പ്രക്ഷുബ്ധമാകുന്ന ലോകാന്തരീക്ഷം

ഏകപക്ഷീയ യുദ്ധങ്ങളും കൂട്ടക്കൊലകളും ഭീകരാക്രമണങ്ങളും നിലക്കാത്ത അഭയാര്‍ഥി പ്രവാഹങ്ങളും കൊണ്ട് പ്രക്ഷുബ്ധമായ 2016 വിടപറയാനിരിക്കെ, പുതിയ വര്‍ഷത്തിലെങ്കിലും   സമാധാനവും സ്വാസ്ഥ്യവും തിരിച്ചുപിടിക്കാനുള്ള പ്രതീക്ഷപോലും വെച്ചുപുലര്‍ത്തേണ്ടതില്ല എന്ന മുന്നറിയിപ്പാണ് ആഗോളരാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങള്‍ ലോകത്തിനു കൈമാറുന്നത്. തുര്‍ക്കിയുടെ തലസ്ഥാന നഗരിയില്‍ റഷ്യന്‍ അംബാസഡറെ വെടിയുതിര്‍ത്ത് കൊന്നതും ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ ക്രിസ്മസ് ചന്തയിലേക്ക് വാഹനം ഇടിച്ചുകയറ്റി ഒരു ഡസന്‍ മനുഷ്യരെ വകവരുത്തിയതും ജോര്‍ഡന്‍ പട്ടണമായ കരകില്‍ പത്തുമനുഷ്യരെ കൊന്നതിന്‍െറ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ഏറ്റെടുത്തതുമെല്ലാം ആത്യന്തികചിന്തകള്‍ കൂടുതല്‍ അപകടകരമാം വിധം പ്രവര്‍ത്തനമണ്ഡലം വ്യാപിക്കുകയാണെന്നു മാത്രമല്ല, ഇത്തരം സംഭവങ്ങളെ മറയാക്കി വന്‍ശക്തികള്‍ പുതിയ ബലപരീക്ഷണങ്ങള്‍ക്ക് കളമൊരുക്കുകയുമാണെന്നാണ് ഭയപ്പെടേണ്ടത്. റഷ്യന്‍ നയതന്ത്രപ്രതിനിധി ആന്ദ്രേ കാര്‍ലോവിന്‍െറ ഘാതകന്‍ 22കാരനായ മെവ്ലൂതിന്‍െറ പിന്നില്‍ ആരുടെ കരങ്ങളാണ് പ്രവര്‍ത്തിച്ചതെന്നതിനെ കുറിച്ചാണ് വിവാദങ്ങള്‍ ഉയരുന്നതിപ്പോള്‍.  സംഭവത്തിനു പിന്നില്‍ അമേരിക്കയില്‍ കഴിയുന്ന തുര്‍ക്കി വിമതന്‍ ഫതഹുല്ല ഗുലന്‍െറ ഗൂഢാലോചനയാവാം പ്രവര്‍ത്തിച്ചതെന്ന് അങ്കാറ ഭരണകൂടം ആവര്‍ത്തിക്കുമ്പോള്‍, ഘാതകന്‍െറ ചെയ്തി അയാളുടേതു മാത്രമല്ല എന്നാണ് പുടിന്‍ സര്‍ക്കാറും അടിവരയിടുന്നത്. തുര്‍ക്കിയും റഷ്യയും അടുക്കുന്നത് തടയിടാനുള്ള വിപുലമായ ഗൂഢാലോചന കൊലക്കുപിന്നില്‍ വര്‍ത്തിച്ചിട്ടുണ്ട് എന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സംഭവത്തിനു തൊട്ടുപിന്നാലെ പ്രതികരിച്ചിരുന്നു. സിറിയയെ ഓര്‍ക്കുക, അലപ്പോയെ ഓര്‍ക്കുക എന്ന് അട്ടഹസിച്ചുകൊണ്ട് അലപ്പോയിലെ നരമേധങ്ങള്‍ക്കെതിരായ പ്രതികാരമാണ് തന്‍േറതെന്ന് സമര്‍ഥിക്കാന്‍ ഘാതകന്‍ ശ്രമിച്ചത് പാശ്ചാത്യശക്തികള്‍ കാര്യമായി എടുക്കാതിരിക്കുന്നത് തങ്ങളുടെ ചെയ്തികളിലെ നിഷ്ഠുരത തുറന്നുകാട്ടപ്പെടേണ്ട എന്ന ചിന്തയിലാവണം. മോസ്കോയില്‍ വിളിച്ചുചേര്‍ത്ത റഷ്യ, തുര്‍ക്കി, സിറിയ എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്ന യോഗം അലങ്കോലപ്പെടുത്താന്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ആസൂത്രണം ചെയ്തതാണീ കൊലപാതകം എന്ന ആരോപണത്തിനാണ് കൂടുതല്‍ സ്വീകാര്യത കൈവരുന്നത്. കഴിഞ്ഞ ജൂലൈയില്‍ പരാജയപ്പെട്ട പട്ടാളഅട്ടിമറിക്കുപിന്നില്‍ പ്രവര്‍ത്തിച്ച ഫതഹുല്ല ഗുലന്‍െറ അനുയായി ആണ് ഈ പാതകം ചെയ്തതെന്ന പ്രചാരണം ഉര്‍ദുഗാന്‍ ഭരണകൂടം ശക്തമാക്കുന്നതിന്‍െറ പിന്നിലെ കാരണം മറ്റൊന്നല്ല.
റഷ്യന്‍ അംബാസഡറുടെ കൊലയും ജര്‍മനിയില്‍ അരങ്ങേറിയ തീവ്രവാദി ആക്രമണവുമെല്ലാം അഭയാര്‍ഥി, കുടിയേറ്റ പ്രശ്നത്തില്‍ യൂറോപ്പ് സമീപകാലത്ത് സ്വീകരിച്ച കര്‍ക്കശനിലപാടുകള്‍ക്ക് ന്യായീകരണം കണ്ടത്തൊന്‍ മിതവാദി രാഷ്ട്രീയനേതൃത്വംപോലും എടുത്തുപയോഗിക്കുമെന്ന് തീര്‍ച്ചയാണ്. ഇവ്വിഷയകമായി ലോകനേതാക്കളിലെ തീവ്രവലതുപക്ഷം നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കാന്‍ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ പോലുള്ളവരുടെ ജല്‍പനങ്ങളില്‍നിന്ന് വായിച്ചെടുക്കാം. ജര്‍മനയിലുണ്ടായ ഭീകരവാദി ആക്രമണം ക്രിസ്ത്യാനികള്‍ക്കെതിരായ ആഗോള ജിഹാദാണെന്നാണ് ട്രംപ് പ്രതികരിച്ചത്. റഷ്യ അലപ്പോയിലും മറ്റു സിറിയന്‍ നഗരങ്ങളിലും വാക്വം ബോംബുകളും ബാരല്‍ ബോംബുകളും ക്ളസ്റ്റര്‍ ബോംബുകളും ബങ്കര്‍ ബസ്റ്ററുകളും ഉപയോഗിച്ചു നടത്തിയ അതികിരാതമായ മനുഷ്യക്കുരുതിയെ കുറിച്ച് ഒരക്ഷരം മിണ്ടുകയോ അതില്‍ മതഗൂഢാലോചന കാണുകയോ ചെയ്യാത്ത ഒരു നേതാവാണ് ഇപ്പോള്‍ ക്രിസ്മസ് ചന്തയില്‍ ഒരു ഡസനാളുകള്‍ കൊല്ലപ്പെട്ടപ്പോള്‍ ജിഹാദിന്‍െറ വീര്യം ദര്‍ശിക്കുന്നത്. അഞ്ചുലക്ഷം മനുഷ്യരുടെ ജീവനെടുക്കുകയും പതിനഞ്ചുലക്ഷം മനുഷ്യരെ അഭയാര്‍ഥികളായി വലിച്ചെറിയപ്പെടുകയും ചെയ്തിട്ടും മന$സാക്ഷിക്കുത്തില്ലാതെ, എല്ലാം കൈയുംകെട്ടി നോക്കിനിന്ന ഒരു ലോകവ്യവസ്ഥിതിക്ക് ഞെട്ടിയുണരാന്‍ പടിഞ്ഞാറന്‍ ലോകത്തുതന്നെ ഇത്തരം അത്യാഹിതങ്ങള്‍ അരങ്ങേറേണ്ടിവരുന്നു എന്ന ദുര്യോഗമാണ് എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനകാരണം. ഇപ്പോള്‍ സിറിയന്‍ വിഷയത്തില്‍ തുടങ്ങിവെച്ച ചര്‍ച്ച പോലും  തല്‍പരകക്ഷികളുടെ കുത്സിത അജണ്ടയുടെ ഭാഗമായി തകര്‍ക്കപ്പെട്ട ഒരു രാജ്യത്തിന്‍െറയും അവിടത്തെ മനുഷ്യരുടെയും ഭാവിയെക്കുറിച്ച് ചിന്തിക്കാനല്ല മറിച്ച്, പശ്ചിമേഷ്യയുടെ ശവപ്പറമ്പില്‍ ആരായിരിക്കണം ഭാവി അധിപന്മാര്‍ എന്ന ചോദ്യത്തിനുള്ള മറുപടി കണ്ടത്തൊനുള്ള തിടുക്കമാണെന്ന് മനസ്സിലാക്കുമ്പോഴാണ് നമ്മുടെ കാലഘട്ടത്തിന്‍െറ ആസുരഭാവം നേരില്‍ കാണേണ്ടിവരുന്നത്.
യൂറോപ്പില്‍ നടമാടിയ ആക്രമണ പരമ്പരക്കോ മോസ്കോയില്‍ തുടങ്ങിവെച്ച ചര്‍ച്ചക്കോ ലോകത്ത് സമാധാനത്തിനു വഴി തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് ആരും കരുതുന്നില്ല. കൂടുതല്‍ കാലുഷ്യത്തിലേക്കും പ്രക്ഷുബ്ധതയിലേക്കുമാണ് കാര്യങ്ങളുടെ പോക്ക്. ഒരുഭാഗത്ത്, അലപ്പോയുടെ ചാരത്തില്‍നിന്ന് കൂടുതല്‍ രോഷം സ്വാംശീകരിച്ച് ഐ.എസ് ഭീകരവാദികള്‍ മറ്റെവിടെയെങ്കിലും പ്രവര്‍ത്തനം വ്യാപിപ്പിച്ച് ആക്രമണങ്ങള്‍ പുറത്തെടുക്കുന്നതായിരിക്കും ഇനി കാണേണ്ടിവരുക. മറുഭാഗത്ത്, ഭീകരവേട്ടയുടെയും ‘ലോകസമാധാന’ത്തിന്‍െറയും പേരില്‍ പുടിന്‍െറ റഷ്യയും ട്രംപിന്‍െറ യു.എസുമൊക്കെ പുതിയ യുദ്ധമുഖങ്ങള്‍ തുറന്ന് കൊടുംക്രൂരതകളും കൂട്ടക്കുരുതികളും ആസൂത്രണം ചെയ്യുന്നതും കാണേണ്ടിവന്നേക്കാം. സമാധാനവും സ്വാസ്ഥ്യവും തിരിച്ചുപിടിക്കുന്ന ഒരു ലോകം ഏറെ അകലെയാണെന്ന് ചുരുക്കം.
Tags:    
News Summary - madhyamam editorial on ankara assasination and berlin truck attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.