അനിവാര്യമായ രാജി

'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഞാൻ പറയുന്നത് ഇന്ത്യയിലെ ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞതും തയാറാക്കിക്കൊടുത്തതുമായ ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഫലമായി, രാജ്യത്ത് ഏത് ആള് പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല, ഈ രാജ്യത്തെ ഏറ്റവുമധികം കൊള്ളയടിക്കാൻപറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്... മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം ഒക്കെ അതിന്റെ സൈഡിൽ എഴുതിയിട്ടുണ്ട്.

പക്ഷേ, കൃത്യമായി കൊള്ളയടിക്കാൻപറ്റുന്ന ചൂഷണം'. സാംസ്കാരിക ഫിഷറീസ് മന്ത്രി സജി ചെറിയാൻ ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ നടത്തിയ വിവാദ പ്രസംഗത്തിൽനിന്നാണ് മേൽവരികൾ. രണ്ടു ദിവസം മുമ്പാണ് പ്രസംഗം മാധ്യമ, രാഷ്ട്രീയ ശ്രദ്ധയിൽ വരുന്നത്. അന്നുമുതൽ അത് സംബന്ധമായ വിവാദങ്ങളും വാഗ്വാദങ്ങളും കൊണ്ട് മുഖരിതമായിരുന്നു രാഷ്ട്രീയരംഗം. ഒടുവിൽ, ബുധനാഴ്ച വൈകീട്ട് സജി ചെറിയാൻ വാർത്തസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെയാണെങ്കിലും, ഉചിതമായ നടപടിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

ലോകത്ത് ഇന്ന് നിലവിലുള്ളതിൽവെച്ച് ഏറ്റവും പുരോഗമനാത്മകവും ജനാധിപത്യപരവുമായതാണ് ഇന്ത്യയുടെ ഭരണഘടന എന്നത് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ആ ഭരണഘടന ശരിയാംവിധം പ്രയോഗിക്കപ്പെടുന്നില്ല എന്ന വിമർശനം ഒരുവശത്തുണ്ട്. ഭരണഘടനയെക്കുറിച്ച് തന്നെയും ഗൗരവപ്പെട്ട സൂക്ഷ്മ വിമർശനങ്ങൾക്ക് സാധുതയുണ്ട്. ഭരണഘടന നിർമാണസമിതിയുടെ അധ്യക്ഷനായ ഡോ.ബി.ആർ. അംബേദ്കർ തന്നെ അത്തരം വിമർശനങ്ങൾ മുന്നോട്ടുവെച്ചയാളാണ്. ഭരണഘടന വിമർശനം ഭരണഘടനാപരമായി തന്നെ അംഗീകരിക്കപ്പെട്ട രാജ്യമാണ് നമ്മുടേത്. ഭരണഘടനയെ അംഗീകരിക്കാത്തവർക്കുപോലും ഭരണഘടന അവകാശങ്ങൾ നൽകുന്ന ഉത്തമമായൊരു രേഖയാണത്. പലവിധ വൈവിധ്യങ്ങളും വൈരുധ്യങ്ങളും കൊണ്ട് നിറഞ്ഞ ഇന്ത്യയെ ഏകീകരിച്ച് നിർത്തുന്ന ഏറ്റവും സുപ്രധാനമായ ചരടാണ് ഭരണഘടന. അതിന്റെ പ്രാധാന്യവും മഹത്ത്വവും ആരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല.

നിലവിലെ കേന്ദ്ര ഭരണകൂടത്തിനെതിരെ ജനാധിപത്യ, പുരോഗമനവാദികൾ ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആക്ഷേപം അത് ഭരണഘടനയെ അട്ടിമറിക്കുന്നുവെന്നതാണ്. ജനാധിപത്യം, മതേതരത്വം, ഫെഡറലിസം തുടങ്ങിയ നമ്മുടെ അടിസ്ഥാന മൂല്യങ്ങളെയാകെ തകിടംമറിക്കുന്ന സമീപനങ്ങളാണ് കേന്ദ്രഭരണകൂടം നിരന്തരം സ്വീകരിച്ചുകൊണ്ടിരിക്കുന്നത് എന്നത് വസ്തുതയാണ്. അതിനെതിരായ പോരാട്ടം ഭരണഘടനയെ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പോരാട്ടമാണ്. അതായത്, ഭരണഘടന രാജ്യത്തെ ഏകീകരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ആയുധമാകേണ്ട കാലത്താണ്, കേന്ദ്രസർക്കാറിന്റെ നിലപാടുകൾക്കെതിരെ ശക്തമായ നിലപാടുകളുള്ള ഒരു പാർട്ടിയുടെ നേതാവ് ഭരണഘടനയെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതരത്തിൽ പ്രസംഗിച്ചിരിക്കുന്നത്. ഭരണഘടനയെ എങ്ങനെയെങ്കിലും മാറ്റിപ്പൊളിച്ച് ഹിന്ദുത്വ പദ്ധതിക്ക് അനുസൃതമായ ഭരണഘടന ഉണ്ടാക്കിയെടുക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് സംഘപരിവാരം. അവർക്ക് ആയുധം കൊടുക്കുന്ന തരത്തിലുള്ളതായിപ്പോയി സജിയുടെ വാക്കുകൾ.

