കെ.പി.സി.സിക്ക്​ പുതിയ നേതൃത്വം വരുമ്പോൾ




135 വർഷങ്ങൾക്ക് മുമ്പ്, ബ്രിട്ടീഷ് ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്​ഥനും പക്ഷിനിരീക്ഷകനുമായ അലൻ ഒക്ടോവിയൻ ഹ്യൂമി​ന്‍റെ നേതൃത്വത്തിൽ രൂപവത്​കരിക്കപ്പെട്ട ഇന്ത്യൻ നാഷനൽ കോൺഗ്രസ്​, ഇന്ത്യൻ രാഷ്​ട്രീയ ചരിത്രത്തിലെ വിസ്​മയമാണ്. ദേശീയ പ്രസ്​ഥാനത്തി​ന്‍റെയും രാഷ്​ട്ര രൂപവത്​കരണത്തി​ന്‍റെയും ചാലകശക്​തിയായ ആ പ്രസ്​ഥാനമാണ് സ്വാഭാവികമായും ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ചത്. ദീർഘവും ആഴവുമുള്ള പൈതൃകത്തിനുടമയായ ആ പാർട്ടി കഴിഞ്ഞ രണ്ടു പാർലമെൻറ്​ തെരഞ്ഞെടുപ്പുകളിലേറ്റ തുടർച്ചയായ തിരിച്ചടികളെത്തുടർന്ന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. ഇതെഴുതിക്കൊണ്ടിരിക്കവെയാണ് ഉത്തർപ്രദേശിലെ പ്രമുഖനായ കോൺഗ്രസ്​ നേതാവ് ജിതിൻ പ്രസാദ​ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുന്ന വാർത്ത പുറത്തുവരുന്നത്. ദേശീയതലത്തിൽ വൻ തിരിച്ചടി നേരിട്ട കഴിഞ്ഞ പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ പക്ഷേ, കേരളത്തിൽ​ ചരിത്ര മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിനായി. അവരുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി 20ൽ 19 സീറ്റും പിടിച്ചടക്കി ഗംഭീര പ്രകടനം കാഴ്ചവെച്ചു. എന്നാൽ, ശേഷം നടന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. കേരള ചരിത്രത്തിലെ അപൂർവതയായി പിണറായി വിജയൻ സർക്കാറിന് അധികാരത്തുടർച്ച ലഭിച്ചു. അതായത്, ദേശീയതലത്തിൽ അഭിമുഖീകരിക്കുന്ന അതേ പ്രതിസന്ധിയിലേക്ക് കേരളത്തിലെ കോൺഗ്രസ്​ പ്രസ്​ഥാനവും പ്രവേശിച്ച സവിശേഷ ഘട്ടമാണിത്. ദേശീയതലത്തിലേതുപോലെ കോൺഗ്രസുകാരെ ആകർഷിക്കുന്ന തരത്തിൽ വലിയൊരു രാഷ്​ട്രീയ സാന്നിധ്യമാകാൻ കേരളത്തിലെ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല എന്നതു മാത്രമാണ് ആശ്വാസം. ഇങ്ങനെയൊരു സന്ദിഗ്ധഘട്ടത്തിലാണ് കെ.പി.സി.സിയുടെ അധ്യക്ഷസ്​ഥാനത്തേക്ക് കെ. സുധാകരൻ നിശ്ചയിക്കപ്പെടുന്നത്. പാർലമെൻററി പാർട്ടിയെ നയിക്കാൻ വി.ഡി. സതീശനെ ചുമതലപ്പെടുത്തിയ ശേഷമാണ് കെ.പി.സി.സിയുടെ ചുമതല സുധാകര​ന്‍റെ ചുമലിൽ വരുന്നത്.

