ഇതോ ‘ബേഠീ ബചാവോ’യുടെ പ്രായോഗിക മാതൃക?
ബിഹാറിലെ ജമുയിയിൽ പത്താംക്ലാസ് വിദ്യാർഥിനി വീട്ടിലേക്ക് പോകവേ ലൈംഗികാതിക്രമണത്തിനിരയായ സംഭവമാണിപ്പോൾ ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിനെതിരെ ദേശീയതലത്തിൽ തന്നെ രൂക്ഷമായ വിമർശനത്തിന് ശരവ്യമായിരിക്കുന്നത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ ട്യൂഷൻ കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെൺകുട്ടിയെ ഒരുപറ്റം യുവാക്കൾ മാരകമായി ആക്രമിച്ചത്. തന്നെ കയറിപ്പിടിക്കാൻ ശ്രമിക്കുന്ന മുഖംമൂടിയണിഞ്ഞ അക്രമിസംഘത്തോട് അലറിക്കരഞ്ഞ് കൈകൾ കൂപ്പി യാചിക്കുന്ന കുട്ടിയുടെയും, ബലമായി വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്ന അക്രമിസംഘത്തിന്റെയും ദൃശ്യങ്ങൾ പ്രചരിക്കുന്ന വിഡിയോകളിലുണ്ട്. ഇരുവരും അടുത്തുള്ള സ്കൂട്ടറിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതും അക്രമിസംഘം അവരെ പിന്തുടർന്ന് ആക്രമിക്കുന്നതുമുണ്ട് ദൃശ്യങ്ങളിൽ. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞതായി ബിഹാർ പൊലീസ് വ്യക്തമാക്കിയിരിക്കെ, അവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ദേശീയ വനിത കമീഷൻ ബിഹാർ ഡി.ജി.പിക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. വൈകീട്ട് ഏഴുമണിക്ക് പോലും പെൺകുട്ടികൾക്ക് റോഡിലിറങ്ങി നടക്കാൻ സുരക്ഷിതമല്ലാത്ത സ്ഥിതി എന്തുകൊണ്ടെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയാവട്ടെ, ജമുയിയിൽ പെൺകുട്ടിക്കുനേരെ നടന്ന അതിക്രമം ലജ്ജാകരമെന്ന് വിമർശിച്ചതോടൊപ്പം ഡൽഹിയിൽ പതിനേഴുകാരി കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനുമിരയായി കൊല്ലപ്പെട്ട സംഭവം അനുസ്മരിക്കുകകൂടി ചെയ്യുന്നു. ബി.ജെ.പിയുടെ നാരിശക്തി വന്ദൻ, ബേഠി ബചാവോ പോലുള്ള പ്രഘോഷണങ്ങളുടെ കാപട്യം തുറന്നുകാണിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും ഖാർഗെ കുറ്റപ്പെടുത്തുന്നു. ബിഹാർ സർക്കാറിനെ രൂക്ഷമായി വിമർശിക്കുന്ന നിയമസഭയിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആകട്ടെ ബി.ജെ.പി സർക്കാറിന് ലജ്ജയോ ബോധമോ മാന്യതയോ ഇല്ലെന്ന് അധിക്ഷേപിക്കെ, ബിഹാറിൽ സ്ത്രീകളുടെ നേരെയുള്ള അത്യാചാരങ്ങൾ വർധിച്ചുവരികയാണെന്നുകൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്.
