ലോകത്തിനാവശ്യം ഇസ്രായേൽ-യു.എസ് വിരുദ്ധ കൂട്ടായ്മ

ഒരുമാസം പിന്നിട്ട യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിന്റെ കെടുതികൾ വിരാമമില്ലാതെ തുടരുകയാണ്. ഇറാനിൽ ഭരണമാറ്റമുണ്ടാക്കിയും ആ രാജ്യത്തിന്റെ സൈനികശേഷി പെട്ടെന്ന് ഇല്ലാതാക്കിയും തങ്ങളുടെ ആധിപത്യ മോഹങ്ങൾ പ്രാവർത്തികമാക്കാമെന്ന് ആദ്യം കരുതിയ യു.എസ്-ഇസ്രായേൽ പക്ഷം ഇപ്പോൾ യുദ്ധത്തിന് എങ്ങനെയും അറുതിയുണ്ടാക്കാനുള്ള ​ശ്രമത്തിലാണത്രെ. ഇറാന്റെ നേതാക്കളിൽ പലരെയും വധിച്ചിട്ടും, അവിടത്തെ അടിസ്ഥാന സൗകര്യങ്ങൾ മുതൽ ആശുപത്രികളും സ്കൂളുകളും വരെ ആക്രമിച്ചിട്ടും ഇറാന്റെ പോർവീര്യം ക്ഷയിക്കുകയല്ല, വർധിച്ചുവരുന്നതായാണ് കാണുന്നത്.

അന്നാട്ടിനെ നശിപ്പിച്ച് ശിലായുഗത്തിലേക്കയക്കുമെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് ഭീഷണിമുഴക്കിയതിനു തൊട്ടുപിന്നാലെ അമേരിക്കയുടെ രണ്ട് പോർവിമാനങ്ങൾ ഇറാൻ വീഴ്ത്തി. മറ്റു ചില വിമാനങ്ങൾ ലക്ഷ്യം കാണുംമുമ്പ് മടങ്ങിപ്പോകേണ്ടിയുംവന്നു. ഇസ്രായേലി സേന തകർച്ചയുടെ വക്കിലാണെന്ന സൈനിക മേധാവി എയാൽ സമീറിന്റെ പരസ്യമായ മുന്നറിയിപ്പ് അവർക്കിടയിലെ പരിഭ്രാന്തി എത്ര ഗൗരവമുള്ളതാണെന്ന് കാണിക്കുന്നു. യു.എസിലെന്നപോലെ ഇസ്രായേലിലും സേനാംഗങ്ങളുടെ മരണവും പരിക്കും ഗണ്യമാണെന്ന സൂചനകളും പുറത്തുവന്നിരിക്കുന്നു. രണ്ടിടത്തും പുതിയ സൈനികരെ റിക്രൂട്ട് ചെയ്യാൻ പ്രയാസം നേരിടുന്നുണ്ടത്രെ. ഇതിനു പുറമെയാണ് സേനാ തലപ്പത്തെ അസ്വസ്ഥതകൾ. ഇപ്പോൾ നടക്കുന്നത് ഇസ്രായേലിനുവേണ്ടി അമേരിക്ക നടത്തുന്ന അനാവശ്യ യുദ്ധമാണെന്ന യു.എസ് മുൻ ഭീകരതാവിരുദ്ധ വിഭാഗം മേധാവി ജോ കെന്റിന്റെ തുറന്നുപറച്ചിലും, ഇറാനിൽ കരയുദ്ധത്തിന് യു.എസ് സൈനിക നേതൃത്വത്തിലുള്ളവർ വിസമ്മതിച്ചതായ റിപ്പോർട്ടുകളും ഇസ്രായേൽ-യു.എസ് പക്ഷത്തിന്റെ അവസ്ഥ വെളിവാക്കുന്നു. നാളുകൾ ചെല്ലുന്തോറും അവർ പരിക്ഷീണിതരും പരിഭ്രാന്തരുമാകുമ്പോൾതന്നെ ഇറാൻ ശക്തി പ്രകടിപ്പിച്ചുതുടങ്ങുന്നതായുള്ള സൂചനകളും കാണുന്നു.