കണ്ണൂരിലെ കോൺഗ്രസിന് ദീർഘകാലം നേതൃത്വം നൽകിയ പരിചയം കെ. സുധാകരനുണ്ട്. സംസ്​ഥാനത്തെ മറ്റു പ്രദേശങ്ങളിലെ പാർട്ടി പ്രവർത്തനം പോലെയല്ല കണ്ണൂരിലേത്. മുറുക്കങ്ങളുടെയും സംഘർഷങ്ങളുടെയും കേന്ദ്രമാണത്. സി.പി.എമ്മി​ന്‍റെ സമഗ്രാധിപത്യത്തെ നെഞ്ചുവിരിച്ച് നേരിടുന്ന നേതാവ് എന്ന സ്വീകാര്യത അണികൾക്കിടയിൽ സുധാകരനുണ്ട്. അണികൾക്ക് അദ്ദേഹം ആവേശമാണ്. ഇടിമുഴക്കമുണ്ടാക്കുന്ന പ്രഭാഷണ കലയും കൈവശമുണ്ട്. അങ്ങനെ നോക്കുമ്പോൾ കോൺഗ്രസിൽ പുതിയ ഉണർവുനൽകാൻ അദ്ദേഹത്തിന് സാധിക്കും എന്ന് പ്രതീക്ഷിക്കാം. പക്ഷേ, അണികളെ ആവേശംകൊള്ളിച്ചതുകൊണ്ടു മാത്രം കോൺഗ്രസ്​ രക്ഷപ്പെടുമോ?

കോൺഗ്രസ്​ അനുഭവിക്കുന്ന വെല്ലുവിളികൾ പ്രധാനമായും അകത്തു തന്നെയുള്ളതാണ്. ഒന്നാമത്തേത്, ശാസ്​ത്രീയവും സുഘടിതവുമായ സംഘടന സംവിധാനമില്ല എന്നതാണ്. നിർണിതമായ ഇടവേളകളിൽ സംഘടന തെരഞ്ഞെടുപ്പുകൾ നടത്താനും ജനാധിപത്യപരമായി സംഘടിപ്പിക്കപ്പെട്ട കമ്മിറ്റികൾ രൂപവത്​കരിക്കാനും ബൂത്തുതലം മുതൽ സംസ്​ഥാനതലം വരെ അത്തരം കമ്മിറ്റികളിലൂടെ സംഘടന പ്രവർത്തനം ചിട്ടപ്പെടുത്താനും സാധിക്കുന്നില്ല. അങ്ങനെ വരുമ്പോൾ പലവിധ പരിഗണനകൾ വെച്ച്​ വിവിധ തലങ്ങളിൽ കമ്മിറ്റികൾ തട്ടിക്കൂട്ടിയുണ്ടാക്കുന്നു. പരിഗണനകൾ പലവിധമാകുമ്പോൾ കമ്മിറ്റികൾ ബഹുവിധമാകുന്നു. ഇത്തരം സംവിധാനങ്ങളെ കുറിക്കാൻ ജംബോ കമ്മിറ്റികൾ എന്നൊരു പേര് കോൺഗ്രസുകാർ തന്നെ കണ്ടുപിടിച്ചിട്ടുണ്ട്. എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന മികവാർന്ന സംഘടന സംവിധാനമുള്ള സി.പി.എമ്മിനോടാണ് കേരളത്തിലെ കോൺഗ്രസ്​ മത്സരിക്കുന്നതെന്ന് അവർ ഓർക്കണം. തട്ടിക്കൂട്ട് സംവിധാനങ്ങൾകൊണ്ട് അവിടെ പിടിച്ചുനിൽക്കാൻ പറ്റില്ല. അതിനാൽ, നേതാക്കളല്ല സംവിധാനമാണ് പ്രധാനം. നേതാക്കളുടെ അസാന്നിധ്യത്തിൽപോലും ചലിക്കുന്ന സംഘടന സംവിധാനമുണ്ടാക്കുകയാണ് പ്രധാനം.

