ഉടമ്പടിയിലൊതുങ്ങില്ല അതിജീവനം

കാലാവസ്ഥാ മാറ്റം സംബന്ധിച്ച പാരിസ് ഉടമ്പടി ഒൗദ്യോഗികമായി അംഗീകരിക്കാന്‍ കേന്ദ്ര മന്ത്രിസഭ ഒക്ടോബര്‍ രണ്ടിന് തീരുമാനിച്ചതോടെ ലോകത്തെ പ്രധാനപ്പെട്ട നാലു രാഷ്ട്രങ്ങള്‍ ഉടമ്പടി പ്രകാരമുള്ള ബാധ്യത ഏറ്റെടുത്തുകഴിഞ്ഞു. യു.എസ്, ചൈന, ബ്രസീല്‍ എന്നിവ നേരത്തേ ഉടമ്പടിക്ക് ഒൗദ്യോഗികാംഗീകാരം നല്‍കിയിട്ടുണ്ട്. ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നത് കുറച്ചുകൊണ്ട് ആഗോളതാപനവും കാലാവസ്ഥാ മാറ്റവും നിയന്ത്രണവിധേയമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പാരിസ് ഉടമ്പടി. അത്തരം വാതകങ്ങള്‍ കൂടുതല്‍ പുറത്തുവിടുന്ന രാജ്യങ്ങളാണ് ഇപ്പോള്‍ ഉടമ്പടി അംഗീകരിച്ചവ. യൂറോപ്യന്‍ യൂനിയനും അതിന് അംഗീകാരം നല്‍കാന്‍ പോകുന്നു. ചൈനയുടെയോ യു.എസിന്‍െറയോ നാലിലൊന്നുപോലും ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടാത്ത രാജ്യമാണ് ഇന്ത്യ. ഇവിടെ സമൂഹക്ഷേമത്തിനും സാമ്പത്തിക വളര്‍ച്ചക്കും ആവശ്യമായ ഊര്‍ജം ഏറെയും ഫോസില്‍ ഇന്ധനങ്ങളില്‍നിന്നാണ് വരുന്നതെന്നതിനാല്‍ അവയുടെ ഉപയോഗം കുറക്കുക ദുഷ്കരമാണ്. എന്നിട്ടും നാം അത്തരം ബാധ്യത ഏറ്റെടുത്തത് നാമടക്കമുള്ള ഭൂനിവാസികളുടെ പൊതുതാല്‍പര്യത്തിന് പ്രാമുഖ്യം കല്‍പിച്ചുകൊണ്ടാണ്. ഇത് നല്ല തീരുമാനം തന്നെയെന്നതില്‍ സംശയമില്ല.

പാരിസ് ഉടമ്പടിയുടെ ആവശ്യകതയെപ്പറ്റി ഇപ്പോള്‍ ആരും തര്‍ക്കിക്കുന്നില്ല. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത വര്‍ധിത ചൂടിലൂടെയാണ് ഭൂമി ഓരോ വര്‍ഷവും കടന്നുപോകുന്നത്. കാലാവസ്ഥ അസ്ഥിരവും പ്രവചനാതീതവുമായിക്കൊണ്ടിരിക്കുന്നു. ഇതിനെല്ലാം പുറമെ, കഴിഞ്ഞ മാസത്തോടെ പരിസ്ഥിതിത്തകര്‍ച്ചയുടെ ഒരു ഘട്ടത്തിലേക്കുകൂടി ലോകം പ്രവേശിച്ചിരിക്കുന്നു. കാര്‍ബണ്‍ ഡയോക്സൈഡിന്‍െറ ആഗോള നിര്‍ഗമനം 400 പി.പി.എം കടന്നതോടെ തിരിച്ചുപോക്കില്ലാത്ത വ്യതിയാനത്തിലേക്ക് ഭൂമി എത്തിക്കഴിഞ്ഞു എന്നാണ് ശാസ്ത്രലോകം അറിയിക്കുന്നത്. ചുരുങ്ങിയപക്ഷം അനേക പതിറ്റാണ്ടുകളോളം ആ തോത് ഇനി കുറയാന്‍ പോകുന്നില്ളെന്ന് ഉറപ്പാണത്രെ. 40 ലക്ഷം വര്‍ഷങ്ങളിലാദ്യമാണ് ഈ അവസ്ഥയെന്ന് പറയപ്പെടുന്നു. ഫോസില്‍ ഇന്ധനങ്ങളില്ലാതെ എങ്ങനെ സാമ്പത്തികവളര്‍ച്ച നേടും എന്ന് ചോദിക്കുന്നവരോട് ശാസ്ത്രജ്ഞര്‍ ഉന്നയിക്കുന്ന മറുചോദ്യം, നിലനില്‍പ് അപകടത്തിലാക്കിയിട്ട് എന്ത് വളര്‍ച്ച എന്നാണ്. ഈ സാഹചര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ പരമാവധി പരിഹാരശ്രമങ്ങള്‍ ചെയ്യണമെന്നത് വെറും താല്‍ക്കാലിക രാഷ്ട്രീയനയമല്ല, അതിജീവനത്തിന്‍െറ അനിവാര്യമായ തേട്ടം തന്നെയാണ്.

