ജനപ്രിയ വാചാടോപം കൊണ്ട് കാര്യം നടക്കില്ല

പുതുതായി അധികാരത്തില്‍വന്ന ഇടതുമുന്നണി സര്‍ക്കാറിലെ മന്ത്രിമാരുടെ ഭാഗത്തുനിന്ന് വിവിധ വിഷയങ്ങളിലായി വരുന്ന പ്രസ്താവനകള്‍ സാധാരണഗതിയില്‍ ജനത്തെ ആകര്‍ഷിക്കാന്‍ ശേഷിയുള്ളവയാണ്. ‘പുത്തനച്ചി പുരപ്പുറം തൂക്കും‘ എന്ന ചൊല്ലിനെ ഓര്‍മിപ്പിക്കുന്ന  ഇത്തരം പ്രസ്താവനകള്‍ സ്വാഭാവികവുമാണ്. അധികാരമേറ്റെടുക്കുമ്പോള്‍ പ്രതിഛായാ നിര്‍മാണത്തിനുവേണ്ടി ബോധപൂര്‍വം നടത്തുന്നവയാവും ഇത്തരം പ്രസ്താവനകളില്‍ ചിലത്. മന്ത്രിപ്പണി തുടങ്ങിയ ഉടനെ, പ്രായോഗിക യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതിനു മുമ്പ് നടത്തുന്ന സ്വപ്നാടനങ്ങളോ ആഗ്രഹപ്രകടനങ്ങളോ ആകാം ചിലത്. ചിലതാവട്ടെ, കാര്യങ്ങളുടെ യഥാര്‍ഥ കിടപ്പിനെക്കുറിച്ച അജ്ഞത കാരണം വരുന്നതുമാവാം. എന്തു തന്നെയായാലും ഏത് സര്‍ക്കാര്‍ അധികാരത്തില്‍വന്നാലും തുടക്കത്തില്‍ ആവേശകരമായ പ്രസ്താവനകളും പ്രഖ്യാപനങ്ങളുമുണ്ടാവും എന്നുള്ളത് സ്വഭാവികമാണ്. ശരിക്കും എന്താണ് നടക്കുകയെന്നത് വരാനിരിക്കുന്ന കാലമാണ് തെളിയിക്കേണ്ടത്.

തുടക്കത്തിന്‍െറ ആവേശം എന്ന ഗണത്തില്‍പെടുത്താവുന്ന ഒരു പ്രസ്താവന രണ്ടുദിവസം മുമ്പ് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്‍െറ ഭാഗത്ത് നിന്നുണ്ടായി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍, റാക്കിന്‍ഡോ എന്ന  കമ്പനിക്ക് റിസോര്‍ട്ട് നിര്‍മാണാവശ്യാര്‍ഥം നികത്താന്‍ അനുമതി നല്‍കിയ കോട്ടയം കുമരകത്തെ മെത്രാന്‍ കായലിലും ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ നികത്തിയ ഭൂമിയിലും കൃഷിയിറക്കും എന്ന പ്രസ്താവനയാണത്. ശക്തമായ പാരിസ്ഥിതിക അവബോധം ജനപ്രിയതയുടെ തലത്തില്‍ കേരളത്തില്‍ വളര്‍ന്നിട്ടുണ്ട്. ഈ ജനപ്രിയതയെ നല്ലവണ്ണം താലോലിക്കാന്‍ കെല്‍പുള്ളതാണ് സുനില്‍കുമാറിന്‍െറ പ്രസ്താവന. ഇത് സംബന്ധിച്ച്  ഈ മാസം 17നകം റിപ്പോര്‍ട്ട് നല്‍കാന്‍ വകുപ്പ് സെക്രട്ടറിയോട് മന്ത്രി നിര്‍ദേശിച്ചുകഴിഞ്ഞു. 17ന് മന്ത്രിയും സെക്രട്ടറിയും മെത്രാന്‍ കായല്‍പ്രദേശം സന്ദര്‍ശിക്കുന്നുമുണ്ട്.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറാണ് സ്വകാര്യ കമ്പനിക്ക് പരിസ്ഥിതിലോലമായ ആറന്മുളയിലെ ഭൂമിയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ പ്രാഥമിക അനുമതി നല്‍കിയത്. തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് കൂടുതല്‍ നീക്കങ്ങള്‍ നടത്തി. വിവാദവും സമരങ്ങളുമൊക്കെയായതോടെ പദ്ധതി ഇപ്പോള്‍ വഴിയില്‍ കിടക്കുകയാണ്. പ്രസ്തുത പദ്ധതിക്കുവേണ്ടി സ്വകാര്യ കമ്പനി ഏറ്റെടുത്ത് മണ്ണിട്ട് നികത്തിയ ഭൂമിയിലാണ് കൃഷി നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അത് എന്തുമാത്രം പ്രായോഗികമാണെന്നത് കണ്ടറിയേണ്ട കാര്യമാണ്. ഈ ഭൂമിയില്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട മിച്ചഭൂമിയുണ്ടെന്ന് പറഞ്ഞ് ഭൂരഹിതരായ മുപ്പതോളം കുടുംബങ്ങള്‍ അവിടെ കുടില്‍കെട്ടി താമസിക്കുന്നുണ്ട്. നന്നെച്ചുരുങ്ങിയത് അവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയെങ്കിലും നേടിക്കൊടുക്കുമെന്ന് പ്രഖ്യാപിച്ചാല്‍ അല്‍പംകൂടി ആശ്വസിക്കാമായിരുന്നു.

