സെൻസസിന്റെ മറവിലെ ജാതിക്കൊല

ചോദ്യാവലിയിൽ ജാതി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ജാതി സെൻസസി​ന്റെ ആത്യന്തിക ലക്ഷ്യ​ങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് ഈ കാനേഷുമാരിയിലും ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്

ഇന്ത്യയിലെ മുഴുവൻ ജാതികളെയും കുറിച്ചുള്ള സമഗ്രമായൊരു കണക്ക് ശേഖരിച്ചിട്ട് ഒരു നൂറ്റാണ്ടിനടുത്ത് കാലമായിരിക്കുന്നു. 1931ലെ സെൻസസ് വിവരങ്ങളിലാണ്, രാജ്യത്തിന്റെ ജാതി വൈവിധ്യത്തെ സംബന്ധിച്ച ഏറ്റവും ആധികാരികവും ഔദ്യോഗികവുമായ കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. 1941ലെ സെൻസസിലും ജാതി വിവരങ്ങൾ ശേഖരിച്ചിരുന്നുവെങ്കിലും രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടില്ല. സ്വാതന്ത്ര്യാനന്തര സെൻസസുകളിൽ ജാതിയെക്കുറിച്ച് ചോദ്യങ്ങൾ ചടങ്ങുകൾ മാത്രമായിരുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സംബന്ധിച്ച കണക്കുകൾ ശേഖരിച്ചുവെങ്കിലും രാജ്യത്തെ മുഴുവൻ ജാതികളുടെയും സാമൂഹിക ഘടനയുടെയും സമഗ്രമായ ചിത്രം ഔദ്യോഗിക സെൻസസിലൂടെ പുറത്തുകൊണ്ടുവരാൻ ഭരണകൂടങ്ങൾ മടിച്ചു. മനുഷ്യരെ ജാതിതിരിച്ച് എണ്ണിയാൽ ജാതിബോധം വളരുമെന്ന സവർണ ചിന്തയിൽനിന്ന് ഉയർന്നുവന്ന തെറ്റായ സമീപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ​ഇതെന്ന് വ്യക്തം. എന്നാൽ, എണ്ണാതിരുന്നതുകൊണ്ട് ജാതി അപ്രത്യക്ഷമായില്ലെന്നു മാത്രമല്ല, വിദ്യാഭ്യാസത്തിലും തൊഴിലിലും ഭൂവുടമസ്ഥതയിലും സമ്പത്തിലും അധികാരത്തിലും രാഷ്ട്രീയ പ്രാതിനിധ്യത്തിലുമെല്ലാം സവർണ ജാതി മേൽക്കൈ തുടരുകയും ചെയ്തു. അതുകൊണ്ടുതന്നെ, ഓരോ കാനേഷുമാരി കാലത്തും, സമഗ്ര ജാതി സെൻസസ് എന്ന ആവശ്യവും ഉയർന്നുകേൾക്കാറുണ്ട്. ഇക്കുറി, അത് പലകാരണങ്ങളാൽ കൂടുതൽ ശക്തമായൊരു രാഷ്ട്രീയ മുദ്രാവാക്യമായി വികസിച്ചു.

പാർലമെന്റിനകത്തും പുറത്തും ആ മുദ്രാവാക്യം വലിയ പ്രകമ്പനങ്ങൾ സൃഷ്ടിക്കുകയും ഏതാനും ​പ്രതിപക്ഷ സംസ്ഥാനങ്ങളിൽ പ്രത്യേകമായി ജാതി സെൻസസിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തതോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശരിക്കും സമ്മർദത്തിലായി. അങ്ങനെയാണ്, 2025 ഏപ്രിൽ 30ന് കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി, നടപ്പു സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ, ഭ​​വ​​ന സെ​​ൻ​​സ​​സ് ക​​ഴി​​ഞ്ഞ് രാ​​ജ്യം വ്യ​​ക്തി​​ഗ​​ത സെ​​ൻ​​സ​​സി​​ലേ​​ക്ക് ക​​ട​​ക്കു​​ന്ന​​തി​​ന് മു​​ന്നോ​​ടി​​യാ​​യി, വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​നു​​ള്ള 40 ചോ​​ദ്യ​​ങ്ങ​​ൾ ഏതാനും ദിവസങ്ങൾക്കുമുമ്പ് കേന്ദ്ര സർക്കാർ വി​​ജ്ഞാ​​പ​​നം ചെ​​യ്തപ്പോഴാണ് ആ പ്രഖ്യാപനത്തിലെ ചതി വെളിച്ചത്തുവന്നത്. ചോദ്യാവലിയിൽ ജാതി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ജാതി സെൻസസി​ന്റെ ആത്യന്തിക ലക്ഷ്യ​ങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് ഈ കാനേഷുമാരിയിലും ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.