ലോകത്തിന് മുന്നില്‍ വഴികള്‍ അടഞ്ഞിരിക്കുന്നു. ഇപ്പോള്‍തന്നെ പരിഹാരം ഏറെ വൈകിയെന്നും പാരിസ് ഉടമ്പടിയിലെ തീരുമാനങ്ങള്‍ പരിഹാരത്തിന്‍െറ പകുതി പോലുമാകില്ളെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. നമ്മുടെ പതിവുശീലങ്ങളെ മുഴുവന്‍ ബാധിക്കാവുന്ന കടുത്ത നടപടികള്‍ ഉണ്ടായേ പറ്റൂ എന്നവര്‍ പറയുന്നു. ഉടമ്പടിയിലെ പ്രഖ്യാപിതലക്ഷ്യം പോലും അപര്യാപ്തമാണെന്നിരിക്കെ, അത്രത്തോളമെങ്കിലും നേടാന്‍ രാജ്യങ്ങള്‍ സമയബന്ധിതമായി പ്രവര്‍ത്തിച്ചേ തീരൂ. കാര്‍ബണ്‍ നിര്‍ഗമനം നന്നേ കുറഞ്ഞ ഊര്‍ജ-നിര്‍മാണ തന്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയില്‍ അതിനാവശ്യമായ സാമൂഹിക ബോധവത്കരണം ഇനിയും വൈകിക്കൂടാ.

ഫോസില്‍ ഇന്ധന ഉപഭോഗം കുത്തനെ കുറച്ചും ബദല്‍ ഊര്‍ജരീതികള്‍ പ്രോത്സാഹിപ്പിച്ചും പുതിയൊരു ജീവിതസംസ്കാരത്തിലേക്ക് രാജ്യനിവാസികളെ അതിവേഗം ആനയിക്കേണ്ട ചുമതല കേന്ദ്ര സര്‍ക്കാറിനുണ്ട്. ഈ സംസ്കാരമാകട്ടെ ജനങ്ങളുടെ നിത്യ ജീവിതശൈലികളെ മാത്രമല്ല പുതുക്കിപ്പണിയുക. രാജ്യത്തിന്‍െറ മുന്‍ഗണനകളെയും രാജ്യാന്തര ബന്ധങ്ങളെയും പുന$സംവിധാനം ചെയ്യേണ്ടിവരും. ഹരിതഗൃഹവാതകം ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത് യുദ്ധവ്യവസായത്തിലാണ്. യുദ്ധം വലിയ പാഴ്ച്ചെലവ് മാത്രമല്ല, വമ്പിച്ച മലിനീകരണവും ഉണ്ടാക്കും. രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ ആഗോളതാപനവര്‍ധന പിടിച്ചുനിര്‍ത്തുക എന്നത്  ഇപ്പോള്‍തന്നെ പ്രയാസകരമാണെന്നിരിക്കെ ഇനിയും ഒരു ചെറുയുദ്ധം പോലും താങ്ങാന്‍ ഭൂമിക്ക് ശേഷിയില്ല.

അക്കാരണം കൊണ്ടുകൂടി, ഇന്ന് സംഘര്‍ഷവും ചോരപ്പുഴയും നിത്യാനുഭവമായ പ്രദേശങ്ങളിലാകെ ശാന്തി കൈവരുത്തുക അതിന്‍െറ ഇരകളുടെ മാത്രമല്ല ലോകത്തിന്‍െറ മൊത്തം ആവശ്യമാണ്. ആ ദിശയില്‍ ചിന്തിക്കാനും മറ്റു രാഷ്ട്രങ്ങളെ നടത്താനുമുള്ള ചുമതലകൂടി നമുക്കുണ്ടെന്നാണ് പാരിസ് ഉടമ്പടി അംഗീകരിച്ചതിലൂടെ നാം പ്രഖ്യാപിക്കുന്നത്. 1992ലെ റിയോ കാലാവസ്ഥാ സമ്മേളനത്തിനുശേഷം 23 വര്‍ഷമെടുത്തു പാരിസ് ഉടമ്പടി (അതെത്ര അപര്യാപ്തമായാലും) രൂപം കൊള്ളാന്‍. ഇത്ര ലാഘവബുദ്ധിയോടെ ഇനിയും ചരിക്കാനാവില്ല. ഉടമ്പടിയും ഒപ്പുവെക്കലും ഒൗദ്യോഗികാംഗീകാരവുമെല്ലാം എളുപ്പം നടക്കും. നടപ്പാക്കലിലെ സത്യസന്ധതയും ഗതിവേഗവുമാണ് നമ്മുടെ അതിജീവനത്തെ നിര്‍ണയിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.