പൗരബോധത്തോട് ശത്രുതയോ?

നരേന്ദ്ര മോദി മുസ്‍ലിം വിരുദ്ധത ആളിക്കത്തിച്ചുകൊണ്ട് പിന്നാക്ക ദലിത് വിഭാഗങ്ങളെ സവർണ കുടക്കീഴിൽ അണിനിരത്തിയതിന് സമാനമായ ജാതി എൻജിനീയറിങ് തന്നെയാണ് പിണറായി വിജയനും കൂട്ടരും ആവിഷ്കരിച്ചത്. പ്രതിലോമകരമായ ഈ ജാതി എൻജിനീയറിങ് തകർത്തതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം

മലബാറിലെ പാർട്ടി ഗ്രാമം എന്നറിയപ്പെടുന്ന പ്രദേശത്തെ ഒരു മാർക്സിസ്റ്റ് സുഹൃത്തിന്റെ വീട്ടിൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ കുറച്ചുദിവസം ഞാൻ താമസിക്കുകയുണ്ടായി. രാത്രിയാകുമ്പോൾ അദ്ദേഹത്തിന്റെ സഖാക്കൾ പലരും വരും. അവരുമായി പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരിക്കും. ഒന്നുരണ്ട് ദിവസം കഴിഞ്ഞപ്പോൾ ആ പാർട്ടി ഗ്രാമത്തിലെ സഖാക്കൾ പറയുന്നത് മുഴുവനും അവരുടെ പാർട്ടിയുടെ വിമർശനമായി മാറി. ഞാൻ ഒരു കാലത്തും മാർക്സിസ്റ്റ് പാർട്ടിയുടെ അനുഭാവി പോലുമായിരുന്നിട്ടില്ല. എങ്കിൽപോലും ഇടതു പാർട്ടികളെയും അതിന്റെ പ്രവർത്തകരെയും വിമർശിക്കുന്നതിൽ മിതത്വം പാലിച്ചിട്ടുണ്ട്.

എന്നാൽ, ഈ സഖാക്കളുടെ വിമർശനങ്ങൾ എന്നെ ഞെട്ടിക്കുകതന്നെ ചെയ്തു. മാർക്സിസ്റ്റ് പാർട്ടിയുടെ ഉൾതലങ്ങളിൽ വരെ മാഫിയവത്കരണം നടന്നിരുന്നു എന്നാണ് അവർ പ്രധാനമായും പറഞ്ഞത്. ഇതിനൊപ്പം സ്വജനപക്ഷപാതവും വലിയ തോതിലുള്ള സാംസ്കാരിക അധഃപതനവും നിലനിൽക്കുന്നതായും അവർ കുറ്റപ്പെടുത്തി. ബി.ജെ.പി-കോൺഗ്രസ് പോലെയുള്ള കക്ഷികൾ വർഗീയതയും പുത്തൻ സാമ്പത്തിക വളർച്ചയുടെ ഭാഗമായ ദല്ലാൾ വർഗത്തെയും പരിപോഷിപ്പിക്കുന്നവരാണെന്നതാണല്ലോ പൊതുവേയുള്ള ഇടതുപക്ഷ വിമർശനം. ഇവക്കെതിരെയുള്ള തിരുത്തൽ ശക്തിയാണ് തങ്ങളെന്നും അവർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, തിരുത്തൽ ശക്തി എന്ന ആത്മവിശ്വാസം പാർട്ടി സംവിധാനത്തിൽ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് അവരുടെ സംസാരത്തിൽനിന്ന് ബോധ്യപ്പെട്ടത്.

