പരീക്ഷാ തട്ടിപ്പുകളിൽ യഥാർഥത്തിൽ ശിക്ഷ അനുഭവിക്കുന്നത് ആരാണ്? സംശയമില്ല, വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്ന വിദ്യാർഥികളും അവരുടെ കുടുംബവും തന്നെ
ജൂൺ 21ന് നടക്കുന്ന നീറ്റ്-യു.ജി പുനഃപരീക്ഷക്കുള്ള തയാറെടുപ്പിന്റെ ഭാഗമായി ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ)യുടെ ആവശ്യപ്രകാരം പ്രധാന സമൂഹ മാധ്യമങ്ങളിലൊന്നായ ടെലഗ്രാമിന് രാജ്യത്ത് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പരീക്ഷാ നടത്തിപ്പിലെ തുടർച്ചയായ വീഴ്ചകളുടെ പേരിൽ കേന്ദ്ര സർക്കാർ പൊതുമധ്യത്തിൽ ശക്തമായ വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച വരെ ടെലഗ്രാമിന്റെ പ്രവർത്തനങ്ങളിലും ജൂൺ 30 വരെ എഡിറ്റിങ് സൗകര്യങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഐ.ടി മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്നത്. 23 ലക്ഷത്തോളം വിദ്യാർഥികൾ വീണ്ടും പരീക്ഷാ ഹാളുകളിലേക്ക് മടങ്ങുമ്പോൾ, വിശ്വാസ്യത തിരിച്ചുപിടിക്കാൻ ഈ നടപടി മതിയാകുമോ? സാധ്യമല്ലെന്ന് മാത്രമല്ല, കൂടുതൽ അപഹാസ്യവും വിദ്യാർഥി വിരുദ്ധവുമായ സമീപനമാണിതെന്ന് പ്രതിപക്ഷ പാർട്ടികളും ഇന്റർനെറ്റ് ഉപയോക്താക്കളും ഡിജിറ്റൽ അവകാശ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. സി.ബി.എസ്.ഇ മൂല്യനിർണയ സംവിധാനത്തിലെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന കൗമാരക്കാരനായ സാർഥക് സിദ്ധാന്ത് സർക്കാറിനെതിരെ ഉയർത്തിയ വിമർശനം ശ്രദ്ധേയമാണ്. “വ്യാജ വിവരങ്ങളുടെ പേരിൽ ഒരു ആശയവിനിമയ മാർഗം അടച്ചുകളയുന്നു. വാട്സ്ആപ്പിലും മറ്റ് പ്ലാറ്റ്ഫോമുകളിലും ഇത്തരം പ്രശ്നങ്ങളില്ലേ? വിയോജിപ്പിന്റെ ശബ്ദം ഉയരുന്ന എല്ലാ മാധ്യമങ്ങളും അടച്ചുപൂട്ടൂ. ആളുകൾ പരസ്പരം സംസാരിക്കുന്നതുതന്നെ വിലക്കൂ” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ കുറച്ചുകാലമായി നമ്മൾ കാണുന്ന തുടർച്ചയായ പരീക്ഷാ ചോർച്ചകളും ക്രമക്കേടുകളും ഏതെങ്കിലും വ്യക്തികളുടെ താൽക്കാലിക വീഴ്ചകളല്ല; മറിച്ച് ഇന്ത്യയിലെ പരീക്ഷാ നടത്തിപ്പ് സംവിധാനത്തിന്റെ ഘടനാപരമായ തകരാറിന്റെ തെളിവുകളാണ്. 2019 മുതൽ 19 സംസ്ഥാനങ്ങളിലായി ചുരുങ്ങിയത് 64 പ്രധാന പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ചകൾ ഉണ്ടായിട്ടുണ്ടെന്നും 1.4 കോടി പരീക്ഷാർഥികൾ ഇതിന്‍റെ കെടുതിക്കിരയായിട്ടുണ്ടെന്നും സ്വതന്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നു.
ഈ ഗുരുതര പരാജയങ്ങൾ സമ്മതിച്ച് പരിഹാരങ്ങൾ കണ്ടെത്തുന്നതിനുപകരം ഭരണകൂടം സ്വീകരിക്കുന്ന നടപടികൾ അപ്രായോഗികവും ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രങ്ങളുമായി മാറുകയാണ്. ചോർച്ചയുടെ ഉറവിടം ടെലഗ്രാമിലോ മറ്റേതെങ്കിലും സമൂഹ മാധ്യമങ്ങളിലോ അല്ല. മറിച്ച്, പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ വീഴ്ചകളിലോ ഭരണപരമായ പരാജയങ്ങളിലോ അഴിമതിയിലോ ആണ്. ഈ ആന്തരിക പഴുതുകൾ അടക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാർ, വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന സാങ്കേതിക മാധ്യമത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നത് സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടലാണ്. ലക്ഷക്കണക്കിന് വിദ്യാർഥികൾ പഠനാവശ്യങ്ങൾക്കായി ആശ്രയിക്കുന്ന ഒരു പ്ലാറ്റ്ഫോം നിയന്ത്രിക്കുന്നതിലൂടെ പരീക്ഷാ സുരക്ഷ ഉറപ്പാക്കിയെന്ന് വരുത്തിത്തീർക്കാനുള്ള ഉപരിപ്ലവമായ ശ്രമം മാത്രമാണ് ഇവിടെ നടക്കുന്നത്.
