തദ്ദേശ ഭരണത്തിലെ നേട്ടകോട്ടങ്ങള്‍ വിലയിരുത്തേണ്ട സമയമായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കൃത്യസമയത്തുതന്നെ നടത്തണമെന്നും ഇലക്ഷന്‍ കമീഷന് ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തുകൊടുക്കണമെന്നുമുള്ള ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍െറ വിധിയോടെ ഈ വിഷയത്തിലുള്ള അനിശ്ചിതത്വം താമസിയാതെ നീങ്ങുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. സര്‍ക്കാറും ഇലക്ഷന്‍ കമീഷനും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ഇതിനകംതന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും പുതുതായി രൂപവത്കരിച്ച 69 പഞ്ചായത്തുകളുടെയും ഏതാനും മുനിസിപ്പാലിറ്റികളുടെയും കാര്യത്തില്‍ നിലനില്‍ക്കുന്ന നിയമതര്‍ക്കമാണ് പ്രശ്നം സങ്കീര്‍ണമാക്കിയതും തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനിര്‍ത്തുന്നതും. ഈ വിഷയത്തിലും തെരഞ്ഞെടുപ്പ് കമീഷന് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അന്തിമതീരുമാനം വൈകാതെ ഉണ്ടായേക്കാം. അത്തരമൊരു സാഹചര്യത്തില്‍ തദ്ദേശഭരണവുമായി ബന്ധപ്പെട്ട ചില അടിസ്ഥാനവശങ്ങള്‍ ഗൗരവമേറിയ പരിചിന്തനം അര്‍ഹിക്കുന്നുണ്ട്.
അധികാരവികേന്ദ്രീകരണം എന്ന ഗൗരവമേറിയ ഒരാശയത്തിന്‍െറ പ്രായോഗികവത്കരണമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്നിലെ ഉദാത്ത സങ്കല്‍പമെങ്കിലും യാഥാര്‍ഥ്യം അതിനപ്പുറം പലതുമാണ്. ഇവ്വിഷയകമായി താഴേതട്ടുമുതല്‍ ഞങ്ങള്‍ നടത്തിയ ആഴത്തിലുള്ള പഠനം ‘തദ്ദേശീയം: കതിരും പതിരും’ എന്ന പരമ്പരയിലൂടെ ഇതിനകം വായനക്കാരിലത്തെിച്ചത് അത്തരമൊരു വിലയിരുത്തലിന് ഏറ്റവും ഉചിതമായ സമയം തദ്ദേശ ഭരണസാരഥികള്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി വീണ്ടും ജനങ്ങളെ സമീപിക്കാന്‍ പോകുന്ന സന്ദര്‍ഭമാണ് എന്ന പരിഗണനയിലാണ്. ജനാധികാരത്തിന്‍െറ പ്രാഥമിക ഘടകം എന്ന നിലയില്‍ ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളും വിഭാവന ചെയ്യുന്ന രൂപത്തില്‍ തദ്ദേശ ഭരണസംവിധാനങ്ങളിലൂടെ അധികാരം ജനങ്ങളിലത്തെിയിട്ടുണ്ടോ, അങ്ങനെ കൈവന്ന അധികാരം നാടിന്‍െറ മുഖച്ഛായയും ജീവിതതാളവും മാറ്റിയെടുക്കാന്‍ ഉപകരിച്ചിട്ടുണ്ടോ, തദ്ദേശഭരണത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയിട്ടുണ്ടോ, സ്ത്രീസംവരണത്തിലൂടെ ആ വിഭാഗത്തിന്‍െറ ശാക്തീകരണം ലക്ഷ്യം നേടിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കണ്ടത്തെി അന്തിമ ബാലന്‍സ്ഷീറ്റ് തയാറാക്കേണ്ട അവസരമാണിത്.