2021ലെ അഭൂതപൂർവമായ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തിട്ട് രണ്ടുവർഷം പിന്നിട്ടപ്പോഴാണ് ഈ സംഭാഷണം നടന്നതെന്ന് ഓർക്കണം. തുടർന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർക്ക് ഒരേയൊരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. പിന്നീട് വന്ന എല്ലാ ഉപതെരഞ്ഞെടുപ്പിലും ഇടതു സ്ഥാനാർഥികൾ പരാജയപ്പെട്ടു. അതിനുശേഷം തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഇപ്പോൾ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് വലിയ തകർച്ചയാണ് ഉണ്ടായത്. ശ്രദ്ധേയമായ കാര്യം ഇടതുമുന്നണിയുടെ വിജയ സാധ്യത നൂറുശതമാനം ഉറപ്പാണെന്ന് കരുതിയിരുന്ന കുത്തക മണ്ഡലങ്ങളിൽ പലതിലും എതിർക്കാറ്റ് വീശിയടിച്ചു എന്നതാണ്; മലബാറിൽ മാത്രമല്ല മധ്യതിരുവിതാംകൂറിലും കൊല്ലത്തും തിരുവനന്തപുരത്തും ഇത് സംഭവിച്ചു.

ഈ പരാജയങ്ങൾക്ക് കാരണമായ വസ്തുതകളെ സംബന്ധിച്ച് എന്തെങ്കിലും പുനരാലോചനകൾ നടത്താതെ ‘വർഗീയ ശക്തികളുടെ കൂടിച്ചേരൽ’, ‘കോൺഗ്രസ്-ബി.ജെ.പി ഡീൽ’ മുതലായ ദുർബലമായ അനുമാനങ്ങൾ മാത്രമാണ് ഇടതുമുന്നണി വക്താക്കൾ ആവർത്തിക്കുന്നത്. ഈ അനുമാനങ്ങൾ അസ്ഥാനത്താണെന്ന് പറയാൻ കാരണം ഇത്തരത്തിലുള്ള ഡീലുകൾ ഉണ്ടായാൽ തന്നെ ഇത്രയും വലിയൊരു തെരഞ്ഞെടുപ്പ് പരാജയത്തിന് അത് പര്യാപ്തമാവുക അസാധ്യമാണ് എന്നതിനാലാണ്.

ഇതേസമയം ഇടതുമുന്നണിയോടും പ്രത്യേകിച്ച് മാർക്സിസ്റ്റ് പാർട്ടിയോട് ചേർന്നുനിൽക്കുന്ന സാംസ്കാരിക പ്രവർത്തകരും അക്കാദമിക് പണ്ഡിതരും പറയുന്നത് കേരളത്തിൽ ഇടതുപക്ഷത്തിന്റെ അടിത്തറ സുശക്തമാണെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത് ഒരു മാനദണ്ഡമായി എടുക്കാൻ കഴിയില്ലെന്നും ആണ്. അവരുടെ അഭിപ്രായത്തിൽ ഇടതുപക്ഷത്തിന്റെ വർഗ അടിത്തറയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പിന്തുണയും അചഞ്ചലമാണ്. അതിനാൽ തന്നെ ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം താൽക്കാലിക പ്രതിഭാസമാണെന്നും ജനങ്ങളുടെ തെറ്റിദ്ധാരണയും രാഷ്ട്രീയമായ ആലസ്യവും മൂലമാണ് ഇപ്രകാരം സംഭവിച്ചതെന്നും അവർ വിധികൽപിക്കുന്നു.

ഇടതുപക്ഷം പരാജയപ്പെട്ട ഇടങ്ങളിൽ എളുപ്പത്തിൽ പുനർജീവനം സാധ്യമാണെന്ന് പഴയ രീതിയിലുള്ള പാർട്ടിസാൻ സ്പിരിറ്റിന്റെ അടിസ്ഥാനത്തിലെ അവകാശവാദങ്ങളും, അക്കാദമികവും മാധ്യമവത്കൃതവുമായ മിഥ്യാഭ്രമങ്ങളും മാത്രമാണെന്നതാണ് വസ്തുത. ഇന്ത്യയിലെ ബോംബെ, കൽക്കത്ത,ഡൽഹി,പൂനെ,മദ്രാസ് തുടങ്ങിയ മഹാനഗരങ്ങളിലും ബംഗാൾ,ത്രിപുര,ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിലും മുൻകാലത്ത് ശക്തമായ ഇടതുപക്ഷ സ്വാധീനവും ഭരണ പങ്കാളിത്തവും നിലനിന്നിരുന്നു. ഇവിടങ്ങളിൽ മാർക്സിസ്റ്റ് പ്രസ്ഥാനങ്ങൾ ദുർബലപ്പെടുകയും നാമമാത്രമായി തെരഞ്ഞെടുപ്പ് സാന്നിധ്യമറിയിക്കുകയും ചെയ്യുന്നു. അതിനപ്പുറം പഴയ തരത്തിലുള്ള പുനരുജ്ജീവനം ഉണ്ടായിട്ടില്ല. ഇതിനർഥം വർഗ ശക്തികൾക്ക് സുശക്തമായ അടിത്തറയുണ്ടെന്ന് പറയപ്പെടുന്ന ഇടങ്ങളിൽ പുതിയ സാമൂഹിക ശക്തികൾ ഉദയം കൊണ്ടിരിക്കുന്നു എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ ഇതേ ബുദ്ധിജീവികൾ വിസമ്മതിക്കുന്നു എന്നതാണ്. സാമ്പ്രദായികമായ വിലയിരുത്തലുകൾക്കപ്പുറം കേരളത്തിലെ ഇടതുമുന്നണിയെ കനത്ത പരാജയത്തിലേക്ക് നയിച്ച വസ്തുതകൾ എന്തെല്ലാമാണ്?

