വ്യക്തിപരമായ പ്രതിരോധങ്ങളെ വ്യവസ്ഥാപിതമായ പൗരാവകാശ പ്രസ്ഥാനങ്ങളാക്കി മാറ്റിയ റോസ പാർക്സും അയ്യൻകാളിയും. കാലഘട്ടങ്ങളാലും സംസ്കാരങ്ങളാലും വേർതിരിക്കപ്പെട്ടിരുന്നുവെങ്കിലും, ഇരുവരും പോരാടിയത് അക്രമത്തിലൂടെ നടപ്പിലാക്കിയിരുന്ന വിവേചന വ്യവസ്ഥകൾക്കെതിരെയായിരുന്നു - പ്രമുഖ ചിത്രകാരൻ സിദ്ദേഷ് ഗൗതം (bakeryprasad) വരച്ചത്
വിദ്യാഭ്യാസം ഇല്ലെങ്കിൽ ജ്ഞാനം നഷ്ടമാകും, ജ്ഞാനം ഇല്ലെങ്കിൽ വികസനം നഷ്ടമാകും, വികസനം ഇല്ലെങ്കിൽ സമ്പത്ത് നശിക്കും, സമ്പത്തുമില്ലെങ്കിൽ ശൂദ്രർക്ക് നാശം തന്നെ-ജ്യോതിറാവു ഫൂലെ (1890)
‘‘അയ്യൻകാളിയുടെ സംഘത്തിൽ ഇപ്പോൾ രണ്ടായിരത്തിലധികം പുലയന്മാർ ചേർന്ന് തോക്ക്, ഈട്ടി, കുന്തം, ചുരുൾ വാൾ, വെട്ടുപിചാത്തി, വെട്ടുകത്തി കണ്ട കോടാലി ഇവകളോടുകൂടി പ്രധാനമായി നായന്മാരായ അടിയങ്ങളെയും മറ്റും കുപ്പപ്പാടുകളിൽ കയറി ആബാലവൃദ്ധം അപമാനിക്കാനും അപായപ്പെടുത്താനും കുപ്പപ്പാടുകളെ പലവിധത്തിൽ നശിപ്പിക്കാനും മുതലുകളെ അപഹരിക്കാനും സന്നദ്ധമായിരിക്കുന്നതും അവർ അപ്രകാരം നടത്തുന്നതുമാകുന്നു. അങ്ങനെ ആയാൽ തിരുമനസ്സിലെ പ്രജകളായ അടിയങ്ങൾ മുതലായവർ നാമാവശേഷമായി തീരുന്നതുമാണ്.
ഈ സംഗതി നടത്തുകയും നടത്തിപ്പിക്കുകയും ചെയ്തുവരുന്നത് പുലയന്മാരിൽ പ്രധാനി എന്ന് നടിച്ച് നടക്കുന്ന വെങ്ങാനൂർ പെരുംകാലി വിലയിലു പുല അയ്യൻകാളിയും മറ്റനേകം പുലയന്മാരും കൂടിയാവുന്നു.
