റിസോർട്ട് രാഷ്ട്രീയം എന്ന ജനാധിപത്യ അട്ടിമറി

തെമ്മാടിയുടെ അവസാന ലാവണം (resort) ആണ് രാഷ്ട്രീയം എന്ന ചൊല്ല് ഇന്ത്യൻ രാഷ്ട്രീയത്തെ ചൊല്ലിയുണ്ടായതൊന്നുമല്ല. എന്നാൽ, ഈയിടെയായി അതിനെ ചുറ്റിപ്പറ്റിയാണ് ഇന്ത്യൻ രാഷ്ട്രീയം എന്നത് അത്യന്തം ലജ്ജാകരമാണെന്നു പറയാതെ വയ്യ. അധികാരത്തിലേക്കു കുറുക്കുവഴി തേടിയുള്ള ചാക്കിട്ടുപിടിത്തത്തിനും കുതിരക്കച്ചവടത്തിനും പുതിയൊരു രൂപകം കൂടി ഇന്ത്യ സംഭാവന ചെയ്തിരിക്കുന്നു- റിസോർട്ട് രാഷ്ട്രീയം. സ്വന്തം പാർട്ടിയുടെയും മുന്നണിയുടെയും നയനിലപാടുകൾ ജനത്തിനു മുന്നിൽവെച്ചു അവരുടെ മാൻഡേറ്റു നേടി ജയിച്ചുവരുന്ന പ്രതിനിധികൾ പിന്നീട് അർഥവും അധികാരവും നോക്കി മറുകണ്ടം ചാടാനും അവരെ ചാടിക്കാനും ചാടാതെ നോക്കാനുമൊക്കെ ഉപയോഗിക്കുന്ന ഉപായമായി റിസോർട്ട് രാഷ്ട്രീയം മാറിയിരിക്കുന്നു. ഏറ്റവുമൊടുവിൽ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന-എൻ.സി.പി-കോൺഗ്രസ് മൂവർസഖ്യത്തിന്‍റെ മഹാരാഷ്ട്ര വികാസ് അഘാഡി സർക്കാറിനെ മറിച്ചിടാൻ വിമതനേതാവായി മാറിയ നഗരവികസന മന്ത്രി ഏക് നാഥ് ഷിൻഡെ സ്വീകരിച്ചതും റിസോർട്ടിന്‍റെ വഴിതന്നെ.

താക്കറെ അറിയാതെ സേന പാളയത്തിൽനിന്നു അടർത്തിയെടുത്ത എം.എൽ.എമാരുമായി അദ്ദേഹം പോയത് ബി.ജെ.പിയുടെ ശക്തിദുർഗമായ ഗുജറാത്തിലെ സൂറത്തിലേക്ക്. സമീപകാലത്ത് ചാക്കുരാഷ്ട്രീയത്തെ മുന്നിൽനിന്നു നയിക്കുന്ന ബി.ജെ.പി തന്നെയാണ് ഇതിനു പിന്നിലെന്നു അതോടെ തീർച്ചയായി. സ്വന്തം നയനിലപാടുകൾ വെച്ച് വോട്ടെടുപ്പിൽ ജനപിന്തുണ നേടാൻ കഴിയാതെ വന്നാൽ പ്രതിപക്ഷത്തിരുന്നു രാഷ്ട്രീയധർമം നിർവഹിക്കുന്നതിനു പകരം, ഏതുവിധേനയും അധികാരം പിടിച്ചെടുക്കുക എന്ന പുതിയ രാഷ്ട്രീയലൈൻ തന്നെ അവർ ഉരുത്തിരിച്ചെടുത്തിരിക്കുന്നു. ബിഹാറിൽ, മധ്യപ്രദേശിൽ, കർണാടകയിൽ, ഝാർഖണ്ഡിൽ, ഗോവയിൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എല്ലാം ഈ തന്ത്രം ഹീനമായ രീതിയിൽതന്നെ പ്രയോഗിച്ചു. ജനഹിതം എതിരായാലും സ്വന്തം ഹിതമനുസരിച്ച് അധികാരം പിടിച്ചടക്കാൻ ഏതു അവിഹിതവുമാകാം എന്ന അഹന്തയിൽ ബി.ജെ.പി നടത്തുന്ന വേണ്ടാതീനങ്ങളുടെ ഭാഗം തന്നെയാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ നടന്നുവരുന്ന പൊറാട്ടുനാടകങ്ങളും.