 ഗ്രാമസ്വരാജിനെക്കുറിച്ചുള്ള വര്‍ണാഭമായ സ്വപ്നങ്ങളാണ് രാജ്യവിമോചനത്തോടൊപ്പം ഗാന്ധിജി നെഞ്ചേറ്റി നടന്നത്. രാജീവ് ഗാന്ധി വിഭാവനചെയ്ത അധികാരവികേന്ദ്രീകരണം എന്ന നവീനാശയം 1992ല്‍ ഭരണഘടന 73ാം ഭേദഗതിയിലൂടെ പ്രാബല്യത്തില്‍ വന്നപ്പോള്‍ ഗ്രാമീണ ജനതയുടെ ദൈനംദിന ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിക്കുംവിധമുള്ള ഇടപെടലുകള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല എന്നു മാത്രമല്ല, യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് വിഷയം പഠിക്കാന്‍ നിയുക്തനായ മണിശങ്കര്‍ അയ്യര്‍ സംഗതി നിരാശജനകമാണെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. പ്രബുദ്ധ കേരളത്തിലെ അവസ്ഥ ഏറെ മെച്ചപ്പെട്ടതാണെന്ന് പലരും അവകാശപ്പെടാറുണ്ടെങ്കിലും യാഥാര്‍ഥ്യം മറ്റൊന്നാണ്. താഴേതട്ടില്‍ അധികാരം കൈപ്പിടിയിലൊതുക്കാനുള്ള സംവിധാനമായും പ്രാദേശിക നേതാക്കള്‍ക്ക്  ജീവസന്ധാരണത്തിനുള്ള മാര്‍ഗമായുമാണ് ഭൂരിഭാഗവും രാഷ്ട്രീയകക്ഷികള്‍ പഞ്ചായത്ത്/നഗരസഭ ഭരണത്തെ കാണുന്നത്. നാടിന്‍െറ അടിസ്ഥാനവികസനം ലക്ഷ്യമിടുന്ന പഞ്ചായത്തീരാജില്‍ എന്തിന് ഇത്തരത്തില്‍ രാഷ്ട്രീയാതിപ്രസരം എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്.
അതേസമയം, കക്ഷിപക്ഷങ്ങള്‍ മറന്ന്, സാമൂഹികനന്മമാത്രം ലാക്കാക്കി സേവനതുറയില്‍ മാതൃകയായ പഞ്ചായത്ത് സമിതികളും വിരളമായെങ്കിലും നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വസ്തുത വിസ്മരിക്കാവതല്ല. കൃത്യമായി ഗ്രാമസഭകള്‍ ചേര്‍ന്ന് ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ മുന്നോട്ടുവെക്കാന്‍ അവസരമൊരുക്കുകയും ആഗ്രഹാഭിലാഷങ്ങള്‍ അവതരിപ്പിക്കാന്‍ വേദി അനുവദിക്കുകയും ചെയ്യുന്ന അനുഭവങ്ങള്‍ ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടത്തെുകയുണ്ടായി. പഞ്ചായത്ത് മുന്‍കൈയെടുത്ത് പൂര്‍ണ മദ്യനിരോധം നടപ്പാക്കിയതും ചെറുകിട ജലസേചന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതും സഞ്ചരിക്കുന്ന ചികിത്സാലയങ്ങള്‍ കാര്യക്ഷമമായി പ്രയോഗവത്കരിച്ചതുമെല്ലാം കൂട്ടായ ജനകീയമുന്നേറ്റങ്ങളിലൂടെയാണ്. അതേസമയം, ഒരേ പാര്‍ട്ടിക്കാര്‍ തമ്മില്‍, അല്ളെങ്കില്‍ മുന്നണിയിലത്തെന്നെ വിവിധ പാര്‍ട്ടികള്‍ തമ്മില്‍ കടിപിടികൂടി നാടിന്‍െറ സാമൂഹികാന്തരീക്ഷംതന്നെ വഷളാക്കിയ അനുഭവങ്ങളും ഒട്ടനവധിയാണ്. നാടിന്‍െറ അടിസ്ഥാന സൗകര്യവികസനത്തില്‍ കാര്യമായ മുന്നേറ്റമോ മാലിന്യനിര്‍മാര്‍ജനംപോലുള്ള അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളില്‍ ശാശ്വതപരിഹാരമോ കൈവരിക്കുന്നതില്‍ സംസ്ഥാനത്തെ ഏതെങ്കിലും കോര്‍പറേഷനോ മുനിസിപ്പാലിറ്റിയോ എടുത്തുപറയാവുന്ന നേട്ടമുണ്ടാക്കിയതായി ആര്‍ക്കും ചൂണ്ടിക്കാട്ടാനില്ല എന്നത് ഖേദകരമല്ളേ? ഇവ്വിഷയകമായി ഓരോ തദ്ദേശസ്ഥാപനത്തിനു കീഴിലും വരുന്ന വോട്ടര്‍മാര്‍ക്ക് ഒറ്റക്കും കൂട്ടായും വിലയിരുത്തലുകള്‍ നടത്താന്‍ കൈവന്ന നല്ല അവസരമാണിത്. അതിനുശേഷമാവട്ടെ, പുതിയ തെരഞ്ഞെടുപ്പില്‍ ആരെ, എന്തിനു  ജയിപ്പിക്കണം എന്ന വിഷയത്തില്‍ അന്തിമതീരുമാനത്തിലത്തൊന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.