ജനാധ്യപത്യവും സ്വാതന്ത്ര്യവുമാണ് നമ്മുടെ ഭരണഘടനയുടെ അന്തസ്സത്ത. ആധുനിക ജനാധിപത്യത്തോട് സൈദ്ധാന്തികമായി വിയോജിപ്പുള്ളവരാണ് കമ്യൂണിസ്റ്റുകൾ. ജനാധിപത്യമല്ല, തൊഴിലാളിവർഗ സർവാധിപത്യം എന്ന് പറയുന്ന പാർട്ടി സർവാധിപത്യമാണ് അവരുടെ സ്വപ്നം. അവർ അധികാരത്തിൽ എത്തിയേടത്തെല്ലാം ഈ സർവാധിപത്യം ഉരുക്കുമുഷ്ടി ഉപയോഗിച്ച് നടപ്പാക്കിയിട്ടുണ്ട്. സി.പി.എമ്മിന്റെ ഭരണഘടനയും തൊഴിലാളിവർഗ സർവാധിപത്യമാണ് തങ്ങളുടെ ലക്ഷ്യമായി എഴുതിവെച്ചിരിക്കുന്നത്. എന്നുവെച്ച്, അവർ പരസ്യമായി ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ല. എന്നുമാത്രമല്ല, നിലവിലെ ഭരണഘടന സംരക്ഷണ പ്രസ്ഥാനത്തിൽ ഗൗരവപ്പെട്ട പങ്കുവഹിക്കുന്നവരാണ് ആ പാർട്ടി. എന്നിരിക്കെ, സജി ചെറിയാന്റെ പ്രസംഗം പാർട്ടിയെതന്നെയും പ്രതിസന്ധിയിലാക്കുന്നതാണ്.

തന്റെ പ്രസംഗം വളച്ചൊടിച്ചതാണ്, താൻ ഭരണഘടനയെ അല്ല ഭരണകൂടത്തെയാണ് വിമർശിച്ചത് തുടങ്ങിയ ന്യായങ്ങളെല്ലാം ഉയർത്തി പ്രതിരോധിച്ചുനിൽക്കാൻ സജി ചെറിയാനും പാർട്ടിയും ശ്രമിച്ചുനോക്കിയിരുന്നു. എന്നാൽ, രാഷ്ട്രീയ നിയമവൃത്തങ്ങളിൽനിന്നുയർന്ന പ്രതികരണങ്ങൾ അവർ ആഗ്രഹിക്കുന്ന തരത്തിലായിരുന്നില്ല. നേരത്തെതന്നെ പലവിധ വിവാദങ്ങളിൽപെട്ടുഴലുന്ന കേരളസർക്കാറിനെ സംബന്ധിച്ചിടത്തോളം അനാവശ്യമായി വലിച്ചുകയറ്റിയ പുതിയൊരു പുകില് ചുമന്നുനടക്കാൻ പറ്റുന്ന അവസ്ഥയുമല്ല. സജി ചെറിയാൻ രാജിവെക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന് പാർട്ടിയും മുഖ്യമന്ത്രിയും തിരിച്ചറിയുകയായിരുന്നു.

നേരത്തെ സൂചിപ്പിച്ചതുപോലെ, വിമർശനാതീതമായ ഒന്നല്ല ഭരണഘടന. പക്ഷേ, വിമർശനവും അധിക്ഷേപവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ എല്ലാവർക്കും കഴിയണം. ലോകത്തെങ്ങുമുള്ള മുസ്ലിംകൾ പവിത്രമായി കരുതുന്ന വ്യക്തിത്വമായ പ്രവാചകൻ മുഹമ്മദിനെ ബി.ജെ.പിയുടെ രണ്ട് ദേശീയനേതാക്കൾ അവഹേളിച്ചതിന്റെ ഫലം രാജ്യം മൊത്തം നേരിട്ടനുഭവിച്ചത് ഈയടുത്താണ്. ഉപയോഗിക്കുന്ന വാക്കുകളെ കുറിച്ച് എല്ലാവർക്കും നല്ല ബോധ്യമുണ്ടാകണം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അത് കൂടുതലുണ്ടാവണം. അല്ലെങ്കിൽ, അത് വലിയ സംഘർഷങ്ങളിലേക്കും സാമൂഹിക കാലുഷ്യങ്ങളിലേക്കുമായിരിക്കും നയിക്കുക.

Tags:    
News Summary - Madhyamam Editorial On saji cheriyan resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.