ബി.ജെ.പിയെയും സംഘ്പരിവാറിനെയും തീണ്ടാപ്പാടകലെ നിർത്തി ഇതരകക്ഷികളെയും മുന്നണികളെയും ജനം അധികാരത്തിലേറ്റിയാലും പണവും പദവിയും മോഹിച്ചവരെ ചാക്കിട്ടുപിടിച്ച് ഭരണം അട്ടിമറിക്കുന്ന ബി.ജെ.പിയുടെ പാർട്ടിപരിപാടിയായി മാറിയിരിക്കുന്നു 'ഓപറേഷൻ താമര'. ഭരണകക്ഷിയിലും മുന്നണിയിലും അസംതൃപ്തി മുളപൊട്ടുന്നത് കാത്തിരുന്ന് ആ പഴുതിലൂടെ കടന്നുകയറുന്നതാണ് ഈ അട്ടിമറി പ്ലാൻ. സേന എം.പി സഞ്ജയ് റാവുത്തിനെ ഉദ്ധവ് താക്കറെ പരിധിവിട്ടു പൊക്കിക്കൊണ്ടുവരുന്നത് പാർട്ടിയിലെ ജനപ്രിയ താരമായ ഏക് നാഥ് ഷിൻഡെക്ക് ദഹിച്ചില്ല. ഇതു തിരിച്ചറിഞ്ഞ കേന്ദ്രമന്ത്രി നാരായൺ റാണെയും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശത്തിലാണ് മഹാരാഷ്ട്രയിൽ താമര വിരിയിക്കാനുള്ള ഓപറേഷന് കളമൊരുക്കിയതെന്നാണ് അകംവാർത്തകൾ.

രാജ്യസഭ തെരഞ്ഞെടുപ്പിൽ സേന, കോൺഗ്രസ് അംഗങ്ങൾ ക്രോസ്വോട്ട് ചെയ്ത് ബി.ജെ.പിക്ക് കണക്കുകൂട്ടിയതിലും അധികം ഒരു സീറ്റ് 'വാങ്ങിക്കൊടുത്തപ്പോൾ' തന്നെ ഈ അസ്വാസ്ഥ്യത്തിന്‍റെ പുകയുയർന്നു കഴിഞ്ഞിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ലജിസ്ലേറ്റീവ് കൗൺസിലിലേക്കു നടന്ന തെരഞ്ഞെടുപ്പിലും മഹാ അഘാഡിയുടെ 20 എം.എൽ.എമാരെങ്കിലും ക്രോസ് വോട്ടു ചെയ്തു. ബി.ജെ.പി അവർ മത്സരിച്ച അഞ്ച് സീറ്റിലും വിജയിച്ചു. അതിൽ പിറകെ 10-12 എം.എൽ.മാരെയും കൊണ്ട് റിസോർട്ട് തേടി സൂറത്തിലെത്തുകയായിരുന്നു ഷിൻഡെ. അതോടെ സേനയിൽ നിന്നു മറുകണ്ടം ചാടൽ വർധിച്ചു. കാൽനൂറ്റാണ്ടു കൊണ്ടുനടന്ന ശിവസേന-ബി.ജെ.പി സഖ്യത്തെ തകർത്തവരോട് പകരംവീട്ടാനുള്ള നീക്കത്തിന് ബി.ജെ.പിയും ആക്കംകൂട്ടി. ഏതു വിധേനയും പഴയസഖ്യം വീണ്ടെടുത്ത് മഹാരാഷ്ട്ര വാഴണമെന്ന അവരുടെ വാശി വിജയിക്കാതിരിക്കാൻ വഴിയൊന്നുമില്ല. യാഥാർഥ്യത്തിനു വഴങ്ങി ഔദ്യോഗികവസതി വിട്ടു ഉദ്ധവ് താക്കറേ മുൻകൂറായി അരങ്ങൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതും വെറുതെയല്ല.

