ജയ് ശ്രീരാം!

 ‘ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം’ എന്ന പഴമൊഴി തന്നെയാണ് അയോധ്യയിലെ രാമക്ഷേത്ര നിർമിതിയുടെയും അനന്തര പരിപാലനത്തിന്റെയും കാര്യത്തിൽ പുലരുന്നതെന്ന് വിശ്വസിക്കേണ്ടിവരുന്നു

മൂന്നു പതിറ്റാണ്ടുകാലം ഇന്ത്യാ മഹാരാജ്യത്തെയാകെ വർഗീയ ധ്രുവീകരണത്തിന്റെയും മതവിദ്വേഷത്തിന്റെയും മുൾമുനയിൽ നിർത്തി, അതിലൂടെ കേന്ദ്രത്തിന്റെയും ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും ഭരണം പിടിച്ചെടുത്ത സംഘ്പരിവാർ വജ്രായുധമായി ഉപയോഗിച്ച രാമക്ഷേത്ര നിർമിതിയുമായും ക്ഷേത്രഭരണവുമായും ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ ഒരേയവസരത്തിൽ ഞെട്ടിക്കുന്നതും കപടഭക്തിയുടെ ഒളിയജണ്ടകൾ അനാവരണം ചെയ്യുന്നതുമാണ്. 2024 ജനുവരി 22ന് പ്രധാനമന്ത്രി ​നരേന്ദ്ര മോദി അഭൂതപൂർവമായ സന്നാഹങ്ങൾക്ക് മധ്യേ പ്രതിഷ്ഠാകർമം നിർവഹിച്ച, അതിതീവ്ര ഹിന്ദുത്വ പ്രസ്ഥാന നായകനും യു.പി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ ഇഷ്ടജനം ഭരിക്കുന്ന രാമക്ഷേത്രത്തിന്റെ ഭണ്ഡാരത്തിൽനിന്ന് ജീവനക്കാർ 200 കോടി രൂപ തട്ടിയെടുത്തതായി സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വെളിപ്പെടുത്തിയതോടെയാണ് ഭീകര തട്ടിപ്പിന്റെയും ദുർഭരണത്തിന്റെയും ചുരുളഴിയുന്നത്.

സംഭവം വിവാദമായപ്പോൾ അതേപ്പറ്റി അന്വേഷിക്കാൻ യോഗി ആദിത്യനാഥ് പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിക്കാൻ നിർബന്ധിതനായി. എസ്.ഐ.ടി അന്വേഷണമാരംഭിച്ച​പ്പോഴേക്ക് തട്ടിപ്പിനെയും പകൽകൊള്ളയെയും കുറിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ തുടങ്ങി. പ്രാണപ്രതിഷ്ഠാ വേളയിൽ ജുവലേഴ്സ് അസോസിയേഷൻ സമാഹരിച്ചു നൽകിയ 60 കിലോ വെള്ളിക്കട്ടികൾക്ക് ഇ​​പ്പോൾ തുമ്പും വാലുമില്ലെന്നതാണ് പ്രഥമ വിവരം. സ്വർണം, വെള്ളി, വജ്രം എന്നീ ലോഹങ്ങളാൽ നിർമിതമായ രാമവിഗ്രഹങ്ങൾ ആരോ കടത്തിക്കൊണ്ടുപോയിരിക്കുന്നു. മൂന്നുകോടി വിലമതിക്കുന്ന ഭൂമി 24 കോടിക്ക് വാങ്ങിയതാണ് മറ്റൊരു തിരിമറി. ഒമ്പത് കോടി മാത്രം വിലയുള്ള മറ്റൊരു ഭൂമി 24 കോടിക്ക് കച്ചവടം ചെയ്തതാണ് മറ്റൊന്ന്.

