ഏതൊരു ഇന്ത്യക്കാർക്കും അഭിമാനിക്കാൻ വകനൽകുന്നൊരു വാർത്തയാണ് കഴിഞ്ഞദിവസം, യു.എസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ പുറത്തുവിട്ടത്. ചന്ദ്രനിൽ മനുഷ്യർക്ക് ദീർഘകാലം താമസിക്കാനും ഗവേഷണ പ്രവർത്തനങ്ങൾ നടത്താനും ലക്ഷ്യമിട്ടുള്ള ‘മൂൺ ബേസ്’ പദ്ധതിയിൽ പങ്കാളിയാകാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒയെ ക്ഷണിച്ചിരിക്കുകയാണ് നാസ. അഞ്ച് പതിറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടിമിസ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഭൂമിയുടെ ഉപഗ്രഹത്തിൽ ഒരു സ്ഥിരം നിലയം സ്ഥാപിക്കുക എന്നതാണ്. ഭാവിയിൽ ചൊവ്വയിലേക്കടക്കമുള്ള മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണത്തിൽ അതിനിർണായകമായ ഈ ദൗത്യത്തെ ശാസ്ത്രലോകം ആകാംക്ഷയോടെ നോക്കിക്കാണുമ്പോഴാണ് പ്രസ്തുത പദ്ധതിയിൽ പങ്കാളികളാകാൻ അമേരിക്ക ഐ.എസ്.ആർ.ഒയെ ക്ഷണിച്ചിരിക്കുന്നത്. മറ്റധികം രാജ്യങ്ങൾക്കൊന്നും കൈവന്നിട്ടില്ലാത്ത ഈ സൗഭാഗ്യം, ഐ.എസ്.ആർ.ഒയുടെ ഇതഃപര്യന്തമുള്ള പ്രവർത്തന മികവിന്റെ കൂടി നിദർശകമാണെന്നതിൽ സംശയമില്ല. ചന്ദ്രനിലേക്കും അവിടെനിന്ന് പ്രപഞ്ചത്തിന്റെ വിശാലതയിലേക്കുമുള്ള മനുഷ്യന്റെ പുതിയ യാത്രയിൽ ഇന്ത്യക്ക് ലഭിച്ചിരിക്കുന്ന ഈ അവസരം രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ബഹിരാകാശ ഗവേഷണ യത്നങ്ങളെ കൂടുതൽ വേഗത്തിലാക്കും.
1972നുശേഷം, മനുഷ്യൻ ചന്ദ്രനിലിറങ്ങിയിട്ടില്ല. നീൽ ആംസ്ട്രോങ് മുതൽ യുജിൻ കെർമാൻ വരെയുള്ള ഡസൻ ചാന്ദ്രയാത്രികരുടേതും ഹ്രസ്വസന്ദർശനമായിരുന്നു. എന്നാൽ, പുതിയ യാത്രകൾ ലക്ഷ്യംവെക്കുന്നത് അങ്ങനെയല്ല. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹത്തിൽ ദീർഘകാല മനുഷ്യസാന്നിധ്യത്തിന് അടിത്തറയൊരുക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ രാജ്യങ്ങൾ ചന്ദ്രനിലേക്ക് യാത്രതിരിക്കുകയാണ്. അങ്ങനെയൊരു പുതിയ ‘ബഹിരാകാശയുദ്ധം’ തന്നെ ശാസ്ത്രലോകത്ത് നടക്കുന്നുണ്ട്. യു.എസും റഷ്യയും ചൈനയും ജപ്പാനുമെല്ലാം ആ മത്സരത്തിന്റെ മുൻനിരയിലുണ്ട്. മത്സരത്തിൽ ഒരുപടി മുന്നിലുള്ളത് അമേരിക്കയാണ്; നാസയുടെ ആർട്ടിമിസ് ദൗത്യം വലിയ പ്രതീക്ഷകളോടെ മുന്നേറുകയാണ്. 