ജനാധിപത്യമാണ് സ്വാതന്ത്ര്യത്തിന്‍െറ കാതല്‍

നമ്മുടെ രാജ്യം ഇന്ന് പാരതന്ത്ര്യത്തിന്‍െറ ഓര്‍മകളയവിറക്കുകയും സ്വാതന്ത്ര്യത്തിന്‍െറ നിറമുള്ള അനുഭവങ്ങള്‍ ആഘോഷിക്കുകയും ചെയ്യുകയാണ്.  സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വിശാലമായ പരികല്‍പനകളുടെ അടിത്തറയില്‍  ഇന്ത്യയിലെ പൗരന്മാര്‍ ഇപ്പോഴും പൂര്‍ണ സ്വതന്ത്രരല്ളെന്ന് വാദിക്കാമെങ്കിലും ജനാധിപത്യം എന്ന സംസ്കാരം മുറുകെപിടിക്കുന്നതിലും വിയോജിക്കാനുള്ള സാമൂഹിക അന്തരീക്ഷം നിലനിര്‍ത്തുന്നതിലും നാം വിജയിച്ചിട്ടുണ്ട്. ആത്മാഭിമാനവും തുല്യതയും വിയോജിക്കാനുള്ള അവകാശവും വ്യക്തിക്കും സമൂഹത്തിനും ലഭ്യമാകുമ്പോഴാണ് സ്വാതന്ത്ര്യം അര്‍ഥപൂര്‍ണമാകുന്നത്. സ്വാതന്ത്ര്യത്തിന്‍െറ കാതല്‍ ജനാധിപത്യമാണ്. വ്യക്തികള്‍ക്കും സമുദായങ്ങള്‍ക്കും വ്യത്യസ്തമായിരിക്കാനും വ്യതിരിക്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള സാഹചര്യം ഒരുക്കുകയാണ് ജനാധിപത്യം നിര്‍വഹിക്കുന്ന സുപ്രധാന ദൗത്യം. ഭൂരിപക്ഷം, ന്യൂനപക്ഷങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിലൂടെയാണത് സാര്‍ഥകമായി സമൂഹത്തില്‍ പരിലസിക്കുക. ദൗര്‍ഭാഗ്യവശാല്‍ ജനാധിപത്യത്തിന്‍െറ കാവലാളുകളാകേണ്ട രാഷ്ട്രനേതൃത്വവും രാഷ്ട്രീയ നേതാക്കളും പാര്‍ലമെന്‍റില്‍പോലും ജനാധിപത്യമൂല്യങ്ങളെ ഗളച്ഛേദം ചെയ്യുന്ന ദുരന്തകാലത്താണ്, സഹനപര്‍വം താണ്ടി നേടിയെടുത്ത സ്വാതന്ത്ര്യത്തെ  നാം ഓര്‍ത്തെടുക്കുന്നത്.

ജനാധിപത്യത്തിന്‍െറ ശ്രീകോവിലായ പാര്‍ലമെന്‍റിലെ വര്‍ഷകാല സമ്മേളനം ഭരണപക്ഷത്തിന്‍െറയും പ്രതിപക്ഷത്തിന്‍െറയും ജനാധിപത്യ വിരുദ്ധതകൊണ്ട് ഒഴുകിപ്പോയതിന് നാം സാക്ഷികളായി. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തെ ഏറ്റവും പ്രാധാന്യമേറിയ നികുതി പരിഷ്കരണമായ ചരക്കുസേവന നികുതി ബില്‍ രാജ്യസഭയില്‍ ചര്‍ച്ചചെയ്യപ്പെടാതിരിക്കുകയും പാസാകാതെ പോകുകയും ചെയ്തു. കര്‍ഷകരെയും ഗ്രാമീണമേഖലയേയും ബാധിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്‍റില്‍ സംവാദവിഷയം പോലുമായില്ല. പാസാക്കേണ്ടിയിരുന്ന പന്ത്രണ്ട് ബില്ലുകളില്‍ ഒന്നു മാത്രമാണ് ലോക്സഭയില്‍ അംഗീകരിച്ചത്. വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭ പ്രവര്‍ത്തിച്ചത് ആകെ ഒമ്പതു മണിക്കൂര്‍, അതും സാങ്കേതികമായി മാത്രം. ലോക്സഭയുടെ പ്രവര്‍ത്തനക്ഷമത 48 ശതമാനം. പാര്‍ലമെന്‍റ് ബഹിഷ്കരണത്തിന് നിദാനമായ വ്യാപം കേസും ലളിത് മോദി വിവാദവും അതിന്‍െറ പൂര്‍ണമായ വ്യാപ്തിയിലും വ്യക്തതയിലും ജനങ്ങളില്‍ എത്തിക്കുന്നതുപോലും സാമാജികര്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടു. ഇത്രയും മോശമായ രീതിയില്‍ പാര്‍ലമെന്‍റ് സമീപകാലത്തൊന്നും പ്രവര്‍ത്തിച്ചിട്ടില്ല.

സത്യം ഉറക്കെ പ്രഖ്യാപിക്കുന്നതിനും ജനങ്ങളുടെ സ്വച്ഛന്ദ ജീവിതത്തെയും അവകാശങ്ങളെയും സംരക്ഷിക്കുന്നതിന് ഭരണകൂടത്തെ നിര്‍ഭയമായി വിമര്‍ശിക്കാനും നിയമപരിരക്ഷയുള്ള ഇടങ്ങളാണ് നിയമനിര്‍മാണസഭകള്‍.  പക്ഷേ, ജനാധിപത്യത്തിന്‍െറ ഈറ്റില്ലങ്ങളില്‍ അരങ്ങേറുന്നത് രാജ്യത്തിന്‍െറ ഭാവിയെ നിര്‍ണയിക്കുന്ന സംവാദങ്ങളുടെ നിര്‍ഝരിയല്ല;  പ്രതിപക്ഷത്തിന്‍െറ പ്രതിഷേധമെന്ന പേരിലുള്ള പൊറാട്ടുനാടകങ്ങളും ഭരണപക്ഷത്തിന്‍െറ  ഏകാധിപത്യ പ്രയോഗങ്ങളുമാണ്. രാജ്യം ഉറ്റുനോക്കിയ പ്രധാന രണ്ട് അഴിമതി വിഷയങ്ങള്‍, അതും ബി.ജെ.പിയിലെ ഏറ്റവും പ്രധാനികള്‍ക്കുനേരത്തെന്നെ ഉയര്‍ന്നിട്ടും പ്രധാനമന്ത്രി സഭയില്‍ ഹാജരായി പ്രസ്താവനയിറക്കാന്‍ തയാറായിരുന്നെങ്കില്‍ മെച്ചപ്പെട്ട സംവാദത്തിലേക്ക് സഭയെ നയിക്കാന്‍ സാധിക്കുമായിരുന്നു.

ചെറുതാണങ്കിലും പ്രതിപക്ഷത്തെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം സഫലമാകുക. ഭരണപക്ഷം ഭൂരിപക്ഷത്തിന്‍െറ അഹന്തയില്‍ പ്രതിപക്ഷത്തിന്‍െറ ആവശ്യങ്ങളെ അവഗണിക്കുകയും ശരിയായ ചര്‍ച്ചക്കുപോലും ക്ഷണിക്കാതെ അവഹേളിക്കുകയുമായിരുന്നു. ജനാധിപത്യം ഒരു സംസ്കാരവും പ്രവര്‍ത്തനരീതിയുമാണ്. അതില്‍ വിശ്വാസമര്‍പ്പിക്കാനും  പ്രയോഗവത്കരിക്കാനുമുള്ള പ്രഥമ ബാധ്യത രാഷ്ട്രീയപാര്‍ട്ടികള്‍ക്കുണ്ട്.  ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും ഇപ്പോഴും രാജഭരണം  ഉള്ളില്‍ താലോലിക്കുന്നുവെന്നതാണ്  ജനാധിപത്യകാലത്തും സ്വാതന്ത്ര്യത്തെ സംബന്ധിച്ച ആശങ്കകള്‍ ശക്തിപ്പെടുത്തുന്നത്.
 ഭയരഹിതമായി സംസാരിക്കാന്‍ കഴിയാതിരിക്കുകയും ജനങ്ങള്‍ സംശയത്തോടെ അധികാരവര്‍ഗത്തെ നോക്കാന്‍ തുടങ്ങുകയും ചെയ്യുന്നതിന്‍െറ അര്‍ഥം പാരതന്ത്ര്യത്തിന്‍െറ ഭീതിദമായ ബൂട്ടടികള്‍ അടുത്തുവരുക എന്നാണ്.

നിലപാടുകളോട് വിയോജിക്കുന്ന പൗരന്മാരിലെ ഒരു വിഭാഗത്തോട് പാകിസ്താനിലേക്ക് പോകൂ എന്ന് അധികാരശ്രേണീസംഘം ആക്രോശിക്കുകയും പ്രധാനമന്ത്രിയടക്കമുള്ളവര്‍ മൗനംപുലര്‍ത്തുകയും ചെയ്യുമ്പോള്‍, സ്വകാര്യത പൗരന്‍െറ മൗലികാവകാശമല്ല എന്ന് കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുമ്പോള്‍, പരിസ്ഥിതി സംഘടനകളെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും രാജ്യദ്രോഹികളായി മുദ്രകുത്തുമ്പോള്‍, ദേശം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ സംജ്ഞകള്‍തന്നെ ഗൗരവപൂര്‍ണമായ സംവാദവിഷയങ്ങളാകുകയാണ്.  ഈ പശ്ചാത്തലത്തില്‍ 69ാം സ്വാതന്ത്ര്യ ദിനത്തിലെ ആലോചനകള്‍ രാജ്യത്തെ എങ്ങനെ കൂടുതല്‍ ജനാധിപത്യപരമാക്കാമെന്നതാകട്ടെ. കൂടുതല്‍ മെച്ചപ്പെട്ട സ്വതന്ത്രാവസ്ഥയിലേക്ക് രാജ്യം മുന്നേറട്ടെ. എല്ലാവര്‍ക്കും ‘മാധ്യമ’ത്തിന്‍െറ സ്വാതന്ത്ര്യദിനാശംസകള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.