നടപ്പു സെൻസസിൽ പേരിനൊരു ജാതി ചോദിക്കുന്നുണ്ട് എന്നത് ശരിയാണ്. ആ നിലയിൽ ജാതി എണ്ണപ്പെടുന്നുണ്ട്; പക്ഷേ, അത് എങ്ങനെ എണ്ണുമെന്നതും പ്രസക്തമാണ്. ഓ​​രോ സം​​സ്ഥാ​​ന​​ത്തു​​മു​​ള്ള വ്യ​​ത്യ​​സ്ത ജാ​​തി​​ക​​ളു​​ടെ​​യും ഉ​​പ​​ജാ​​തി​​ക​​ളു​​ടെ​​യും പ​​ട്ടി​​ക എ​​ന്യൂ​​മ​​റേ​​റ്റ​​ർ​​മാ​​ർ​​ക്ക് ന​​ൽ​​കാ​​തെ, പൗ​​ര​​ന്മാ​​രോ​​ട് ജാ​​തി​​ചോ​​ദി​​ച്ച് അ​​വ​​ർ പ​​റ​​യു​​ന്ന​​തെന്തോ അത് രേ​​ഖ​​പ്പെ​​ടു​​ത്താ​​നാണ് നിർദേശം. ഒരേ സാമൂഹിക വിഭാഗം ഒരോ സംസ്ഥാനങ്ങളിലും പല പേരുകളിലായിരിക്കും അറിയപ്പെടുക. ചിലയിടങ്ങളി​​ലെ ജാതി മറ്റു പ്രദേശങ്ങളിൽ ഉപജാതിയുടെ പേരായിരിക്കും; അത് മറ്റു സംസ്ഥാനങ്ങളിൽ കുടുംബപ്പേരുമാകാം. ഭാഷയും ലിപിയും മാറുമ്പോൾ ഒരേ പേരിന് വിവിധ ഉച്ചാരണങ്ങളും വരാം. 140 കോടിയിലധികം മനുഷ്യരിൽനിന്ന് ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ പിന്നീട് ഏകീകരിച്ച് വിശ്വസനീയമായ സാമൂഹിക സ്ഥിതിവിവരക്കണക്കാക്കി മാറ്റുക അത്യന്തം സങ്കീർണമാണ്.

ഇക്കാര്യം, 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസിൽതന്നെ രാജ്യം തിരിച്ചറിഞ്ഞതാണ്. അന്ന് ജാതി രേഖപ്പെടുത്തിയപ്പോൾ 47 ലക്ഷം വ്യത്യസ്ത ജാതി പേരുകളും രൂപഭേദങ്ങളും രേഖപ്പെട്ടു. ഒരേ ജാതിയുടെ വിവിധ പേരുകൾ, ഉപജാതികൾ, പ്രാദേശിക പേരുകൾ, അക്ഷര വ്യത്യാസങ്ങൾ, കുടുംബപ്പേരുകൾ തുടങ്ങിയവ വേർതിരിച്ച എൻട്രികളായി വന്നതോടെ കണക്കുകൾ വർഗീകരിക്കുന്നതുതന്നെ വലിയ പ്രശ്നമായി. ഒടുവിൽ സമഗ്ര ജാതിവിവരങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെട്ടില്ല. ഇതേ ദുരന്തംതന്നെയാണ് ഇക്കുറിയും ആവർത്തിക്കപ്പെടാൻ പോകുന്നതെന്ന് വ്യക്തം. അതുകൊണ്ടാണ്, ജാതി സെൻസസ് ആവശ്യപ്പെട്ട പ്രതിപക്ഷ പാർട്ടികൾ വിജ്ഞാപനം പുറത്തുവന്നതിനുശേഷം പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇപ്പോഴത്തെ നടപടി ക്രമങ്ങളെ കോൺഗ്രസ്, ദുരൂഹമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അങ്ങനെ തള്ളിക്കളയേ​ണ്ടൊരു വിശേഷണമല്ലത്.