കേരളത്തിൽ ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഭരണമാറ്റം പതിവാണ്. എന്നാൽ, ഒന്നാം പിണറായി സർക്കാറിന്റെ അവസാനഘട്ടത്തിലെ കോവിഡ് മഹാമാരിയും അതിനോടുള്ള പ്രതിരോധവും സർക്കാറിന്റെ ഗ്രാഫ് താഴോട്ടുപോകാതിരിക്കാൻ സഹായകരമായി. ഈ അവസരത്തിൽ പിണറായി വിജയന്റെ പ്രതിച്ഛായ പിതൃസ്വരൂപമാർജിച്ചതിലൂടെ കേരളീയ കുടുംബങ്ങൾക്കും നിഷ്പക്ഷമതികൾക്കും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ ഒഴിവാക്കാൻ പറ്റാത്ത സ്ഥിതിയുണ്ടായി. ഇത് പ്രതിപക്ഷത്തിന് അവസരം വിനിയോഗിക്കുന്നതിൽ തടസ്സമായി മാറി. തൽഫലമായി തുടർഭരണം ലഭിച്ചുവെങ്കിലും ഒന്നാം പിണറായി സർക്കാറിനോടുള്ള ഭരണവിരുദ്ധ വികാരം തുടരുക തന്നെയായിരുന്നു. പത്താമത്തെ വർഷം ഈ ഭരണവിരുദ്ധ വികാരം മുൻ ഭരണത്തോടുള്ള പലിശയും ചേർത്ത് പ്രകടമായി. സാധാരണഗതിയിൽ ഭരണവിരുദ്ധ വികാരം നിശ്ശബ്ദ തരംഗമായാണ് അലയടിക്കാറ്. തന്മൂലമാണ് ഭരണകക്ഷിക്കും അവരെ പിന്തുണക്കുന്ന മാധ്യമങ്ങൾക്കും അത് തിരിച്ചറിയാനാവാതെ പോയത്. ഇപ്പോഴും ഭരണവിരുദ്ധ വികാരം എന്ന യാഥാർഥ്യത്തെ അംഗീകരിക്കാൻ അവർ തയാറായിട്ടില്ലെന്നതാണ് വിരോധാഭാസം.

തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം. ഇത് മാർക്സിസ്റ്റ് പാർട്ടി ഭാഗികമായി അംഗീകരിക്കുന്നുണ്ടെങ്കിലും അതിന്റെ കാരണങ്ങളെ അവർ സ്പർശിക്കുന്നതേയില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെ കേരളത്തിലെ മുസ്‍ലിം ന്യൂനപക്ഷങ്ങൾ കോൺഗ്രസിനോട് കൂടുതൽ ആഭിമുഖ്യം പുലർത്താൻ തുടങ്ങിയിരുന്നു. അതിന്റെ പശ്ചാത്തലം അഖിലേന്ത്യാ തലത്തിൽ ഉരുത്തിരിഞ്ഞ രാഷ്ട്രീയ സാഹചര്യമാണ്. നിയമപരവും അല്ലാത്തതുമായ ഒട്ടേറെ കടന്നാക്രമണങ്ങളിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‍ലിംകളെ ഒറ്റതിരിക്കാനും അവരുടെ സംസ്കാരികവും വിശ്വാസപരവുമായ വ്യതിരിക്തതയെ തകർക്കാനും പൗരത്വത്തെ സംശയത്തിന്റെ നിഴലിൽ നിർത്താനുമാണ് ഹിന്ദുത്വ ഭരണകൂടം ശ്രമിച്ചത്.

