ഭാഷാചാര്യന്‍


സഹജീവികളുടെ സഹനങ്ങള്‍ കണ്ട് സമരമുഖത്തിറങ്ങിയ സഖാക്കളുടെ ചോരവീണ് മലയാളകവിത ചുവന്ന കാലത്ത്  ‘ആവുന്നിടത്തോളമുച്ചത്തിലുച്ചത്തിലാ വെളിച്ചത്തിന്‍ കവിത പാടട്ടെ ഞാന്‍’ എന്നു പാടിയ കവിയാണ്. ‘എന്തൊരു വീറെന്‍ സഖാക്കളേ, നാമന്നു ചിന്തിയ ചോരതന്‍ ഗാനം രചിക്കുവാന്‍; എന്തൊരു വീറാണെനിക്കിന്നനീതിക്കോരന്തിമ ശാസനാലേഖം കുറിക്കുവാന്‍?’ എന്ന് വീറോടെ കുറിച്ച സമരഗായകന്‍. മലയാളത്തിലെ വിപ്ളവസാഹിത്യത്തിന്‍െറ മുന്നണിപ്പോരാളികളിലൊരാള്‍. ജീവിതം സമൂഹത്തിന് സമര്‍പ്പിച്ചത് കവിതയിലൂടെയും അധ്യാപനത്തിലൂടെയും. ഭാഷക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്നണിയില്‍ നാം കണ്ട മുഖം. മലയാളത്തിന് ശ്രേഷ്ഠപദവി നേടിക്കൊടുക്കുന്നതിന് നിമിത്തമായ ഡോ. പുതുശ്ശേരി രാമചന്ദ്രന് അല്ലാതെ മറ്റാര്‍ക്കാണ് ഭാഷാപിതാവിന്‍െറ പേരിലുള്ള പുരസ്കാരത്തിന് അര്‍ഹത. ഭാഷയുടെ പഴക്കത്തെപ്പറ്റി ചരിത്രപരവും ഭാഷാശാസ്ത്രപരവുമായ തെളിവുകളെല്ലാം ശേഖരിച്ച് ബൃഹത്തായ റിപ്പോര്‍ട്ട് തയാറാക്കിയ മൂന്നംഗസമിതിയുടെ അധ്യക്ഷനായിരുന്നു പുതുശ്ശേരി. കവി, ഭാഷാഗവേഷകന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളില്‍ നല്‍കിയ സമഗ്രസംഭാവന കണക്കിലെടുത്താണ് എഴുത്തച്ഛന്‍ പുരസ്കാരം.
വയസ്സിപ്പോള്‍ എണ്‍പത്തേഴ്. ആദ്യ കവിത വന്നത് 15ാം വയസ്സിലാണ്. 1943ല്‍ ‘ഭാരതത്തൊഴിലാളി’ എന്ന കൈയെഴുത്തു മാസികയില്‍. മനുഷ്യജീവിതം ദുസ്സഹമാക്കുന്ന സാമൂഹിക സാഹചര്യങ്ങള്‍ക്കെതിരെയാണ് എന്നും തൂലികകൊണ്ടു പൊരുതിയത്. ആ തീ ഇന്നും അണയാതെ കാക്കുന്നു. മലരൊളി തിരളും മധുചന്ദ്രികയില്‍ മഴവില്‍ക്കൊടിയുടെ മുനമുക്കി ചങ്ങമ്പുഴ എഴുതിക്കൊണ്ടിരുന്ന കാലത്ത് കണ്ണടച്ച് കാല്‍പനികതക്കു പിന്നാലെ പോയിട്ടില്ല. വിപ്ളവത്തീപ്പൊരി വാക്കുകളിലേക്ക് ആവാഹിക്കുമ്പോഴും അവ മുദ്രാവാക്യങ്ങളായി അധ$പതിച്ചിട്ടുമില്ല. കമ്യൂണിസത്തിന്‍െറ അപചയങ്ങളും അപഭ്രംശങ്ങളും കണ്ടില്ളെന്നു നടിച്ചിട്ടുമില്ല. 1989ല്‍ ടിയാനന്‍ മെന്‍ സ്ക്വയറില്‍ ചൈനീസ് ഭരണകൂടം ആയിരക്കണക്കിന് ജനാധിപത്യവാദികളെ കൊന്നൊടുക്കിയപ്പോള്‍ അതിനെ വിമര്‍ശിച്ചുകൊണ്ട് ‘മൂങ്ങയും പാണന്മാരും’ എന്ന കവിതയെഴുതി. ഇ.എം.എസ് സര്‍ക്കാറിന്‍െറ കാലത്ത് ചന്ദനത്തോപ്പില്‍ സമരം നടത്തിയ കശുവണ്ടിത്തൊഴിലാളികള്‍ക്കു നേരെ പൊലീസ് വെടിവെപ്പു നടത്തിയപ്പോഴും കമ്യൂണിസ്റ്റ് ആഭിമുഖ്യം പുതുശ്ശേരിയെ അന്ധനാക്കിയിരുന്നില്ല. തൊഴിലാളികളുടെ പക്ഷത്തുനിന്നുകൊണ്ട് ‘തീ പെയ്യരുതേ, മഴമുകിലേ...’ എന്നാണ് അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടത്.
തോപ്പില്‍ ഭാസിയെയും കാമ്പിശ്ശേരിയെയും കമ്യൂണിസ്റ്റാക്കിയ ദേശത്ത് 1928 സെപ്റ്റംബര്‍ 23നാണ് ജനിച്ചത്. അമ്മാവന്‍ പുതുപ്പള്ളി രാഘവന്‍ കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് പാര്‍ട്ടിയൂനിറ്റുണ്ടാക്കിയ നാട്. മാവേലിക്കര താലൂക്കിലെ വള്ളികുന്നം. അച്ഛന്‍ പോക്കാട്ടു ദാമോദരന്‍ പിള്ള. അമ്മ പുതുശ്ശേരി ജാനകി അമ്മ. രണ്ടാംലോകയുദ്ധകാലത്താണ് ബാല്യം പിന്നിടുന്നത്. ഒടുവില്‍ ഹിറ്റ്ലറെ സോവിയറ്റ് യൂനിയന്‍െറ നേതൃത്വത്തില്‍ തോല്‍പിച്ചതും സ്റ്റാലിന്‍െറ ചെമ്പടയുടെ വിജയവും ആ വിദ്യാര്‍ഥിയെ ത്രസിപ്പിച്ചു. 1942 ആഗസ്റ്റ് ഒമ്പതിന് വള്ളികുന്നം എസ്.എന്‍.ഡി.പി സംസ്കൃതം ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ‘ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക’ എന്ന മുദ്രാവാക്യവുമായി സ്കൂള്‍ വിട്ട് തെരുവിലിറങ്ങി. 1947 ആഗസ്റ്റ് 15ന് രാത്രി 12.05ന് നെഹ്റു ചെങ്കോട്ടയില്‍ ബ്രിട്ടീഷ് പതാക താഴ്ത്തി ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ ഇങ്ങ് വള്ളികുന്നത്ത് വിദ്യാര്‍ഥി കോണ്‍ഗ്രസ് പ്രസിഡന്‍റ് എന്ന നിലയില്‍ ഗാന്ധിത്തൊപ്പി വെച്ച് പെട്രോമാക്സിന്‍െറ വെളിച്ചത്തില്‍ പതാക ഉയര്‍ത്തി. അങ്ങനെ ബാല്യത്തിലേ തുടങ്ങിയതാണ് രാഷ്ട്രീയപ്രവര്‍ത്തനം.
1948ല്‍ തിരുവിതാംകൂര്‍ പ്രധാനമന്ത്രിയായ പട്ടംതാണുപിള്ള സ്വാതന്ത്ര്യ സമരതടവുകാരെ വിട്ട കൂട്ടത്തില്‍ പുന്നപ്ര -വയലാര്‍ തടവുകാരെ വിട്ടയക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടു. പൊലീസിനെ വെട്ടിച്ച് അമ്മയെ കാണാന്‍ വീട്ടില്‍ വന്ന അമ്മാവന്‍ പുതുപ്പള്ളി രാഘവന്‍െറ പ്രേരണയില്‍ കമ്യൂണിസത്തിന്‍െറ വഴിയിലേക്കിറങ്ങി. മീന്‍പിടിക്കാനുള്ള ചാലുകള്‍ ലേലത്തില്‍ കൊടുത്തതില്‍ പ്രതിഷേധിച്ചവരെ അടിച്ചൊതുക്കാനത്തെിയ പൊലീസുകാര്‍ ശൂരനാട് കലാപത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1950 ജനുവരി ഒന്നിന് പാര്‍ട്ടി നിരോധിക്കപ്പെട്ടു. പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒറ്റിക്കൊടുക്കപ്പെട്ട നാളുകള്‍. ഇരയെയും വേട്ടക്കാരനെയും തിരിച്ചറിയാനാവാത്ത നാളുകളില്‍ പകയിലും ചോരക്കളിയിലും മുങ്ങി മകന്‍ നഷ്ടമാവുമെന്ന് പേടിച്ച അമ്മ ഇനി വീട്ടില്‍ വരാതെ കൊല്ലത്ത് ഹോട്ടലിലെവിടെയെങ്കിലും താമസിച്ചുകൊള്ളാന്‍ പറഞ്ഞു. കേസ് നടത്തിപ്പിനായി മകനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് അമ്മയെ സമീപിച്ചത് തോപ്പില്‍ ഭാസിയും ശങ്കരനാരായണന്‍ തമ്പിയും. കൊല്ലം എസ്.എന്‍ കോളജിലെ പഠനം പാതിവഴിയില്‍ നിര്‍ത്തിയാണ് ആ കലാപഭൂമിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയാവുന്നത്.