വാസ്തവത്തിൽ, ലളിതമായി പരിഹരിക്കാവുന്നൊരു വിഷയം മാ​ത്രമാണിത്. വ്യക്തിഗത സെൻസസിൽ ആദ്യം എസ്.സി, എസ്.ടി, ഒ.ബി.സി, ജനറൽ തുടങ്ങിയ വിഭാഗങ്ങൾ ഏതെന്ന് രേഖപ്പെടുത്തുകയും തുടർന്ന് അതത് സംസ്ഥാനങ്ങളിലെ ഔദ്യോഗിക പട്ടികയിൽനിന്ന് ജാതി തിരഞ്ഞെടുക്കുന്ന സംവിധാനം സ്വീകരിക്കുകയും ചെയ്താൽ കൃത്യമായ കണക്കെടുപ്പ് സാധ്യമാണ്. അഥവാ, ഇ​പ്പോഴത്തെ ചോദ്യാവലിയിൽ നേരിയ മാറ്റങ്ങളോടെതന്നെ സമഗ്രമായ ജാതി സെൻസസ് സാധ്യമാണ്. എന്നാൽ, നമ്മുടെ ഭരണകൂടത്തിന് അതിൽ വേണ്ട​ത്ര താൽപര്യമില്ല. അതിന്റെ കാരണവും വ്യക്തമാണ്: ശാസ്ത്രീയവും സമഗ്രവുമായൊരു ജാതി സെൻസസിലൂടെ തെളിഞ്ഞുവരുക രാജ്യത്തെ വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ അവസരങ്ങളും വിഭവങ്ങളും അധികാരവുമെല്ലാം എങ്ങനെയാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ്. ഇതു സംബന്ധിച്ചൊരു സാമൂഹിക ഭൂപടം തെളിഞ്ഞുവരുന്നത് ഹിന്ദുത്വയുടെ പ്രത്യയശാസ്ത്രം പേറുന്നൊരു ഭരണകൂടത്തിന് പല കാരണങ്ങളാൽ അസഹനീയമായിരിക്കും. കാരണം, ഹിന്ദുത്വയുടെ ഉന്മാദ രാഷ്ട്രീയത്തിന്റെ ചാലക ശക്തിയായി പലപ്പോഴും വർത്തിക്കാറുള്ളത് മുസ്‍ലിം ‘ജനസംഖ്യാ വിസ്ഫോടന’വും സംവരണ വിരുദ്ധ രാഷ്ട്രീയവുമാണ്.

ഈ രണ്ട് ഗൂഢാലോചനാ സിദ്ധാന്തങ്ങളും ജാതി സെൻസസിലൂടെ തകർക്കപ്പെടുമെന്നുറപ്പായതിനാലാണ് വിജ്ഞാപനത്തിൽ കൃത്രിമം കാണിച്ച് ജാതി സെൻസസ് എന്ന ആവശ്യം മോദി സർക്കാർ മരവിപ്പിച്ചത്. പതിറ്റാണ്ടുകളായി ഭരണതലത്തിലും ഭൂവിഭവങ്ങളിലുമെല്ലാം അധികാരവും അവസരവും നിഷേധിക്കപ്പെട്ട രാജ്യത്തെ പിന്നാക്ക, ന്യൂനപക്ഷ സാമൂഹിക വിഭാഗങ്ങളെ ഇനിയും പുറംപോക്കിൽ തന്നെ നിർത്താനുള്ള ഈ ഗൂഢപദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്

Tags:    
News Summary - Caste Sabotage Under the Guise of the Census

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.