ഫ്രാൻസും വിദ്യാർഥി യുവജന രോഷത്തിൽ
ഇമ്മാനുവൽ മാക്രോൺ നയിക്കുന്ന ഫ്രാൻസിൽ കടുത്ത ഇന്ധന പ്രതിസന്ധിയും രൂക്ഷമായ വിലക്കയറ്റവും പൊറുതിമുട്ടിച്ചപ്പോൾ പ്രതിഷേധത്തിനിറങ്ങിയ വിദ്യാർഥി യുവജനങ്ങൾക്കുനേരെ നടന്ന പൊലീസ് നടപടി തലസ്ഥാനമായ പാരിസിലും പ്രാന്തപ്രദേശങ്ങളിലും വ്യാപകമായ ആൾക്കൂട്ട അതിക്രമങ്ങൾക്കിടയാക്കിയിരിക്കുന്നു. ദിവസങ്ങളായി നടന്നുവരുന്ന വിദ്യാർഥി യുവജന പ്രക്ഷോഭം, ശനിയാഴ്ച കണ്ണീർവാതക, ലാത്തി പ്രയോഗവുമായി പൊലീസ് രംഗത്തിറങ്ങുകയും പ്രക്ഷോഭക്കാരെ കൂട്ടമായി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തതോടെ അക്രമാസക്തമാകുകയായിരുന്നു.
ഫ്രാൻസിൽ പ്രതിഷേധ പ്രക്ഷോഭങ്ങളുടെ സന്ദർഭം മുതലെടുത്ത് സാമൂഹികവിരുദ്ധർ അഴിഞ്ഞാടുന്ന പതിവ് ശനിയാഴ്ചയും ആവർത്തിച്ചതോടെ തലസ്ഥാനത്തും സമീപനഗരങ്ങളിലും വ്യാപകമായ കൊള്ളയും കൊള്ളിവെപ്പും അരങ്ങേറി. ലിമോഷ് നഗരത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായ പത്തൊമ്പതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സിറ്റി ഹാൾ അക്രമികൾ തീവെച്ചു നശിപ്പിച്ചു. എട്ടു ലക്ഷത്തോളം പേർ വിവിധയിടങ്ങളിലായി പങ്കെടുത്ത വൻ പ്രക്ഷോഭങ്ങളാണ് കലാപ നിയന്ത്രണ പൊലീസിന്റെ നടപടിയോടെ വ്യാപകമായ അക്രമപരമ്പരകളിലേക്ക് നീങ്ങിയത്.
തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളാണ് പ്രക്ഷോഭത്തെ അക്രമത്തിലേക്ക് വഴിതിരിച്ചുവിടുന്നതെന്നും സന്ദർഭം മുതലെടുത്ത് ക്രിമിനലുകൾ കൊള്ളക്കിറങ്ങുകയാണെന്നും സർക്കാർ ആരോപിക്കുന്നു. സമാധാനപരമായ പ്രക്ഷോഭത്തിന് ഇറങ്ങിത്തിരിച്ചവരുടെ വികാരം ഉൾക്കൊള്ളുമ്പോൾ തന്നെ, അക്രമവും അരാജകത്വവും സൃഷ്ടിക്കുന്നവരെ പൊറുപ്പിക്കില്ലെന്നും പ്രസിഡന്റ് മാക്രോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത വർഷം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന രാജ്യത്ത് പത്താണ്ടുകാലത്തെ മാക്രോൺ ഭരണം അവശേഷിപ്പിച്ച രൂക്ഷമായ വിലക്കയറ്റവും സാമ്പത്തികമാന്ദ്യവും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗപ്പെടുത്താനായി വലതുപക്ഷ തീവ്രസംഘടനകളും ഇടതുപാർട്ടികളും രംഗത്തുണ്ട്. ഇമ്മാനുവൽ മാക്രോണിന്റെ ഒരു ദശകക്കാലത്തെ മാക്രോണിസ ഉദാരീകരണ ഭരണമാണ് രാജ്യത്തെ ഇന്നത്തെ ദുസ്സഹമായ പരുവത്തിലെത്തിച്ചതെന്നാണ് പൊതുവികാരം. തുറന്ന ജനാധിപത്യത്തിന്റെ മാതൃകാസ്ഥാനമായി കൊണ്ടാടപ്പെടുന്ന ഫ്രാൻസ് സാമ്പത്തിക ഉച്ചനീചത്വവും വംശീയവിവേചനവും നേരിടുകയാണെന്നും ജനത്തെ കേൾക്കാൻ ഭരണകൂടം തയാറാവുന്നില്ലെന്നുമുള്ള പരാതി വ്യാപകമായുണ്ട്. അടിത്തട്ടിൽനിന്ന് അണപൊട്ടിയൊഴുകിയ ഈ ജനരോഷമാണ് കഴിഞ്ഞ മാസത്തെ സ്കൂൾ വിദ്യാർഥികളുടെ പ്രക്ഷോഭത്തിൽ ദൃശ്യമായത്.