ആറന്മുളയിലെ ഭൂമി ഇപ്പോഴും വിമാനത്താവള കമ്പനിയുടെ ഉടമസ്ഥതിയിലാണ്. അത്തരമൊരു ഭൂമിയില്‍ സര്‍ക്കാര്‍ കൃഷിയിറക്കുമ്പോഴുണ്ടാകുന്ന നിയമപ്രശ്നങ്ങള്‍ അങ്ങേയറ്റം സങ്കീര്‍ണമായിരിക്കും. ഇതുതന്നെയാണ് മെത്രാന്‍ കായലിലെയും പ്രശ്നം. വിവാദവിധേയമായ ആ കമ്പനി സ്വകാര്യവ്യക്തികളില്‍നിന്ന് വിലകൊടുത്ത് വാങ്ങിയതാണ് ആ ഭൂമി. അവിടെ സര്‍ക്കാര്‍ ബലമുപയോഗിച്ച് കൃഷിയിറക്കുമെന്ന് പറയുന്നത് പ്രസ്താവനയിറക്കുന്നതുപോലെ ലളിതമായ കാര്യമല്ല. മന്ത്രിക്കും പാര്‍ട്ടിക്കാര്‍ക്കും കൂട്ടമായി വന്ന് പ്രതീകാത്മക പരിപാടിയെന്ന നിലക്ക് ഞാറ് നട്ട് പോകാന്‍ കഴിഞ്ഞേക്കും. പക്ഷേ, അതിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൃഷിഭൂമിയാക്കി നിലനിര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇതേ മെത്രാന്‍ കായലില്‍ ഇതേ സി.പി.ഐ നേതാവായ മുല്ലക്കര രത്നാകരന്‍ കൃഷി മന്ത്രിയായിരിക്കെ കൃഷിയിറക്കാന്‍വേണ്ടി 98.28 ലക്ഷം രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അതുമായി ബന്ധപ്പെട്ട് ഒരു നടപടിയും എടുക്കാന്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാറിന് ആയിട്ടില്ല.

അപ്പോള്‍ പിന്നെ മന്ത്രിയെന്തിന് ഇങ്ങനെ പ്രസ്താവനയിറക്കുന്നു എന്ന് അന്വേഷിക്കാം. നേരത്തേ പറഞ്ഞതുപോലെ ജനപ്രിയതയെ താലോലിക്കാനുള്ള ഗിമ്മിക്കായി മാത്രമേ ആളുകള്‍ ഇതിനെ എടുക്കുകയുള്ളൂ. അനാദായകരമായ സ്കൂളുകള്‍ ഏറ്റെടുക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ തുടര്‍ച്ചയായ പ്രസ്താവനകളും ഇത്തരത്തിലെ ജനപ്രിയ ലക്ഷ്യങ്ങള്‍ മാത്രമേ നേടിയെടുക്കാന്‍ പോകുന്നുള്ളൂ. അനാദായകരമായ നൂറുകണക്കിന് സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. അവയൊക്കെ ഏറ്റെടുക്കുക എങ്ങനെയാണ് പ്രായോഗികമാവുക? ഇനി, പഠിക്കാന്‍ കുട്ടികളില്ലാത്ത ഇത്തരം സ്കൂളുകള്‍ പൊതുഖജനാവിലെ പണമുപയോഗിച്ച് ഏറ്റെടുക്കുന്നതിന്‍െറ സാംഗത്യമെന്താണ്? നമ്മുടെ ചില വൈകാരിക ആവേശങ്ങളെ തൃപ്തിപ്പെടുത്തുമെന്നല്ലാതെ പ്രായോഗികമായി ഫലപ്രാപ്തിയിലത്തൊന്‍ പോകുന്നതല്ല ഇവയൊക്ക എന്ന് കാണാന്‍ കഴിയും.

ഇത്തരത്തിലെ ജനപ്രിയ, വൈകാരികതയുടെ ബലത്തിലാണ് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് മുഖ്യമന്ത്രി അച്യുതാനന്ദന്‍െറ നേരിട്ടുള്ള നേതൃത്വത്തില്‍ സര്‍ക്കാര്‍ പട മൂന്നാറിലേക്ക് എക്സ്കവേറ്ററുമായി കയറി നിരങ്ങിയത് എന്ന് നാമോര്‍ക്കണം. വലിയ ആവേശവും പ്രതീക്ഷയും നല്‍കിയ ആ മൂന്നാര്‍ ദൗത്യം സമ്പൂര്‍ണമായി പരാജയപ്പെട്ടെന്നത് പിന്നീടുള്ള ചരിത്രം. മേല്‍ സൂചിപ്പിച്ച വിഷയങ്ങളില്‍ മന്ത്രിമാരുടെ പ്രസ്താവനകള്‍ക്ക് നിദാനമായ അടിസ്ഥാനവിഷയങ്ങള്‍ തീര്‍ത്തും പിന്തുണക്കപ്പെടേണ്ടതും ശരിയുമാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം, ജനപ്രിയ വാചാടോപങ്ങളിലൂടെയും വൈകാരിക നീക്കങ്ങളിലൂടെയുമല്ല അത്തരം ലക്ഷ്യങ്ങള്‍ നേടേണ്ടത്. വിഷയങ്ങളെ ഗൗരവത്തില്‍ പഠിച്ച്, ശരിയായ നിയമനിര്‍മാണം നടത്തി ദീര്‍ഘകാലാടിസ്ഥാനത്തിലെ നടപടികളാണ് വേണ്ടത്. അതിനുള്ള ശ്രദ്ധയും അവധാനതയുമാണ് ഗൗരവബോധമുള്ള ഒരു സര്‍ക്കാറില്‍നിന്ന് പ്രതീക്ഷിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.