സത്യത്തിൽ ബിഹാറിലോ ഡൽഹിയിലോ നടന്നതോ നടക്കുന്നതോ ആയ ഒറ്റപ്പെട്ട സംഭവങ്ങളല്ല നിർഭാഗ്യവശാൽ ബാലികമാരുടെയും യുവതികളുടെയും നേരെ ആവർത്തിക്കുന്ന ലൈംഗികാതിക്രമങ്ങൾ. 2012ൽ രാജ്യത്തെ മുഴുവൻ ഞെട്ടിക്കുകയും അപമാനഭാരത്താൽ തലതാഴ്ത്തിക്കുകയും ചെയ്ത കുപ്രസിദ്ധമായ നിർഭയ കേസിനെ തുടർന്നാണ് അന്നത്തെ യു.പി.എ സർക്കാർ പോക്സോ ക്രിമിനൽ നിയമം കൊണ്ടുവന്നത്. പ്രായപൂർത്തിയാവാത്ത ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നേരെ നടക്കുന്ന ലൈംഗികാക്രമണങ്ങൾക്ക് പരമാവധി കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പോക്സോ നിയമം പ്രാബല്യത്തിൽ വന്നശേഷവും പക്ഷേ, അത്തരം ആക്രമണങ്ങൾ വർധിക്കുകയല്ലാതെ ഒട്ടും കുറക്കാൻ പോലും സർക്കാറുകൾക്ക് സാധിച്ചിട്ടില്ലെന്നാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ അനാവരണം ചെയ്യുന്നത്. ഖാർഗെ ചൂണ്ടിക്കാട്ടിയപോലെ ‘ബേഠി ബചാവോ’ എന്ന മുദ്രാവാക്യം മുഖമുദ്രയായി പെരുമ്പറയടിക്കുന്ന ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് ബാലപീഡനക്കേസുകളുടെ മുൻപന്തിയിൽ. 2023നെ അപേക്ഷിച്ച് 2024ൽ ആറ് ശതമാനം കൂടുതലാണ് രാജ്യത്ത് മൊത്തം രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ. പോക്സോ കേസുകളുടെ എണ്ണമാവട്ടെ 69,191 വരും, അതായത് 37 ശതമാനം. സമീപകാലത്ത് കേരളത്തിലും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇരകളായ ലൈംഗികാതിക്രമണങ്ങൾ കുറയുകയല്ല, കൂടുകയാണ്.
ബോധമുള്ള ഏത് മനുഷ്യനും തലതാഴ്ത്തേണ്ടിവരുന്ന ഈ സ്ഥിതിവിശേഷം എന്തുകൊണ്ട് എന്നതിനെക്കുറിച്ച് വിശദമായ ചർച്ചകളും മുന്നറിയിപ്പുകളും നമ്മുടെ മാധ്യമങ്ങളിൽ അനുസ്യൂതം നടക്കുന്നുവെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കുള്ള പ്രാഥമിക ഉത്തരവാദിത്തം ഇനിയും നിറവേറ്റപ്പെടാതെ തുടരുകയാണ്. കുറ്റവാളികൾക്ക് ഒരു ക്ഷാമവുമില്ലാത്ത പൊലീസ് സേന, കുറ്റവാളികളെ രക്ഷിക്കുന്നതിൽ മികവ് പുലർത്തുന്ന രാഷ്ട്രീയ നേതാക്കൾ, കടിഞ്ഞാണില്ലാത്ത യുവതയുടെ അഴിഞ്ഞാട്ടം, വിദ്യാഭ്യാസ പദ്ധതിയുടെ അധാർമികവത്കരണം, കള്ളപ്പണത്തിന്റെ അതിപ്രസരം, രക്ഷിതാക്കളുടെ ഗുരുതരമായ അശ്രദ്ധ, കുടുംബജീവിതത്തകർച്ച, ലഹരിയുടെ അപ്രതിഹത പ്രവാഹം തുടങ്ങി ഒട്ടേറെ തിന്മകളുടെ ആകത്തുകയായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ സാമൂഹിക ജീവിതം. പരസ്പരം കുറ്റപ്പെടുത്തലും അവാസ്തവികമായ അവകാശവാദങ്ങളുംകൊണ്ട് തടയാനോ നിയന്ത്രിക്കാനോ സാധ്യമല്ല വിനാശകരമായ ഈ പ്രതിഭാസം. തലമുറകളുടെ ആരോഗ്യകരമായ ഭാവിയിൽ തൽപരരായ എല്ലാ മനുഷ്യസ്നേഹികളും ഉണർന്ന് സമാധാനപൂർണമായ സാമൂഹിക ജീവിതത്തിനും നിലനിൽപിനുംവേണ്ടി കൂട്ടായി പ്രവർത്തിച്ചാലേ ശുഭകരമായ മാറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ. എന്നുവെച്ച് ക്രമസമാധാനപാലനം എന്ന പ്രാഥമിക ഉത്തരവാദിത്തത്തിൽനിന്ന് തലയൂരാൻ ശ്രമിക്കുന്ന സർക്കാറുകൾ ആരുടേതായാലും വിചാരണ ചെയ്യപ്പെട്ടേ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.