സെപ്റ്റംബർ പതിനേഴിന് തെക്കുകിഴക്കൻ പാരീസിലെ തൊഴിലാളി ഭൂരിപക്ഷ മേഖലയായ ക്രേത്തെയ്ലിലെ അവഗണന നേരിടുന്ന ഒരു ഹൈസ്കൂളിൽനിന്ന് വിദ്യാർഥികൾ പഠിപ്പുമുടക്കി തെരുവിലിറങ്ങിയത് അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, അനുദിനം തകർച്ചയിലേക്ക് നീങ്ങുന്ന വിദ്യാഭ്യാസ നിലവാരം തുടങ്ങിയ പ്രാഥമികപ്രശ്നങ്ങൾ ഉന്നയിച്ചായിരുന്നു. രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ഫ്രഞ്ച് നഗരങ്ങളിലുടനീളം സമാനമായ വിദ്യാർഥി പ്രക്ഷോഭങ്ങൾ ആളിക്കത്തി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ട്രേഡ് യൂനിയനുകളുടെയും പിന്തുണയോടെ ഹൈസ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാർഥികൾ പ്രക്ഷോഭത്തിന്റെ തെരുവുകൾ തീർത്തു. ഇത്തരത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾ അണിനിരക്കുന്ന പ്രതിഷേധം ഫ്രാൻസ് സമീപകാലത്തൊന്നും കണ്ടിട്ടില്ല.
അധികൃതർ സമരത്തെ കർക്കശമായി നേരിട്ട വടക്കൻ ഫ്രാൻസിലെ ലെൻസിൽ പൊലീസ് എറിഞ്ഞ ഗ്രനേഡ് തട്ടി ഒരു വിദ്യാർഥിക്ക് കൈ നഷ്ടമായി. ആറായിരത്തോളം വിദ്യാർഥികളെ അറസ്റ്റ് ചെയ്തെങ്കിലും പ്രായപൂർത്തിയാകാത്തവരായതിനാൽ വിട്ടയക്കുകയായിരുന്നു. ഉന്നയിച്ച പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താതെ ഭരണകൂടം പ്രതിഷേധം അടിച്ചമർത്താനാണ് ആവേശം കാണിക്കുന്നതെന്നാണ് സമരക്കാരുടെ പരാതി. ഇടത് പാർട്ടികൾ സമരത്തിന് സർവവിധ പിന്തുണയും നൽകുമ്പോൾ മറീൻ ലു പെന്റെ നേതൃത്വത്തിലുള്ള തീവ്രവലതുകക്ഷികൾ ഏതുവിധേനയും പ്രതിഷേധം തല്ലിയൊതുക്കണമെന്ന വാശി പ്രകടിപ്പിക്കുന്നു. മുൻ സോഷ്യലിസ്റ്റും ഇപ്പോൾ തീവ്ര ഇടതുപക്ഷ ‘തല കുനിക്കാ ഫ്രാൻസ്’ (ലാ ഫ്രോൻസ് ആൻസൂമീസ്) കക്ഷി നേതാവുമായ ഴോങ് ല്യൂക് മേലോങ്ഷോങ് വിദ്യാർഥി സമരത്തിന് ഉറച്ച പിന്തുണ നൽകുന്നുണ്ട്.
വിലക്കയറ്റവും സാമ്പത്തികമാന്ദ്യവും രൂക്ഷമായി തുടരുന്നതിനിടെയാണ് അമേരിക്കയുടെ ഇറാൻ യുദ്ധം ഫ്രാൻസിനെ കൂടുതൽ വലച്ചത്.
കേക്കുകൾക്ക് കേൾവി കേട്ട ബേക്കറി വ്യവസായത്തിന്റെ നാട്ടിൽ പാചകവാതകത്തിനടക്കം വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ തന്നെ അസ്വാസ്ഥ്യം ഇരട്ടിപ്പിച്ചിട്ടുണ്ട്. സാമ്പത്തികരംഗം കുത്തുപാളയെടുത്തതിന്റെ അതിദയനീയമായ ഉദാഹരണമാണ് സ്കൂളുകളുടെയും ഉന്നതവിദ്യാലയങ്ങളുടെയും അധോഗതി. എന്നാൽ വലത് തീവ്രവാദ ഭരണത്തിൽ അധികാരികളുടെ കെടുകാര്യസ്ഥതയുടെ ഭാരം മുഴുവൻ കുടിയേറ്റക്കാരുടെയും ന്യൂനപക്ഷവിഭാഗങ്ങളുടെയും മേൽ ചാരിവെക്കുകയാണ് പതിവ്.
ഫ്രാൻസ് നേരിടുന്ന പ്രതിസന്ധി കുടിയേറ്റക്കാർക്ക് പൊറുതി കൊടുത്തതിന്റെ ദുരന്തഫലമായാണ് ഇറാൻ യുദ്ധത്തിലൂടെ ലോകത്തെ മൊത്തം ദുരന്തത്തിലേക്ക് വലിച്ചിഴച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ വിശേഷിപ്പിക്കുന്നത്. കുടിലമായ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാനുള്ള ഉപാധി മാത്രമായി അധികാരത്തെ കാണുന്ന നവ ഫാഷിസ്റ്റുകൾക്ക് ഭരണം മാത്രമേ അറിയാത്തതായുള്ളൂ. അതിന്റെ വിലയൊടുക്കേണ്ടി വരുന്നതാകട്ടെ, അതതു രാജ്യത്തെ പൗരരും. ആ ദുരന്തകഥയിൽ ഇന്നു ഫ്രാൻസ് ആണ് പാത്രമെങ്കിൽ, സമാനമായി നീങ്ങുന്നവരുടെയൊന്നും ഗതി മറിച്ചാകുകയില്ല എന്ന മുന്നറിയിപ്പു കൂടിയാണ് ആ രാജ്യത്തെ വിദ്യാർഥി യുവജന പ്രക്ഷോഭം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.