മുംബൈയിൽ ബിസിനസുകാരനായ അനിൽ വിശ്വകർമയും കുടുംബവും കഴിഞ്ഞ ഒക്ടോബറിൽ മൂന്ന് കിലോ വെള്ളിയും വെള്ളിയിൽ നിർമിച്ച പാദുകങ്ങളും മാലയും കാണിക്കയായി നൽകി. അതിന്റെ രസീതും രാമവിഗ്രഹത്തെ വെള്ളിമാല അണിയിച്ചതിന്റെ പടവും പിന്നീട് അയച്ചുതരാമെന്ന് ക്ഷേത്രഭാരവാഹികൾ അനിൽ ശർമക്ക് ഉറപ്പും നൽകി. എട്ടുമാസം കഴിഞ്ഞിട്ടും രസീതോ ചിത്രമോ ലഭിക്കാഞ്ഞതിനാൽ അന്വേഷിച്ചപ്പോഴാണ് എല്ലാം ഊരാളന്മാർ അടിച്ചുമാറ്റിയിരിക്കുന്നുവെന്ന് ബോധ്യപ്പെട്ടത്. ബാബരി മസ്ജിദ് ധ്വംസനത്തിന് നേതൃത്വം നൽകിയ ആർ.എസ്.എസ്-വി.എച്ച്.പി നേതാവ് ചമ്പൽറായിയുടെ ടീമിനാണത്രെ രാമക്ഷേത്ര ഭരണനേതൃത്വം. എസ്.ഐ.ടിയുടെ അന്വേഷണം അയാളിലേക്ക് നീങ്ങുന്നുവെന്ന് കണ്ടപ്പോൾ എവ്വിധവും കുറ്റാരോപിതനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ ശ്രമമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ‘സത്യം വിജയിക്കും’ എന്ന് വിളിച്ചുപറയുന്ന യോഗി ആദിത്യനാഥ്, ഒരിക്കലും രാമക്ഷേത്രം സന്ദർശിക്കാൻ സമയംകാണാത്ത അഖിലേഷ് യാദവിനെ പോലുള്ളവരാണ് കുഴപ്പക്കാരെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. എസ്.ഐ.ടിയുടെ പ്രാഥമിക റിപ്പോർട്ട് യു.പി സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും വസ്തുനിഷ്ഠവും സമഗ്രവുമായ റിപ്പോർട്ട് വരാനിരിക്കുന്നേയുള്ളൂ. സ്വന്തക്കാരെ സംരക്ഷിക്കുകയും ജീവനക്കാരിൽ ചിലരെ ബലിയാടുകളാക്കുകയും ചെയ്യുന്നു.

അന്തിമ റിപ്പോർട്ട് അപ്രതീക്ഷിതമല്ല. ബാബരി മസ്ജിദ് തകർക്കുന്നതിന് മുന്നോടിയായി രാജ്യത്തെ ജനങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കാൻ നടത്തിയ എൽ.കെ. അദ്വാനിയുടെ രഥയാത്രക്കുശേഷം സമാഹരിക്കപ്പെട്ട സംഖ്യകളുടെ ഒരു കണക്കും ഇതേവരെ പുറത്തുവന്നിട്ടില്ലെന്നിരിക്കെ, ക്ഷേത്രനിർമാണം പൂർത്തിയായശേഷം 5000 കോടി രൂപ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വെളിപ്പെടുത്തൽ. ചുരുക്കത്തിൽ ‘ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം’ എന്ന പഴമൊഴിതന്നെയാണ് അയോധ്യയിലെ രാമക്ഷേത്ര നിർമിതിയുടെയും അനന്തര പരിപാലനത്തിന്റെയും കാര്യത്തിൽ പുലരുന്നതെന്ന് വിശ്വസിക്കേണ്ടിവരുന്നു.

അതങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. മറ്റൊന്നുംകൊണ്ടല്ല നിഷ്‍കാമമായ ശ്രീരാമഭക്തിയോ രാമരാജ്യത്തെക്കുറിച്ച മോഹനസ്വപ്നങ്ങളോ ഒന്നുമല്ല, ഫൈസാബാദിലെ നാലര നൂറ്റാണ്ട് പഴക്കമുള്ള ബാബരി മസ്ജിദ് തകർത്ത് അവിടം അയോധ്യയാണെന്നും അവിടെയാണ് ശ്രീരാമന്റെ ജന്മഭൂമിയെന്നുമുള്ള പ്രചണ്ഡമായ പ്രചാരണത്തിന് പ്രചോദനം. ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസാചാരങ്ങളെ വിൽപനച്ചരക്കും വരുമാനമാർഗവുമാക്കി ഹിംസാത്മക അധികാരലബ്ധിക്കായി പതിറ്റാണ്ടുകളായി നടത്തിയ തേരോട്ടത്തിന്റെ ബാക്കിപത്രമാണ് മോദി-അമിത്ഷാ-ആദിത്യനാഥ് കൂട്ടുകെട്ടിന്റെ രാമക്ഷേത്ര നിർമാണവും ഭരണവും അനുബന്ധ ചെയ്തികളും. അത് തുറന്നുകാട്ടി യഥാർഥ രാമഭക്തരുടെ വികാര വിചാരങ്ങളോട് പ്രതിബദ്ധതയുള്ള, സമത്വവും നീതിയിലും അധിഷ്ഠിതമായ രാജ്യത്തിനുവേണ്ടി സമാധാനപരമായി പണിയെടുക്കുന്നവർ 140 കോടി ഇന്ത്യക്കാരിലുണ്ടെങ്കിൽ അവർ മുന്നോട്ടുവന്ന് വിശ്വാസപരമായ ചൂഷണത്തിനും വിദ്വേഷാധിഷ്ഠിത രാഷ്ട്രീയത്തിനും അഴിമതിയിൽ കളങ്കിതമായ ഭരണത്തിനുമെതിരെ പണിയെടുത്താൽ മാത്രമേ രാജ്യം രക്ഷപ്പെടൂ. ജയ് ശ്രീരാം എന്ന് ആത്മാർഥമായി വിളിക്കാൻ അവർക്കേ ധാർമികാവകാശമുള്ളൂ.

Tags:    
News Summary - Jai Shri Ram!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.