പരമ്പരാഗതമായി അതിനീചന്മാരും അടിയങ്ങൾ മുതലായി എല്ലാ വർഗക്കാരിൽ നിന്നും വളരെ അകലെ നിർത്തി അനുവർത്തിച്ചുവന്നവരും അടിയങ്ങളുടെ അടിമകളും ആയിരുന്ന ഈ പുലവർഗക്കാർക്ക് ഇത്രത്തോളം അഹംഭാവവും അനീതികളും വരുത്തി വെച്ചിട്ടുള്ളത് രക്ഷാസൈന്യക്കാർ എന്ന കൂട്ടരും വേറെ അവരിൽ നിന്നും ചിലരും അവർക്ക് സഹായിയായി നേമം സർക്കിൾ ഇൻസ്പെക്ടർ അവറുകളും കൂടിയാവുന്നു എന്നറിയുന്നു’’ (അയ്യൻകാളിക്കും സംഘത്തിനും എതിരെ നായർ പ്രമാണിമാർ 1914 ഡിസംബർ 12ന് തിരുവിതാംകൂർ ദിവാന് സമർപ്പിച്ച നിവേദനത്തിൽ നിന്ന്- സമാഹരണം കുന്നുകുഴി എസ്. മണി)
മേൽ സൂചിപ്പിച്ച നിവേദന പ്രകാരം പുലവർഗക്കാർക്ക് ഇത്രമാത്രം അഹംഭാവവും അനീതികളും വരുത്തിവെച്ച നേമം സർക്കിൾ ഇൻസ്പെക്ടർ അവർകൾ ദലിതരോട് നീതി പ്രവർത്തിച്ചതിന്റെ പേരിൽ ഒട്ടേറെ പഴികേട്ട കൃഷ്ണൻ നായർ എന്ന വ്യക്തിയാകാനാണ് സാധ്യത. ‘രക്ഷാസൈന്യക്കാർ’ എന്ന കൂട്ടർ സാൽവേഷൻ ആർമി എന്ന പേരിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ഒരു ചെറിയ ക്രൈസ്തവ സഭാവിഭാഗമാണ്. ഇതേ നിവേദനത്തിൽ കുറ്റപ്പെടുത്തുന്ന ‘വേറെ അവരിൽ നിന്നും ചിലർ’ എന്ന് ഉദ്ദേശിക്കുന്നത് അയ്യൻകാളിയുടെ സഹപ്രവർത്തകരും അദ്ദേഹത്തിന്റെ സാമൂഹിക വിപ്ലവ ശ്രമങ്ങൾക്ക് ഉദ്ബുദ്ധതയുടെ ആഴവും പരപ്പും നൽകിയവരുമായ ഹാരിസ് വാധ്യർ, തോമസ് വാധ്യർ, ചരതൻ സോളമൻ, വെള്ളിക്കര മത്തായി ജോൺ ജോസഫ് മുതലായ ക്രൈസ്തവ മതപരിവർത്തകരായ ദലിത് നേതാക്കളാണെന്ന് അനുമാനിക്കാം. കേരളത്തിൽ ഒരു രാഷ്ട്രീയ സമൂഹം രൂപപ്പെടുകയും അതിന്റെ വക്താക്കൾ ഭരണനിർവഹണത്തിലേക്കും സാംസ്കാരിക നേതൃത്വത്തിലേക്കും ഉയരുകയും ചെയ്തതിലൂടെ മഹാത്മ അയ്യൻകാളി അടക്കമുള്ള ദലിത് ബഹുജൻ പൊതു വ്യക്തിത്വങ്ങൾ അദൃശ്യരായി പോവുകയോ വെറും സാമൂഹിക പരിഷ്കർത്താക്കൾ എന്ന നിലയിൽ അപ്രസക്തരായി മാറുകയോ ചെയ്തു എന്നത് ചരിത്ര വസ്തുതയാണ്. ഇതിന് കാരണം കേരളത്തിൽ രൂപപ്പെട്ട രാഷ്ട്രീയ സമൂഹം ഒരു ശൂദ്രാധിഷ്ഠിത അധികാര നിർമിതിയായിരുന്നു എന്നതാണ്. തൽഫലമായി സവർണ ഹൈന്ദവ സമുദായങ്ങളെ കേന്ദ്രീകരിച്ച് നടന്ന കുടുംബ പരിഷ്കാരങ്ങൾക്ക് പ്രാധാന്യം കൽപിക്കപ്പെടുകയും കീഴാള സമുദായങ്ങളെ ഉൾക്കൊണ്ടിരുന്ന സാമൂഹിക വിപ്ലവ ധാരകൾ അപ്രസക്തമാക്കപ്പെടുകയും ചെയ്തു.
