സിദ്ദീഖ് കാപ്പനു വേണ്ടി



കഴിഞ്ഞ വർഷം ഉത്തർപ്രദേശ് പൊലീസ്​ അറസ്​റ്റ്​ ചെയ്ത മലയാളി മാധ്യമപ്രവർത്തകനും കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പ​െൻറ ആരോഗ്യസ്​ഥിതിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ആശങ്കയുണർത്തുന്നതാണ്. യു.പിയിലെ ഹാഥറസിൽ ബലാത്സംഗക്കൊലക്കിരയായ ദലിത്​ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രക്കിടെ 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖിനെ പൊലീസ്​ പിടികൂടുന്നത്. രാജ്യ​േദ്രാഹം, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ഭീകരപ്രവർത്തനത്തിന് ഫണ്ട് സമാഹരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ്​ ചുമത്തപ്പെട്ടത്​.

ഹാഥറസിലെ പെൺകുട്ടിയുടെ ദാരുണമായ അന്ത്യവും ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ പുലർത്തിയ അങ്ങേയറ്റം മനുഷ്യത്വരഹിതമായ നിലപാടും അന്തർദേശീയ മാധ്യമങ്ങൾവരെ റിപ്പോർട്ട് ചെയ്തതാണ്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ സംഭവസ്​ഥലം സന്ദർശിക്കുകയെന്നത് സ്വാഭാവികവും. എന്നാൽ, അതി​െൻറ പേരിൽ ഗുരുതര വകുപ്പുകൾ ചുമത്തി അറസ്​റ്റ്​ ചെയ്യുന്നത് എന്തുമാത്രം ഭീകരമായാണ് യു.പിയിൽ പൊലീസ്​ രാജ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്നതി​െൻറ നേർസാക്ഷ്യമാണ്.

ഹൃേദ്രാഗം, പ്രമേഹം എന്നിവ കാരണം നേരത്തെതന്നെ ആരോഗ്യ പ്രശ്നങ്ങളുള്ളയാളാണ് സിദ്ദീഖ് കാപ്പൻ. ഇപ്പോൾ അദ്ദേഹത്തിന് കോവിഡ് ബാധകൂടി വന്നിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാപ്പനെ താമസിപ്പിച്ചിരിക്കുന്ന മഥുര ജയിലിൽ അമ്പതോളം പേർക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. കോവിഡ് ബാധിച്ച് ജയിൽ ആശുപത്രിയിലായിരുന്ന കാപ്പ​െൻറ ആരോഗ്യസ്​ഥിതി മോശമായതിനെ തുടർന്ന് മഥുരയിലെ കെ.വി.എം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഉത്തർപ്രദേശിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സയുമൊക്കെ എവ്വിധമാണെന്ന് ദിനേന അവിടെനിന്ന് വന്നുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളിൽനിന്ന് ആർക്കും വ്യക്തമാകുന്നതാണ്. സർവത്ര അരാജകത്വമാണ് ആരോഗ്യ–ചികിത്സാ മേഖലയിൽ അവിടെ നിലനിൽക്കുന്നത്. ഓക്സിജൻ സിലിണ്ടറിനു വേണ്ടി കടിപിടി കൂടുന്ന മനുഷ്യർ, ​പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങളുമായി തെരുവിലലയുന്ന നിസ്സഹായർ, ജീവശ്വാസത്തിനായി അലമുറയിടുന്ന രോഗികളുടെ ബന്ധുക്കൾ എന്നിങ്ങനെയുള്ള ചിത്രങ്ങൾ ആ നാട്ടിൽനിന്ന് വന്നുകൊണ്ടേയിരിക്കുകയാണ്.