മറ്റൊരു പ്രധാന പ്രശ്നം ഗ്രൂപ്പിസത്തി​േൻറതാണ്. പാർട്ടിയെ തന്നെ ചലിപ്പിക്കുന്ന രാസത്വരകമായി ഗ്രൂപ്പുകൾ മാറിയിട്ട് കാലം കുറെയായി. ഗ്രൂപ്പില്ലാതെ എന്തു കോൺ​ഗ്രസ്​​ എന്ന് അവർ തന്നെ ആലോചിക്കുന്ന അവസ്​ഥ. ഗ്രൂപ്പില്ലാതാക്കും എന്ന അവകാശവാദമൊന്നും സുധാകരൻ ഉയർത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്. ഗ്രൂപ്പില്ലാതാക്കാൻ കഴിയില്ല എന്ന് അദ്ദേഹത്തിനറിയാം. ഗ്രൂപ്പിനല്ല; പാർട്ടിക്കാണ് പ്രാധാന്യം എന്നു പറഞ്ഞിട്ടുണ്ട്. അതു നടപ്പാക്കാൻ സാധിച്ചാൽ അതു ഗുണമുണ്ടാക്കും.

മേൽപറഞ്ഞ രണ്ടു സംഘടന പ്രശ്നങ്ങളെക്കാൾ കോൺഗ്രസ്​ അനുഭവിക്കുന്ന മറ്റൊരു പ്രതിസന്ധിയുണ്ട്. അത് ആശയ പ്രതിസന്ധിയാണ്. രാജ്യത്തിന് മുന്നിൽ തങ്ങൾ മുന്നോട്ടുവെക്കുന്ന രാഷ്​ട്രീയ ദർശനവും പദ്ധതിയും എന്ത് എന്നതാണത്. ഇന്ത്യപോലെ, വൈവിധ്യങ്ങളാൽ തുന്നിച്ചേർക്കപ്പെട്ട രാജ്യത്ത്, കോൺഗ്രസ്​ പോലെ മധ്യപക്ഷ നിലപാട് സ്വീകരിക്കുന്ന പ്രസ്​ഥാനത്തിന് പ്രസക്​തിയുണ്ട് എന്നു മാത്രമല്ല, അനിവാര്യവുമാണ്. വലതുപക്ഷ ഭൂരിപക്ഷാധിപത്യ വാദം ദേശീയ ജീവിതത്തി​ന്‍റെ സർവ നാഡികളെയും വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഭീതിദമായ നാളുകളിൽ ഒരു മധ്യപക്ഷം ഏതൊരു ജനാധിപത്യത്തിനും ആരോഗ്യം പ്രദാനം ചെയ്യുകയേയുള്ളൂ. ഇടതുപക്ഷത്തിന് സംവദിക്കാൻ പറ്റാത്ത വലിയൊരു ജനവിഭാഗത്തെ അഭിമുഖീകരിക്കാൻ ശേഷിയുള്ള പ്രസ്​ഥാനമാണ് കോൺഗ്രസ്​. ഇന്ത്യൻ മധ്യപക്ഷത്തി​ന്‍റെ ഏറ്റവും കരുത്തുറ്റ പ്രതിനിധാനമാണത്. തങ്ങളുടെ ആശയപരമായ സ്​ഥാനം കോൺഗ്രസ്​ അടയാളപ്പെടുത്തണം. അതു നാവുകൊണ്ടും മനസ്സുകൊണ്ടും ഉറപ്പിച്ചെടുക്കണം. അതിനനുസരിച്ച് അണികളെയും പ്രചാരണ സന്നാഹങ്ങളെയും നേതാക്കളുടെ വാക്കുകളെയുമെല്ലാം ചിട്ടപ്പെടുത്തണം. നല്ല ഗൃഹപാഠങ്ങൾ ആവശ്യമുള്ള ജോലികളാണ് അതൊക്കെ. പുതിയ നേതൃത്വത്തിന് അതിന് സാധിക്കുമോ എന്നതാണ് രാഷ്​​ട്രീയകേരളം നോക്കുന്നത്. 

Tags:    
News Summary - Madhyamam editorial 10-06-2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.