2022ൽ ആർട്ടിമിസ്-1 എന്ന ആളില്ലാ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുകയും ചന്ദ്രോപരിതലത്തിന്റെ ഒമ്പതിനായിരം കിലോമീറ്റർ വരെ അരികെ വലംവെക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിലിൽ കുതിച്ച ആർട്ടിമിസ്-2 ദൗത്യത്തിൽ നാല് യാത്രികരുമുണ്ടായിരുന്നു. ചന്ദ്രനിലിറങ്ങിയില്ലെങ്കിലും അവരും ഉപഗ്രഹത്തിന്റെ അരികെയെത്തി സുരക്ഷിതമായി ഭൂമിയിലിറങ്ങി. അടുത്ത വർഷം സമാന സ്വഭാവത്തിൽ ആർട്ടിമിസ് -3 കുതിച്ചുയരും; അതുകഴിഞ്ഞാൽ ആർട്ടിമിസ് -4 മനുഷ്യരെയും വഹിച്ച് ചന്ദ്രനിലിറങ്ങും. നാസയുടെ സാങ്കേതികത്തികവ് വെച്ചുനോക്കുമ്പോൾ 2029ന് മുമ്പുതന്നെ ഇതെല്ലാം യാഥാർഥ്യമാകാനാണ് സാധ്യത. അതിന്റെ തുടർച്ചയിലാണ് മൂൺ ബേസ് സ്ഥാപിക്കുക. ഇതിനകംതന്നെ, നാസയുടെ ആർട്ടിമിസ് അക്കോഡിൽ ഇന്ത്യയും അംഗമാണ്. ആ നിലയിൽ ഈ ദൗത്യത്തിൽ ഇന്ത്യൻ ഗവേഷകരും പങ്കാളികളാണ്. അതിനുമപ്പുറം ഐ.എസ്.ആർ.ഒയുടെ ചില സാങ്കേതിക സഹായങ്ങളും ആർട്ടിമിസ് പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. എന്നാലിപ്പോൾ, ആർട്ടിമിസ് ദൗത്യം അതിന്റെ ആത്യന്തിക ലക്ഷ്യമായ മൂൺ ബേസ് നിർമാണത്തിലേക്ക് പ്രവേശിക്കാനിരിക്കെ, ഐ.എസ്.ആർ.ഒയുടെ സഹായം തേടുമ്പോൾ ആ ക്ഷണത്തിന് മാനങ്ങളേറെയാണ്. ഒന്നാമതായി, നടപ്പുശതകത്തിൽ ഐ.എസ്.ആർ.ഒയുടെ മിക്ക ദൗത്യങ്ങളും വിജയിച്ചിട്ടുണ്ടെന്നത് ഏതൊരു രാജ്യത്തെയും അസൂയപ്പെടുത്തുന്ന നേട്ടമാണ്. ചാന്ദ്രയാൻ, മംഗൾയാൻ, അസ്ട്രോസാറ്റ്, ആദിത്യ തുടങ്ങിയ ദൗത്യങ്ങളെല്ലാം വിജയമായിരുന്നു. ഗഗൻയാനും അതേ പാതയിലാണ്. രണ്ടുവർഷത്തിനുള്ളിൽ മനുഷ്യന്റെ ശൂന്യാകാശ യാത്ര യാഥാർഥ്യമാക്കാനൊരുങ്ങുന്ന ഐ.എസ്.ആർ.ഒ 2040ഓടെ ഇന്ത്യക്കാരെ ചന്ദ്രനിലെത്തിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. ഈ മേഖലയിൽ ഇന്ത്യ കൈവരിച്ചിട്ടുള്ള സാങ്കേതിക ജ്ഞാനങ്ങൾ നാസക്ക് ആവശ്യമുണ്ട്. ‘മൂൺ ബേസ്’ ഗവേഷണ പങ്കാളിത്തത്തിലേക്ക് ക്ഷണിക്കുക വഴി അതുറപ്പാക്കുക എന്നതാണ് നാസയും അമേരിക്കയും ലക്ഷ്യമിടുന്നതെന്ന് വ്യക്തം. മറുവശത്ത്, വർത്തമാനകാലത്തെ ഏറ്റവും വലിയ ശാസ്ത്ര പരീക്ഷണങ്ങളിലൊന്നിന്റെ ഭാഗമാകാൻ ഇന്ത്യക്കും അവസരം വരുന്നു. ബഹിരാകാശ യാത്രികർക്ക് ഒന്നോ രണ്ടോ മാസത്തോളം ചന്ദ്രനിൽ തങ്ങി ഗവേഷണങ്ങൾ നടത്താനുള്ള നിലയമാണ് സ്ഥാപിക്കാനൊരുങ്ങുന്നത്. മൂന്ന് ഘടകങ്ങളാണ് ഈ ബേസ് ക്യാമ്പിന് ഉണ്ടാവുക. ബഹിരാകാശ യാത്രികർക്ക് താമസിക്കാനും ജോലി ചെയ്യാനുമുള്ള ഫൗണ്ടേഷൻ സർഫേസ് ഹാബിറ്റാറ്റ്, ചന്ദ്രോപരിതലത്തിലൂടെ യാത്രികർക്ക് സഞ്ചരിക്കാനുള്ള ലൂണാർ ടെറൈൻ വെഹിക്കിൾ, കൂടുതൽ ദൂരത്തേക്ക് സഞ്ചരിക്കാൻ കഴിയുന്ന ഹാബിറ്റബിൾ മൊബിലിറ്റി പ്ലാറ്റ്ഫോം എന്നിവയാണ് അവ. മറ്റൊരർഥത്തിൽ, മനുഷ്യൻ ചന്ദ്രനിൽ സ്ഥാപിക്കുന്ന ആദ്യ കോളനിയാകും ഈ മൂൺ ബേസ്. ആ നിലയിൽ രാഷ്ട്രീയ മാനങ്ങൾ കൂടിയുള്ളൊരു ദൗത്യത്തിന്റെ ഭാഗമാകാനാണ് ഐ.എസ്.ആർ.ഒക്ക് അവസരം കൈവന്നിരിക്കുന്നത്.
