മറ്റു പല വിഷയങ്ങളെയും നിസ്സാരമാക്കിക്കൊണ്ട് കാലാവസ്ഥാപ്രശ്നം ഇന്ന് അടിയന്തരശ്രദ്ധ തേടുന്നു. ഇക്കൊല്ലം ഇതുവരെ കഴിഞ്ഞ മാസങ്ങള്‍, ഭൂമിയുടെ ചരിത്രത്തില്‍ രേഖപ്പെട്ടതിലെ ഏറ്റവും ചൂടുള്ളവയായിരുന്നു-ഫെബ്രുവരിയും ഏപ്രിലും ഒഴികെ. 2015 ശരാശരി താപനിലയില്‍ റെക്കോഡ് സ്ഥാപിക്കുമെന്നുറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ മുക്കാല്‍ വര്‍ഷങ്ങളും ഏറ്റവും ചൂടുള്ളവയില്‍പെടുന്നു. പോയ നൂറ്റാണ്ടില്‍ ഭൂമിയുടെ ശരാശരി താപനില 0.74 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചു. 21ാം നൂറ്റാണ്ടില്‍ ഇത് രണ്ടുമുതല്‍ നാലുവരെ സെല്‍ഷ്യസ് വര്‍ധിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. രണ്ടു ഡിഗ്രിക്കപ്പുറം പോയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക. കുറെ ദ്വീപുകളും ദ്വീപുരാഷ്ട്രങ്ങളും കടലില്‍ താഴും. ഓരോ വര്‍ഷവും തീരപ്രദേശങ്ങളില്‍ കൂടുതല്‍ കൂടുതല്‍ കടല്‍വെള്ളം കയറുകയും കോടിക്കണക്കിന് ജനങ്ങള്‍ നിരാധാരരാവുകയും ചെയ്യും. ഭക്ഷണവും കുടിവെള്ളവും കുറയും. പരിസ്ഥിതിത്തകര്‍ച്ച രൂക്ഷമാകും. മഴയുടെ അളവ് കുറയും. പ്രകൃതിക്ഷോഭങ്ങള്‍ വര്‍ധിക്കും. ഇക്കൊല്ലം ഇതിന്‍െറ ലക്ഷണങ്ങള്‍ വ്യക്തമായി എന്നു മാത്രമല്ല, അവയില്‍ പലതും കാലാവസ്ഥാ മാറ്റത്തിന്‍െറ ഫലമാണെന്ന് കണ്ടത്തെുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ യു.എസിലും ഗ്രീസിലും പടര്‍ന്ന കാട്ടുതീയും ജപ്പാനിലും തായ്വാനിലും വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റും ആഗോളതാപനവുമായി ബന്ധപ്പെട്ടവയത്രെ. ഭൂമിയുടെ മഞ്ഞുപുതപ്പ് അതിവേഗം അലിഞ്ഞുകൊണ്ടിരിക്കുന്നു. ആഗസ്റ്റില്‍ ഒരൊറ്റദിവസം ഈജിപ്തിലെ കൈറോയില്‍ മാത്രം കൊടും ചൂടുകാരണം 21 പേരാണ് മരിച്ചത്.
മറുവശത്ത് ആശ്വാസകരമെന്ന് പറയാവുന്നത്, പ്രശ്നത്തെപ്പറ്റിയുള്ള അവബോധം വര്‍ധിച്ചിരിക്കുന്നു എന്നതാണ്. ആഗോളതാപനത്തിന് കാരണം ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ വന്‍തോതില്‍ എത്തിച്ചേരുന്നതാണെന്നും അതിനുകാരണം നാം മലിനീകരണം സൃഷ്ടിക്കുന്ന ഇന്ധനങ്ങളെ ആശ്രയിക്കുന്നതാണെന്നും ഇന്ന് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. കോര്‍പറേറ്റുകളെ പ്രതിക്കൂട്ടില്‍നിര്‍ത്തുന്ന കാലാവസ്ഥാ സത്യങ്ങള്‍ മറച്ചുവെക്കാനായിരുന്നു ഏറ്റവും കൂടുതല്‍ മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളിലൊന്നായ യു.എസിന്‍െറ മുന്‍ പ്രസിഡന്‍റ് ബുഷ് ശ്രമിച്ചതെങ്കില്‍ ഇപ്പോഴത്തെ പ്രസിഡന്‍റ് ഒബാമ ഒരു ‘ക്ളീന്‍ പവര്‍’ പദ്ധതിതന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ഇക്കൊല്ലം ഡിസംബറില്‍ പാരിസില്‍ ചേരുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയില്‍, പ്രശ്നപരിഹാരത്തിന് ഓരോ രാഷ്ട്രവും കൃത്യമായ ലക്ഷ്യനിര്‍ണയം നടത്തുമെന്നാണ് പ്രതീക്ഷ.
