തെരഞ്ഞെടുപ്പ് പ്രക്രിയക്കുമേൽ അവിശ്വാസത്തിന്റെ ഇരുട്ട്
തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാറിന്റെ പൂർണനിയന്ത്രണം ചോദ്യം ചെയ്തും സ്വതന്ത്ര സംവിധാനം ആവശ്യപ്പെട്ടും വന്ന പൊതു താൽപര്യ ഹരജിയിൽ 2023 മാർച്ചിൽ ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അടിത്തറയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ചീഫ് ഇലക്ഷൻ കമീഷണർ സംവിധാനം സുതാര്യവും സ്വതന്ത്രവുമാകാൻ പുതിയ നിയമനിർമാണത്തിന് ഉത്തരവിട്ടു. അതുവരെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിക്ക് കമീഷണറെ നിശ്ചയിക്കാമെന്നും ഉത്തരവ് കൃത്യപ്പെടുത്തി. എന്നാൽ ഈ വിധിയുടെ അന്തസ്സത്തയെ പൂർണമായി നിരാകരിച്ചും പ്രതിപക്ഷത്തെ നോക്കുകുത്തിയാക്കിയും ചീഫ് ജസ്റ്റിസിനെ ഈ തെരഞ്ഞെടുപ്പ് സമിതിയിൽ നിന്ന് ഒഴിവാക്കി 2023 ഡിസംബറിൽ മോദി സർക്കാർ പാർലമെന്റിലെ ആൾബലത്തിൽ ഏകപക്ഷീയമായി നിയമം പാസാക്കിയെടുത്തു.
2024 ജനുവരിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തെരഞ്ഞെടുപ്പ് സമിതി അംഗമായി നിർദേശിക്കുകയും ചെയ്തു. ആ സമിതി നിശ്ചയിച്ച ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാണ് ഗ്യാനേഷ് കുമാർ. രാഷ്ട്രീയ യജമാനൻമാർക്കുവേണ്ടി അദ്ദേഹം നടത്തിയ വോട്ടുകൊള്ളയുടെയും കമീഷനകത്തു നടന്ന ജനാധിപത്യവിരുദ്ധതയുടെയും ബീഭത്സ മുഖമാണ് കഴിഞ്ഞ ദിവസം ‘ദ ഇന്ത്യൻ എക്സ്പ്രസ്’ ദിനപത്രം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ഈ ജനാധിപത്യ വിരുദ്ധ നിയമത്തെ ചോദ്യം ചെയ്തുള്ള ഹരജി 2024 ൽ തന്നെ സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചിരുന്നു. അതിലുള്ള വിധിവന്നത് ഈ സന്ദർഭത്തിലായത് യാദൃച്ഛികമാകാം. സർക്കാറിന്റെ വാദങ്ങളെ രൂക്ഷഭാഷയിൽ വിചാരണ ചെയ്യുന്ന ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ വിധിന്യായം ആ നിയമത്തിലെ പൊള്ളത്തരം പുറത്തുകൊണ്ടുവരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ എന്ന പരമോന്നത സ്ഥാപനം എല്ലാ വിശ്വാസ്യതയും സ്വയം തകർത്തതെങ്ങനെയെന്ന് അത് വെളിപ്പെടുത്തുന്നു. കമീഷൻ സ്വതന്ത്രമായി പ്രവർത്തിച്ചാൽ പോരാ; ജനങ്ങൾക്ക് കമീഷന്റെ സ്വയംഭരണാധികാരത്തിലും സുതാര്യതയിലും വിശ്വാസം വരികയും വേണം. ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രക്രിയക്കുമേൽ വീണിരിക്കുന്നത് സംശയത്തിന്റെ നിഴലല്ല, കടുത്ത അവിശ്വാസത്തിന്റെ ഇരുട്ടാണ്.
ദൗർഭാഗ്യവശാൽ ജസ്റ്റിസ് ദത്തയുടെ വിധിയെ ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ നിരസിക്കുകയും കേന്ദ്രസർക്കാർ വാദങ്ങളെ പിന്തുണക്കുകയും ചെയ്തത് വീണ്ടും ഭരണഘടന പ്രതിസന്ധിക്കും പ്രശ്ന പരിഹാരം അനിശ്ചിതമായി നീളാനും ഇടയാക്കിയിരിക്കുന്നു. ഇതേ സതീഷ് ചന്ദ്ര ശർമയാണ് ഗ്യാനേഷ് കുമാറിന്റെ മകളും ജില്ലാ മജിസട്രേറ്റുമായ മേധാ രൂപത്തിന്റെ തെറ്റായ വിധിക്കെതിരെ അലഹബാദ് ഹൈകോടതിയുടെ പിഴശിക്ഷ സ്റ്റേ ചെയ്തത്. ജനാധിപത്യം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് കാവൽക്കാരിൽ നിന്ന് തന്നെയാണ് എന്ന് വ്യക്തമാക്കുന്നു ഈ സംഭവങ്ങൾ. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി ആഭ്യന്തര തകർച്ചക്ക് വിധേയമാക്കുന്ന ഏകാധിപത്യ പ്രവണതകൾക്കാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
കമീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും ഗ്യാനേഷിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾ രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷനേതാക്കളുടെ വോട്ടു ചോരി, എസ്.ഐ.ആർ വഴിയുള്ള വോട്ടുനിഷേധ ആരോപണങ്ങളെ ശരിവെക്കുന്നു. ജനാധിപത്യത്തിന്റെ കാവൽസ്ഥാപനങ്ങൾ പൂർണമായി തകരുന്നുവെന്ന മുന്നറിയിപ്പാണ് പത്ത് മാസത്തിനിടെ അവരെഴുതിയ 14 വിയോജനക്കുറിപ്പുകൾ. ഫോം ആറിലെ നിയമവിരുദ്ധ മാറ്റങ്ങൾ അനധികൃതമാണെന്നും വോട്ടർമാരെ വെട്ടിമാറ്റാനും കൂട്ടിച്ചേർക്കാനും ഡേറ്റ ബാങ്ക് ഏകപക്ഷീയമായി കേന്ദ്രീകൃത നിയന്ത്രണത്തിലാക്കിയെന്നുമുള്ള വിമർശനങ്ങൾ അവഗണിക്കപ്പെട്ടത് ഗുരുതരവീഴ്ചയാണ്. അതിലൂടെ 13.8 കോടി പൗരർക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്നു.
ബംഗാളിലെയും മഹാരാഷ്ട്രയിലെയും ബീഹാറിലെയും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണത്തിന് കനംവെക്കുകയും ചെയ്യുന്നു. അതിലുപരി, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു ഫലം പോലും കൂടുതൽ സംശയാസ്പദമായിരിക്കുന്നു. ഭരണഘടനാ തത്ത്വങ്ങളെ തൃണവത്ഗണിച്ച് അധികാരത്തെ സ്വതാൽപര്യത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്ന ഈ അതീവ ഗുരുതര പ്രതിസന്ധിയെ ഇതര ഭരണഘടന സംവിധാനങ്ങളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പൗര പ്രസ്ഥാനങ്ങളും ജനങ്ങളും എങ്ങനെ അഭിമുഖീകരിക്കുകയും മറികടക്കുകയും ചെയ്യുന്നു എന്നതിനനുസരിച്ചായിരിക്കും രാജ്യത്തിന്റെ ജനാധിപത്യഭാവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.