‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നാണ് കേരളത്തെ ലോകം അഭിമാനപൂർവം വിശേഷിപ്പിക്കാറുള്ളത്. രാജ്യത്തിന്റെ മറ്റു പല കോണുകളിലും മതവും ജാതിയും വംശവും പറഞ്ഞ് മനുഷ്യരെ വേർതിരിവോടെ കാണുമ്പോൾ, എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാൻ കൊള്ളാവുന്ന ഒരിടമായാണ് കേരളം തിളങ്ങിനിന്നിരുന്നത്. യു.പിയിലും ബിഹാറിലും മധ്യപ്രദേശിലുമെല്ലാം സർവസാധാരണമായിക്കഴിഞ്ഞ ആൾക്കൂട്ട മർദനങ്ങളും വംശീയ കൊലപാതകങ്ങളും മലയാള മണ്ണിലും അസാധാരണമല്ലാതായതോടെ, നമ്മൾ ഉയർത്തിപ്പിടിച്ചുപോരുന്ന അവകാശവാദങ്ങൾക്കും അഭിമാനവാക്യങ്ങൾക്കുമെല്ലാം ഇനി എത്രമാത്രം സാധുതയുണ്ട്?

അതിവേഗം വളർന്ന് നഗരവത്കൃതമായിക്കൊണ്ടിരിക്കുന്ന കേരളത്തിൽ ഗ്രാമീണ നന്മകൾ ബാക്കിനിൽക്കുന്ന നാടായി കരുതിപ്പോരുന്ന പാലക്കാട് ജില്ലയിലാണ് വീണ്ടുമൊരു ആൾക്കൂട്ടക്കൊല അരങ്ങേറിയിരിക്കുന്നത്. ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവിനെയാണ് ചിറ്റൂർ മൂലത്തറയിൽ ഒരുസംഘം ചെറുപ്പക്കാർ ചേർന്ന് മരത്തടികൾ കൊണ്ടടിച്ചും കല്ലുകൾ കൊണ്ട് ഇടിച്ചുമെല്ലാം ക്രൂരമായി കൊലപ്പെടുത്തിയത്. വേദന സഹിക്കാനാവാതെ ഓടിയ, സംസാരശേഷിയില്ലാത്ത ആ മനുഷ്യനെ പിന്തുടർന്ന് മർദിച്ചുവീഴ്ത്തിയവരുടെ ഉള്ളിലെ കാലുഷ്യവിഷത്തിന്റെ കാഠിന്യം ഒന്നോർത്തുനോക്കൂ.

പല ആൾക്കൂട്ട കൊലപാതകങ്ങളിലും അക്രമികൾ ചില ന്യായങ്ങൾ നിരത്താറുണ്ട്-മോഷ്ടാവെന്ന് സംശയിച്ചുവെന്നും മറ്റും. ഏതാനും മാസങ്ങൾക്കുമുമ്പ് പാലക്കാട് ജില്ലയിലെ വാളയാറിൽ ഛത്തിസ്ഗഢ് സ്വദേശി രാംനാരായൺ ബാഗേലിനെ സംഘ്പരിവാർ പ്രവർത്തകർ അടിച്ചുകൊന്നത് ‘ബംഗ്ലാദേശി’യെന്ന സംശയത്താലാണ്. ചിറ്റൂരിലെ അറുകൊലയുടെ കാരണം തിരക്കിയപ്പോൾ അറിഞ്ഞത്, ഒരാളുടെ വീടിനുമുന്നിൽ പതിവായി കിടന്നുറങ്ങി എന്ന കുറ്റത്തിനായിരുന്നുവത്രേ ഈ വധശിക്ഷ! ഭിക്ഷ തേടി വരുന്നത് അസഹ്യമാണെങ്കിൽ വെറുംകൈയോടെ മടക്കാം; വീട്ടിനു സമീപം കിടന്നുറങ്ങിയത് സ്വകാര്യതക്ക് വിഘ്നം വരുത്തുന്നുവെങ്കിൽ എഴുന്നേൽപിച്ചുവിടാം; അതുമല്ലെങ്കിൽ പൊലീസ് സംവിധാനത്തെ സമീപിക്കാം. അതിനൊന്നും മുതിരാതെ ഊരും പേരുമറിയാത്ത, മാനസിക സ്ഥിരതയില്ലാത്ത, തലചായ്ക്കാൻ ഒരു കൂരയില്ലാത്ത മനുഷ്യനെ ഈ ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതാക്കിയതിന് എന്ത് ന്യായീകരണമാണുള്ളത്?

വിശപ്പടക്കാൻ ഭക്ഷണമെടുത്തെെന്നാരോപിച്ച് അട്ടപ്പാടി കടുകുമണ്ണ ഊരിലെ ആദിവാസി യുവാവ് മധുവിനെ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയ സംഭവം നടന്നത് 2018 ഫെബ്രുവരിയിലാണ്. കേരളത്തിൽ നടന്ന ആദ്യ ആൾക്കൂട്ട കൊലപാതകമായിരുന്നില്ല അത്. പക്ഷേ, എന്താണ് സംഭവിക്കുന്നതെന്നറിയാതെ അക്രമികളുടെ മൊബൈൽ കാമറക്കു മുന്നിൽ നിഷ്കളങ്കമായി പുഞ്ചിരിച്ചുനിന്ന മധുവിന്റെ മുഖം കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ചിരുന്നു-ഇനിയീ തെറ്റ് ഈ മണ്ണിൽ ആവർത്തിക്കപ്പെടില്ലെന്ന് നമ്മൾ ഓരോരുത്തരും ഉള്ളാലെ ശപഥം ചെയ്തിരുന്നു.

