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളോട് തികഞ്ഞ യാഥാസ്ഥിതിക സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഈ പ്രസ്താവനകളെല്ലാം ഓർമിപ്പിക്കുന്നു. വിദ്വേഷത്തിന്റെയും അധിക്ഷേപത്തിന്റെയും ഇത്തരം വാക്കുകൾ സഭക്കകത്തും നിരന്തരമായി ഉയർന്നുകേൾക്കുന്നുവെന്നത് രാഷ്ട്രീയ കേരളം സഗൗരവം ചർച്ച ചെയ്യേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.