പക്ഷേ, സ്വാർഥമോഹം ഊർജമാക്കിയ അൽപബുദ്ധിയായ ട്രംപിനെപ്പോലുള്ള ഒരു ഭരണാധിപൻ തോൽവിയുടെ ലാഞ്ഛനക്ക് മുമ്പിൽ എന്തുചെയ്യുമെന്നത് പ്രവചനാതീതവും ആശങ്കാജനകവുമാണ്. തടയാനാരുമില്ലെന്ന ധാർഷ്ട്യം മൂലം അന്ധനായ വിവരദോഷിയുടെ വിജയത്തെയെന്നപോലെ തോൽവിയെയും ഭയക്കണം. ഇറാന്റെ ഊർജകേന്ദ്രങ്ങൾ തരിപ്പണമാക്കുമെന്ന താക്കീത് ട്രംപ് ആവർത്തിക്കുന്നുണ്ട്. അങ്ങനെ വന്നാൽ പകരം ഗൾഫിലെ മറ്റു രാജ്യങ്ങളിലടക്കം അത്തരം ആക്രമണം ഉണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകുന്നു. അതിനിടക്ക്, ഇറാനിലെ ബൂഷഹർ ആണവനിലയത്തിനുനേരെ തുടർച്ചയായി മിസൈൽവരുന്നത് ചൂണ്ടിക്കാട്ടിയ ഇറാൻ, ആണവ വികിരണം തെഹ്റാനെക്കാൾ ഗൾഫ് നാടുകളിലാണ് പ്രശ്നമുണ്ടാക്കുകയെന്നും ഓർമപ്പെടുത്തുന്നു. യുദ്ധത്തിന് മുമ്പ് തുറന്നുകിടന്നിരുന്ന ഹുർമുസ് വീണ്ടും തുറന്നുകിട്ടലായിരുന്നു ട്രംപിന്റെ പുതിയ യുദ്ധലക്ഷ്യം. നിത്യസംഘർഷബിന്ദുവായി ഹുർമുസ് മാറുന്നതോടെ ആഗോളതലത്തിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ നിരവധിയാണ്. യുദ്ധം നിർത്താൻ ഇറാൻ ഉയർത്തുന്ന ആവശ്യങ്ങൾ അമിതമോ അന്യായമോ അല്ല. തങ്ങൾക്കെതിരായ ഉപരോധം നീക്കുക, സമാധാനാവശ്യങ്ങൾക്ക് ആണവോർജം ഉപയോഗപ്പെടുത്താൻ അനുവദിക്കുക, യുദ്ധനഷ്ടങ്ങൾക്ക് പരിഹാരം നൽകുക എന്നിവക്ക് പുറമെ, തങ്ങൾക്ക് ഭീഷണിയായി പശ്ചിമേഷ്യയിലുള്ള യു.എസ് സൈനികസാന്നിധ്യം പിൻവലിക്കുക, ഇനിയൊരാക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുക തുടങ്ങിയവയും അതിലുൾപ്പെടുന്നു.

യുദ്ധം മാന്യമായി അവസാനിപ്പിച്ച് ലോകത്തെ കൂടുതൽ വലിയ ദുരന്തങ്ങളിൽനിന്ന് മുക്തമാക്കാനുള്ള മാർഗം ആ ന്യായമായ ഉപാധികൾ അംഗീകരിക്കലാണ്. പക്ഷേ, അത് അംഗീകരിപ്പിക്കാൻ ആർക്ക് കഴിയുമെന്ന ചോദ്യം ബാക്കിനിൽക്കുന്നു. യു.എൻ ഇന്നൊരു കാലഹരണപ്പെട്ട വേദിയായിരിക്കുന്നു. ഐക്യരാഷ്ട്ര പൊതുസഭയും രക്ഷാസമിതിയും മനുഷ്യാവകാശ കൗൺസിലുമെല്ലാം ഇസ്രായേലിന്റെയും അതിനെ പിന്തുണക്കുന്ന യു.എസിന്റെയും അന്യായങ്ങൾ പലതവണ എടുത്തുപറഞ്ഞിട്ടുണ്ട്. ഒരു ഫലവുമുണ്ടായില്ല. ഫലസ്തീനുമായി ബന്ധപ്പെട്ട് ഡസൻ കണക്കിന് രക്ഷാസമിതി പ്രമേയങ്ങൾ ഇസ്രായേൽ ലംഘിച്ചുപോരുന്നുണ്ട് ഇപ്പോഴും. ആ സ്ഥിതിക്ക് പൊയ്‍വാക്കുകൾ ആവർത്തിക്കുന്നതിനപ്പുറം യു.എൻ വേദികൾക്ക് ചെയ്യാൻ കഴിയുന്നത് വളരെ തുച്ഛമാണ്. അതേസമയം ഐക്യരാഷ്​ട്രസഭക്കകത്തും പുറത്തും ഇസ്രായേൽ-യു.എസ് പക്ഷം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതൊരു യാഥാർഥ്യമാണ്. ഗൾഫ് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയോടുള്ള അമിത വിധേയത്വം അവസാനിപ്പിക്കാനുള്ള അവസരമായി ഇത് ഉപയോഗിക്കുമെങ്കിൽ അതൊരു നല്ല സംഭവവികാസമാകും. ഗൾഫ് രാജ്യങ്ങളെ പ്രത്യാക്രമണങ്ങൾക്ക് ലക്ഷ്യമാക്കുന്ന ഇറാനും ഇതൊരവസരമാക്കാവുന്നതാണ്. ഹുർമുസ് പ്രതിസന്ധിയുടെ മറവിൽ യുദ്ധം രൂക്ഷമാക്കി തങ്ങളുടെ പാപങ്ങൾക്ക് തുടർന്നും കവചം തീർക്കാനുള്ള ട്രംപ്-നെതന്യാഹു കൂട്ടുകെട്ടിനെതിരെ മറ്റുരാജ്യങ്ങൾ ഒന്നിക്കേണ്ടത് ലോകത്തിന്റെ മാത്രമല്ല ആ രാജ്യങ്ങളുടെതന്നെയും താൽപര്യമാണ്.

Tags:    
News Summary - The world needs an anti-Israel-US coalition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.