മാത്രമല്ല, ദേശീയ പ്രസ്ഥാനത്തിലൂടെ മതേതര ഭരണ വർഗത്തിന്റെ സ്ഥാനം നേടിയ കോൺഗ്രസ് പ്രസ്ഥാനത്തിന് അയ്യൻകാളി, സഹോദരൻ അയ്യപ്പൻ, പൊയ്കയിൽ അപ്പച്ചൻ, പാമ്പാടി ജോൺ ജോസഫ് മുതലായവർ പുലർത്തിയിരുന്ന ജാതിമേധാവിത്വ വിരുദ്ധവും ഹൈന്ദവവേതരവുമായ ആശയങ്ങളെ ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. എങ്കിലും മതേതര ഭരണവർഗത്തിലെ ഒരു വിഭാഗം ‘നാനാത്വത്തിൽ ഏകത്വം’ എന്ന ദേശീയത സങ്കൽപനത്തിന്റെ അടിസ്ഥാനത്തിൽ മേൽപറഞ്ഞ സാമൂഹിക വിപ്ലവ ധാരകളെ ഹൈന്ദവ സമൂഹ പരിഷ്കരണമെന്ന നിലയിൽ മുകളിൽ നിന്നുള്ള കാഴ്ചയായി കാണാൻ ശ്രമിച്ചിരുന്നു. ഗാന്ധിജിയുടെ ‘ഹരിജനോദ്ധാരണവും’ അയിത്തോച്ചാടന പ്രവർത്തനങ്ങളും ഇത്തരത്തിലുള്ള മേൽ കാഴ്ചകളുടെ പ്രതിഫലനങ്ങളാണ്. ഇതേ കാലത്ത് ശക്തിപ്പെട്ട മാർക്സിസ്റ്റ് പ്രസ്ഥാനങ്ങളെ സംബന്ധിച്ച് ഇന്ത്യയിലെ കീഴാള സാമൂഹിക വിപ്ലവധാരകളോ അബ്രാഹ്മണീയമായ സാംസ്കാരിക ഘടകങ്ങളോ പരിഗണിക്കേണ്ടതായ പ്രമേയങ്ങൾ പോലുമായിരുന്നില്ല. അവർ മുന്നോട്ടുവെച്ച ആത്മീയ വാദം, ഭൗതികവാദം എന്ന ഇരട്ട വിഭജനത്തിന്റെ പരിധിയിൽ വരുന്നവയായിരുന്നില്ല ഇവ. മാത്രമല്ല, ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളെയും പൂർവ മുതലാളിത്ത പ്രതിഭാസങ്ങൾ ആയിട്ടാണ് അവർ വർണിച്ചത്. സമൂഹം വർഗങ്ങളായി വേർതിരിയുമ്പോൾ ഇവ ചരിത്രത്തിൽനിന്ന് സ്വാഭാവികമായി തിരോഭവിക്കും എന്നാണ് അവർ പ്രചരിപ്പിച്ചത്. ഇതേ മാർക്സിസ്റ്റ് സൈദ്ധാന്തികർ സവർണ കുടുംബ പരിഷ്കരണങ്ങളെ തന്നെയാണ് തങ്ങളുടെ സാമൂഹിക കാഴ്ചപ്പാടായി സ്വീകരിച്ചത് എന്നതാണ് വിരോധാഭാസം.
മതേതര ഭരണ വർഗത്തിന്റെ അടിത്തറയായി മാറിയ ഭൂരിപക്ഷ ഹൈന്ദവ മേൽക്കോയ്മ, മാർക്സിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെ രൂപപ്പെട്ട കീഴാളരുടെ അദൃശ്യപ്പെടൽ, സവർണ കുടുംബ പരിഷ്കരണങ്ങളെ മുഖ്യ ഉപാധിയായി സ്വീകരിച്ചു കൊണ്ടുള്ള പൊതുമണ്ഡലത്തിന്റെ രൂപപ്പെടൽ എന്നീ മൂന്ന് ഘടകങ്ങളാണ് അയ്യൻകാളി അടക്കമുള്ളവരുടെ അദൃശീകരണത്തിന് കാരണമെന്ന് പറയാം.
