ഈ പഠനം ഉന്നംവെക്കുന്നത് ആരെയാണ്?
രാജ്യത്തെ ജനസംഖ്യാ വ്യതിയാനം പഠിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോയവർഷത്തെ സ്വാതന്ത്ര്യദിന പ്രഖ്യാപനം സാക്ഷാത്കരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ രൂപവത്കൃതമായ ഉന്നതതല സമിതി പണി തുടങ്ങിയിരിക്കുന്നു. ജനസംഖ്യാ വ്യതിയാനം രാജ്യത്തിന്റെ പരമാധികാരവുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമല്ലെന്നും ദേശസുരക്ഷ, ക്രമസമാധാനം, സാമൂഹിക ഘടനയിലെ മാറ്റങ്ങൾ, ഗോത്രസമൂഹങ്ങളുടെ സംരക്ഷണം എന്നിവയുമായിക്കൂടി ബന്ധപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി, അസാധാരണ ജനസംഖ്യാ മാറ്റങ്ങളുടെ പാറ്റേൺ പഠിച്ച് സമയബന്ധിതമായി പരിഹാരമാർഗം നിർദേശിക്കുക എന്ന ചുമതലയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ സമിതിയെ ഏൽപിച്ചിരിക്കുന്നത്. പഠനത്തിനായി വിശദ ചോദ്യാവലി തയാറാക്കി സംസ്ഥാനങ്ങളിൽനിന്ന് വിവരശേഖരണം നടത്തുമെന്ന് സമിതി അധ്യക്ഷൻ ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവ്ലേക്കർ മാസങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ചിരുന്നു. ആ ചോദ്യാവലി പുറത്തുവന്നതോടെ ഈ പഠനംകൊണ്ട് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്തെന്ന് വ്യക്തമായിരിക്കുകയാണ്.
കഴിഞ്ഞ 15 വർഷത്തെ ജനന-വാഹന രജിസ്ട്രേഷനുകൾ, സ്കൂൾ പ്രവേശനം, ഭൂമി ഇടപാടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ മതാടിസ്ഥാനത്തിൽ നൽകാനാണ് സമിതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുപുറമെ ആരാധനാലയങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കുകളും ആധാർ, വോട്ടർ ഐ.ഡി രജിസ്ട്രേഷനുകളിൽ ഉണ്ടായ അസ്വാഭാവിക വർധന സംബന്ധിച്ച വിവരങ്ങളും തേടിയിട്ടുണ്ട്. ഹിന്ദുക്കൾ, സിഖുകാർ, ക്രിസ്ത്യാനികൾ, മുസ്ലിംകൾ, പാർസികൾ, ബുദ്ധമതക്കാർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ തരംതിരിച്ചു നൽകാനാണ് നിർദേശം.
ഇത്തരമൊരു കണക്കെടുപ്പ് അപ്രായോഗികവും ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതക്കും പൗരാവകാശങ്ങൾക്കും വിരുദ്ധവുമാണ്. പട്ടികവർഗ വിഭാഗങ്ങൾക്കിടയിലെ മതപരിവർത്തനങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ, കമീഷൻ റിപ്പോർട്ടുകൾ, സംസ്ഥാനത്ത് പ്രവർത്തിക്കുന്ന തടങ്കൽപാളയങ്ങളുടെ വിവരങ്ങൾ എന്നിങ്ങനെ സമിതി ചോദിക്കുന്ന 35 ചോദ്യങ്ങളിൽ പലതിനും ഉത്തരം നൽകാൻ സംസ്ഥാനങ്ങൾക്കാവില്ല. നവജാത ശിശുക്കളുടെ രജിസ്ട്രേഷൻ വിവരങ്ങളും, പിടികൂടപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്ത രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കണക്കുകളും ഒഴികെ, മറ്റ് വിഭാഗങ്ങളിലൊന്നും മതാടിസ്ഥാനത്തിലുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ലതന്നെ.