മനുഷ്യന്റെ അഹങ്കാരങ്ങളും താൻപോരിമകളുമെല്ലാം പൊടുന്നനെയൊരുനാൾ കടപുഴകിപ്പോകുമെന്ന് ഓർമിപ്പിച്ച് പ്രളയവും കോവിഡ് മഹാമാരിയുമെല്ലാം വന്നിട്ടും കേരളം ആ ശപഥം മറന്നു. 2023 ഫെബ്രുവരി 11ന് ഭാര്യയേയും കടിഞ്ഞൂൽ കൺമണിയേയും കാണാൻ വയനാട് കൽപ്പറ്റ പാറവയൽ കോളനിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിയ വിശ്വനാഥൻ എന്ന ആദിവാസി യുവാവിനെ മൊബൈൽ ഫോണും പണവും മോഷ്ടിച്ചെന്നാരോപിച്ച് ചിലർ ആൾക്കൂട്ട വിചാരണക്കും കൊടിയ മർദനത്തിനും വിധേയനാക്കി. പിന്നീട് വിശ്വനാഥനെ കാണുന്നത് ഒരു മരക്കൊമ്പിൽ ഉയിരറ്റ രൂപത്തിലാണ്. ചെയ്യാത്ത കുറ്റത്തിന്റെ ഭാരം അടിച്ചേൽപിച്ച മനുഷ്യർ പാർക്കുന്ന ഭൂമി തനിക്ക് ചേർന്ന ഇടമല്ലെന്നറിഞ്ഞ് ജീവിതത്തിൽ നിന്ന് സ്വയം ഇറങ്ങിപ്പോയതാണോ, അതോ അടിച്ചും ഇടിച്ചും അരിശം തീരാത്ത നരരൂപികൾ വേട്ടയാടിക്കൊന്നതാണോ എന്ന് ഇന്നും വ്യക്തമല്ല. ഒരു സാധു ആദിവാസി യുവാവിനും കുടുംബത്തിനും നീതി ഉറപ്പാക്കാൻ തക്ക ആവേശമൊന്നും നമ്മുടെ നീതി-നിയമ മനുഷ്യാവകാശ പാലന സംവിധാനങ്ങൾക്കില്ല താനും.

2023 മേയ് മാസം കൊണ്ടോട്ടി കിഴിശ്ശേരിയിൽ ബിഹാർ സ്വദേശിയായ അതിഥിത്തൊഴിലാളി രാജേഷ് മാഞ്ചിയെ മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മണിക്കൂറുകളോളം മർദിച്ചു കൊലപ്പെടുത്തി ഒരു സംഘം യുവാക്കൾ. 2025 ഡിസംബറിൽ ഛത്തിസ്ഗഢ് സ്വദേശി രാംനാരായണനെ വാളയാറിൽ വെച്ച് അടിച്ചുകൊന്ന സംഭവം നിസ്സാരവത്കരിച്ച് തേച്ചുമായ്ക്കാൻ പൊലീസും അക്രമികൾ ഉൾപ്പെടുന്ന കേന്ദ്ര ഭരണകക്ഷിയുടെ നേതാക്കളും നടത്തിയ ശ്രമം ജനജാഗ്രത ഒന്നുകൊണ്ടുമാത്രം വിഫലമായി. രാംനാരായൺ കേസിൽ ഒളിഞ്ഞും തെളിഞ്ഞും പലവിധ അട്ടിമറി ശ്രമങ്ങൾ ഇപ്പോഴുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് അന്നത്തെ സർക്കാർ നൽകാമെന്ന് ഉറപ്പുനൽകിയ നഷ്ടപരിഹാരത്തുക നൽകിയെന്നത് മാത്രം ആശ്വാസം. ഇപ്പോൾ കൊല്ലപ്പെട്ട മനുഷ്യന്റെ ഊരും പേരും കുടുംബവുമൊന്നും ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല; അന്വേഷണത്തിന്റെ ഭാവിയും ഏതാണ്ട് ഇമ്മട്ടിൽ തന്നെയാവും.

മുകളിൽ എടുത്തെഴുതിയ പേരുകൾക്കെല്ലാം ഒരു സാമ്യതയുണ്ട്. സമൂഹത്തിലെ ഏറ്റവും ദുർബലവും ദരിദ്രവുമായ പശ്ചാത്തലങ്ങളിൽ നിന്നുള്ള മനുഷ്യരാണ് കൊല്ലപ്പെട്ടവരെല്ലാം. ആദിവാസിയോ ദലിതനോ ആവുന്നത്, വിശക്കുന്നത്, തലചായ്ക്കാൻ ഇടമില്ലാത്തത്-ഇതെല്ലാം കൊല്ലപ്പെടാൻ കാരണമാവുന്ന പാതകമാണെന്നാണോ കേരളം പറഞ്ഞുവെക്കുന്നത്? ചിറ്റൂരിൽ നടന്നതുൾപ്പെടെ ഈ അതിക്രമങ്ങളെല്ലാം വംശീയ കുറ്റകൃത്യങ്ങളാണ് എന്ന തിരിച്ചറിവുണ്ടാവുകയും പ്രതിരോധിക്കാൻ നാട് ഒന്നായി ഒരുമിക്കുകയും ചെയ്താലല്ലാതെ ഈ ചോരമണം നമ്മുടെ അന്തരീക്ഷത്തിൽ നിന്ന് മായുകയില്ല

Tags:    
News Summary - Malayali who makes beatings a tradition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.