അദൃശ്യമാവുക എന്നതിനർഥം ഇല്ലാതാവുക എന്നല്ല ഔദ്യോഗിക ചരിത്ര പാഠങ്ങളിലും മുഖ്യധാര വ്യവഹാരങ്ങളിലും അയ്യൻകാളി അദൃശ്യമായെങ്കിലും ദലിത് ബഹുജനങ്ങളുടെ സമാഹൃത ഓർമകളിൽ അഥവാ കലക്ടിവ് മെമ്മറിയിൽ അദ്ദേഹം വാമൊഴി അറിവുകളായും ഐതിഹ്യ സ്വഭാവമുള്ള സാന്നിധ്യമായും നിലനിൽക്കുന്നുണ്ടായിരുന്നു. ഈ കലക്ടിവ് മെമ്മറിയിൽ നിന്നും പിൽക്കാലത്ത് ഒട്ടേറെ പുതു ഭാഷാന്തരങ്ങൾ ഉണ്ടാവുകയും അതിന്റെ പിൻബലത്തിൽ അദ്ദേഹം സമകാലിക ചരിത്രത്തിലേക്ക് പുനർ പ്രവേശിക്കുകയുമാണ് ഉണ്ടായത്.
അയ്യൻകാളിയുടെ പുനഃപ്രവേശത്തിന് സാഹചര്യം ഒരുക്കിയത് അറുപതുകൾ മുതൽ ലോകത്ത് ശ്രദ്ധേയമായി മാറിയ അരികുവത്കരിക്കപ്പെട്ടവരുടെ മുന്നേറ്റങ്ങളാണ്. ഈ കാലഘട്ടത്തിൽ അമേരിക്കയിലെ കറുത്തവരുടെയും ഉത്തരേന്ത്യയിലെ ദലിതരുടെയും ഉയർത്തെഴുന്നേൽപുകളോട് ഐക്യപ്പെട്ടുകൊണ്ടുള്ള ഒരു ദലിത് യുവതലമുറ കേരളത്തിലും പിറവിയെടുത്തു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അയ്യൻകാളി വിഭാവനം ചെയ്ത ‘പത്ത് ബി.എക്കാർ’ എന്ന് വിളിക്കപ്പെട്ടവരാണ് അദ്ദേഹത്തെ അദൃശ്യതയിൽനിന്ന് വിമോചിക്കാനായി രംഗത്തുവന്നത്.
മേൽപറഞ്ഞ സാർവദേശീയ സാഹചര്യത്തിനൊപ്പം കേരളത്തിലെ സവിശേഷ കാലാവസ്ഥയും പരിശോധിക്കപ്പെടേണ്ടതായിട്ടുണ്ട്. 1967ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന കർഷക തൊഴിലാളി സമരത്തിലൂടെ തങ്ങൾ വഞ്ചിക്കപ്പെട്ടവരായി മാറി എന്ന തിരിച്ചറിവ് ദലിതരിലെ പുതുതലമുറയിൽ രൂപപ്പെട്ടു. മാത്രമല്ല, അടിസ്ഥാന ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം സവർണ മധ്യമ ജാതികൾക്കും ഉപരി വർഗക്കാർക്കും വേണ്ടി നിലകൊള്ളുന്ന ഒരു സംവിധാനമാണെന്ന തിരിച്ചറിവും പ്രബലമായി. ഇപ്രകാരമുള്ള കലഹചിന്തകൾക്കൊപ്പം നിരവധി പുതു പ്രസ്ഥാന രൂപീകരണങ്ങളും പ്രക്ഷോഭണ മുന്നണികളും ആണ് അയ്യൻകാളിയെ പറ്റിയുള്ള ചരിത്രസ്മരണയുടെ വീണ്ടെടുപ്പിന് സഹായകരമായ പശ്ചാത്തലമായത്.