ഇതേസമയം കേരളത്തിലെ പിണറായി സർക്കാർ ഈ ജനതയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന നിരവധി സന്ദർഭങ്ങൾ ബോധപൂർവം സൃഷ്ടിക്കുകയും അവർക്കിടയിൽ ഭിന്നതകൾ ഉണ്ടാക്കാനുള്ള കരുനീക്കങ്ങൾ നടത്തുകയും ചെയ്തു. ഇതിനൊപ്പം ഹിന്ദുക്കൾക്കിടയിൽ ജാതി വംശീയതയുടെ ഒരു പ്രതിതരംഗം രൂപീകരിച്ചുകൊണ്ട് അതിനെ മുസ്‍ലിംകളുടെ വോട്ടുചോർച്ചക്ക് പകരം വെക്കാനും നീക്കം നടത്തി. നരേന്ദ്ര മോദി മുസ്‍ലിം വിരുദ്ധത ആളിക്കത്തിച്ചുകൊണ്ട് പിന്നാക്ക ദലിത് വിഭാഗങ്ങളെ സവർണ കുടക്കീഴിൽ അണിനിരത്തിയതിന് സമാനമായ ജാതി എൻജിനീയറിങ് തന്നെയാണ് പിണറായി വിജയനും കൂട്ടരും ആവിഷ്കരിച്ചത്. പ്രതിലോമകരമായ ഈ ജാതി എൻജിനീയറിങ് തകർത്തതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം. തൽഫലമായി ബി.ജെ.പിക്കും മാർക്സിസ്റ്റ് പാർട്ടിക്കുമായി വിഭജിക്കപ്പെടുമായിരുന്ന അവർണ ഹിന്ദു വോട്ടുകൾ കോൺഗ്രസ് മുന്നണിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു.

ക്രൈസ്തവ സമൂഹത്തിൽ ഒരു വിഭാഗത്തെ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാം എന്നുള്ള ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾക്ക്, ഉത്തരേന്ത്യയിൽ വ്യാപകമായി വൈദികരെയും കന്യാസ്ത്രീകളെയും മർദിക്കുന്നതും ക്രൈസ്തവ സമുദായത്തിനിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കുമേൽ ചുമത്തപ്പെട്ട നിയന്ത്രണവും മതപരിവർത്തനവിരുദ്ധ നിയമങ്ങളും തിരിച്ചടി സൃഷ്ടിച്ചു.

ഇടതുപക്ഷത്തിന്റെ സ്ഥിരനിക്ഷേപമായിട്ടാണ് കേരളത്തിലെ ദലിത് ആദിവാസി ജനതയുടെ വോട്ട് പങ്കാളിത്തം കണക്കാക്കപ്പെടുന്നത്. രണ്ടാം പിണറായി സർക്കാറിന് ഈ ജനതയുടെ 60 മുതൽ 69 ശതമാനം വരെ വോട്ടുകൾ ലഭിച്ചപ്പോൾ സംവരണ മണ്ഡലങ്ങളിൽ പതിനാലും അവർ കരസ്ഥമാക്കി. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ അവരുടെ വോട്ടുകൾ നേർ എതിർദിശയിലാണ് ചലിച്ചത്. തൽഫലമായി 14 സംവരണ സീറ്റുകൾ ഐക്യ ജനാധിപത്യ മുന്നണിക്കാണ് കിട്ടിയത്.