അങ്ങനെയൊരു ദേശത്ത്​ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കിടക്കുന്ന ഒരു മലയാളിയോട് എങ്ങനെ പെരുമാറുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പുഴുത്ത്​നാറുന്ന വർഗീയതക്കപ്പുറത്ത് മറ്റൊന്നിനെക്കുറിച്ചും ധാരണയില്ലാത്ത മുഖ്യമന്ത്രിയും അദ്ദേഹത്തിന് കുടപിടിക്കുന്ന ഒരു സംവിധാനവുമാണ് അവിടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

സിദ്ദീഖ് കാപ്പൻ അറസ്​റ്റിലായ അന്നു മുതൽ അദ്ദേഹത്തോടൊപ്പം നിൽക്കുവാനും ആവശ്യമായ നിയമസഹായങ്ങൾ നൽകുവാനും കെ.യു.ഡബ്ല്യു.ജെ രംഗത്തുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഭരണകൂട ഭീകരതക്ക് സഹപ്രവർത്തകനെ എറിഞ്ഞുകൊടുക്കാൻ അവർ ഒരുക്കമായിരുന്നില്ല. ഇപ്പോൾ കോവിഡ് ബാധിച്ചതിനെ തുടർന്ന് കാപ്പന് വേണ്ടി കേരള സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി ഭാര്യ റൈഹാനത്തും കെ.യു.ഡബ്ല്യു.ജെ.യും വീണ്ടും രംഗത്തുവന്നിട്ടുണ്ട്. മെച്ചപ്പെട്ട ചികിത്സ ലഭിക്കാനും അദ്ദേഹത്തി​െൻറ മോചനം എളുപ്പത്തിലാക്കാനും കേരള സർക്കാർ ഇടപെടണമെന്നതാണ് അവരുടെ ആവശ്യം.

സിദ്ദീഖ് കാപ്പ​െൻറ കാര്യത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് മാധ്യമ- മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നതിൽ വലിയ അർഥങ്ങളുണ്ട്. ഉത്തർപ്രദേശിലെ ജയിലിൽ കിടക്കുന്ന ഒരാൾക്കു വേണ്ടി ഇടപടുന്നതിൽ കേരള സർക്കാറിന് സാങ്കേതിക പരിമിതികൾ ഉണ്ട് എന്നത് വസ്​തുതയാണ്. അതേസമയം, നീതിനിഷേധിക്കപ്പെട്ട ആ മനുഷ്യനുവേണ്ടി സമ്മർദം ചെലുത്താൻ, അഭിപ്രായ രൂപവത്​കരണം നടത്താൻ സർക്കാറിെൻറയും മുഖ്യമന്ത്രിയുടെയും ഇടപെടലുകൾ കൊണ്ട് സാധിക്കുന്നതേയുള്ളൂ.

അക്കാര്യത്തിൽ സംസ്​ഥാന സർക്കാറിന് 'പരിമിതികളുണ്ട്' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. സിദ്ദീഖ് കാപ്പനുവേണ്ടി ഒന്നും ചെയ്യാനില്ല എന്ന നിലപാട് മുഖ്യമന്ത്രി ഒന്നിലേറെ തവണ ആവർത്തിക്കുകയുണ്ടായി. യു.എ.ഇയിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ കുടുങ്ങിയ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി ഔദ്യോഗിക ലെറ്റർ പാഡിൽ കത്തയച്ച ആളാണ് പിണറായി വിജയൻ.

ഭീമ–കൊറേഗാവ് കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിലായ സ്​റ്റാൻ സ്വാമിക്ക് വേണ്ടിയും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. എന്നാൽ, മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട്, വലിയ ആരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ആ മലയാളി മാധ്യമപ്രവർത്തകനു വേണ്ടി ഒരു വാക്ക് സംസാരിക്കാൻ എന്തുകൊണ്ട് കേരള മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല എന്ന ചോദ്യം ഇനിയും ഉച്ചത്തിൽ ഉയർന്നുകൊണ്ടിരിക്കും. മുഖ്യമന്ത്രി ഇടപെട്ടാലും ഇല്ലെങ്കിലും സിദ്ദീഖ്​ കാപ്പ​െൻറ മോചനത്തിനുവേണ്ടിയുള്ള പരിശ്രമങ്ങൾ മനുഷ്യാവകാശങ്ങളിലും നിർഭയ മാധ്യമ പ്രവർത്തനത്തിലും വിശ്വസിക്കുന്നവർ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോവേണ്ട സന്ദർഭമാണിത്.

Tags:    
News Summary - for siddique kappan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.