കേന്ദ്രത്തിനു പുറമെ, സംസ്ഥാന ഭരണകൂടങ്ങളെയൊന്നാകെ വെട്ടിപ്പിടിക്കാൻ ബി.ജെ.പി കണ്ടെത്തിയ എളുപ്പവിദ്യയാണ് ഓപറേഷൻ കമൽ എന്ന ജനാധിപത്യ അട്ടിമറി. ജനത്തിനു വേണ്ടാതായ ഭരണകൂടങ്ങളെ വിത്തപ്രതാപത്തിന്‍റെ തിണ്ണബലത്തിൽ വീണ്ടും കെട്ടിയേൽപിക്കുന്ന ജനാധിപത്യവിരുദ്ധത അധികാരലബ്ധിക്കുള്ള പതിവ് രീതിയാക്കി മാറ്റിയിരിക്കുന്നു. മൂന്നിൽ രണ്ടുഭാഗത്തിൽ കുറയാത്ത അംഗങ്ങളെ ഒന്നിച്ചു അടിച്ചുമാറ്റി കൂറുമാറ്റനിയമത്തെയും ബി.ജെ.പി നിസ്സഹായമാംവിധം നിഷ്പ്രയോജനകരമാക്കുന്നു.

ജനാധിപത്യത്തെ പച്ചയായി അട്ടിമറിക്കുകയാണെന്നു വ്യക്തമായിട്ടും നീതിപീഠങ്ങൾക്കുപോലും ഇക്കാര്യത്തിൽ നിയമഭേദഗതിക്കും പരിഷ്കരണത്തിനും ഉദ്ബോധിപ്പിക്കുകയല്ലാതെ മറ്റു വഴികളില്ലാതായി. മുമ്പ് കർണാടകയിൽ രാഷ്ട്രീയ കുതിരക്കച്ചവടം നടന്നപ്പോൾ എം.എൽ.എമാരുടെ കൂട്ടരാജി തടഞ്ഞ സ്പീക്കറുടെ നടപടിയെ കോടതി കുറുമാറ്റനിയമം എടുത്തുകാട്ടി തള്ളിക്കളയുകയായിരുന്നു. അപ്പോഴും വിധിന്യായത്തിൽ ഇപ്പോഴത്തെ ചീഫ്ജസ്റ്റിസ് എൻ.വി രമണ തെരഞ്ഞെടുത്ത ജനത്തിന് സുസ്ഥിരഭരണം നഷ്ടപ്പെടുത്തുന്ന കുതിരക്കച്ചവടങ്ങളെ നിയന്ത്രിക്കാൻ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ ശക്തിപ്പെടുത്തണമെന്നു നിർദേശിച്ചത് ആശ്വസിക്കാനേ കഴിഞ്ഞുള്ളൂ. എം.എൽ.എമാരെ പാർട്ടികളിൽനിന്നു അടർത്തിയെടുത്ത് സുരക്ഷിത താവളങ്ങളിൽ പാർപ്പിച്ച് തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ മറിച്ചിടുന്ന രീതി ജനാധിപത്യക്രമത്തിനു ചേർന്നതല്ലെന്ന് മധ്യപ്രദേശിൽ കമൽനാഥ് സർക്കാറിനെ മറിച്ചിടാൻ ബി.ജെ.പി നടത്തിയ നീക്കത്തെ തുടർന്നുണ്ടായ കേസിലും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഭരണഘടനയുടെയും രാജ്യത്തിന്‍റെയും പ്രഖ്യാപിത നയനിലപാടുകൾക്കെതിരായി മുളപൊട്ടുന്ന തിന്മകളെ ഇല്ലായ്മചെയ്യാൻ കൂറുമാറ്റ നിരോധനനിയമം പ്രാപ്തമാകണമെന്നും അന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. നിയമത്തിനു പരിഷ്കരണത്തിലൂടെ ബലം കൂട്ടാൻ പാർലമെന്‍റാണ് മുൻകൈയെടുക്കേണ്ടത്. എന്നാൽ, ആ പാർലമെന്‍റിന്‍റെ കടിഞ്ഞാൺ കൈയിലുള്ളവർതന്നെ സംസ്ഥാനങ്ങളിൽ ജനാധിപത്യത്തെ അട്ടിമറിക്കാൻ അവിഹിതവഴി തേടുമ്പോൾ പിന്നെ ആര് ആരെ രക്ഷിക്കാനാണ്!

Tags:    
News Summary - Madhyamam editorial on maharashtra political crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.