ഏതെങ്കിലും ഒരു കക്ഷിയുടെയോ മുന്നണിയുടെയോ സ്ഥിരം വോട്ടുബാങ്കായി നിലകൊള്ളുന്നത് ദലിതരെപ്പോലുള്ള ജനതയുടെ ചലനശേഷിയെ മരവിപ്പിക്കുന്നതാണെന്നും, അവർ അസ്ഥിരമായ വോട്ടിങ് പാറ്റേണിലേക്ക് മാറണമെന്നും ദീർഘകാലമായി ദലിത് സംഘടനകൾ ഉന്നയിക്കുന്ന വാദമാണ്. മാത്രമല്ല ഏറക്കുറെ 60 ഓളം ദലിത് ആദിവാസി സംഘടനകൾ ഇക്കുറി ഐക്യ ജനാധിപത്യ മുന്നണിക്കാണ് പിന്തുണ നൽകിയത്. ഈ പിന്തുണയുടെ രാഷ്ട്രീയ അന്തർഗതങ്ങളെ തിരിച്ചറിയാതെ ആ ജനതയെ അവഹേളിക്കാനാണ് മാർക്സിസ്റ്റ് പ്രവർത്തകർ രംഗത്തുവന്നിട്ടുള്ളത്.

കേരളത്തിൽ 10-30 വർഷമായിട്ടെങ്കിലും നിരവധി ബദൽ സംഘടനകളും ആശയങ്ങളും നിലനിൽക്കുന്നുണ്ട്. ഇവയുടെ പ്രവർത്തനഫലമായി പുതിയൊരു പൗരബോധം സമൂഹത്തിൽ രൂപപ്പെട്ടിട്ടുണ്ട്. പാർട്ടികളുടെയും നേതാക്കളുടെയും ശക്തിക്കും പ്രതാപത്തിനും ഉപരി നീതിയെയും ബഹുജന താൽപര്യത്തെയും പറ്റി ഒട്ടേറെ ഉൾക്കാഴ്ചകൾ പുലർത്തുന്ന ഈ പൗരസമൂഹത്തെ ‘പാർട്ടി നന്നാക്കി’കൾ, ‘മഴവിൽ സഖ്യം’ തുടങ്ങിയ പദാവലികൾ ഉപയോഗിച്ച് അപമാനവീകരിക്കാനാണ് മാർക്സിസ്റ്റ് പാർട്ടി തയാറായത്. ഇതിന്റെ ഫലമായി ആരെങ്കിലും വിമർശന സ്വരമോ വിമത നിലപാടോ ഉയർത്തിയാൽ അവരെ കോൺഗ്രസിന്റെ കോടാലികൾ എന്ന് വിളിക്കുന്ന പശ്ചാത്തലമാണ് ഉണ്ടായത്. കോൺഗ്രസ് നേതൃത്വത്തിലുള്ള പലരും ഇതേ ബദൽ പ്രസ്ഥാനങ്ങളോട് ഒരു സംവാദ ബന്ധം പുലർത്തിയിരുന്നു എന്നതാണ് മാർക്സിസ്റ്റുകൾ കാണാതെ പോയത്.

മാർക്സിസ്റ്റ് പാർട്ടി നേതൃത്വം കൊടുത്ത പ്രചാരണശൈലികൾ ഡോണൾഡ് ട്രംപിന്റെ ‘ഷോക് ഡോക്ട്രീനെ’ അനുസ്മരിപ്പിക്കുന്നതായിരുന്നു. സാമൂഹിക യാഥാർഥ്യങ്ങളെ വിസ്മരിച്ചുകൊണ്ട് ഡിസ് ഇൻഫർമേഷനും മാധ്യമ പ്രതീതിയും ചിന്ത മരവിച്ച സാംസ്കാരിക നായകരെയും അണിനിരത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം അവരെ കൂടുതൽ അന്യവത്കരിക്കാൻ മാത്രമാണ് സഹായിച്ചത്. ഒപ്പം പുതുതലമുറ വോട്ടർമാരെയും സ്ത്രീകളെയും ആകർഷിക്കാൻ കഴിയാത്ത നേതൃത്വവും പ്രശ്നകരമായി മാറി. ഇത്തരം കുടുക്കുകളിൽനിന്ന് ഇടതുമുന്നണി ഒരിഞ്ചുപോലും കരകയറിയിട്ടില്ലെന്ന് പരാജയശേഷമുള്ള അവരുടെ പ്രതികരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

Tags:    
News Summary - Hostility to civic consciousness?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.