തെരഞ്ഞെടുപ്പ് കമീഷന്‍റെ ‘അബദ്ധ’ങ്ങൾ

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട രണ്ട് വിവാദങ്ങൾ ഉയർന്നു. അവ ഭരണഘടന നിഷ്കർഷിക്കുന്ന ജനാധിപത്യ-പൗരാവകാശങ്ങൾ സംബന്ധിച്ച് മർമപ്രധാനമാണ്. തെരഞ്ഞെടുപ്പ് നടത്തിപ്പിലെ നിഷ്പക്ഷതയും ജനാധിപത്യത്തിന്‍റെ ആത്മാവായ അഭിപ്രായ സ്വാതന്ത്ര്യവും അൽപാൽപമായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന പൊതു ധാരണയെ ശരിവെക്കുന്നതാണ് ഇവ. ഒന്ന്, സംസ്ഥാന മുഖ്യ ഇലക്ഷൻ ഓഫിസറുടെ കാര്യാലയത്തിൽനിന്ന് രാഷ്ട്രീയ കക്ഷികൾക്കയച്ച ഔദ്യോഗിക കത്തിൽ ഇലക്ഷൻ കമീഷന്‍റെ സീലിന് പകരം ബി.ജെ.പിയുടെ സീൽ കാണപ്പെട്ടതാണ്. അബദ്ധവശാൽ വന്നുപോയ ഒരു ‘‘ക്ലറിക്കൽ എറർ’’ ആണ് അതെന്ന് വിശദീകരിച്ച സംസ്ഥാന ഇലക്ഷൻ ഓഫിസർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്. അത് വെറുമൊരു നോട്ടപ്പിശകാണെന്ന വാദം അംഗീകരിക്കാൻ പൊതുസമൂഹത്തിന് സാധാരണ നിലക്ക് മടി തോന്നേണ്ടതില്ല. എന്നാൽ, വലിയൊരു ആരോപണമായി അത് വികസിക്കാൻ കാരണമായത്, ഇലക്ഷൻ കമീഷനിലുള്ള വിശ്വാസക്കുറവാണെന്ന് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഭരണകക്ഷിയോടുള്ള വിധേയത്വത്തിന്‍റെ അനേകം ഉദാഹരണങ്ങൾ തൃപ്തികരമായ വിശദീകരണങ്ങളില്ലാതെ നിലനിൽക്കെ, നോട്ടപ്പിശകുകൾപോലും ബോധപൂർവമെന്നോ, യാഥാർഥ്യം അബദ്ധത്തിന്‍റെ രൂപത്തിൽ പ്രത്യക്ഷമാകുന്നതെന്നോ ഒക്കെ മനസ്സിലാക്കപ്പെടുന്നത് സ്വാഭാവികമാണ്. വിയോജിപ്പുകൾക്കെതിരെ തുടർന്നുണ്ടായ നടപടികൾ അത്തരം ധാരണ ശരിവെക്കുന്ന രൂപത്തിലാണുതാനും. ബി.ജെ.പിയുടെ മുദ്രയുള്ള ഇലക്ഷൻ കമീഷൻ കത്ത് സ്വാഭാവികമായും സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണം ഉണ്ടാക്കി. എന്നാൽ, അത്തരം ചർച്ചകൾ നീക്കംചെയ്യിക്കാൻ ഐ.ടി നിയമം 79- 3- ബി വകുപ്പ് പ്രകാരം ഇലക്ഷൻ കമീഷന്‍റെ നിയന്ത്രണത്തിലുള്ള പൊലീസ് തിടുക്കംകാട്ടിയത് നോട്ടപ്പിശകല്ലല്ലോ. അത്തരം ചർച്ചകൾ ‘‘സാമുദായിക സൗഹാർദം തകർക്കും’’ എന്നൊക്കെയുള്ള അധികൃതവാദത്തെ എങ്ങനെയാണ് ന്യായീകരിക്കാനാവുക?

ജനാധിപത്യസംവാദങ്ങളെ സ്വാഗതംചെയ്യേണ്ട ഇലക്ഷൻ കമീഷൻ സംസ്ഥാന പ്രതിപക്ഷ നേതാവുമായുള്ള അഭിമുഖം സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കംചെയ്യിച്ചതും (പിന്നീട് പുനഃസ്ഥാപിച്ചു) മറ്റൊരു അബദ്ധമായിട്ടാണ് വിശദീകരിക്കപ്പെട്ടത്. പ്രതിപക്ഷത്തിന്‍റെ വാദമുഖങ്ങൾ ഉയർത്തുന്നതും സർക്കാറിന്‍റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നതുമായ ‘മനോരമ ന്യൂസ്’ അഭിമുഖത്തിന്‍റെ ക്ലിപ് നീക്കം ചെയ്യിച്ചതും ഇപ്പോൾ ഇലക്ഷൻ കമീഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന പൊലീസാണ്. ഈ സംഭവത്തിൽ പിണഞ്ഞ ‘അബദ്ധം’ എന്തായിരുന്നു എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വിശദീകരിച്ചിട്ടുണ്ട്. വിഡിയോ നീക്കംചെയ്യാനല്ല, അതിനെപ്പറ്റിയുള്ള കമന്റുകൾ നീക്കംചെയ്യാൻ മാത്രമാണത്രേ ആവശ്യപ്പെട്ടത്; പക്ഷേ, സമൂഹ മാധ്യമ കമ്പനി (മെറ്റ) വിഡിയോ അടക്കം പിൻവലിച്ചുപോയതാണത്രേ. ഇവിടെയും ചോദ്യം ഉയരുന്നുണ്ട്: വിദ്വേഷം പരത്തുന്ന പോസ്റ്റുകൾ ആയിരക്കണക്കിന് വേറെയും കിടക്കുമ്പോൾ ഇവ മാത്രം പ്രശ്നമാകുന്നതെങ്ങനെ? വിദ്വേഷ പോസ്റ്റുകൾ പരിശോധിക്കാനും നടപടിയെടുക്കാനും കമീഷൻ സംവിധാനമുണ്ടാക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് കുറ്റമറ്റതാണോ? നീക്കം ചെയ്യുംമുമ്പ് എതിർകക്ഷികളെ കേൾക്കാറുണ്ടോ? സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണവും അക്രമോത്സുക വർത്തമാനങ്ങളും തടയേണ്ടതാണ് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ജനാധിപത്യസംവാദങ്ങൾ അടിച്ചമർത്താൻ അത് ന്യായമായിക്കൂടാ. സുതാര്യവും നിഷ്പക്ഷവുമായ സംവിധാനം എന്ന സ്ഥാനം നിലനിർത്തുന്നതിൽ ഇലക്ഷൻ കമീഷൻ പരാജയപ്പെടുന്നതാണ് പ്രശ്നത്തിന്‍റെ കാതൽ.