ഐ.എസ്.ആർ.ഒയുടെ നേട്ടങ്ങൾ ഇത്തരത്തിൽ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുമ്പോഴും നമ്മുടെ അധികാരികൾ ഈ ഗവേഷണ സ്ഥാപനത്തെ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. സമീപകാലത്തായി അവിടെനിന്ന് കേട്ടുകൊണ്ടിരിക്കുന്നത് കൊഴിഞ്ഞുപോക്കിന്റെ കെട്ട കഥകളാണ്. ഏതാനും മാസങ്ങൾക്കിടെ, നൂറിലധികം ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരുമാണ് അവിടെനിന്ന് ജോലി ഉപേക്ഷിച്ചുപോയത്. ഇതുമൂലം, പല പദ്ധതികളും അനിശ്ചിതാവസ്ഥയിലായി. ഭരണകൂടത്തിന്റെ വികലമായ ശാസ്ത്ര നയത്തിന്റെ പരിണതിയാണിത്. ഐ.എസ്.ആർ.ഒ ഉൾപ്പെടെയുള്ള ശാസ്ത്ര സ്ഥാപനങ്ങൾക്കുള്ള വാർഷിക സാമ്പത്തിക വിഹിതം വെട്ടിക്കുറക്കുകയും മറുവശത്ത് തന്ത്രപ്രധാനമായ ഈ ഗവേഷണ മേഖലകളിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനിയന്ത്രിതമായി അവസരം നൽകുകയും ചെയ്തത് ഫലത്തിൽ തിരിച്ചടിയായിരിക്കുകയാണ്. ഐ.എസ്.ആർ.ഒ തുടങ്ങിവെച്ച പല പദ്ധതികളുമിപ്പോൾ നിശ്ചലാവസ്ഥയിലാണ്. പല ദൗത്യങ്ങൾക്കും സർക്കാർ അനുമതിയുമില്ല. ഇതോടൊപ്പം, സംഘ്പരിവാർ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാറിന് ഇത്തരം മൗലിക ശാസ്ത്ര ഗവേഷണങ്ങളേക്കാൾ പ്രിയം ‘ഭാരതീയ’വും ‘പൗരാണിക’വുമായ ശാസ്ത്രങ്ങളോടാണ്. ആ മേഖലയിലാണിപ്പോൾ കാര്യമായി ഫണ്ടൊഴുകുന്നതും. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ശാസ്ത്രാവബോധ ചിന്തകളും തദനുസൃതമായ ഭരണാസൂത്രണങ്ങളുമെല്ലാമാണ് ഇന്ത്യക്ക് സ്വന്തമായൊരു ബഹിരാകാശ ഗവേഷണ നിലയം എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. അതോടൊപ്പം, ജീവിതം രാഷ്ട്രത്തിനായി സമർപ്പിച്ച പ്രതിഭാശാലികളായ ഒരുകൂട്ടം ശാസ്ത്രജ്ഞരുടെയും എൻജീനിയർമാരുടെയും പരിശ്രമംകൂടിയായപ്പോൾ നമ്മുടെ രാജ്യം പുതിയൊരു ചരിത്രം സൃഷ്ടിക്കുകയായിരുന്നു. അതിന്റെ ഖ്യാതി മോദി സർക്കാർ തുടർച്ചയായി വിസ്മരിക്കുമ്പോഴാണ് നാസയിൽനിന്നുള്ള പുതിയ വാർത്തകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.