വിസ്മൃതിയിൽ ആണ്ടുപോയ ഒരു കീഴാള പ്രതിനിധാനത്തിന്റെ വീണ്ടെടുപ്പ് എന്നുപറഞ്ഞാൽ വെറും രേഖീയമായ ആഖ്യാനങ്ങളിലൂടെ സംഭവിക്കുന്ന കാര്യമല്ല. പുനർനിർവചനങ്ങളും പുനർഭാവനകളും ഉൽപാദിപ്പിക്കപ്പെടുന്ന പുതിയൊരു അവബോധ രൂപീകരണമായിട്ടാണ് അതിനെ കാണേണ്ടത്. ഇതിന്റെ ഭാഗമായി കേരളീയ നവോത്ഥാന സങ്കൽപനങ്ങളെ പറ്റിയുള്ള ഔദ്യോഗിക പാഠങ്ങളുടെ പൊളിച്ചെഴുത്താണ് കീഴാള മണ്ഡലത്തിൽനിന്ന് ഉയർന്നുവന്നത്. അതായത്, നവോത്ഥാനമെന്ന് പ്രതിപാദിക്കപ്പെടുന്ന മുഖ്യധാരാ പ്രമേയങ്ങൾ കീഴാള ജനതയുടെ സാംസ്കാരിക രാഷ്ട്രീയ അവകാശങ്ങൾക്കും അധികാരങ്ങൾക്കും മേലുള്ള പുറന്തള്ളിലൂടെയാണ് കേരളീയ പുതുമണ്ഡലത്തിൽ സംസ്ഥാപിക്കപ്പെട്ടതെന്ന ദലിത് വിമർശനമാണ് രൂപപ്പെട്ടത്. മാത്രമല്ല, നവോത്ഥാനം എന്ന ആശയം തന്നെ പലപ്പോഴും പുറത്തുനിന്നും വന്ന വെളിച്ചം എന്ന അർഥത്തിലാണ് വിവക്ഷിക്കപ്പെട്ടിരുന്നത്. ദലിത് ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം അകത്തുനിന്നുതന്നെ വികസിപ്പിച്ചുവന്ന ഉണർവുകളും ഉയർച്ചകളും പ്രധാനമാണ്. അതിനാൽ സമകാലീന ബഹു ദലിത് ബഹുജൻ പാഠങ്ങളിൽ നവോത്ഥാനം എന്ന വാക്കിന് ഉപരി ഉദ്ബുദ്ധത എന്ന പദത്തിനാണ് പ്രാധാന്യം കൽപിക്കുന്നത്.
പുനർ നിർവചനങ്ങളിൽ സ്വതന്ത്രമായ പേരിടൽ അഥവാ നാമീകരണം എന്നത് പ്രത്യേകമായി നടക്കാറുള്ളതാണ്. അമേരിക്കയിലെ ആഫ്രോ അമേരിക്കൻ ജനതയെ ആദ്യകാലത്ത് വെള്ളക്കാർ വിളിച്ചിരുന്നത് കാപ്പിരി, നീഗ്രോ മുതലായ പേരുകളിലാണ്. ഈ ജനത സ്വതന്ത്രമായ കർതൃത്വ ശക്തിയായി ഉയർന്നപ്പോൾ അവർ ആ പേരുകളെ നിരാകരിക്കുകയും തങ്ങളെ വിശേഷിപ്പിക്കാൻ കറുത്തവർ, ആഫ്രോ അമേരിക്കക്കാർ, കളേഡ് പീപ്പിൾ മുതലായ പേരുകൾ സ്വയം നിർമിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ ദലിത് മുന്നേറ്റ ചരിത്രത്തിലെ സുപ്രധാന വ്യക്തിത്വമായ ഇയോതിദാസ് പണ്ഡിതർ പരമ്പരാഗത ജാതി നാമങ്ങളെയും ‘പഞ്ചമർ’ എന്ന ഹൈന്ദവ കൽപനയെയും നിഷേധിച്ചുകൊണ്ട് ദ്രാവിഡര്‍-ആദിദ്രാവിഡര്‍ തുടങ്ങിയ പേരുകൾ സ്വീകരിക്കുകയുണ്ടായി.