ഇന്ത്യയിലെ ഇലക്ഷൻ കമീഷനെതിരെ വ്യക്തമായ പരാതികളാണ് പ്രതിപക്ഷം ദേശീയതലത്തിൽതന്നെ ഉന്നയിച്ചിരിക്കുന്നത്. ഈ ഭരണഘടനാ സ്ഥാപനത്തിനെതിരെ ഇത്ര വ്യാപകവും വ്യക്തവുമായ ആരോപണങ്ങൾ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും ഉയർന്നിട്ടില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നടത്തിപ്പിനെച്ചൊല്ലി ഉയർന്ന പരാതികൾക്ക് തൃപ്തികരമായ വിശദീകരണം ഉണ്ടായിട്ടില്ല. ആദ്യ രണ്ട് ഘട്ടങ്ങളിലെ അന്തിമ വോട്ടർ കണക്ക് പുറത്തുവിടാൻ 11 ദിവസമാണ് എടുത്തത്. അനേകം മണ്ഡലങ്ങളിൽ അഞ്ചും ആറും ശതമാനം അന്തരം വന്നതും സംശയമുയർത്തി. സുപ്രീംകോടതിതന്നെ കമീഷനെ ചോദ്യംചെയ്യുന്ന സാഹചര്യവുമുണ്ടായി. വോട്ട് ചെയ്തവരുടെ എണ്ണവും വോട്ടെണ്ണലിൽ കണ്ട മൊത്തം വോട്ടെണ്ണവും തമ്മിലെ വലിയ പൊരുത്തക്കേട് വിവാദമുണ്ടാക്കി. വോട്ടിങ്ങിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ഒന്നരമാസം കഴിഞ്ഞ് നീക്കംചെയ്യുമെന്ന അനാവശ്യ തീരുമാനം സംശയം സൃഷ്ടിച്ചു. കർണാടകയിലും ഹരിയാനയിലും മറ്റും ഉയർന്ന ‘‘വോട്ട് മോഷണ’’ ആരോപണങ്ങൾ ഖണ്ഡിക്കപ്പെട്ടില്ല. മാതൃകാ പെരുമാറ്റച്ചട്ടം ആളും തരവും നോക്കി മാത്രം നടപ്പാക്കുന്ന രീതി നിലവിൽവന്നു. വോട്ടർപട്ടിക സംശുദ്ധമാക്കാനെന്ന പേരിൽ വിഭാഗീയമായി വോട്ട് നിഷേധം നടന്നതായ ആരോപണങ്ങൾ നിലനിൽക്കുന്നു. വോട്ടുയന്ത്രവും വിവിപാറ്റും സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കപ്പെട്ടില്ല. എസ്.ഐ.ആർ വഴി ലക്ഷക്കണക്കിന് യഥാർഥ പൗരന്മാർക്ക് വോട്ടും പൗരത്വവും നിഷേധിക്കുന്നതായ പരാതി വർധിക്കുന്നു. മോദി സർക്കാർ കൊണ്ടുവന്ന പുതിയ ചട്ടമനുസരിച്ച്, ഇലക്ഷൻ കമീഷൻ അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ഫലത്തിൽ ഭരണകക്ഷിക്ക് മാത്രമാണെന്നത് ആരോപണമല്ല, വസ്തുതയാണ്. കമീഷന്‍റെ പ്രവർത്തനരീതിയും അതിനനുസൃതമാകുന്നത് സ്വാഭാവികവും. കമീഷണർമാർക്കെതിരെ കോടതിയെ സമീപിക്കാൻ പാടില്ല എന്ന നിയമം നീതിന്യായത്തെ പുച്ഛിക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് പറഞ്ഞ് തള്ളാൻ പറ്റുന്നതല്ല ഇതൊന്നും. കമീഷന്‍റെ പ്രവർത്തനത്തെപ്പറ്റി അഭിപ്രായമോ വിയോജിപ്പോ പറയാൻപോലും പാടില്ലെന്ന നിലപാട് സ്വീകാര്യമല്ല. കമീഷനും അതിന്‍റെ കീഴിലെ പൊലീസിനും പരിധികളില്ലാത്ത അധികാരമുണ്ടെന്ന വിചാരവും അസ്വീകാര്യമാണ്. ഭരണഘടനാ സ്ഥാപനമാണെന്നും ഭരണഘടനയോടാണ് കൂറുപുലർത്തേണ്ടതെന്നും ഓർമയുണ്ടാകേണ്ടത് തെരഞ്ഞെടുപ്പു കമീഷനുതന്നെയാണ്.

Tags:    
News Summary - The Election Commission's 'mistakes'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.