ലഹരിയുടെ അടിവേരറുക്കാൻ
‘ഓപറേഷൻ തൂഫാൻ-ദ നാർകോ ഹണ്ട്’ എന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ രണ്ടാം ഘട്ടം സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരിക്കുന്നു. അടുത്തയാഴ്ച മുഖ്യമന്ത്രി അത് ഉദ്ഘാടനം ചെയ്യും. കേരള സമൂഹത്തിനും കുടുംബങ്ങൾക്കും വ്യക്തികൾക്കും ലഹരിമുക്ത ജീവിതം ലക്ഷ്യമിട്ട് സർക്കാർ തുടങ്ങിയ ഈ പദ്ധതി പൊതുസമൂഹത്തിൽ സ്വീകാര്യത നേടിയിരിക്കുന്നു. ജനകീയ സഹകരണവും പൊതുബോധവത്കരണവും നിയമനടപടികളും വഴി ആദ്യഘട്ടത്തിൽത്തന്നെ ഗണ്യമായ മുന്നേറ്റം നടത്താൻ ആഭ്യന്തരവകുപ്പിന് കഴിഞ്ഞു. ആദ്യത്തെ നൂറ് ദിവസങ്ങളിൽ 10,000ത്തിലധികം കേസുകളിലായി 12,000ത്തോളം പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
എം.ഡി.എം.എ അടക്കമുള്ള ലഹരി വസ്തുക്കളും വലിയതോതിൽ പിടിച്ചെടുത്തിട്ടുണ്ട്. സമൂഹത്തിൽ ആഴത്തിൽ വേരോടിയ ലഹരിയെന്ന വിഷവൃക്ഷം അധികൃത വേട്ടയിലൂടെ കുറെ അനാവൃതമായിട്ടുണ്ട്. നാം ഇന്ന് കാണുന്ന ചിത്രം ഭയപ്പെടുത്തുന്നതാണ്. അന്താരാഷ്ട്ര വ്യാപ്തിയുള്ള മയക്കുമരുന്ന് മാഫിയകൾ വലിയൊരു വിപണിയായി കൊച്ചുകേരളത്തെ പരുവപ്പെടുത്തിക്കഴിഞ്ഞു. പരമ്പരാഗത ലഹരി വസ്തുക്കൾക്ക് പുറമെ, സിന്തറ്റിക് വസ്തുക്കൾ വൻതോതിൽ ഇവിടെ വിറ്റഴിക്കപ്പെടുന്നു. കാമ്പസുകളിൽ ശക്തമായ വിപണന ശൃംഖലകൾ പ്രവർത്തിക്കുന്നു.
ലഹരിമാഫിയ വിദ്യാർഥികളെയും യുവാക്കളെയും പലതരത്തിൽ വശീകരിച്ച് കെണിയിലാക്കുന്നു. ഭരണകൂട സംവിധാനങ്ങളെ വരെ പിടിയിലൊതുക്കാൻ പ്രാപ്തി നേടിയേക്കാവുന്ന ക്രിമിനൽ ശൃംഖലയെ നേരിടുക എളുപ്പമല്ലെങ്കിലും, ഇച്ഛാശക്തിയുള്ള സർക്കാറിന് പൊതുസമൂഹത്തിന്റെയും ജനകീയ പ്രസ്ഥാനങ്ങളുടെയും പിന്തുണയോടെ അത് സാധ്യമാണെന്ന് ഇതുവരെയുള്ള പ്രവർത്തന പുരോഗതി സാക്ഷ്യപ്പെടുത്തുന്നുണ്ട്. രാജ്യാന്തര ലഹരി മാഫിയ കേരളത്തിലേക്ക് കടത്തുന്ന ആസക്തിവ്യവസായത്തിന്റെ ഇടനിലക്കാരിൽ പലരെയും പിടികൂടാനായിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന ചിലരെങ്കിലും ഈ ശൃംഖലയിൽ കണ്ണിയാണെന്ന് ഞെട്ടലോടെയാണ് നാം തിരിച്ചറിയുന്നത്. ലഹരി വിൽപന തടയുക എന്ന ഒന്നാം ഘട്ടത്തിലെ ഊന്നലിൽനിന്ന്, ലഹരിയുടെ ഉറവിടങ്ങൾ കണ്ടെത്തി ഇല്ലാതാക്കുക എന്ന രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ് സംസ്ഥാനം.