2015ൽ ഇന്ത്യയിലെ മെഡിക്കൽ, ഡെന്റൽ കോളജുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സംഘടിത തട്ടിപ്പിനെ തുടർന്ന് സുപ്രീംകോടതി റദ്ദാക്കിയെങ്കിലും കേസുകളുടെ വിചാരണ അനന്തമായി നീളുകയാണ്. 2018ൽ സി.ബി.എസ്.ഇ ഇക്കണോമിക്സ് ചോദ്യപേപ്പർ ചോർന്നു. രാജസ്ഥാനിലെ റീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നു. ബിഹാർ പബ്ലിക് സർവിസ് കമീഷൻ പരീക്ഷ റദ്ദാക്കപ്പെട്ടു. ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിൾ നിയമന പരീക്ഷാ പേപ്പർ ചോർച്ച 48 ലക്ഷത്തിലധികം ഉദ്യോഗാർഥികളെയാണ് ബാധിച്ചത്. 2024ലെയും 2026ലെയും നീറ്റ് പരീക്ഷാ ചോർച്ചയിൽ ലക്ഷക്കണക്കിന് കുട്ടികൾ മാനസിക വ്യഥകളിലകപ്പെടുകയും അതിൽ ചിലർ ആത്മഹത്യയിലേക്ക് നയിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ഓരോ സംഭവത്തിനുശേഷവും അറസ്റ്റുകൾ നടന്നു. കുറ്റപത്രങ്ങൾ സമർപ്പിക്കപ്പെട്ടു. അന്വേഷണ ഏജൻസികൾ വാർത്തസമ്മേളനങ്ങൾ നടത്തി. എന്നാൽ, കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ലഭിച്ചുവെന്ന വാർത്ത പൊതുസമൂഹം അപൂർവമായേ കേൾക്കുന്നുള്ളൂ. ഒരുദാഹരണം പറയാം. രാജ്യത്തെ ഏറ്റവും വലിയ പരീക്ഷാ തട്ടിപ്പുകളിലൊന്നായ മധ്യപ്രദേശിലെ വ്യാപം അഴിമതി പുറത്തുവന്നതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട നാൽപതോളം പേരാണ് ദുരൂഹമരണങ്ങൾക്കിരയായത്. പരീക്ഷാ തട്ടിപ്പിന്റെയും ഈ മരണങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചവരെ ഒരു വ്യാഴവട്ടത്തിനുശേഷവും ഉത്തരം പറയിക്കാൻ ഭരണകൂടം തയാറായിട്ടില്ല. അപ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യം ഇതാണ്: പരീക്ഷാ തട്ടിപ്പുകളിൽ യഥാർഥത്തിൽ ശിക്ഷ അനുഭവിക്കുന്നത് ആരാണ്? സംശയമില്ല, പരീക്ഷാ ചോർച്ചയുടെ യഥാർഥ ഇരകൾ വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്ന വിദ്യാർഥികളും അവരുടെ കുടുംബവും തന്നെ. ഒരു പരീക്ഷ റദ്ദാകുമ്പോൾ നഷ്ടമാകുന്നത് ഒരു തീയതി മാത്രമല്ല; ഒരു വർഷത്തെ തയാറെടുപ്പും മാനസിക സമാധാനവും കുടുംബങ്ങളുടെ പ്രതീക്ഷകളും കൂടിയാണ്.
ജൂൺ 21ന് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് രാജ്യം നൽകേണ്ട ഉറപ്പ്, ഇനി ഇത്തരം സിസ്റ്റം തകരാറുകൾ ആവർത്തിക്കില്ല എന്നതായിരിക്കണം. അതിന്റെ ആദ്യപടിയായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുകയാണ് വേണ്ടത്. കേന്ദ്രസർക്കാറിന്‍റെ ഘടനാപരമായ പരിഷ്കാരങ്ങളുടെയും ദീർഘവീക്ഷണത്തിന്റെയും അഭാവമാണ് ഈ തകർച്ചക്ക് ആക്കംകൂട്ടിയതെന്നത് നിസ്തർക്കമായ വസ്തുതയാണ്. കോടിക്കണക്കിന് വിദ്യാർഥികൾ പങ്കെടുക്കുന്ന പ്രധാന മത്സരപരീക്ഷകൾ നാഷനൽ ടെസ്റ്റിങ് ഏജൻസി എന്ന കേന്ദ്രീകൃത സംവിധാനത്തിന് കീഴിൽ കൊണ്ടുവന്നപ്പോൾ തന്നെ സുരക്ഷ ഉറപ്പാക്കാനുള്ള ആന്തരിക ശേഷിയെക്കുറിച്ച് ഉയർന്ന ആശങ്കകൾ മുഖവിലക്കെടുക്കാൻ ഭരണകൂടം വിസമ്മതിക്കുകയായിരുന്നു. അതുകൊണ്ട്, പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും കഠിനാധ്വാനം ചെയ്യുന്ന കുട്ടികളുടെ അവകാശവും സംരക്ഷിക്കപ്പെടണമെങ്കിൽ സാങ്കേതികവിദ്യയെ പഴിചാരുന്നതിനുപകരം സ്വന്തം പരാജയങ്ങൾ ഏറ്റുപറഞ്ഞ് സംവിധാനത്തെ അടിമുടി പരിഷ്കരിക്കാൻ കേന്ദ്രം തയാറാകുകയാണ് വേണ്ടത്. ഇല്ലെങ്കിൽ ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പ്രതീക്ഷകളാണ് ഈ ജീർണിച്ച സംവിധാനത്തിൽ കുരുതി കൊടുക്കപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.