മുമ്പും രാജ്യങ്ങള്‍ എത്രകണ്ട് കാര്‍ബണ്‍ നിര്‍ഗമനം കുറക്കുമെന്ന് തീരുമാനിച്ച് അറിയിച്ചിരുന്നെങ്കിലും കാര്യത്തിന്‍െറ ഗൗരവം മനസ്സിലാക്കാത്ത രാഷ്ട്രീയ-കോര്‍പറേറ്റ് നേതൃത്വങ്ങള്‍ അനാവശ്യ തര്‍ക്കങ്ങളുയര്‍ത്തി പരിഹാരം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രശ്നവും പ്രത്യാഘാതങ്ങളും ഇന്ന് കൂടുതല്‍ അനുഭവവേദ്യമായിക്കൊണ്ടിരിക്കെ ഇനിയും തര്‍ക്കിച്ച് സമയം കളയുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് കൂടുതല്‍ പേര്‍ മനസ്സിലാക്കുന്നുണ്ട്. സുസ്ഥിര സ്വഭാവമുള്ള ബദല്‍ ഊര്‍ജരീതികള്‍ വര്‍ധിച്ചതോതില്‍ ഉപയോഗപ്പെടുന്നതും നല്ല ലക്ഷണമാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ചുതുടങ്ങിയത് നല്ല ലക്ഷണം മാത്രമല്ല, വളരെനല്ല സന്ദേശവുമാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ സൗരോര്‍ജ പ്രധാനമാക്കാനുള്ള ബൃഹദ്പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നുമുണ്ട്.
പക്ഷേ, ഇതൊന്നും മതിയാകില്ല. നമ്മുടെ ജീവിതശീലങ്ങള്‍ വളരെയധികം മാറേണ്ടിവരും. അതിന് രാഷ്ട്രീയ തീരുമാനങ്ങളും നേതൃത്വവും മതിയാകില്ല. ജനസമൂഹങ്ങളുടെ മനോഭാവത്തെ സ്വാധീനിക്കുന്ന വിശ്വാസസംഹിതകള്‍ക്കും കാലത്തിന്‍െറ വെല്ലുവിളികള്‍ നേരിടാന്‍ കഴിയേണ്ടതുണ്ട്. ഈ രംഗത്തും ശുഭവാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. വിവിധ മതനേതൃത്വങ്ങള്‍ ഒരുമിച്ച് നിന്നുകൊണ്ട് നടത്തിയ 2009ലെ ബഹുമത വിളംബരം വലിയൊരു ചുവടുവെപ്പായിരുന്നു. ഇക്കൊല്ലം കൂടുതല്‍ സക്രിയമായ നീക്കങ്ങള്‍ മതനേതൃത്വങ്ങളില്‍നിന്ന് ഉണ്ടായിട്ടുണ്ട്. കത്തോലിക്കസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ, പരിസ്ഥിതിയും കാലാവസ്ഥാ വീണ്ടെടുപ്പും സംബന്ധിച്ച് ചാക്രികലേഖനം ഇറക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ആറു ഭൂഖണ്ഡങ്ങളില്‍നിന്നുള്ള 17 ആംഗ്ളിക്കന്‍ ബിഷപ്പുമാര്‍ ദക്ഷിണാഫ്രിക്കയില്‍ ഒത്തുചേര്‍ന്ന് കാലാവസ്ഥാപ്രഖ്യാപനം നടത്തി. 2009ലെ ലോക ബഹുമത പാര്‍ലമെന്‍റില്‍ ‘കാലാവസ്ഥാമാറ്റം സംബന്ധിച്ച ഹിന്ദുപ്രഖ്യാപനം’ പുറത്തിറക്കി; മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ദൃഢബന്ധത്തെ അത് ഊന്നിപ്പറയുകയും ഭൂമിയെ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. വീണ്ടെടുക്കാനാകാത്തവിധം ഭൂമി രോഗാതുരമാകും മുമ്പ് അടിയന്തരനടപടി കൈക്കൊള്ളാന്‍ ബുദ്ധമതത്തെ പ്രതിനിധാനംചെയ്ത് ദലൈലാമ ഉദ്ബോധിപ്പിച്ചു. സിഖ്, യഹൂദ മതനേതൃത്വങ്ങളില്‍നിന്ന് സമാനമായ ആഹ്വാനങ്ങളുയര്‍ന്നു. ഇസ്തംബൂളില്‍ ഈയിടെ മുസ്ലിംനേതാക്കള്‍ കാലാവസ്ഥാമാറ്റം എന്ന അജണ്ടയില്‍ ഒത്തുചേര്‍ന്ന് പുറത്തിറക്കിയ പ്രഖ്യാപനം കാലാവസ്ഥാ പ്രതിസന്ധി ഗുരുതരമായ ധാര്‍മിക പ്രതിസന്ധികൂടിയാണെന്നും അത് അടിയന്തര പരിഹാര നടപടികള്‍ ആവശ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. മത-രാഷ്ട്രീയ-ശാസ്ത്ര നേതൃത്വങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ലക്ഷ്യം നിര്‍ണയിക്കാനും കര്‍മപദ്ധതി തയാറാക്കാനും സാധിച്ചാല്‍ ഭൂമിയെ രക്ഷിക്കാന്‍ മനുഷ്യന് ഇനിയും കഴിഞ്ഞേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.