മുൻകാല ജനനനിരക്കുകളുമായി പൊരുത്തപ്പെടാത്തവിധം അസാധാരണമായ സ്കൂൾ പ്രവേശന പ്രവണതകൾ കാണിക്കുന്ന ജില്ലകളുടെ വിശദാംശങ്ങളും, കഴിഞ്ഞ 15 വർഷത്തിനിടയിൽ നിർമിച്ച ആരാധനാലയങ്ങളുടെ വിവരങ്ങളും സമിതി ആവശ്യപ്പെടുന്നുണ്ട്. ജനനനിരക്കിലെ ഇടിവ്, വർധിച്ചുവരുന്ന ആയുർദൈർഘ്യം, വയോജനങ്ങളുടെ വർധന, തൊഴിൽ കുടിയേറ്റം, അതിവേഗ നഗരവത്കരണം തുടങ്ങിയ സ്വാഭാവിക ഘടകങ്ങളാണ് ജനസംഖ്യാപരമായ മാറ്റങ്ങൾക്ക് ആധാരമെന്നിരിക്കെ ഇത്തരം ചോദ്യങ്ങളുടെ യുക്തിയെന്താണ്?
രാജ്യത്ത് അസ്വാഭാവികമായ ജനസംഖ്യാ വ്യതിയാനമുണ്ടെന്ന് വർഷങ്ങളായി പ്രചരിപ്പിച്ചുവരികയാണ് സംഘ്പരിവാർ. തെരഞ്ഞെടുപ്പുകളടുക്കുമ്പോൾ ഓരോ സംസ്ഥാനങ്ങളിലും ഈ ആഖ്യാനം പടച്ചുവിട്ട്, ജനതയുടെ അവകാശങ്ങൾ ‘അപരർ’ അപഹരിക്കുന്നുവെന്ന വിദ്വേഷ പ്രചാരണത്തിലൂടെ ധ്രുവീകരണമുണ്ടാക്കാൻ ശ്രമിച്ചതിന്റെ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ദേശീയ പൗരത്വ രജിസ്റ്റർ, മണ്ഡല പുനർനിർണയം തുടങ്ങിയ ചർച്ചകൾ സജീവമായിരിക്കുന്ന പശ്ചാത്തലത്തിൽ ഈ നീക്കങ്ങൾ കൂടുതൽ ഗൗരവമർഹിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ ഡോ. മൻമോഹൻ സിങ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് സച്ചാർ സമിതി റിപ്പോർട്ടിനെതിരെ, അത് ഭിന്നിപ്പുണ്ടാക്കുമെന്നാരോപിച്ച് രംഗത്തുവന്ന പാർട്ടിയാണ് ബി.ജെ.പി. ജാതി സെൻസസ് എന്ന ആവശ്യത്തെ സെൻസസ് നടപടികൾ വൈകിപ്പിച്ച് അട്ടിമറിക്കാൻ ശ്രമിച്ച കേന്ദ്രം, ഒടുവിൽ അതിന് തയാറായെങ്കിലും സമഗ്രമല്ലാത്ത സമീപനമാണ് സ്വീകരിച്ചത്. 2011ൽ നടത്തിയ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസിന്റെ പൂർണ വിവരങ്ങൾ ഇന്നുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുമില്ല.
പുതിയ ജനസംഖ്യാപഠനം പലവിധ രാഷ്ട്രീയ ദുരൂഹതകൾക്ക് ഇടനൽകുന്നുണ്ട്. യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ഇത്തരം ലക്ഷ്യംതെറ്റിയ സമീപനങ്ങൾ വിട്ട്; പൗരാവകാശങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹികസുരക്ഷ എന്നിവ ഉറപ്പാക്കാനുതകുന്ന ജനപക്ഷ നയങ്ങൾ ഈ സർക്കാറിൽനിന്ന് രാജ്യത്തിന് ഇനിയെങ്കിലും പ്രതീക്ഷിക്കാനാകുമോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.