ലേബർ പാർട്ടിയുടേത് മുന്നേറ്റം; പക്ഷേ...

ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ തന്നെ വലിയൊരു വിഭാഗം മാധ്യമപ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റിവ് പാർട്ടിയുടെ പരാജയവും ​ലേബർ പാർട്ടിയുടെ തിരിച്ചുവരവും പ്രവചിച്ചതാണ്. ബ്രെക്സിറ്റാനന്തര ബ്രിട്ടനിലെ രാഷ്ട്രീയ ഗതിവിഗതികൾ നിരീക്ഷിക്കുന്ന ആർക്കും എളുപ്പത്തിൽ നടത്താവുന്ന ഒരു പ്രവചനവുമായിരുന്നു അത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം ആ പ്രവചനങ്ങൾ ശരിവെച്ചെന്നു മാ​ത്രം പറഞ്ഞവസാനിപ്പിക്കാനാവില്ല; എല്ലാ കണക്കുകൂട്ടലുകൾക്കുമപ്പുറം ചരി​ത്രവിജയം​ നേടി 14 വർഷങ്ങൾക്കുശേഷം ലേബർ പാർട്ടി അധികാരത്തിലെത്തിയിരിക്കുന്നു. ബ്രെക്സിറ്റ് പ്രഖ്യാപനത്തിനുശേഷം കനത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോയ ബ്രിട്ടനിൽ, അടിയന്തര സാഹചര്യങ്ങളോ അത്ഭുതങ്ങളോ സംഭവിച്ചില്ലെങ്കിൽ വരുന്ന അഞ്ചുവർഷം കെയ്​ർ സ്റ്റാർമർ നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വാഴും. വിജയവാർത്ത പുറത്തുവന്നയുടൻ അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങൾ ഏറെ ശ്രദ്ധേയമാണ്: രാജ്യം വലിയൊരു ഭാരം ഇറക്കിവെച്ചിരിക്കുന്നെന്നും വരാനിരിക്കുന്നത് ദേശീയ പുനരുദ്ധാരണത്തിന്റെ നാളുകളാണെന്നുമുള്ള സ്റ്റാർമറുടെ പ്രസ്താവന കേവലം ആവേശപ്രകടനമായി കാണാനാവില്ല; വരുംനാളുകളിൽ ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ സഞ്ചാരപാതയുടെ കൃത്യമായ സൂചനകളുണ്ട് അതിൽ.

ബ്രിട്ടീഷ് പാർല​മെന്റിന്റെ പൊതുസഭയിലെ 650 സീറ്റിൽ 412 എണ്ണം നേടിയാണ് സ്റ്റാർമറും സംഘവും സത്യപ്രതിജ്ഞക്കൊരുങ്ങുന്നത്. മറുവശത്താകട്ടെ, കൺസർവേറ്റിവുകൾ എന്ന ടോറികളുടെ നില അതിദയനീയമാണ്: മുൻതെരഞ്ഞെടുപ്പിനെക്കാൾ 244 സീറ്റ് കുറഞ്ഞ് അംഗസംഖ്യ 121 ലെത്തിയെന്നു മാത്രമല്ല, പല പ്രമുഖരും തോൽവി ഏറ്റുവാങ്ങുകയും​​ ചെയ്തിരിക്കുന്നു. ഋഷി സുനകിന്റെ മുൻഗാമി ലിസ് ട്രോസ് ആണ് അതിലൊരാൾ. ജേക്കബ് റീസ് മോഗ്, അലക്സ് ചാക്, ഗിലിയൻ കീഗൻ, ജോണി മെർസർ, പെന്നി മൊർഡന്റ്, ഗ്രാന്റ് ഷാപ്സ് തുടങ്ങിയ ടോറി പ്രമുഖരും ലേബർ പാർട്ടി തരംഗത്തിൽ നിഷ്പ്രഭരായി. വാസ്തവത്തിൽ, ഋഷി സുനകിനൊപ്പം ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലവേരി മാത്രമാണ് തീപാറും മത്സരത്തിൽ പിടിച്ചുനിന്നത്. ഈ പതനത്തിൽ അത്ഭുതമേതുമില്ല. ഭരണം കൈയിലുണ്ടെങ്കിലും, കഴിഞ്ഞ ഒരു പതിറ്റാണ്ടായി രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പാർട്ടിയുടെ സ്വാഭാവികവും അനിവാര്യവുമായ പതനമാണിത്. 2015ൽ ‘ബ്രെക്സിറ്റി’ലേക്ക് രാജ്യത്തെ നയിച്ച സാഹചര്യം ഓർക്കുക. അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൺ യൂറോപ്പിൽനിന്നുള്ള ബ്രിട്ടന്റെ ഈ വിടുതലിന് അനുകൂലമായിരുന്നില്ല. എന്നാൽ, പാർട്ടിയിലെ യാഥാസ്ഥിതിക വിഭാഗങ്ങളുടെയും രാജ്യത്തെ തീവ്രവലതുപക്ഷത്തിന്റെയും സമ്മർദഫലമായി അദ്ദേഹത്തിന് ബ്രെക്സിറ്റ് ഹിതപരിശോധനക്ക് വഴങ്ങേണ്ടിവന്നു. ഹിതപരിശോധനയിൽ 52 ശതമാനം​ പേരും ബ്രെക്സിറ്റിനെ അനുകൂലിച്ചതോടെ, അദ്ദേഹം രാജിവെച്ചു. പിന്നീട്, രാജ്യത്ത് ബ്രെക്സിറ്റ് നടപ്പാക്കാനുള്ള പാഴ് ശ്രമങ്ങളായിരുന്നു.

ഇതിനിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ ചെറുകക്ഷികളുടെ സഹായത്തോടെ തെരേസ മെയ് എന്ന ഉരുക്കുവനിതയുടെ നേതൃത്വത്തിൽ കൺസർവേറ്റിവുകൾ ഭരണം നിലനിർത്തിയെങ്കിലും രാജ്യത്തും പാർട്ടിക്കുള്ളിലും സംഘർഷങ്ങൾ കുറഞ്ഞില്ല. എന്നിട്ടും, 2019ലെ തെരഞ്ഞടുപ്പിൽ ബോറിസ് ജോൺസൺ എന്ന വംശീയവാദിയുടെ നേതൃത്വത്തിൽ കൺസർവേറ്റിവുകൾ കേവല ഭൂരിപക്ഷം നേടി ഭരണം തുടർന്നത് ആ രാജ്യം എത്രമേൽ തീവ്രവംശീയതയിലേക്കും ഇസ്‍ലാമോഫോബിയയിലേക്കും മാറി എന്നതിന്റെ നിദർശനമായിട്ടാണ് വിലയിരുത്തപ്പെട്ടത്. അമേരിക്കയിൽ ട്രംപിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു 2022 വരെ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസന്റെ ഭരണം. പിന്നീട് വന്ന ഋഷി സുനകിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ഇതിനിടയിൽ, പൊറുതിമുട്ടിയത് രാജ്യത്തെ സാധാരണക്കാരാണ്. ആരോഗ്യ, വിദ്യാഭ്യാസമേഖലയിൽ കൊണ്ടുവന്ന പരിഷ്കാരങ്ങളൊക്കെ വലിയ പരാജയമായെന്നു മാത്രമ​ല്ല, രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ആശങ്കപ്പെടുത്തുംവിധം കുത്തഴിഞ്ഞു. മറുവശത്താവട്ടെ, ബ്രെക്സിറ്റ് പദ്ധതികൾ ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തു. മേഖലയിൽ ബ്രിട്ടൻ ഒറ്റപ്പെടുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. ഈ അപകടം തിരിച്ചറിഞ്ഞ ജനങ്ങൾക്ക് പിന്നെ മറ്റു മാർഗമില്ല; അവർ ലേബർ പാർട്ടിക്കൊപ്പം നിലയുറപ്പിച്ചു. അനുകൂല സാഹചര്യം കൃത്യമായി മനസ്സിലാക്കിയ സ്റ്റാർമർ അറിഞ്ഞുകളിക്കുക കൂടി ചെയ്തതോടെ ടോറികളുടെ പതനം പൂർത്തിയായി.

ഇത് ലേബർ പാർട്ടിയുടെ ചരിത്ര വിജയമെന്നത് ശരിതന്നെ. 97നുശേഷം അവർ നേടിയ ഉജ്ജ്വല വിജയം തന്നെയാണിത്. അതിനപ്പുറം, ബ്രെക്സിറ്റിന് വഴിയൊരുക്കി ഒരു രാജ്യത്തെ നാശത്തിന്റെ പടുകുഴിയിലെത്തിച്ച ടോറികളുടെ വൻപതനമെന്ന നിലയിൽ ഈ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നതാവും നല്ലതെന്ന് തോന്നുന്നു. പാർല​മെന്റിലെ 65 ശതമാനം സീറ്റുകളും കൈയടക്കിയ ലേബർ പാർട്ടിക്ക് ലഭിച്ചിരിക്കുന്നത് 35 ശതമാനം വോട്ടുകൾ മാത്രമാണ്. മുൻ തെരഞ്ഞെടുപ്പിനെക്കാൾ മൂന്ന് ശതമാനമാണ് വർധന. മറുവശത്ത്, കൺസർവേറ്റിവുകൾക്ക് കഴിഞ്ഞ തവണ ലഭിച്ച 43 ശതമാനം വോട്ടുകൾ ഏതാണ്ട് പകുതിയായി കുറഞ്ഞിരിക്കുന്നു.

അഥവാ, വോട്ടുവിഹിതം നോക്കുമ്പോൾ, ടോറികൾക്ക് നഷ്ടപ്പെട്ട വോട്ടുകൾ പൂർണമായും ലേബർ പാർട്ടിക്കല്ല പോയിരിക്കുന്നത്. ആ വോട്ടുകൾ കാര്യമായി പിടിച്ചെടുത്തത് ഗ്രീൻ പാർട്ടിയും റിഫോം യു.കെ എന്ന തീവ്രവലതുകക്ഷിയുമാണ്. തീവ്രവലതുപക്ഷവാദിയും കുടിയേറ്റ വിരുദ്ധനുമായ നിഗൽ ഫറാഷ് നയിക്കുന്ന റിഫോം യു.കെ ബ്രിട്ടീഷ് പാർലമെന്റിൽ അക്കൗണ്ട് തുറന്നിരിക്കുന്നുവെന്നതും ചെറിയ കാര്യമല്ല. അതുകൊണ്ടുതന്നെ, കൺസർവേറ്റിവുകൾക്കു പകരം അഭയാർഥിപക്ഷ നിലപാടുകളും ഇടതുപക്ഷ കാഴ്ചപ്പാടുമുള്ള ലേബർ പാർട്ടി അധികാരത്തിൽവന്നുവെന്നത് ആശ്വാസത്തിന് വകനൽകുന്നുവെങ്കിലും വംശീയവാദികളുടെ സാന്നിധ്യം ഏറെ അപകടകരമാണ്. അതോടൊപ്പം, തുടർച്ചയായി ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള സ്റ്റാർമർ ഭരണചക്രം എങ്ങനെയാകും തിരിക്കുക എന്നതും കണ്ടറിയേണ്ടതാണ്.

Tags:    
News Summary - Madhyamam editorial on britain Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.