കാമ്പസുകളിലും അങ്ങാടികളിലും വീടകങ്ങളിലും വരെ നീണ്ടുകിടക്കുന്ന വ്യാളിയാണ് ലഹരി എന്ന തിരിച്ചറിവിൽ നാം എത്തിക്കഴിഞ്ഞു. ലഹരിമൂലം ജീവിതങ്ങൾ തകരുന്നു; കുടുംബങ്ങളിൽ അക്രമം പെരുകുന്നു. ലഹരി ഉപയോഗിച്ചതിന്റെ പേരിൽ ശാസിച്ച അച്ഛനെ മകൻ വെട്ടിക്കൊല്ലുന്നു; അമ്മയെ ആക്രമിക്കുന്നു. ലഹരിയുടെ ഉന്മാദത്തിൽ സ്വന്തക്കാരെ മക്കളും ബന്ധുക്കളും വെട്ടിക്കൊല്ലുന്നു. ലഹരിയുടെ സ്വാധീനത്തിൽ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൊലപാതകമടക്കമുള്ള ഇതിലെല്ലാം, ലഹരിക്കടിപ്പെട്ടുപോയവരെക്കാൾ, ലഹരിവാണിഭക്കാരാണ് കുറ്റവാളികൾ. പണത്തിനു വേണ്ടി മനുഷ്യരെ കരുതിക്കൂട്ടി അടിമകളാക്കുന്ന കുറ്റവാളികളാണ് ലഹരി ഉൽപാദകരും വിതരണക്കാരും. അവർ ഒരുക്കുന്ന കെണിയിൽ കുരുങ്ങിയും സാഹചര്യങ്ങൾമൂലവും ലഹരിക്ക് വശംവദരായവർ കുറ്റവാളികളെന്നതിനേക്കാൾ ഇരകളാണ്. ഈ തിരിച്ചറിവിലേക്കുകൂടി നമ്മുടെ മനഃസാക്ഷി വളരേണ്ടതുണ്ട്.
സ്വകാര്യതയും ആത്മാഭിമാനവും നഷ്ടപ്പെടാതെ ആസക്തിരോഗത്തിൽനിന്ന് മോചനമാഗ്രഹിക്കുന്നവർക്കു നൽകേണ്ടത് സഹാനുഭൂതിയും സഹായവുമാണ്; അപമാനിക്കപ്പെടുന്നതും മുദ്രകുത്തപ്പെടുന്നതും വിപരീതഫലമാണുണ്ടാക്കുക. ഇരകളെ കുറ്റവാളികളെപ്പോലെ കൈകാര്യം ചെയ്യുന്നത് ശരിയല്ല. മയക്കുമരുന്നിനിരയായിപ്പോയതിന്റെ പേരിൽ മാധ്യമങ്ങൾക്ക് മുന്നിൽ കാഴ്ചവെച്ച് നാണം കെടുത്തുന്നതിനേക്കാൾ മാന്യവും ഫലപ്രദവുമായ നടപടികൾ രണ്ടാംഘട്ടത്തിൽ രൂപപ്പെടുത്തുമെന്ന് കരുതാം. ജനകീയ സഹകരണത്തോടെ ഇനി ‘തൂഫാൻ’ പദ്ധതി ഗ്രാമങ്ങളിലേക്ക് ഇറങ്ങുകയാണ്. ലഹരി വിരുദ്ധ അന്വേഷണസംഘം രൂപവത്കരിച്ചുകഴിഞ്ഞു. ലഹരിരോഗികളെ പുനരധിവസിപ്പിക്കാനുള്ള ‘തൂഫാൻ കെയർ’ സംവിധാനം മറ്റൊരു നല്ല ചുവടുവെപ്പാണ്. കുറെ ആശുപത്രികൾ അതുമായി സഹകരിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്.
ലഹരിയുടെ അടിവേരറുക്കാനുള്ള ‘തൂഫാൻ 2.0’ന് സമാന്തരമായി, ആദ്യം മുതൽ തുടങ്ങിയ ബോധവത്കരണം വ്യാപകവും ശക്തവുമാക്കേണ്ടതുണ്ട്. ലഹരിരോഗികളുടെയും കുടുംബങ്ങളുടെയും അനുഭവസാക്ഷ്യങ്ങളും ലഹരിജന്യമായ കുറ്റകൃത്യങ്ങളുടെ തെളിവുകളും മാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും ഫലം ചെയ്യും. സ്കൂൾ തലം തൊട്ടുള്ള ലഹരി വിരുദ്ധ വിദ്യാഭ്യാസം, പരിശീലനം ലഭിച്ച അധ്യാപകരും കൗൺസലർമാരും, കുടുംബ-സമൂഹതലങ്ങളിലുള്ള പ്രവർത്തനങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുൻകൈയും സഹകരണവും എന്നിവ അത്യാവശ്യമാണ്. ഉറവിടങ്ങൾ നശിപ്പിക്കുക എന്ന തൂഫാൻ രണ്ടാംഘട്ടത്തിന്റെ പ്രഖ്യാപിത ലക്ഷ്യം പൂർത്തിയാക്കണമെങ്കിൽ ലഹരി വരുന്ന എല്ലാ വഴികളും അടക്കണം. ആ വഴികളിൽ, ഇന്ന് സമൂഹത്തിൽ സ്വീകാര്യതപോലും നേടിക്കഴിഞ്ഞ മദ്യം ഉൾപ്പെടും. മദ്യത്തിന്റെ വ്യാപനവും തടയേണ്ടതുണ്ട്. ബദൽ വരുമാന മാർഗങ്ങൾ കണ്ടെത്തി മദ്യവരുമാനത്തെ ആശ്രയിക്കുന്ന സർക്കാർരീതി ഇല്ലാതാകുന്നതുവരെ, ലഹരി നമുക്കിടയിൽ അവസരം പാർത്ത് കിടപ്പുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.