1953 വരെ ശൂരനാട്ടെ സജീവപ്രവര്‍ത്തകനായിരുന്നു. 53ല്‍ തിരുവനന്തപുരത്ത് യൂനിവേഴ്സിറ്റി കോളജില്‍ ബി.എ ഓണേഴ്സിനു ചേര്‍ന്നു. കൂടെ ഒ.എന്‍.വിയുണ്ട്. തിരുനല്ലൂര്‍ കരുണാകരന്‍ സീനിയര്‍ വിദ്യാര്‍ഥി. ഫസ്റ്റ് ക്ളാസ് ഫസ്റ്റ് റാങ്കിലാണ് 56ല്‍ എം.എ ഓണേഴ്സ് പാസാവുന്നത്. ഡോ. ഗോദവര്‍മ മെമ്മോറിയല്‍ പ്രൈസുമായി. അധ്യാപകനാവണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, പി.എസ്.സി സെലക്ഷന്‍ കിട്ടിയില്ല. ഒടുവില്‍ തുണയായത് താന്‍ സമരം നടത്തി അറസ്റ്റു വരിച്ചു നടന്ന കൊല്ലം എസ്.എന്‍ കോളജിന്‍െറ മാനേജര്‍ ആര്‍. ശങ്കര്‍. അദ്ദേഹം കാറില്‍ പോവുമ്പോള്‍ കേള്‍ക്കത്തക്ക വിധത്തില്‍ ‘സി.പി രാമസ്വാമി അയ്യരുടെ ചെരിപ്പുനക്കി’എന്നുവരെ വിളിച്ചുപറഞ്ഞ് പ്രസംഗിച്ചിട്ടുണ്ട്. അപേക്ഷ വന്നപ്പോള്‍ ട്രസ്റ്റിലെ അംഗങ്ങള്‍ പറഞ്ഞു, സമരം നടത്തി ലോക്കപ്പില്‍ പോയ ആളാണ്, എടുക്കാന്‍ പാടില്ല എന്ന്. എന്നാല്‍, ഒന്നാംക്ളാസ് ഒന്നാംറാങ്കില്‍ എം.എ പാസായ ആളെ അധ്യാപകനായി നിയമിക്കണമെന്ന് നിശ്ചയിച്ചു ആര്‍. ശങ്കര്‍. അത്രക്കുണ്ടായിരുന്നു ആ മനസ്സിനു വലുപ്പം. 140 ഉറുപ്പിക ശമ്പളമുണ്ടായിരുന്ന കാലത്ത് കോളജ് അധ്യാപകനായി തുടങ്ങിയതാണ്. 1000 രൂപ തികച്ച് ശമ്പളം വാങ്ങുന്നത് യൂനിവേഴ്സിറ്റിയില്‍ വന്ന് റീഡര്‍ ഒക്കെ ആയപ്പോള്‍. 1970ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് ഭാഷാശാസ്ത്രത്തില്‍ പിഎച്ച്ഡി. 32 വര്‍ഷത്തെ അധ്യാപനജീവിതത്തില്‍നിന്ന് വിരമിച്ചത് 1988ല്‍. ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, അകലുംതോറും, പുതിയ കൊല്ലനും പുതിയൊരാലയും, എന്‍െറ സ്വാതന്ത്ര്യസമര കവിതകള്‍ തുടങ്ങി നിരവധി കൃതികള്‍. ഇംഗ്ളീഷില്‍ നാലു പുസ്തകങ്ങള്‍.
1977ല്‍ തിരുവനന്തപുരത്ത് നടന്ന ഒന്നാം ലോക മലയാളസമ്മേളനത്തിന്‍െറ ജനറല്‍ സെക്രട്ടറിയായിരുന്നു. 1999ല്‍ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും 2005ല്‍ വിവര്‍ത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും 2009ല്‍ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പും മധ്യകാല മലയാള ഭാഷയെ സംബന്ധിച്ച പഠനങ്ങളുടെ പേരില്‍ 2014ല്‍ സാഹിത്യ അക്കാദമിയുടെ ‘ഭാഷാ സമ്മാനും’ ലഭിച്ചിട്ടുണ്ട്. ഭാര്യ ബി. രാജമ്മ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.