കേരളത്തിലെ ദലിത് ജനത സ്വന്തം പേരിനെ പുനർ നിർവചിച്ചത് പ്രധാനമായും ഗാന്ധിജിയുടെ ‘ഹരിജൻ’ എന്ന നാമീകരണത്തെ നിഷേധിച്ചുകൊണ്ടാണ്. ഹരി അഥവാ മഹാവിഷ്ണു എന്ന ഹിന്ദു ദൈവത്തിന്റെ മക്കളായിട്ടാണ് ഉദാരവാദപരമായി അദ്ദേഹം ഈ പേര് നിർദേശിച്ചത്. അദ്ദേഹം അയ്യൻകാളിയെ ‘പുലയ രാജാവായി’ സ്ഥാനപ്പെടുത്തുകയും ചെയ്തു. യഥാർഥത്തിൽ അയ്യൻകാളിയുടെ പ്രസ്ഥാനം പുലയരുടേത് മാത്രമായിരുന്നില്ല, നിരവധി സമുദായങ്ങളെ ഉൾക്കൊണ്ട ‘സാധുജന പരിപാലന’ സംഘമാണ് അദ്ദേഹം രൂപവത്കരിച്ചത്.
ഇതിനൊപ്പം കമ്യൂണിസ്റ്റുകളുടെ വർഗവീക്ഷണ പ്രകാരമുള്ള ‘കർഷകത്തൊഴിലാളി’, ‘ദരിദ്ര ഭൂരഹിത കർഷകർ’ മുതലായ പേരിടലുകളും നിരാകരിക്കപ്പെട്ടു.
അയ്യൻകാളിയെ പറ്റിയുള്ള ഓർമകൾ പുനർഭാവന ചെയ്യപ്പെട്ടത് കേരളീയ പ്രബുദ്ധതയുടെ ഘട്ടത്തിൽ പിന്തള്ളപ്പെട്ട ‘സമുദായം’ എന്ന സങ്കൽപനത്തെ 70-80കളിലെ ദലിത് സാമൂഹിക വിപ്ലവകാരികൾ വീണ്ടെടുത്തതിലൂടെയാണ്. ഇപ്പോഴും ദലിതർ ജാതി-ഉപജാതി വേർതിരിവുകൾ അതിവർത്തിച്ചുകൊണ്ട് ഒരു സ്വതന്ത്ര സമുദായമായി മാറിയിട്ടില്ലെങ്കിലും ഏറ്റവും ചലനശേഷി കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത് സമുദായ വാദത്തിന് തന്നെയാണ്. ഇതിലൂടെ സ്വന്തമായ ചരിത്രവും സ്വയം ചലിക്കുന്നതുമായ ഒരു രാഷ്ട്രീയ സമൂഹവും ശക്തിയുമായി ദലിതർ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് കാണാവുന്നത്.
ഇന്ന് ഹിന്ദുത്വ ശക്തികൾ ഭരണനിർവഹണ വിഭാഗമായി ഉയർന്നിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം ജാതി വ്യവസ്ഥയുടെയും ബ്രാഹ്മണാധിപത്യത്തിന്റെയും കെടുതികൾ കീഴാള ബഹുജനങ്ങളിൽനിന്നും മറച്ചു പിടിക്കേണ്ടത് അനിവാര്യതയാണ്. ഇതിനുവേണ്ടി ദലിത് സമുദായത്തിന്റെതന്നെ ഭാഗമായ മതപരിവർത്തിത ക്രൈസ്തവർക്കും മുസ്‍ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കും സ്വാതന്ത്ര്യ ബോധമുള്ള സ്ത്രീകൾക്കും എതിരെ അതിശക്തമായ അപരവത്കരണമാണ് അവർ കെട്ടഴിച്ചുവിട്ടിരിക്കുന്നത്. അയ്യൻകാളിക്കും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കുമെതിരെ ജാതി മേധാവികൾ കൊടുത്ത നിവേദനത്തിൽ പറയുന്ന ‘അപരർ’ ഇപ്പോൾ മറയില്ലാതെ പുറത്തുവന്നിരിക്കുന്നു എന്ന് സാരം.
ഈ അവസ്ഥയിൽ അയ്യൻകാളിയുടെ ഓർമ പുതുക്കുന്നത് സ്വന്തം സ്ഥലവും ചലനവും വികസിപ്പിക്കാനും വിഭവ പങ്കാളിത്തത്തിനുവേണ്ടി വാദിക്കാനും എന്നതിനൊപ്പം ഹിന്ദുത്വ വംശീയതയെ പ്രതിരോധിക്കാനും ആവേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.